ആരാധകനിൽനിന്ന് രാംചരണിനെ രക്ഷിച്ച ബോഡിഗാർഡ്; ശമ്പളം ദിവസവും നാലുലക്ഷം വരെ

രാംചരൺ, കെവിൻ കുന്ത | PTI, Instagram
രാംചരൺ, കെവിൻ കുന്ത | PTI, Instagram

ഇക്കഴിഞ്ഞ ദിവസങ്ങളിൽ രാംചരണിന്റെ ഒരു വീഡിയോ വൈറലായിരുന്നു. 'പെഡ്ഡി' എന്ന സിനിമയുടെ പ്രൊമോഷനായെത്തിയതായിരുന്നു സിനിമയിലെ നായകനായ രാംചരൺ, നായിക ജാൻവി കപൂർ എന്നിവരുൾപ്പെടെയുള്ളവർ. അതിനിടെയാണ് രാംചരണിനടുത്തേക്ക് ഒരു ആരാധകൻ ഓടിവരുന്നത്. എല്ലാവരും ഒരുനിമിഷം അമ്പരന്നു. അപ്പോഴേക്കും നല്ല നീളമുള്ള, കറുത്ത കോട്ടും സ്യൂട്ടും ധരിച്ചൊരാൾ അങ്ങോട്ടേക്ക് പറന്നെത്തി. ആരാധകനെ അക്ഷരാർഥത്തിൽ എടുത്തുകൊണ്ടുപോയി.

ആരാണ് ആരാധകനെ എടുത്തുകൊണ്ടുപോയതെന്ന അന്വേഷണം എല്ലാവരെയും ചെന്നെത്തിച്ചത് കെവിൻ കുന്ത എന്ന ബോഡിഗാർഡിലാണ്. രാംചരണിന്റെ ബോഡിഗാർഡാണ് കെവിൻ. റിപ്പോർട്ടുകൾ പ്രകാരം രണ്ടുമുതൽ നാലുലക്ഷം രൂപ വരെയാണ് അദ്ദേഹത്തിന് ദിവസവും ലഭിക്കുന്ന പ്രതിഫലം.

രാംചരണിനടുത്തെത്തുന്നതിനുമുമ്പ് വളരെ വ്യത്യസ്തമായ മറ്റൊരു ജീവിതമാണ് അദ്ദേഹം നയിച്ചുകൊണ്ടിരുന്നത്. അബ്ദു കാദിർ സോവ് (Abdou Kadirr Sowe) എന്നാണ് അദ്ദേഹത്തിന്റെ യഥാർഥ പേര്. ഗാംബിയയിലാണ് ജനനം. ഗുസ്തിയോടായിരുന്നു ചെറുപ്പംമുതലേ താത്പര്യം. വലുതായപ്പോൾ അദ്ദേഹം ഇറ്റലിയിലേക്ക് മാറി. അവിടെത്തിയപ്പോഴാണ് എം.എം.എ.യുടെ (Mixed Martial Arts) ലോകത്തേക്ക് കടക്കുന്നത്. വർഷങ്ങളോളമുള്ള കഠിനപരിശ്രമം. അപരിചിതമായൊരു രാജ്യത്ത് തന്റേതായ ഇടം കണ്ടെത്താനുള്ള ശ്രമങ്ങൾ. റെസ്ലിങ് രംഗത്ത് അദ്ദേഹം അറിയപ്പെടുന്നത് 'മാമാ ലാമിൻ ഓഫ് ബറാ' എന്നാണ്.

എന്നാലിന്ന് കാര്യങ്ങളെല്ലാം മാറി. രാംചരണിന്റെ കൂടെയുള്ളയാളെ ആരാധകരും തിരിച്ചറിയാൻ തുടങ്ങി. എയർപോർട്ടുകളിൽ രാംചരൺ വന്നിറങ്ങുമ്പോൾ, അദ്ദേഹത്തിനൊപ്പം തന്നെ കെവിനും ഉണ്ടാവാറുണ്ട്. അപ്പോഴൊക്കെ കെവിനു നേരെ ഷെയ്ക്ഹാൻഡിനായി കൈനീട്ടുന്നവരെയും സെൽഫിക്കായി തിരക്കുകൂട്ടുന്നവരെയും കാണാം.

കെവിന്റെ ജനകീയതയെക്കുറിച്ച് ഒരിക്കൽ രാംചരൺ സംസാരിച്ചു. വർഷങ്ങളായി കുടുംബത്തിന്റെ ഏറെ വിശ്വസ്തമായൊരു ഭാഗമാണ് കെവിനെന്നും താരം വ്യക്തമാക്കി. ആ അഭിമുഖത്തിൽ തമാശയായി രാംചരൺ പറഞ്ഞതിങ്ങനെ, ''നിങ്ങളാണ് അവനെ ഇത്ര പ്രശസ്തനാക്കിയത്, ഇപ്പോൾ ഞാൻ കെവിനെ പുറത്തിറങ്ങാൻ പോലും അനുവദിക്കുന്നില്ല. എന്നെക്കുറിച്ച് അറിയാനായി ചിലപ്പോൾ ആളുകൾ കെവിന് ഒരു ചോക്ലേറ്റോ ബിസ്‌കറ്റോ കൊടുത്തേക്കാം. അതുകൊണ്ടാണ് പുറത്തിറങ്ങാൻ പോലും ഞാൻ സമ്മതിക്കാത്തത്''. അതിനൊപ്പം താരമിങ്ങനെ കൂട്ടിച്ചേർത്തു, ''ഞങ്ങൾ പുറത്തുപോകുമ്പോഴെല്ലാം, മുഴുവൻ കുടുംബവും, കുട്ടികളും, എല്ലാവരും അവനെക്കുറിച്ച് ചോദിക്കും. കാരണം അത്രയ്ക്കും ഞങ്ങളുടെ ഭാഗമാണ് കെവിൻ. കഴിഞ്ഞ നാല് വർഷമായി എന്നോടൊപ്പമുണ്ട്''.

'പെഡ്ഡി'യുടെ പ്രൊമോഷനായി രാംചരൺ എത്തിയപ്പോഴെല്ലാം, കൂടെ കെവിനുമുണ്ടായിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Kevin Kuntha, also known as Abdou Kadirr Sowe, is Ram Charan's dedicated bodyguard. He has a background in MMA and wrestling, previously known as 'Mama Lamin of Barra'.