കൂട്ടംകൂട്ടമായി ജീവിച്ചുശീലിച്ചവരാണ് കാട്ടിലെ ആനകള്‍. ഇണചേരുന്നതിനും പ്രസവിക്കുന്നതിനുമെല്ലാം പ്രത്യേക ചിട്ടകളുണ്ടവര്‍ക്ക്. 2023 ഡിസംബറില്‍, കെനിയയിലെ സാംബുരു ആനസംരക്ഷിണകേന്ദ്രത്തില്‍ ഒരു സംഭവമുണ്ടായി. 10 വയസ്സുള്ള ഒരു ആഫ്രിക്കന്‍ ആനയെ കൂട്ടത്തില്‍ നിന്ന് കാണാതായി. ഉള്‍ക്കാടുകളിലേക്ക് പോയതാവാമെന്ന് സംരക്ഷിണകേന്ദ്രം കണക്കുകൂട്ടി. ഏകദേശം ഒരു മാസത്തിനുശേഷം അവള്‍ തിരിച്ചെത്തിയപ്പോഴാണ് കാര്യം മനസ്സിലായത്. ഏകദേശം 10 ഉം 15 ഉം വയസ്സ് പ്രായമുള്ള രണ്ട് പെണ്ണാനകളും ഒരു കുട്ടിയാനയും അവള്‍ക്കൊപ്പമുണ്ടായിരുന്നു. എന്താണ് സംഭവിച്ചതെന്നല്ലേ, "കൂട്ടത്തിലെ പ്രായം കുറഞ്ഞ ആന പ്രസവിച്ചു, ആ കുഞ്ഞിന്റെ സംരക്ഷണമേറ്റെടുക്കാന്‍ പോയതാണ് കാണാതായ ഈ ആന. അമ്മയായി മുന്‍പരിചയമില്ലാത്ത ആനയെ കുഞ്ഞിനെ വളര്‍ത്താന്‍ സഹായിക്കാന്‍ വേണ്ടിയാണ് മറ്റു രണ്ട് ആനകളുംപോയത്." കെനിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംരക്ഷിതസംഘടനയുടെ റിസെര്‍ച്ച് മാനേജര്‍ ഗിയാകോമോ ഡി അമ്മാന്‍ഡോ പറയുന്നു.
അസാധാരണമായി തോന്നുമെങ്കിലും മറ്റാനകളുടെ മക്കളെ പരിപാലിക്കാന്‍ സഹായിക്കുന്ന പെണ്ണാനകള്‍ എപ്പോഴുമുണ്ടാവാറുണ്ട്. കുഞ്ഞുങ്ങളുടെ കാര്യങ്ങള്‍ നോക്കാന്‍ അമ്മമാര്‍ക്കൊരു കൈസഹായം. ഒപ്പം കളിക്കാനും കണ്ണുതെറ്റിപ്പോവുന്നുണ്ടോയെന്നു നോക്കാനും സഹായിച്ച് ആനസമൂഹത്തില്‍ ഇവര്‍ ഒരു പ്രധാന പങ്ക് വഹിക്കും.
ആനസമൂഹങ്ങളിലെല്ലാം ഈ നാനിമാരുണ്ട്. പ്രായമുള്ള ആനമുത്തശ്ശികളോ ആന്റിമാരോ ഒക്കെ ഈ സ്ഥാനം വഹിക്കാറുണ്ടെങ്കിലും സാധാരണയായി, ചെറുപ്രായത്തിലുള്ള നാനിമാരെയാണ് കൂടുതല്‍ കാണപ്പെടുന്നത്. അവര്‍ കുഞ്ഞുങ്ങളോട് ശരിക്കും ആകര്‍ഷിക്കപ്പെടും. അവര്‍ക്കൊപ്പം സമയം ചെലവിടാനും പരിപാലിക്കാനുമെല്ലാം അവര്‍ ആഗ്രഹിക്കും. മിക്ക നാനിമാരും 15 വയസ്സിന് താഴെയുള്ളവരും ഒരിക്കലും പ്രസവിച്ചിട്ടില്ലാത്തവരുമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഈ വളര്‍ത്തമ്മമാര്‍ക്ക് മാതൃത്വം അനുഭവിക്കാനുള്ള അസരമാണിത്. അമ്മമാരെ സംബന്ധിച്ചിടത്തോളം കുഞ്ഞുങ്ങളെ സുരക്ഷിതരാക്കുകയും ചെയ്യാം. ഭക്ഷണം തേടി പുറത്തേക്ക് പോകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ചുറ്റും മറ്റാനകളുണ്ടെന്ന് ഉറപ്പിക്കാം.
കഠിനമായ സമയങ്ങളില്‍ സംഘത്തിലെ എല്ലാ പെണ്ണാനകളും കുട്ടികളെ സംരക്ഷിക്കാന്‍ ഒന്നിച്ച് പ്രതിരോധം തീര്‍ക്കാറുണ്ട്. പ്രത്യേകിച്ചും ഭൂകമ്പങ്ങളിലും മറ്റ് പ്രകൃതിദുരന്തങ്ങളിലും.
Content Highlights: nannies will come when elephant moms need help
Published: 13 May 2025, 04:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented