കൊമ്പില്ലാതെ പിറക്കുന്ന ആഫ്രിക്കന്‍ പെണ്ണാനകള്‍, യുദ്ധം അപഹരിച്ച കൊമ്പുകള്‍

ആഫ്രിക്കന്‍ ആന | AP
ആഫ്രിക്കന്‍ ആന | AP

ഏഷ്യന്‍ പെണ്ണാനകള്‍ കൊമ്പില്ലാത്തവരാണ്, എന്നാല്‍ ആഫ്രിക്കന്‍ പെണ്ണാനകള്‍ കൊമ്പുള്ളവരും. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി പൂര്‍വികരില്‍ നിന്ന് വ്യത്യസ്തരായി വലിയൊരു പരിവര്‍ത്തനത്തിനു വിധേയമായിരിക്കുകയാണ് ആഫ്രിക്കന്‍ പെണ്ണാനകള്‍. അവരിലേറെയും ജനിക്കുന്നത് കൊമ്പില്ലാതെയാണ്. മൂന്നു പതിറ്റാണ്ടിനിടയില്‍ ആഫ്രിക്കയിലെ വിവധരാജ്യങ്ങളില്‍ ജനിച്ച ഭൂരിഭാഗം പെണ്ണാനകള്‍ക്കും കൊമ്പില്ല. 

ആഫ്രിക്കന്‍ സാവന്നകളില്‍ വിഹരിച്ചിരുന്ന ആനകള്‍ മൊസാംബിക് ആഭ്യന്തരയുദ്ധക്കാലത്ത് വ്യാപകമായി വേട്ടയാടപ്പെട്ടിരുന്നു. രാജ്യത്തെ ഗൊരംഗോസ ദേശീയ ഉദ്യാനത്തിലെ 90 ശതമാനം ആനകളെയും കൊമ്പിനുവേണ്ടി കൊലചെയ്തു. 15 വര്‍ഷത്തോളം മൊസാംബിക്കില്‍ ആഭ്യന്തരയുദ്ധമായിരുന്നു. 1992-ലാണത് അവസാനിച്ചത്. യുദ്ധം ചെയ്യാന്‍ പണമില്ലാതെ വന്ന പോരാട്ടസംഘങ്ങള്‍ ഉദ്യാനത്തിലെ ആനകളുടെ കൊമ്പു ശേഖരിച്ച് വിറ്റാണ് പണമുണ്ടാക്കിയത്. വലിയ കൊമ്പുള്ള ആണാനകളെ ഏറെക്കുറെ കീഴടക്കിയശേഷം പെണ്ണാനകളിലേക്ക് തിരിയുകയായിരുന്നു. 

സാധാരണഗതിയില്‍ രണ്ടുമുതല്‍ നാലുശതമാനം വരെ ആഫ്രിക്കന്‍ പെണ്ണാനകള്‍ക്കേ കൊമ്പില്ലാതിരിക്കൂ. വേട്ടക്കാര്‍ കൊമ്പില്ലാത്തവയെ മാത്രം വെറുതെ വിട്ടു. അവര്‍ മാത്രമാണ് ആക്രമിക്കപ്പെടാതെ അവശേഷിക്കുകയും അതിജീവിക്കുകയും ചെയ്തത്. ഈ ജൈവസ്വഭാവം അവയുടെ അടുത്ത പെണ്‍തലമുറകളിലേക്കും കൈമാറ്റം ചെയ്യപ്പെട്ടെന്നും പിന്നീട് ജനിച്ച ആനകളില്‍ ഭൂരിഭാഗത്തിനും കൊമ്പില്ലാതിരിക്കാന്‍ ഇതാണ് കാരണമെന്നും ഗവേഷകര്‍ പറയുന്നു.

യുദ്ധം കൊമ്പില്ലാ ആനകളെ സൃഷ്ടിച്ചു
മൊസാംബിക്കിലെ മൂന്നിലൊന്ന് പെണ്ണാനകള്‍ക്കും ഇന്ന് കൊമ്പില്ല. മൊസാംബിക്കില്‍ മാത്രമൊതുങ്ങുന്നില്ല ഈ പ്രവണത. കൊമ്പുകള്‍ക്കായി എവിടെയെല്ലാം പെണ്ണാനകള്‍ വേട്ടയാടപ്പെട്ടോ അവിടെയെല്ലാം ഇതുതന്നെ സ്ഥിതി. ടാന്‍സാനിയയിലും പില്‍ക്കാലത്ത് ജനിച്ച ആനകളില്‍ ഇതേ മാറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. 

ടാന്‍സാനിയയിലെ റുവാഹ ദേശീയോദ്യാനത്തില്‍ 1970-80 കാലഘട്ടത്തില്‍ ആനവേട്ട ഗുരുതരമായിരുന്നു. യുദ്ധത്തെ അതിജീവിച്ച നല്ലൊരു ശതമാനം ആനകള്‍ക്കും കൊമ്പില്ല. ദക്ഷിണാഫ്രിക്കയിലെ ആഡോ നാഷണല്‍ എലിഫന്റ് പാര്‍ക്കില്‍ 2000-ത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന 98 ശതമാനം പെണ്ണാനകള്‍ക്കും കൊമ്പുണ്ടായിരുന്നില്ല. അതേസമയം, മൊസാംബിക്കിലെ ഗൊരന്‍ഗോസ ദേശീയോദ്യാനം ആനകളുടെ എണ്ണം വിജയകരമായി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 

Content Highlights: african female elephants have evolved to lose tusks