90-കളിലെ കുട്ടികളുടെ പ്രിയകഥാപാത്രം ശക്തിമാന്‍; തിരിച്ചുവരവിനൊരുങ്ങി മുകേഷ്

ശക്തിമാന്‍, 90-കളിലെ കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊരാള്‍. ആ കഥാപാത്രം വീണ്ടുമെത്തുമെന്ന് സൂചന നല്‍കിയിരിക്കുകയാണ് ശക്തിമാനെ അവതരിപ്പിച്ച മുകേഷ് ഖന്ന. തന്റെ സോഷ്യല്‍മീഡിയ പേജുകളിലൂടെയാണ് 'ശക്തിമാന്‍' വരുന്നുവെന്ന സൂചനകള്‍ മുകേഷ് നല്‍കിയത്. 'അവന്റെ തിരിച്ചുവരവിന് സമയമായി' എന്നാണ് പോസ്റ്റില്‍ പറയുന്നത്. കൂടാതെ തന്റെ യൂട്യൂബ് ചാനലിലൂടെ ടീസര്‍ പുറത്തിറക്കുകയും ചെയ്തു.
''ശക്തിമാന്‍ ഞാന്‍ വളരെ ഭംഗിയായി ചെയ്തു. ആ കഥാപാത്രം എന്റെ ഉള്ളില്‍നിന്ന് തന്നെ വന്നതാണ്. ക്യാമറയെ പോലും മറന്നാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. അതാണ് അത്ര ഭംഗിയായി നിങ്ങളിലേക്ക് എത്തിയതും. വീണ്ടും ശക്തിമാന്‍ ആവാന്‍ കഴിയുന്നതില്‍ എനിക്കൊരുപാട് സന്തോഷമുണ്ട്'', മുകേഷ് പറയുന്നു. അത് തിരിച്ചുകൊണ്ടുവരികയെന്നത് തന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
രണ്‍വീര്‍ സിങ്ങിന്റെ 'ശക്തിമാന്‍' എന്ന സിനിമ 2025-ല്‍ റിലീസാവും എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ബേസില്‍ ജോസഫിന്റെ ആദ്യ ബോളിവുഡ് സിനിമയായിരിക്കുമത്. എന്നാല്‍, താന്‍ അവതരിപ്പിച്ച കഥാപാത്രത്തോട് രണ്‍വീര്‍ സിങ്ങിന് നീതി പുലര്‍ത്താന്‍ കഴിയില്ലെന്നാണ് മുകേഷ് ഖന്ന പറയുന്നത്. 'കഥാപാത്രത്തിനാവശ്യമായ ഭാവങ്ങളൊന്നും രണ്‍വീറിന്റെ മുഖത്തുവരുന്നില്ല. ശക്തിമാന്‍ കഥാപാത്രത്തിലേക്ക് രണ്‍വീര്‍ ഒരിക്കലും നല്ല ചോയ്‌സ് അല്ലെന്നും' മുകേഷ് പറഞ്ഞുവെക്കുന്നു. ആ സിനിമാവാര്‍ത്തകള്‍ക്കിടെയാണ് പരമ്പര തിരിച്ചുവരുന്നുവെന്ന സൂചനകള്‍ മുകേഷ് നല്‍കിയത്.
അതോടെ മുകേഷിനെതിരെ രൂക്ഷമായ ട്രോളുകളുമായി നെറ്റിസണ്‍സും രംഗത്തെത്തി. ശക്തിമാന്‍ തങ്ങളുടെ മനസ്സിലെ മനോഹരമായ ഓര്‍മയാണ്, അതിനെ നശിപ്പിക്കരുതെന്നാണ് ആളുകള്‍ അപേക്ഷിക്കുന്നത്. ഇനി വേറെ ആരെങ്കിലും ശക്തിമാന്‍ റോള്‍ ചെയ്യുന്നതാണ് നല്ലതെന്നും അവര്‍ പറയുന്നു.
90-കളില്‍ ആളുകള്‍ക്ക് ആവേശം പകര്‍ന്ന സൂപ്പര്‍ഹീറോ പരമ്പരയാണ് 'ശക്തിമാന്‍'. ഏറ്റവും ജനപ്രീതിയാര്‍ജിച്ച പരമ്പരകളിലൊന്നായ ഇത്, 1997-ല്‍ ദൂരദര്‍ശനിലാണ് സംപ്രേക്ഷണം തുടങ്ങിയത്. പരമ്പര നിര്‍മിച്ചതും നായകനായതും മുകേഷ് ഖന്ന. 450 എപ്പിസോഡുകള്‍ക്കുശേഷം 2005-ലാണ് പരിപാടി അവസാനിപ്പിക്കുന്നത്.
അക്കാലത്തെ കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരയായിരുന്നുവത്. ധ്യാനത്തിലൂടെ അമാനുഷികശക്തി ലഭിക്കുന്ന ഒരു സാധാരണമനുഷ്യനാണ് കേന്ദ്രകഥാപാത്രം. ചുവപ്പും സ്വര്‍ണനിറവും ചേര്‍ന്ന പ്രത്യേകതരം വസ്ത്രമാണ് ശക്തിമാന്റെ പ്രത്യേകത. മുകേഷിനും ഒരുപാട് അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തു 'ശക്തിമാന്‍'. ദിവസവും ആയിരക്കണക്കിന് കത്തുകളാണ് അദ്ദേഹത്തെ തേടിയെത്തിയത്. പരിപാടിയുടെ സ്വീകാര്യത കാരണം അത് പല ഭാഷകളിലേക്കും ഡബ് ചെയ്യപ്പെട്ടു.
ഭീഷ്മയായി അരങ്ങേറ്റം
'റൂഹി' എന്ന ബോളിവുഡ് സിനിമയിലൂടെയാണ് മുകേഷ് അഭിനയത്തിലേക്ക് കടക്കുന്നത്. ഹിന്ദി, തെലുഗു, മറാത്തി ഭാഷകളിലായി കുറേ സിനിമകളില്‍ അഭിനയിച്ചു. പക്ഷേ, അതിലേറെയും വിജയിച്ചില്ല. വിജയിച്ച സിനിമകളില്‍ അദ്ദേഹത്തിന് കാര്യമായ റോളുമുണ്ടായിരുന്നില്ല. ഫ്‌ളോപ്പ് ആക്ടര്‍ എന്ന് മുദ്രകുത്തപ്പെട്ടു. അമിതാഭ് ബച്ചനെ അനുകരിക്കുകയാണ് മുകേഷ് എന്ന വിമര്‍ശനവും അദ്ദേഹത്തിനുനേരെ വന്നു.
ഇതിലെല്ലാം മനംമടുത്താണ് മിനിസ്‌ക്രീനിലേക്ക് മാറുന്നത്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത 'മഹാഭാരത്' എന്ന പരമ്പരയില്‍ ഭീഷ്മനെന്ന കഥാപാത്രത്തെയാണ് ആദ്യം അവതരിപ്പിച്ചത്. പിന്നാലെ കുറേ അവസരങ്ങളെത്തി. ചന്ദ്രകാന്ത, യുഗ്, മഹായോദ്ധ...ശക്തിമാന്‍ എത്തിയതോടെ മുകേഷിന്റെ പ്രശസ്തി അനുദിനം കുതിച്ചുയര്‍ന്നു. അതിനിടയിലും തന്റെ ഇഷ്ടമേഖലയായ സിനിമയിലും ചില കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. മമ്മൂട്ടി ചിത്രമായ 'രാജാധി രാജ'യിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Content Highlights: shaktimaan is back after 20 years