വീടുപൂട്ടാന്‍ മറന്നോ, പേടിക്കേണ്ട മൊബൈല്‍ഫോണില്‍ പൂട്ടാം

പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

തിരക്കിട്ട് ഓഫീസിലേയ്ക്ക് ഓടുന്നതിനിടയ്ക്ക് വീടിന്റെ മുന്‍വാതില്‍ പൂട്ടാന്‍ മറന്നാലോ, അടുത്ത ടാക്‌സി വിളിച്ച് തിരിച്ചു വരികയല്ലാതെ വഴിയില്ല. എന്നാല്‍ വാതിലിന്റെ പൂട്ട് നമ്മുടെ സ്മാര്‍ട്ട് ഫോണിലെത്തുന്ന ഹൈടെക്  കാലമാണിത്. അപരിചിതരെയും മോഷ്ടാക്കളെയും തടയാനും, തീപിടുത്തം, ചോര്‍ച്ച, ഗ്യാസ് ലീക്കേജ് എന്നിവ നേരത്തെയറിഞ്ഞ് പരിഹരിക്കാനും ഉള്ള ടെക്കി വഴികളുമുണ്ട്. ഓഫീസിലോ പുറത്തോ പോകുമ്പോള്‍ ഏറെ ശ്രദ്ധ ആവശ്യമുള്ള കുഞ്ഞുങ്ങളെയും പ്രായമായവരെയും ഓര്‍ത്ത് ടെന്‍ഷനടിക്കേണ്ട . എന്തിനേറെ വീട്ടിലെ ഓമനമൃഗങ്ങളുടെ സുരക്ഷ വരെ നമ്മുടെ വിരല്‍ത്തുമ്പിലെത്തും. 

വീടിന് സുരക്ഷ

1.കണ്‍ട്രോള്‍ പാനല്‍ അല്ലെങ്കില്‍ കീ പാഡ്
 ഹൈടെക് കള്ളന്‍മാരില്‍ നിന്നും വീടിനെ സംരക്ഷിക്കാന്‍  ഹൈടെക് സുരക്ഷ ഒരുക്കുന്നവര്‍ ധാരാളമുണ്ട്. ഇത്തരം സുരക്ഷയാണ് ആവശ്യമെങ്കില്‍ ആദ്യം കീപാഡുകള്‍ തന്നെ തിരഞ്ഞെടുക്കാം. വീട്ടിലെ മറ്റ് സുരക്ഷാ സൗകര്യങ്ങളായ ക്യാമറകള്‍, സെന്‍സറുകള്‍, അലാറം എന്നിവയെല്ലാം ഒരു മാര്‍ഗത്തിലൂടെ തന്നെ നിയന്ത്രിക്കാനുള്ള വഴിയാണിത്. ഈ കണ്‍ട്രോള്‍ പാനലിനെ മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കാം. അങ്ങനെ എവിടെയിരുന്നും വീട്ടുടമയ്ക്ക്  വീടിനെ സുരക്ഷിതമാക്കാന്‍ കഴിയും
2.സ്മാര്‍ട്ട് ഡോര്‍ ലോക്കുകള്‍
വീടിന്റെ സുരക്ഷയെന്നാല്‍ ആദ്യം ഓര്‍മ്മ വരുന്നത് ഡോര്‍ ലോക്കുകളാണ്. ഇപ്പോള്‍ ഹൈടെക്ക് ഡോര്‍ലോക്കുകളും വന്നു കഴിഞ്ഞു.  ഇത്തരം സ്മാര്‍ട്ട് ഡോര്‍ ലോക്കുകള്‍ കാര്‍ഡോ റിമോട്ടോ അല്ലെങ്കില്‍ നിങ്ങളുടെ മൊബൈല്‍ ഫോണോ ഉപയോഗിച്ച് നിയന്ത്രിക്കാം. വീട് പൂട്ടാന്‍ മറക്കുന്ന സ്വഭാവമുണ്ടെങ്കില്‍ ഇതിലൂടെ പൂട്ടാനും തുറക്കാനുമുള്ള സമയം ഷെഡ്യൂള്‍ ചെയ്യാം. ഒരു സ്മാര്‍ട്ട് ഫോണ്‍ ആപഌക്കേഷനിലൂടെ എവിടെയിരുന്നും ഇതെല്ലാം സാധ്യമാകും. പുറത്തേയ്ക്ക് തുറക്കുന്ന എല്ലാ വാതിലുകള്‍ക്കും ഈ സംവിധാനം ഉപയോഗിക്കുന്നത് നല്ലതാണ്. ഫിംഗര്‍ പ്രിന്റ് ലോക്കുകളും മികച്ച സുരക്ഷ നല്‍കും. സാധാരണ വിപണിയിലും ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലും ഇവ ലഭ്യമാണ്.  
3.സിസിടിവി സംവിധാനം
വീടുകളുടെ ഹൈടെക് സുരക്ഷക്ക് യോജിച്ച ഇന്‍ഡോര്‍, ഔട്ട് ഡോര്‍ ക്യാമറകള്‍ വിപണിയില്‍ ലഭിക്കും. വീട്ടിനകത്തോ പുറത്തോ അതിക്രമിച്ച് കയറുന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ബന്ധപ്പെട്ട കംപ്യൂട്ടറിലേയ്‌ക്കോ മൊബൈല്‍ ഫോണിലേയ്‌ക്കോ നല്‍കുകയാണ് ഇവ ചെയ്യുന്നത്. രാത്രി ദൃശ്യങ്ങളും വ്യക്തമായി പകര്‍ത്താന്‍ ഇന്‍ഫ്രാറെഡ് സംവിധാനവും ഇതിലുണ്ട്. മൊബൈല്‍ ആപ്പ് വഴി ഇതിനെ നിയന്ത്രിക്കാനാവും. ലോകത്ത് എവിടെയിരുന്നും വീടിനെ നിരീക്ഷിക്കാനും കഴിയും.
4.വീഡിയോ ഡോര്‍ ഇന്റര്‍ കോം
വീടിനുള്ളില്‍ നിന്ന് തന്നെ വാതില്‍ക്കല്‍ ആരാണുള്ളതെന്ന് അറിയാനും വാതില്‍ തുറക്കാതെ തന്നെ ആശയ വിനിമയം നടത്താനുമുള്ള വഴികള്‍ വന്നു കഴിഞ്ഞു. പണ്ടത്തെ പീപ്പ് ഹോളുകളുടെ ഡിജിറ്റല്‍ പതിപ്പെന്ന് പറയാം. പുറത്തു ഘടിപ്പിച്ചിട്ടുള്ള ക്യാമറകളിലൂടെ സന്ദര്‍ശകനെ വീടിനുള്ളിലെ മോണിറ്ററില്‍ കാണാം. രാത്രിയിലും ഇവയിലൂടെ വ്യക്തമായി സന്ദര്‍ശകനെ കാണാനാവും. അപരിചിതരെ ഒഴിവാക്കാനുള്ള നല്ല മാര്‍ഗമാണിത്. 
5.സീലിങ് മോഷന്‍ സെന്‍സര്‍
വീടിനുള്ളിലെ ആളുകളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് സ്വയം ലൈറ്റുകള്‍ പ്രകാശിപ്പിക്കുകയും അണയ്ക്കുകയും ചെയ്യുന്ന സംവിധാനമാണിത്. വീടിനുള്ളിലെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത് ഉപയോഗിക്കുക. രാത്രിയും പകലും തിരിച്ചറിഞ്ഞ് ലൈറ്റ് സംവിധാനങ്ങള്‍ നിയന്ത്രിക്കാനുള്ള സംവിധാനവും ഇതിലുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിങ്‌സൈറ്റുകളിലും സാധാരണ വിപണിയിലും ഇവ ലഭിക്കും. 
6.സുരക്ഷാ അലാറം   
വീട്ടു പരിസരത്ത് അനുമതിയില്ലാതെ ആരെങ്കിലും കടന്നാല്‍  വിവിധ സെന്‍സറുകളുടെ സഹായത്തോടെ വരവറിയിയാം. അലാറം മുഴങ്ങുന്നതോടെ കടന്നുകയറ്റക്കാരെ കൈയോടെ പിടികൂടുകയും ചെയ്യാം. ഉടമയുടെ മൊബൈല്‍ഫോണിലേയ്ക്ക്  സന്ദേശങ്ങളുമെത്തും. കാല്‍പ്പെരുമാറ്റവും ചലനങ്ങളും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സെക്യൂരിറ്റി ലൈറ്റ് സിസ്റ്റവുമുണ്ട്.  
7.ഡോര്‍- വിന്‍ഡോ സെന്‍സറുകള്‍
ഈ സെന്‍സറുകള്‍ വാതിലിനോ ജനലുകളുടെയോ അരികില്‍ വീട്ടുടമയുടെ അറിവില്ലാതെ ആരെങ്കിലും വന്നാലോ തുറക്കാന്‍ ശ്രമിച്ചാലോ സിഗ്നലുകള്‍ തരും. ഇവയ്‌ക്കൊപ്പം ഗ്ലാസ് ബ്രേക്കിംഗ് സെന്‍സറുകള്‍ കൂടി ഉപയോഗിച്ചാല്‍ സുരക്ഷ പൂര്‍ണമായി. അലാറം മുഴങ്ങിയോ സ്മാര്‍ട്ട് ഫോണിലേയ്ക്ക് സന്ദേശമായോ ഉടമസ്ഥനെ ഇവ വേഗം വിവരമറിയിക്കും. 
8.ഇമേജ് സെന്‍സറുകള്‍ 
വീടിന് പരിസരത്ത് എന്തെങ്കിലും ആളനക്കമുണ്ടായാല്‍ അതിന്റെ ചത്രം പകര്‍ത്തുകയും അലാറം മുഴങ്ങുകയും ചെയ്യുന്ന സംവിധാനമാണിത്.  ഇമേജ് സെന്‍സറുകള്‍  ചെലവ് കുറഞ്ഞ സുരക്ഷാ മാര്‍ഗങ്ങളില്‍ ഒന്നാണ്. ഇവ ഉപയോഗിച്ചാല്‍ ഡോര്‍- വിന്‍ഡോ സെന്‍സറുകളുടെ എണ്ണം കുറക്കാനുമാവും.  
9.ആപ്ലിക്കേഷന്‍ ടൈമര്‍
ആളുകളില്ലാതെ പൂട്ടി കിടക്കുന്ന വീടുകള്‍ കള്ളന്‍മാര്‍ക്ക് പ്രിയപ്പെട്ടവയാണ്. അവരുടെ ശ്രദ്ധയകറ്റാനും വീട്ടില്‍ ആള്‍ക്കാരുണ്ടെന്ന പ്രതീതിയുണ്ടാക്കാനും ഇത്തരം സ്വിച്ചുകള്‍ സഹായിക്കും. രാത്രി വീടിനുള്ളിലെയും പുറത്തെയും ലൈറ്റുകള്‍ തെളിക്കുക,രാവിലെ കൃത്യസമയത്ത് ഓഫാക്കുക, ടി.വി, മ്യൂസിക്ക് സിസ്റ്റം എന്നിവ ഓണ്‍ ചെയ്യുക എന്നിങ്ങനെ പലകാര്യങ്ങളും ചെയ്യുന്ന സ്മാര്‍ട്ട് സ്വിച്ചുകളാണിവ. ഇവ 1000 രൂപ മുതല്‍  10,000 രൂപവരെ വിലയില്‍ വാങ്ങാം
10.സ്മാര്‍ട്ട് ഗാരേജ് കണ്‍ട്രോള്‍
ഡോര്‍ സെന്‍സറുകള്‍ പോലെ തന്നെയാണ് ഇവയുടെ പ്രവര്‍ത്തനം. ഇവ ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല. പക്ഷെ തുറന്നു കിടക്കുന്ന ഗാരേജുകള്‍ കള്ളന്‍മാര്‍ക്ക് പ്രിയപ്പെട്ടവയാണ്. പൂട്ട് പൊളിക്കാനോ ജനാല തകര്‍ക്കാനോ ഉള്ള ഉപകരണങ്ങള്‍ മാത്രമല്ല പെട്ടന്ന്  ഒളിക്കാനുള്ള സ്ഥലവും ഗാരേജുകള്‍ നല്‍കും. ഇത്തരം അപകടം ഒഴിവാക്കാന്‍ ഗാരേജ് കണ്ട്രോളറുകള്‍ സഹായിക്കും. 

വിലപിടിപ്പുള്ളവ സംരക്ഷിക്കാന്‍

11.ഇലക്ട്രോണിക്ക് സെയ്ഫ് ലോക്കറുകള്‍
രഹസ്യമായ പിന്‍ നമ്പരോ വിരലടയാളമോ ഉപയോഗിച്ച് മാത്രം തുറക്കാവുന്ന സേയ്ഫുകളാണിവ. വീട്ടിലെ വിലപിടിച്ച വസ്തുക്കള്‍ക്ക് സുരക്ഷയൊരുക്കാന്‍ ഇതിന് കഴിയും. തെറ്റായ പാസ്‌വേഡ് കൂടുതല്‍ തവണ നല്‍കിയാല്‍ ഫ്രീസാവുന്നതിനുള്ള സംവിധാനവും ഇതിലുണ്ട്.
12.മോഷന്‍ സെന്‍സറുകള്‍
ഈ സെന്‍സറുകള്‍ കൂടുതല്‍ പ്രയോജനപ്പെടുന്നത് നിങ്ങളുടെ വിലപ്പെട്ട സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറികള്‍ക്കാണ്.  ഓഫീസ്, ലിവിങ് റൂം എന്നിവയുടെ സംരക്ഷണമാണ് പ്രധാനം. എന്നാല്‍ ജനലുകളില്‍ നിന്ന് മാറ്റി ഇവ ഘടിപ്പിക്കുന്നതാണ് നല്ലത്. നിഴലുകളുടെ അനക്കം പോലും വെറുതെ അലാറം മുഴങ്ങാന്‍ കാരണമാകും. ഏകദേശ വില- 1000 രൂപ മുതല്‍  

തീപിടുത്തവും ഗ്യാസ് ചോര്‍ച്ചയും തടയാന്‍

13.ഫയര്‍ ആന്‍ഡ് സ്‌മോക്ക് ഡിടെക്ടര്‍
തീപ്പിടിത്തമോ എസിയില്‍ നിന്നോ കൂളറില്‍ നിന്നോ വാതകചോര്‍ച്ചയോ ഉണ്ടായാല്‍ വീട്ടുകാരെ അറിയിക്കുന്ന സെന്‍സര്‍ അലാറമാണിത്. വീട്ടുടമ സ്ഥലത്തില്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ സന്ദേശമെത്തും. അടുക്കളയില്‍ എല്‍.പി.ജി ചോര്‍ച്ചയുണ്ടായാല്‍ അലാറം മുഴങ്ങുന്ന ഗ്യാസ്് സെന്‍സറുകളും ഈ വിഭാഗത്തില്‍ ലഭ്യമാണ്. ഫയര്‍ എക്സ്റ്റിങ്യൂഷര്‍, സ്‌മോക് കണ്ട്രോളര്‍ എന്നിങ്ങനെ അപകടമുണ്ടായാല്‍ ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുന്ന സംവിധാനവും ഇവയിലുണ്ട്.  നിങ്ങളുടേത് ഒരു സ്മാര്‍ട് ഹോം അല്ലെങ്കിലും ഈ സെന്‍സറുകള്‍ ഉപയോഗിക്കുന്നത് സുരക്ഷ കൂട്ടും.
14.ഫ്‌ളഡ് സെന്‍സര്‍
വീടിനുള്ളിലെ ചോര്‍ച്ചകള്‍ കൃത്യമായി അറിഞ്ഞ് മുന്നറിയിപ്പ് തരുന്നവയാണിവ. ഇതിന് വാട്ടര്‍ ഹീറ്ററുകള്‍, വാഷിങ് മെഷീന്‍, പൈപ്പ്‌ലൈനുകള്‍ എന്നിവയുടെ അരികിലായി ഈ സെന്‍സറുകള്‍ ഘടിപ്പിച്ചാല്‍ മതിയാവും. ചോര്‍ച്ചകള്‍ കൃത്യമായി കണ്ടെത്തി പരിഹരിക്കാനുമാവും.   
15.ഫ്രീസ് സെന്‍സറുകള്‍
വീടിനുള്ളിലെ താപനിലയിലെ വ്യത്യാസങ്ങള്‍ മനസിലാക്കി മുന്നറിയിപ്പ് തരുന്നവയാണ് ഈ സെന്‍സറുകള്‍. അധികം ചൂടും തണുപ്പും വീടിനുള്ളിലെ ഉപകരണങ്ങള്‍ക്ക് കേട് വരുത്താം. ക്ലൈമറ്റ് കണ്ട്രോള്‍ റൂമുകളാണ് നിങ്ങളുടെ വീടുകളിലെങ്കില്‍ ഇവ അത്യാവശ്യമാണ്. അവധിക്കാല വസതികള്‍ക്കാണ് ഇവ കൂടുതല്‍ അനുയോജ്യം. വളരെക്കാലത്തേയ്ക്ക് വീട് പൂട്ടിയിട്ട് പോകാന്‍ ഉദ്ദേശിക്കുന്നുവെങ്കിലും ഫ്രീസ് സെന്‍സറുകള്‍ ഘടിപ്പിക്കുന്നത് നല്ലതാണ്. 
16.കാര്‍ബണ്‍ മോണോക്‌സൈഡ് ഡിടെക്ടര്‍ 
വാട്ടര്‍ ഹീറ്റര്‍, സ്‌പെയിസ് ഹീറ്റര്‍, അടഞ്ഞ ചിമ്മിനികള്‍, കാര്‍ ഗാരേജ് എന്നിവയെല്ലാം കാര്‍ബണ്‍മോണോക്‌സൈഡ് വാതകത്തിന്റെ കേന്ദ്രങ്ങളാണ്. എന്നാല്‍ ഈ നിശബ്ദ കൊലയാളിയെ അങ്ങനെയൊന്നും തിരിച്ചറിയാനാവില്ല. വീടിനുള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവ് ക്രമാധീതമായി ഉയര്‍ന്നാല്‍ മുന്നറിയിപ്പു നല്‍കാന്‍ ഈ ഡിടെക്ടര്‍ സഹായിക്കും. വീടിനുള്ളിലോ ഗാരേജിലോ എവിടെ വേണമെങ്കിലും ഇത് ഘടിപ്പിക്കാം. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ ഇവ  ലഭിക്കും.

കുഞ്ഞുങ്ങള്‍ക്കും പ്രായമായവര്‍ക്കും

17.പാനിക്ക് പെഡന്റ്
പ്രായമായ ആളുകള്‍ വീടുകളില്‍ തനിയെയാണെങ്കില്‍ അവരുടെ സുരക്ഷയ്ക്കുള്ള മാര്‍ഗമാണ് ഇത്. വീഴുക, വീട്ടില്‍ മറ്റാരെങ്കിലും അതിക്രമിച്ചു കയറുക തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ ഇത് സഹായത്തിനെത്തും. ഇത്തരം സാഹചര്യങ്ങളില്‍ ഇതിലെ ബട്ടണ്‍ അമര്‍ത്തിയാല്‍ അലാറം മുഴങ്ങുന്ന സംവിധാനമാണ് പാനിക് പെഡന്റ്.  ഈ ചെറിയ ഉപകരണം പോക്കറ്റിലിടാനാവും. അല്ലെങ്കില്‍ കഴുത്തിലണിയുകയോ,ബെല്‍റ്റില്‍ ചുറ്റി വയ്ക്കുകയോ ചെയ്യാം. കീചെയിന്‍ പോലെ കൊണ്ടു നടക്കാനും സാധിക്കും. 
18.ബേബി ക്യാമറ അഥവാ നാനി ക്യാം
കുഞ്ഞിനെ ജോലിക്കാരിയെ ഏല്‍പ്പിച്ച് പുറത്തേയ്‌ക്കോ ഓഫീസിലേയ്‌ക്കോ പോകുന്നവര്‍ക്ക് വീടിനുള്ളില്‍ രഹസ്യമായി വയ്ക്കാവുന്ന സംവിധാനമാണിത്. വൈഫൈ ഹോം സെക്യൂരിറ്റി ക്യാമിലൂടെ അമ്മയുടെ മൊബൈല്‍ ഫോണിലേയ്ക്ക് ദൃശ്യങ്ങളെത്തും. ജോലിക്കാരിയെ നിരീക്ഷിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും കഴിയും. കുഞ്ഞിനെ കൊഞ്ചിക്കാനും താരാട്ട് പാട്ടുകള്‍ കേള്‍പ്പിക്കാനും ഇവയില്‍ സംവിധാനമുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ ഇവ വിലക്കുറവോടെ ലഭ്യമാണ്.   
19.വിര്‍ച്ച്വല്‍ നൈറ്റ് നാനി
രാത്രിയില്‍ എത്ര ഉറക്കാന്‍ നോക്കിയാലും കൂട്ടാക്കാതെ വികൃതികളായ കുഞ്ഞുങ്ങള്‍ അമ്മമാര്‍ക്കൊരു തലവേദനയാണ്. അമ്മമാര്‍ക്ക് രാത്രി ജോലി കൂടിയുണ്ടെങ്കിലോ. ഇവര്‍ക്കുള്ള സന്തോഷ വാര്‍ത്തയാണ് വിര്‍ച്ച്വല്‍ നൈറ്റ് നാനി. ഡോര്‍ ഹാന്‍ഡിലിലോ തൊട്ടിലിന് മുകളിലായോ ഈ മോഷന്‍ സെന്‍സര്‍ സംവിധാനം വയ്ക്കാം. കുഞ്ഞ് കട്ടിലിന് താഴെയിറങ്ങുകയോ മുറിക്ക് പുറത്ത് പോകാന്‍ ശ്രമിക്കുകയോ ചെയ്താല്‍ അമ്മയുടെ ഫോണിലേയ്ക്ക് അലര്‍ട്ട് എത്തും. 
20.ഡീകോയി ബട്ടണ്‍
പേരുപോലെ ഒരു പറ്റിക്കല്‍ സംവിധാനമാണിത്. സ്വിച്ചുകളിലും ഡോര്‍ ഹാന്‍ഡിലുകളിലും ഞെക്കിയും വലിച്ചും ഒക്കെ കളിക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് വലിയ താല്‍പ്പര്യമാണ്. ടോയിലറ്റിന്റെ ഫ്‌ളഷ് ബട്ടണ്‍ പ്രത്യേകിച്ചും. ഇവ ധാരാളം അപകടങ്ങളും ഉണ്ടാക്കാറുണ്ട്. ഇതൊഴിവാക്കാന്‍ ഇത്തരം സ്ഥലങ്ങളില്‍ ശരിയായ ബട്ടണുകള്‍ക്കൊപ്പം ഡീകോയി ബട്ടണ്‍ കൂടി വയ്ക്കാം. കുട്ടികള്‍ ഇതില്‍ ഞെക്കിയാലും വലിച്ചാലും ഒന്നും സംഭവിക്കുമെന്ന പേടി വേണ്ട. 
21.സേഫ്റ്റി ഗേറ്റ്‌സ്
അടുക്കള, ബാത്ത് റൂം, പുറത്തേയ്ക്കുള്ള വാതിലുകള്‍ എന്നിവയെല്ലാം അപകടങ്ങളിലേയ്ക്കുള്ള വഴികളാണ്. കണ്ണുവെട്ടിച്ച് അടുക്കളയില്‍ കയറുന്നവരും ബാത്ത്ടബ്ബില്‍ കളിക്കുന്നവരെയും വാതില്‍ തുറന്നിട്ടാല്‍  പുറത്ത് കടക്കുന്നവരെയും ഒന്ന് തടയാന്‍ സേഫ്റ്റി ഗേറ്റുകള്‍ക്കാവും. ഇവ ആവശ്യമുള്ളപ്പോള്‍ വാതിലില്‍ പിടിപ്പിക്കാനും അഴിച്ചുമാറ്റാനും കഴിയും. ഓട്ടോമാറ്റിക്ക് ലോക്കിങ് സിസ്റ്റവും അലാറവും ഉള്ള ഹൈടെക്ക് .

വൈദ്യുതിയെ പേടിക്കേണ്ട
വീട്ടിലെ വയറിങ് കൃത്യമായാല്‍ പിന്നെ വൈദ്യുതി മൂലമുള്ള അപകടങ്ങളും ധനനഷ്ടവും ഒരു പരിധിവരെ കുറയ്ക്കാം. ശരിയായ എര്‍ത്തിങും ബ്രേക്കര്‍ സംവിധാനവുമാണ് പ്രധാനം. എന്നാല്‍ മിന്നലില്‍ നിന്ന് രക്ഷിക്കുന്ന ഒരു സംവിധാനവുമില്ല. മിന്നലുള്ളപ്പോള്‍ ഇവയെല്ലാം ഓഫ് ചെയ്ത് പ്ലഗുകളില്‍ നിന്ന് ഊരിയിടുക മാത്രമാണ് വഴി. 

22.സ്മാര്‍ട്ട് തെര്‍മ്മോസ്റ്റാറ്റ്
വൈദ്യുത ബില്‍ കുറക്കാനും എനര്‍ജി എഫിഷ്യന്റാവാനും സഹായിക്കുന്ന സമാര്‍ട്ട് ടെക്‌നോളജിയാണിത്. വീടിനുള്ളിലെ താപനില നമുക്ക് ആവശ്യമുള്ളതു പോലെ മാറ്റാനും കൃത്യമായി നിലനിര്‍ത്താനുമാണ് ഈ സംവിധാനം. എയര്‍ കണ്ടീഷ്ണറുകളോട് ചേര്‍ന്നാണ് തെര്‍മ്മോസ്റ്റാറ്റിന്റെ പ്രവര്‍ത്തനം. ഓഫീസിലോ പുറത്തോ എവിടെയിരുന്നും സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനിലൂടെ നമുക്കു തന്നെ വീട്ടിലെ താപനില നിയന്ത്രിക്കാം.
23.സര്‍ജ് പ്രൊട്ടക്ടറുകള്‍ 
വലിയ വോള്‍ട്ടേജ് വ്യതിയാനങ്ങളില്‍ നിന്നും വീട്ടിലെ വൈദ്യുത ഉപകരണങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കുന്നവയാണ് സര്‍ജ് പ്രൊട്ടക്ടറുകള്‍. സാധാരണ സോക്കറ്റുകള്‍ക്കും ടെലിഫോണ്‍ സോക്കറ്റുകള്‍ക്കുമെല്ലാം സര്‍ജ് പ്രൊട്ടക്ടെറുകള്‍ വയ്ക്കാം. ഹോം യു.പി.എസുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്. ഓരോ ഉപകരണത്തിനും പ്രത്യേകം യു.പി.എസുകളും സ്റ്റെബിലൈസറുകളും വയ്ക്കുന്നത് ഒഴിവാക്കാനും ഹോം യു.പി.എസുകള്‍ സഹായിക്കും. 

ഓമനമൃഗങ്ങള്‍ക്കും കരുതല്‍

24. പെറ്റ് ക്യാമറ
നമ്മള്‍ വീടിന് പുറത്തായിരിക്കുമ്പോള്‍ ഓമനമൃഗങ്ങളെ ശ്രദ്ധിക്കാനുള്ള ഹൈടെക്ക് മാര്‍ഗമാണ് ഈ ക്യാമറ. ഇന്‍ഡോര്‍, ഔട്ട് ഡോര്‍ ക്യാമറകള്‍ ഈ വിഭാഗത്തില്‍ ലഭ്യമാണ്. ഇവയെ നിരീക്ഷിക്കാന്‍ മോഷന്‍ സെന്‍സറുകളും വിപണിയില്‍ ലഭ്യമാണ്. 
25. വൈഫൈ സ്മാര്‍ട്ട് ഡോഗ് കോളര്‍
വളര്‍ത്ത് നായയോ പൂച്ചയോ തെരുവിലോ മറ്റാരുടെയെങ്കിലും കൈയിലോ അകപ്പെട്ടാല്‍ അവയെ കണ്ടെത്താന്‍ വഴിയില്ലാതെ കുഴയേണ്ടി വരും. ഇതിനൊരു പരിഹാരമാണ് സ്മാര്‍ട്ട് കോളറുകള്‍. ജി.പി.എസ് ട്രാക്കിങ്, വെര്‍ച്ച്വല്‍ ഫെന്‍സസ്, ഹെല്‍ത്ത് ട്രാക്കിങ്, കമ്മ്യൂണിക്കേഷന്‍ ഇങ്ങനെ പലതരം സംവിധാനങ്ങള്‍ ഇവയില്‍ ഉണ്ട്. 

കടപ്പാട്-

മുഹമ്മദ് മുനീര്‍ കെ.
എം.എം.ആര്‍ക്കിടെക്ട്‌സ്
കാരപ്പറമ്പ്, കോഴിക്കോട്‌

Content Highlights: secure your home with smart technologies