മൂന്ന് പെണ്‍മക്കള്‍ക്കും അമ്മയ്ക്കും അച്ഛനും ഡോക്ടറേറ്റ്, അപൂര്‍വ ഡോക്ടര്‍ കുടുംബം

പുരുഷോത്തമന്‍ പിള്ള, ഭാര്യ ലക്ഷ്മീദേവി എന്നിവര്‍ മക്കളായ രേണുക, രഞ്ജിത, രോഹിണി എന്നിവര്‍ക്കൊപ്പം
പുരുഷോത്തമന്‍ പിള്ള, ഭാര്യ ലക്ഷ്മീദേവി എന്നിവര്‍ മക്കളായ രേണുക, രഞ്ജിത, രോഹിണി എന്നിവര്‍ക്കൊപ്പം

ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും ഡോക്ടറേറ്റ്. ആ അപൂര്‍വതയുടെ അഴകറിയാന്‍ പോയതായിരുന്നു തൃശ്ശൂര്‍ നഗരഹൃദയത്തിലെ പ്രണവത്തിലേക്ക്. കാലിക്കറ്റ് സര്‍വകലാശാലയുടെ സാമ്പത്തികശാസ്ത്ര വിഭാഗം തലവനും ഡീനുമായിരുന്നു പുരുഷോത്തമന്‍ പിള്ള. മാനേജ്‌മെന്റ് വിഷയത്തില്‍ ഡോക്ടറേറ്റ്. കാലിക്കറ്റ് സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗം മേധാവിയായിരുന്ന ഭാര്യ ലക്ഷ്മീദേവിയുടെ ഡോക്ടറേറ്റ് ഇക്കണോമിക്സിലാണ്. മൂത്തമകള്‍ രേണുക അമ്മയുടെ വിഷയത്തില്‍ ഗവേഷണം നടത്തി. രണ്ടാമത്തെയാളായ രഞ്ജിത, മോളിക്യുലാര്‍ ബയോളജിയെ തന്റെ തട്ടകമാക്കിയപ്പോള്‍, രോഹിണി തിരഞ്ഞെടുത്തത് അച്ഛന്റെ അതേ ഗവേഷണ മേഖലയായ മാനേജ്‌മെന്റ്. 
ഇഷ്ടികയുടെ കുളിരുള്ള സ്വീകരണമുറിയില്‍ പി.എച്ച്.ഡിക്കാരായ അച്ഛനമ്മമാരെയും മക്കളില്‍ രണ്ടുപേരെയും കണ്ടു. വിദേശത്തുള്ള ഡോക്ടര്‍ രഞ്ജിത ഫോണില്‍ ഒപ്പമുണ്ട്. ഉച്ചയുഷ്ണത്തിന്റെ കെട്ടറുക്കാന്‍ താലത്തില്‍ ഓറഞ്ച് ജ്യൂസ് എത്തിയതോടെ ഡോക്ടറേറ്റ് വര്‍ത്തമാനങ്ങളിലേക്ക്...

ആകസ്മികതകളുടെ ആകെത്തുകയാണ് എന്റെ ജീവിതം

പുരുഷോത്തമന്‍ പിള്ള: ഡല്‍ഹിയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് പഠനം. ഇക്കണോമെട്രിക്സ് എന്ന വിഷയത്തില്‍ ഒരു കോഴ്‌സിന്റെ ഭാഗമായി. പ്ലാനിങ് ബോര്‍ഡില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കവെ, ഇക്കൊണോമെട്രിക്സ് പരിചയപ്പെടുത്താന്‍ എന്നെ കേരളാ യൂണിവേഴ്‌സിറ്റി ക്ഷണിച്ചു. അങ്ങനെ അവിടെ അധ്യാപകനായി.

പിന്നീട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുന്ന കാലത്ത് കര്‍ണാടകയിലെ ധാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു അധ്യാപകനെ കണ്ടുമുട്ടി. അദ്ദേഹത്തിന്റെ സ്‌നേഹനിര്‍ബന്ധം എന്നെ അവിടെപ്പോയി പി.എച്ച്.ഡി. എടുക്കാന്‍ പ്രേരിപ്പിച്ചു. റിസര്‍ച്ച് മാനേജ്മെന്റിലായിരുന്നു. ആകസ്മികതകളുടെ ആകെത്തുകയാണ് എന്റെ ജീവിതം. എല്ലാം സംഭവിച്ചത് യാദൃച്ഛികമായി. അന്ന് ഡോക്ടറേറ്റ് നിര്‍ബന്ധമല്ല. ഡോക്ടറേറ്റ് ഉള്ളവര്‍ വളരെക്കുറവ്. റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന കാലം മുതല്‍ക്ക് സ്വന്തമായി ചെറുഗവേഷണങ്ങള്‍ നടത്തിയിരുന്നു. അതിന്റെ ഔദ്യോഗിക സമര്‍പ്പണമായി എന്റെ പി.എച്ച്.ഡി. പിന്നെ അമേരിക്കയില്‍നിന്ന് പോസ്റ്റ് ഡോക്ടറേറ്റ്.

ലക്ഷ്മീദേവി: കാര്യവട്ടം ക്യാമ്പസിലെ ഇക്കണോമിക്സ് പഠനത്തിന് ശേഷം ഞാന്‍ ഡല്‍ഹിയിലെ ലേഡി ശ്രീറാമില്‍ അധ്യാപനജോലിയില്‍ പ്രവേശിച്ചു. അവിടെനിന്ന് തൃശ്ശൂര്‍ വിമല കോളേജിലേക്ക്. അങ്ങനെ ഗവേഷണ ജീവിതം ആരംഭിക്കുന്നു. പിന്നെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് മാറി. അവിടെവെച്ച് ഡോക്ടറേറ്റ്. എന്റെ ഗവേഷണ ജീവിതത്തിന്റെ പൂര്‍ണത കാണുവാന്‍ ഭര്‍ത്താവ് ഇവിടെയില്ല. ഫുള്‍ ബ്രൈറ്റ്‌സ് സ്‌കോളര്‍ഷിപ്പ് നേടി അദ്ദേഹം അമേരിക്കയില്‍ പോസ്റ്റ് ഡോക്റ്ററല്‍ പഠനത്തിന് പോയിരുന്നു. 

എന്റെ പോസ്റ്റ് ഡോക്ടറേറ്റ് പഠനവും അമേരിക്കയില്‍ നിന്നായിരുന്നു. ഇലക്ട്രിസിറ്റിയുമായി ബന്ധപ്പെട്ട വിഷയവുമായി ചെന്ന എന്നെ സ്ത്രീജീവിതത്തിന്റെ സൂക്ഷ്മതകളിലേക്ക് തിരിച്ചുവിട്ടത് അമേരിക്കയിലെ പഠനകാലമാണ്. പശ്ചിമഘട്ടത്തിലെ ആദിവാസി സ്ത്രീകളുടെ ജീവിതം അടുത്തുനിന്ന് പഠിച്ചു. പിന്നീട് ഒരു യു.ജി.സി പ്രോജക്ടിന് മധ്യേഷ്യയില്‍ പ്രവാസി ജീവിതം നയിക്കുന്ന വനിതാതൊഴിലാളികളെ പഠനവിഷയമാക്കി. ഭര്‍ത്താക്കന്മാര്‍ വിദേശത്തേക്ക് പോയ മലയാളി സ്ത്രീകളുടെ അനുഭവങ്ങള്‍ക്കൊപ്പം കുറേ നടന്നു.


 
അഭിമാനമാണ് എനിക്കെന്റെ പെണ്‍കുട്ടികള്‍

രേണുക: അച്ഛനും അമ്മയും അക്കാദമികമായി മുന്നേറുന്നത് കണ്ടാണ് വളര്‍ന്നത്. സ്വാഭാവികമായും ഞങ്ങള്‍ക്കും ഡോക്ടറേറ്റ് മോഹമുണ്ടായി. കുസാറ്റില്‍ നിന്നായിരുന്നു എന്റെ പി.എച്ച്.ഡി. അമ്മയുടെ അതേ വിഷയം, ഇക്കണോമിക്സ്. 1997-ല്‍ തുടങ്ങി 2000-ല്‍ ഗവേഷണം പൂര്‍ത്തിയാക്കി. സ്ത്രീജീവിതങ്ങളെപ്പറ്റിയുള്ള ഒട്ടേറെ പഠനങ്ങള്‍ അമ്മ നടത്തിയിട്ടുണ്ട്. അതെല്ലാം എനിക്ക് പ്രേരണയായി. അമ്മൂമ്മയുടെ ജീവിതവും ഒരുപാട് സ്വാധീനിച്ചു.

രഞ്ജിത: വീട്ടിലെ അന്തരീക്ഷം അങ്ങേയറ്റം അക്കാദമികമായിരുന്നു. അച്ഛനും അമ്മയും ഇക്കണോമിക്സ് പ്രൊഫസര്‍മാര്‍ ആയിരുന്നല്ലോ. ഇരുവരുടെയും സുഹൃത്തുക്കളും വിദ്യാര്‍ഥികളും വീട്ടില്‍ വരും. അവരുടെ വര്‍ത്തമാനങ്ങളൊക്കെ ഗൗരവമുള്ളതായിരിക്കും. ബജറ്റ് കാലം വീട്ടിലാകെ ചര്‍ച്ചയുടെ കാലമാണ്. പത്രം വായിക്കാത്ത ഒരു ദിവസം ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ഹൈസ്‌കൂള്‍ കാലം തൊട്ടേ ബയോളജി എനിക്ക് പ്രിയപ്പെട്ട വിഷയമാണ്. ഡോക്ടര്‍ ആവാമെന്ന്കരുതി പഠിച്ചു. ഡോക്ടറേറ്റ് നേടി. കാനഡയിലെ ടൊറോന്റോയില്‍ വാട്ടര്‍ലൂ സര്‍വകലാശാലയില്‍നിന്ന് മോളിക്യുലാര്‍ ബയോളജിയിലായിരുന്നു ഗവേഷണം. 

രോഹിണി: അമ്മൂമ്മ ഞങ്ങള്‍ക്ക് വലിയ പ്രേരണയാണ്. അന്നത്തെക്കാലത്ത് സ്വന്തം ഇഷ്ടങ്ങള്‍ക്കൊപ്പം സഞ്ചരിച്ചയാളാണ് അമ്മൂമ്മ. അമ്മയാകട്ടെ, കേരളാ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം റാങ്കുകാരി. അച്ഛന്‍ അന്നത്തെ ഫുള്‍ ബ്രൈറ്റ്സ് സ്‌കോളര്‍ഷിപ്പ് ജേതാവും. ഇവരില്‍ ആരുടെയും അക്കാദമികമായ മിടുക്ക് ഞങ്ങളിലാര്‍ക്കും കിട്ടിയില്ല. പക്ഷേ, നിര്‍ത്താതെ പഠിക്കാനുള്ള ഊര്‍ജം പകര്‍ന്നുകിട്ടി. ഞാന്‍ മാനേജ്‌മെന്റ് വിഷയത്തില്‍ മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലാണ് ഗവേഷണം ചെയ്തത്. 
സംഭാഷണം അമ്മയിലേക്കെത്തിയപ്പോള്‍ ലക്ഷ്മീദേവിയുടെ കണ്ണുകളില്‍ നീര്‍ത്തെളിച്ചം. 1930- കളില്‍ എറണാകുളം മഹാരാജാസ് കാമ്പസിലെ താരമായിരുന്ന അമ്മ അവിടത്തെ യൂണിയന്‍ വൈസ് ചെയര്‍മാന്‍ കൂടിയായിരുന്നു. പിന്നീട് ഇന്ത്യയില്‍ ആദ്യമായി മദ്രാസില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ കോഴ്‌സ് തുടങ്ങിയപ്പോള്‍ അത് പഠിക്കണമെന്ന വാശിയോടെ അങ്ങോട്ടുപോയി. വിദേശ വിദ്യാര്‍ഥികള്‍ക്കൊപ്പം സൈക്കിള്‍ ചവിട്ടുന്ന അമ്മയുടെ ചിരിക്കുന്ന മുഖം ഫോട്ടോയില്‍ കണ്ടത് ഇന്നും ഓര്‍ക്കുന്നു. ഗവണ്‍മെന്റ് സര്‍വീസില്‍ പ്രൊഫസ്സറായിരുന്നു അമ്മ. അക്കാലത്തെ സ്ത്രീകളില്‍ കാണാതിരുന്ന ഒരു ധൈര്യം അമ്മയ്ക്ക് എല്ലാ കാര്യത്തിലും ഉണ്ടായിരുന്നു. പതിനാല് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് അമ്മയും അച്ഛനും വിവാഹിതരായത്. അച്ഛന്‍ മുന്‍സിഫ് ആയിരുന്നു.
 

ലക്ഷ്മീദേവി: മൂന്ന് ചെറിയ മക്കളും തിരക്ക് പിടിച്ച ഔദ്യോഗിക ജീവിതവും. ഇതിനിടയിലൂടെയാണ് ഞാന്‍ ഡോക്ടറേറ്റും പോസ്റ്റ് ഡോക്റ്ററല്‍ പഠനവും നടത്തിയത്. ഒന്നും ഓര്‍ത്ത് പ്രയാസപ്പെടേണ്ട, അവസരങ്ങള്‍ കളയണ്ട എന്ന് അദ്ദേഹത്തിന്റെ അമ്മ പറയുമായിരുന്നു. ഡോക്ടറല്‍ പഠനത്തിന് വിദേശത്ത് പോകുമ്പോള്‍ മക്കള്‍ സ്‌കൂളിലാണ്. അവരെ ഭര്‍ത്താവിന്റെ ചേട്ടന്‍ വന്ന് കൂട്ടിക്കൊണ്ടുപോയി. എല്ലാവരും ഒത്തുപിടിച്ചതുകൊണ്ട് കാര്യങ്ങള്‍ നടന്നു. എനിക്ക് ഒന്നിനും തടസ്സങ്ങളുണ്ടായില്ല. 

മൂന്നാമതും പെണ്‍കുഞ്ഞ് ജനിച്ചപ്പോള്‍ അമ്മ പായസം വിളമ്പി

രേണുക: വിവാഹം കഴിഞ്ഞാണ് എന്റെ പി.എച്ച്.ഡി യാത്ര ആരംഭിക്കുന്നത്. വിവാഹത്തിന് വെച്ച ഡിമാന്റുകളില്‍ പഠനം ഒന്നാമതായിരുന്നു. പക്ഷേ, കുട്ടികളുടെ ജനനശേഷമുള്ള പഠനത്തിന്റെ വിഷമങ്ങള്‍ എനിക്ക് അനുഭവിക്കേണ്ടിവന്നില്ല. അതിന് മുന്‍പേ എന്റെ ഗവേഷണം പൂര്‍ത്തിയായിരുന്നു. അമ്മയെപ്പോലെയോ, അനിയത്തിമാരെപ്പോലെയോ എനിക്ക് കഷ്ടപ്പെടേണ്ടി വന്നിട്ടില്ല.

രഞ്ജിത: എന്റെ വിഷയം സയന്‍സായിരുന്നല്ലോ... ചില പരീക്ഷണങ്ങളുടെ ഫലം അറിയുന്നത് അര്‍ധരാത്രി ആയിരിക്കും. അപ്പോള്‍ ലാബില്‍ പോകേണ്ടിവരും. കാനഡയിലെ കൊടും തണുപ്പത്ത് ഭര്‍ത്താവ് മകനുമായി പുറത്ത് കാറില്‍ കാത്തിരിക്കും. കാറില്‍ ഹീറ്റര്‍ സൗകര്യമൊക്കെയുണ്ട്. എന്നാലും പിഞ്ചുകുഞ്ഞുമായുള്ള രാത്രിയാത്ര ബുദ്ധിമുട്ടാണ്. അമ്മയും അച്ഛനും അവിടെ വന്നു നില്‍ക്കേണ്ടിവന്നിട്ടുണ്ട്. നല്ലൊരു പങ്കാളിയും എന്തിനും ഒപ്പം നില്‍ക്കുന്ന കുടുംബവും. അങ്ങനെ അല്ലായിരുന്നെങ്കിലോ... എനിക്കത് ചിന്തിക്കാനാവുന്നില്ല. 

രോഹിണി: ഭര്‍ത്താവും മക്കളുമൊത്ത് മസ്‌ക്കറ്റില്‍ കഴിയുമ്പോഴാണ് ഞാന്‍ മുംബൈയില്‍ പഠിക്കാന്‍ തീരുമാനിക്കുന്നത്. ഇടയ്ക്കിടെ ക്യാമ്പസില്‍ വരണം. ഭര്‍ത്താവിന് അവധിയുണ്ടെങ്കില്‍ മക്കള്‍ക്കൊപ്പം അദ്ദേഹം ഉണ്ടാകും. അല്ലാത്തപ്പോള്‍ ഞാന്‍ അവരെ കൂടെ കൊണ്ടുവരും. ചിലപ്പോള്‍ ബെംഗളൂരുവിലുള്ള ചേച്ചിയുടെ ഫ്‌ളാറ്റില്‍ കൊണ്ടുപോയി നിര്‍ത്തും. അല്ലെങ്കില്‍ അമ്മയുടെ അടുത്താക്കും. അതുമല്ലെങ്കില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിര്‍ത്തും. ചുറ്റിലുമുള്ളവര്‍ ഒരേ മനസ്സോടെ ഒപ്പം നിന്നാല്‍ എന്തും നടത്തിയെടുക്കാം. ഒരാളുടെ നിസ്സഹകരണം മതി എല്ലാം പാളിപ്പോവാന്‍.


  
ലക്ഷ്മീദേവി : മൂന്ന് പെണ്മക്കളാണല്ലോ, എന്ത് ചെയ്യുമെന്ന് ഒരുപാടുപേര്‍ ആകുലപ്പെട്ടു. അവരുടെ കണ്ണില്‍ക്കണ്ട സങ്കടം എനിക്ക് ഇന്നും മനസ്സിലായിട്ടില്ല. പെണ്‍ ഭ്രൂണഹത്യകള്‍ കേള്‍ക്കുമ്പോഴെല്ലാം ഞെട്ടലാണ്. ദൈവം തിരഞ്ഞെടുക്കാന്‍ അവസരം തന്നിരുന്നുവെങ്കിലും ഞാന്‍ പെണ്‍മക്കള്‍ മതിയെന്നേ പറയുമായിരുന്നുള്ളൂ. അഭിമാനമാണ് എനിക്കെന്റെ പെണ്‍കുട്ടികള്‍.
പുരുഷോത്തമന്‍ പിള്ള: സ്ത്രീകളെപ്പറ്റി ആഴത്തിലുള്ള പഠനവും സ്ത്രീ ഉന്നമനത്തിലുള്ള ആത്മാര്‍ഥതയും കൊണ്ടാണ് അനുഗ്രഹംപോലെ മൂന്ന് പെണ്‍കുട്ടികള്‍ പിറന്നതെന്ന് ഞാന്‍ ഇവളോട് പറയാറുണ്ട്. 
ലക്ഷ്മീദേവി: ഇദ്ദേഹത്തിന്റെ അമ്മ അന്നത്തെ ഏഴാം ക്‌ളാസുകാരിയാണ്. അമ്മയ്ക്ക് നാല് ആണ്‍മക്കള്‍. നാലുപേരും ഉന്നത ഉദ്യോഗസ്ഥരായി. എന്റെ ആദ്യത്തെ രണ്ട് കുഞ്ഞുങ്ങളും പെണ്‍കുട്ടികളാണെന്ന് അറിഞ്ഞ് സഹതപിച്ച ഒരുപാട് അടുപ്പക്കാര്‍ ഉണ്ടായിരുന്നു. മൂന്നാമതും പെണ്‍കുഞ്ഞ് ജനിച്ചപ്പോള്‍ അമ്മ അയല്‍ക്കാര്‍ക്കൊക്കെ പായസം വിളമ്പി. അമ്മയുടെ പ്രാര്‍ഥന ഫലിച്ചെന്ന് പറഞ്ഞു. മറക്കാനാകില്ല, ആ സ്നേഹവും പിന്തുണയും. 

രേണുക: പെണ്‍കുട്ടികളെ അനുഗ്രഹമായിട്ടല്ല മിക്കവാറും പേര്‍ കാണുന്നത്. ഗവേഷണമേഖല മാത്രം നോക്കിയാല്‍ മനസ്സിലാകും. പാതിവഴിയില്‍ ഉപേക്ഷിച്ച് പോകുന്നതില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളായിരിക്കും. അവരുടെ പഠനവും ഉയര്‍ച്ചയും സ്വന്തം കുടുംബത്തില്‍പ്പോലും ഒന്നാം പരിഗണന അര്‍ഹിക്കുന്ന വിഷയമല്ല. ഭര്‍ത്താവിന്റെ വീട്ടിലാണെങ്കില്‍ ഒട്ടുമല്ല. 

രോഹിണി: പെണ്‍കുട്ടികള്‍ക്ക് ഇത്രയും പരിഗണനയും സ്വാതന്ത്ര്യവും കേരളത്തിലേ ഉള്ളൂ. ഇന്ത്യയിലെ ഏറ്റവും മോഡേണ്‍ എന്ന് വിളിക്കാവുന്ന ഒരു ക്യാമ്പസില്‍, മുംബൈ നഗരത്തില്‍ കൂട്ടുകാരി അനുഭവിച്ച മാനസിക സംഘര്‍ഷം ഞാന്‍ കണ്ടിട്ടുണ്ട്. അവളുടെ എഴുതി പൂര്‍ത്തിയാക്കിയ ഗവേഷണപ്രബന്ധം സമര്‍പ്പിക്കാന്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ സമ്മതിക്കുന്നില്ല. ഭര്‍ത്താവിന്റെ സഹോദരിയുടെ ഗവേഷണപ്രബന്ധം തയ്യാറാക്കിയിട്ടുമതി പോലും അവള്‍ക്ക് ഡോക്ടറേറ്റ്. 
 

രഞ്ജിത: വീട്ടിലെ പണികളെല്ലാം തീര്‍ത്തിട്ട് ലാബില്‍ പോയാല്‍ മതിയെന്ന് പറയുന്ന ഭര്‍ത്താക്കന്മാരെക്കുറിച്ച് കേട്ടിട്ടുണ്ട്. സ്വപ്‌നം കാണാനുള്ള സ്ത്രീകളുടെ അവകാശം ആര്‍ക്കും നിഷേധിക്കാനാവില്ല. പെണ്‍കുട്ടികള്‍ സ്വന്തം ജീവിതത്തെപ്പറ്റി വ്യക്തമായ ബോധ്യം ഉണ്ടാക്കിയെടുക്കണം. ലക്ഷ്യം നേടിയെടുക്കാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കണം. 
 

ലക്ഷ്മീദേവി : കഴിഞ്ഞ 30 വര്‍ഷമായി സ്ത്രീകളുടെ പ്രശ്‌നങ്ങള്‍  പഠിക്കുന്നു. താത്പര്യം ഉണ്ടായിട്ടും പഠനം അവസാനിപ്പിക്കേണ്ടി വന്ന എത്രയോ പെണ്‍കുട്ടികളെ കണ്ടിട്ടുണ്ട്. ഇപ്പോള്‍ കാര്യങ്ങള്‍ ഒരുപാട് മെച്ചപ്പെടുന്നുണ്ട്. കൂടുതല്‍ നല്ല മാറ്റങ്ങള്‍ വരട്ടെ. 
ആദ്യകഥ 'കുങ്കുമ'ത്തില്‍ അച്ചടിച്ച് വന്നത് ലക്ഷ്മീദേവി ഓര്‍ത്തെടുത്തു. പത്രാധിപരായിരുന്ന എന്‍.വി കൃഷ്ണവാര്യരുടെ കത്ത് നിധിപോലെ അവര്‍ കാത്തുവെച്ചിട്ടുണ്ട്. പുരുഷോത്തമന്‍ പിള്ള പതിനഞ്ചിലേറെ പുസ്തകങ്ങളാണ് എഴുതിയിട്ടുള്ളത്. ആധ്യാത്മികതയിലൂന്നിയ എഴുത്താണ് അദ്ദേഹത്തിന്റേത്. 
അച്ഛനമ്മമാരെ പിന്തുടര്‍ന്ന് അറിവിന്റെ ആനന്ദം കണ്ടെത്തിയ പെണ്മക്കള്‍ ജീവിതത്തിന്റെ പലവഴികളെക്കുറിച്ച് വാചാലരായി. നര്‍മവും ഗൗരവവും ഇഴ തുന്നിയ ഡോക്ടര്‍ കുടുംബത്തിന്റെ സല്ലാപത്തിന് ഒരു കുടമാറ്റക്കാഴ്ചയുടെ വൈവിധ്യം.
 

Content Highlights: Story of a Family where all members haver doctorate in thrissur