അന്ന് ബിസ്‌കറ്റ് കഴിച്ച് വിശപ്പുമാറ്റിയ ഗുർമീത്; ഇന്ന് അദ്ദേഹത്തിന്റെ ആസ്തി 34 കോടി

2009-ൽ റിലീസായ 'രാമായൺ' സീരീസിൽ ശ്രീരാമന്റെ കഥാപാത്രം അവതരിപ്പിച്ചാണ് നടൻ ഗുർമീത് ചൗധരി ശ്രദ്ധേയനാവുന്നത്. അതിനുമുമ്പ് ചുരുക്കം ചില സീരിയലുകളിൽ അഭിനയിച്ചിരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ കരിയറിൽ ബ്രേക്കായത് രാമൻ തന്നെയാണ്. അതിനുശേഷം ഒട്ടേറെ റിയാലിറ്റി ഷോകളിലും സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു. രാമായണത്തിൽ സീതയായെത്തിയ ദേബിന ബാനർജിയാണ് അദ്ദേഹത്തിന്റെ ജീവിതപങ്കാളി.
തുടക്കകാലത്ത് ഗുർമീത്തിന്റെ ജീവിതപാത അത്ര സുഗമമായിരുന്നില്ല. പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കുശേഷം, നടനാവുക എന്ന സ്വപ്‌നവുമായാണ് ഗുർമീത് മുംബൈയിലെത്തിയത്. മോഡലായിട്ടായിരുന്നു തുടക്കം. പിന്നീടാണ് സീരിയലിൽ അവസരം കിട്ടുന്നത്. ചെറുവേഷങ്ങളിലേക്കാണ് ആദ്യം പരിഗണിക്കപ്പെട്ടത്. പലപ്പോഴും ഇത്തരം വേഷങ്ങൾക്ക് തന്റെ പേര് പോലും ക്രെഡിറ്റിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്ന് ഗുർമീത് പിന്നീട് പറഞ്ഞിട്ടുണ്ട്. കിട്ടിയിരുന്ന പ്രതിഫലവും വളരെ കുറവ്.
വെറും 40 രൂപകൊണ്ടാണ് അന്നൊക്കെ ഓരോ ദിവസവും തള്ളിനീക്കിയിരുന്നത്. അവസരങ്ങൾ കിട്ടാനായി തന്റെ പോർട്ട്ഫോളിയോയുമായി പല സ്ഥലത്തേക്കും യാത്ര ചെയ്യേണ്ടിവന്നു അന്നൊക്കെ. ബസിലാണ് യാത്ര, അതിനുള്ള പണം കഴിഞ്ഞ്, അധികമൊന്നും ബാക്കിയുണ്ടാവില്ല. അതുകൊണ്ട് പലപ്പോഴും ബിസ്‌കറ്റ് മാത്രമാണ് കഴിച്ചിരുന്നത്.
ഈയടുത്ത് ഒരഭിമുഖത്തിൽ അക്കാലത്തെക്കുറിച്ച് ഗുർമീത് തുറന്നുംസംസാരിച്ചിരുന്നു. ഭാരതി ടിവിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ആ കാലം ഓർത്തെടുത്തത്. ''ബിഹാറിലാണ് ഞാൻ ജനിച്ചതും വളർന്നതും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയതിനുപിന്നാലെ ഞാൻ മുംബൈയിലേക്ക് വണ്ടികയറി. പരീക്ഷാഫലം വരാൻ പോലും കാത്തുനിന്നില്ല. മുംബൈയിലെത്തിയ ശേഷം ഒരു ആക്ടിങ് കോഴ്സ് ചെയ്തു. ടിവി ഷോകളിൽ നായകന്റെ സുഹൃത്തിനെപ്പോലെയുള്ള ചെറിയ വേഷങ്ങൾ ചെയ്യാൻ തുടങ്ങി; എന്റെ ആകർഷകമായ രൂപം അതിന് സഹായകമായി. പേരോ പ്രാധാന്യമോ ഇല്ലാത്ത വേഷങ്ങളായിരുന്നു അവയിൽ പലതും. ആകെ നിരാശയിലായ നാളുകൾ'', അദ്ദേഹം പറഞ്ഞു.
അതിനിടെ ചലച്ചിത്രകാരൻ യാഷ് ചോപ്രയുടെ ഫോൺ നമ്പർ എങ്ങനെയോ സംഘടിപ്പിച്ച് അദ്ദേഹത്തെ വിളിക്കാൻ തീരുമാനിച്ചു. ''ഞാൻ അദ്ദേഹത്തെ വിളിച്ചപ്പോൾ, വളരെ സൗമ്യമായാണ് അദ്ദേഹം പ്രതികരിച്ചത്. മാത്രമല്ല, തന്നെ നേരിൽ കാണാൻ അദ്ദേഹം എന്നെ ക്ഷണിക്കുകയും ചെയ്തു. അന്ന് എനിക്ക് 19 വയസ്സായിരുന്നു പ്രായം. ടെലിവിഷൻ രംഗത്തേക്ക് കടന്നുവരാൻ അദ്ദേഹം എന്നോട് നിർദ്ദേശിച്ചു. ടെലിവിഷനിലൂടെ കരിയർ തുടങ്ങിയ ഷാരൂഖ് ഖാന്റെ ഉദാഹരണവും അദ്ദേഹം എനിക്ക് ചൂണ്ടിക്കാട്ടി'', അദ്ദേഹം പറഞ്ഞു. എത്ര ചെറുതാണെങ്കിലും തനിക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളും സ്വീകരിക്കാൻ ഗുർമീത്തിനെ പ്രചോദിപ്പിച്ചത് ആ ഉപദേശമാണ്.
എന്നാൽ, വിജയത്തിലേക്കുള്ള വഴി ഒട്ടും എളുപ്പമായിരുന്നില്ല. കടുത്ത സാമ്പത്തികപ്രശ്‌നങ്ങളിൽ അകപ്പെട്ട അദ്ദേഹത്തിന് ജീവിക്കാനായി സുഹൃത്തുക്കളെ ആശ്രയിക്കേണ്ടി വന്നു. ''മുംബൈയിൽ എത്തുമ്പോൾ എന്റെ കൈവശം വലിയ തുകയൊന്നും ഉണ്ടായിരുന്നില്ല. അച്ഛൻ എന്നെ സഹായിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കൈവശവും ഒരുപാട് പണമൊന്നുമുണ്ടായിരുന്നില്ല; അതിനാൽ മുംബൈയിലെ ജീവിതം വളരെ ദുഷ്‌കരമായിരുന്നു. ചില സുഹൃത്തുക്കൾ സാമ്പത്തികമായി എന്നെ വളരെയധികം സഹായിച്ചു. ദിവസവും വെറും 36 രൂപ കൊണ്ടാണ് ഞാൻ ജീവിച്ചുപോന്നത്. എന്റെ പോർട്ട്ഫോളിയോയുമായി വിവിധ പ്രൊഡക്ഷൻ ഹൗസുകളിലേക്ക് പോകാൻ പലതവണ ബസ് മാറിക്കയറേണ്ടി വന്നിട്ടുണ്ട്. വീട്ടിൽ നിന്ന് പ്രഭാതഭക്ഷണം കഴിച്ചിറങ്ങുമായിരുന്നെങ്കിലും ഉച്ചഭക്ഷണത്തിന് ബിസ്‌കറ്റ് മാത്രമാണ് കഴിച്ചിരുന്നത്. ഈ കഠിനാധ്വാനമാണ് എനിക്ക് അവസരങ്ങൾ ലഭിക്കാൻ സഹായിച്ചത്'', അദ്ദേഹം ഓർമ്മിച്ചു.
ഇന്ന് ഗുർമീത്തിന്റെ ആസ്തി 34 കോടി രൂപയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അന്ധേരിയിൽ 16 കോടി വിലമതിക്കുന്ന വീട്ടിലാണ് അദ്ദേഹവും കുടുംബവും താമസിക്കുന്നത്. ഒരു ഫാം ഹൗസും അദ്ദേഹത്തിനുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Gurmeet Choudhary moved to Mumbai at age 19 with acting dreams after the 12th grade. He survived on a meager budget, eating only biscuits for lunch during his struggle days.