ജനസംഖ്യയിടിവിനെ മറികടക്കാന്‍ താന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് ഒരിക്കല്‍ തമാശരൂപേണ പറഞ്ഞു. ജനനനിരക്ക് കുറയുന്നതാണ് നാഗരികത നേരിടുന്ന ഏറ്റവും വലിയ വിപത്തെന്നും. നിലവില്‍ 12 കുട്ടികളുടെ പിതാവായ ഇലോണ്‍ മസ്‌കിന്റെ പ്രണയങ്ങളും വിവാഹജീവിതവും കുടുംബബന്ധങ്ങളുമെല്ലാം അദ്ദേഹത്തോളം തന്നെ ചര്‍ച്ചയായിട്ടുണ്ട്. മൂന്നുതവണ വിവാഹിതനായിട്ടുള്ള മസ്‌കിന് നിലവില്‍ ഔദ്യോഗികബന്ധങ്ങളൊന്നുമില്ല.

1990-കളുടെ ആരംഭത്തില്‍ തന്റെ കലാലയപ്രണയിനിയായ ജെന്നിഫര്‍ ഗ്വിന്നിനെ ഇലോണ്‍ മസ്‌ക് കണ്ടുമുട്ടി. പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളായിരുന്നു ഇരുവരുമന്ന്. മസ്‌കിന്റെ 'നിശബ്ദമായ തീവ്രത' തന്നെ ആകര്‍ഷിച്ചിരുന്നു, പക്ഷേ ഇടയ്‌ക്കെല്ലാം വിവരക്കേടിന്റെ ഒരു വശവും അദ്ദേഹത്തിനുണ്ടായിരുന്നുവെന്നാണ് ഗ്വിന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഒരുവര്‍ഷത്തോളം ഇരുവരും പ്രണയിച്ചു. രക്ഷിതാക്കൾക്ക് പരസ്പരം പരിചയപ്പെടുത്താന്‍ തക്കവണ്ണം ആ ബന്ധം വളര്‍ന്നു. പിറന്നാളിന് ഗ്വിന്നിന് സ്വര്‍ണത്തിലും എമറാള്‍ഡിലും തീര്‍ത്ത നെക്ലേസ് സമ്മാനമായി നല്‍കുകപോലും ചെയ്തിരുന്നു മസ്‌ക്. അവധിദിവസങ്ങളില്‍ മസ്‌കിന്റെ കുടുംബം വീട്ടിലേക്ക് തന്നെ ക്ഷണിച്ചിരുന്നുവെന്നും ഗ്വിന്‍ ഓര്‍ക്കുന്നു. 

ഇതിനിടെ ഗ്വിന്‍ പഠനത്തിനായി വിദേശത്തുപോയി. പഠനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും പ്രണയവും അവസാനിച്ചിരുന്നു. വിദൂരത്തിരുന്നുകൊണ്ടുള്ള ബന്ധത്തില്‍ മസ്‌ക് അത്ര നല്ലതായിരുന്നില്ലെന്നും ഫോണിലൂടെ സംസാരിക്കുന്നതിനെ തന്റെ സമയം കളയുന്നതുപോലെയാണ് മസ്‌ക് കണ്ടിരുന്നതെന്നും ഗ്വിന്‍ പറയുന്നു. തങ്ങള്‍ ഒന്നിച്ചിരുന്ന കാലത്ത് കൈമാറിയ കാര്‍ഡുകളും ചിത്രങ്ങളും അവര്‍ പിന്നീട് ലേലത്തിനുവെച്ചിരുന്നു. മസ്‌കുമായുണ്ടായിരുന്ന ഡേറ്റിങ് കാലം വളരെ മികച്ചതായിരുന്നെന്നും ഗ്വിൻ പറഞ്ഞുവെച്ചു. 

placeholder
AP

ആദ്യവിവാഹവും ആറു കുട്ടികളും
കാനഡയിലെ ക്വീന്‍സ് സര്‍വകലാശാലയില്‍ പഠിക്കുമ്പോഴാണ് കനേഡിയന്‍ എഴുത്തുകാരിയായ ജസ്റ്റിന്‍ വില്‍സണ്‍ എന്ന ജസ്റ്റിന്‍ മസ്‌കിനെ ഇലോണ്‍ പരിചയപ്പെടുന്നത്. ഇരുവരും വൈകാതെ പ്രണയത്തിലായി. പഠനശേഷം ജസ്റ്റിന്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ കുറച്ചുനാളത്തേക്ക് ജപ്പാനിലേക്ക് പോയപ്പോള്‍ ഇരുവര്‍ക്കുമിടയില്‍ അകലം വന്നിരുന്നു. പക്ഷേ, കാനഡയില്‍ തിരിച്ചെത്തിയ ഉടനെ മസ്‌ക് ജസ്റ്റിനെ ഫോണിൽ വിളിച്ച് ബന്ധം പുതുക്കി. മസ്‌കിനൊപ്പം സമയം ചെലവിടാന്‍ അവര്‍ പിന്നീട് കാലിഫോര്‍ണിയയിലേക്ക് താമസം മാറുകയും ചെയ്തു. 2000-ത്തില്‍ മസ്‌ക് ജസ്റ്റിനെ വിവാഹം ചെയ്തു. ആറു കുട്ടികളാണ് ദമ്പതിമാര്‍ക്ക്. നെവാഡ അലക്‌സാണ്ടര്‍ എന്ന ആദ്യകുഞ്ഞ് പത്താഴ്ച പ്രായമുള്ളപ്പോള്‍ രോഗം ബാധിച്ച് മരിച്ചു. ഇത് തങ്ങളെ തളര്‍ത്തിയിരുന്നെന്നും അടുത്ത കുഞ്ഞിനായി പെട്ടെന്നുതന്നെ ശ്രമം തുടങ്ങിയിരുന്നെന്നും ജസ്റ്റിന്‍ പിന്നീട് പറഞ്ഞു. ഇരട്ടകളായ വിവിയന്‍ ജെന്ന, ഗ്രിഫിന്‍, ട്രിപ്ലെറ്റുകളായ കായ്, സക്‌സണ്‍, ഡാമിയന്‍ എന്നിവര്‍ കൂടി പിന്നീടിവര്‍ക്ക് പിറന്നു. 

അത്യാഡംബരങ്ങളില്‍ ജീവിക്കുമ്പോഴും മസ്‌കുമായുള്ള അടുപ്പക്കുറവും സഹാനുഭൂതിയില്ലായ്മയും ജസ്റ്റിനെ അലട്ടിയിരുന്നു. ഒരു ട്രോഫി ഭാര്യയായി താന്‍ മാറുകയാണെന്ന് അവർക്ക് തോന്നി. എല്ലാത്തിലും ആധിപത്യം കാണിച്ചിരുന്ന മസ്‌കിനോട് 'ഞാന്‍ നിങ്ങളുടെ ഭാര്യയാണ്, ജോലിക്കാരിയല്ലെ'ന്ന് പലപ്പോഴും ഓര്‍മിപ്പിക്കേണ്ടിവന്നിട്ടുണ്ടെന്ന് അവർ പറഞ്ഞിട്ടുണ്ട്. നിലവിലെ ജീവിതം തുടരാം അല്ലെങ്കില്‍ വിവാഹമോചനം നേടാം എന്നായിരുന്നു അപ്പോള്‍ മസ്‌ക് നല്‍കിയ മറുപടി. അങ്ങനെ എട്ടുവര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് 2008-ല്‍ ഇരുവരും വിവാഹമോചിതരായി. കുട്ടികളുടെ സംരക്ഷണം ഇരുവരുംകൂടി ഏറ്റെടുത്തു.  
 
ഏതാനും പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ജസ്റ്റിന്‍ എഴുത്തുജീവിതത്തില്‍ സജീവമാണിന്ന്. ഇലോണ്‍ ആധിപത്യസ്വഭാവക്കാരനെന്നും തന്റെ അഭിപ്രായങ്ങള്‍ നിരസിക്കുമായിരുന്നെന്നും അവര്‍ പലപ്പോഴായി തുറന്നുപറഞ്ഞു. ദാമ്പത്യബന്ധം മുന്നോട്ടുകൊണ്ടുപോവാന്‍ പല തവണ കൗണ്‍സിലിങ് നടത്തിയെങ്കിലും ഇലോണ്‍ വിവാഹമോചനത്തിന് അപേക്ഷിച്ചതോടെ എല്ലാം അവസാനിച്ചു. മൂന്നുമുതല്‍ അഞ്ചുവരെ മില്യണ്‍ ഡോളറാണ് നിലവില്‍ 52-കാരിയായ ജസ്റ്റിന്റെ ആസ്തി കണക്കാക്കുന്നത്.

റ്റലൂല റൈലിയെ വിവാഹം ചെയ്തത് രണ്ടുതവണ, വിവാഹമോചനവും

placeholder
റ്റലൂലയും മസ്‌കും | Getty images

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടുപേരായിരുന്നു മസ്‌കിനെ സംബന്ധിച്ചിടത്തോളം ജസ്റ്റിനും റ്റലൂലയും. ഇംഗ്ലീഷ് നടിയായ റ്റലൂലയെ 2010-ലാണ് മസ്‌ക് വിവാഹം ചെയ്യുന്നത്. ബന്ധം മുന്നോട്ടു കൊണ്ടുപോവാനാവില്ലെന്ന് മനസ്സിലായതോടെ 2012-ല്‍ പിരിഞ്ഞു. 2013-ല്‍ തങ്ങള്‍ക്കിടയിലെ അകലം പറഞ്ഞുതീര്‍ത്ത് ഇരുവരും വീണ്ടും വിവാഹിതരായെങ്കിലും 2016-ല്‍ വീണ്ടും പിരിഞ്ഞു. പിരിഞ്ഞതിനുശേഷവും അടുത്ത സൗഹൃദം തുടരുന്നുണ്ട് രണ്ടുപേരും. മസ്‌കിനെ നല്ലൊരു സുഹൃത്തെന്നാണ് റ്റലൂല വിശേഷിപ്പിക്കാറ്. ടി.വി. സീരീസിലും സിനിമകളിലും നിറഞ്ഞുനില്‍ക്കുന്ന താരം മസ്‌കിന്റെ മുന്‍വിവാഹത്തിലെ അഞ്ചു കുട്ടികളെ പരിചരിക്കാനായി കരിയറില്‍ ഇടവേള പോലുമെടുത്തിരുന്നു.  

ടെസ്ലയും സ്‌പേസ് എക്‌സും കടുപ്പമേറിയ നാളുകളിലൂടെ കടന്നുപോയ സമയത്ത് മസ്‌ക് അതിയായ സമ്മര്‍ദം നേരിട്ടിരുന്നുവെന്ന് റ്റലൂല പറഞ്ഞിട്ടുണ്ട്. ഉറക്കക്കുറവും ദുസ്വപ്‌നവും മസ്‌കിനെ അലട്ടി. കടുത്ത സമ്മര്‍ദ്ദം കാരണം പലപ്പോഴും അലറി വിളിച്ചു. ഈ ദുഷ്‌കരമായ സമയങ്ങളില്‍, തന്റെ പ്രധാന ജോലി മസ്‌കിനെ ജീവനോടെ നിലനിര്‍ത്തുകയും സമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുകയുമായിരുന്നു. 16 മില്യണ്‍ ഡോളറാണ് 38-കാരിയായ റ്റലൂലയുടെ നിലവിലെ ആസ്തി. വിവാഹമോചനത്തിനുശേഷം നടന്‍ തോമസ് ബ്രോഡി സാങ്‌സ്റ്ററിനെ റ്റലൂല വിവാഹം ചെയ്തു. മസ്‌കും അഭിനന്ദനവുമായെത്തിയിരുന്നു.  

ആംബര്‍ ഹെഡുമായുള്ള പ്രണയകാലം

placeholder
ആംബര്‍ | AP

2016-നും 2018-നും ഇടയിലുള്ള സമയത്താണ് അമേരിക്കന്‍ നടി ആംബര്‍ ഹെഡുമായി ഇലോണ്‍ മസ്‌ക് പ്രണയത്തിലാവുന്നത്. ജോണി ഡെപ്പില്‍ നിന്ന് ആംബര്‍ വിവാഹമോചനം നേടിയ ഉടനെയായിരുന്നു ഇത്. മസ്‌കും ആംബറും തമ്മിലുണ്ടായിരുന്നത് പ്രക്ഷുബ്ധമായൊരു ബന്ധമായിരുന്നെന്ന് വാള്‍ട്ടര്‍ ഐസക്സന്റെ ഇലോണ്‍ മസ്‌കിന്റെ ജീവചരിത്രത്തില്‍ പറയുന്നുണ്ട്. വൈകാരിക വേദനയാണ് ഈ ബന്ധം ഇരുവര്‍ക്കും സമ്മാനിച്ചതെന്നും.  

ഗ്രിംസില്‍ മൂന്നു കുട്ടികള്‍
കനേഡിയന്‍ മ്യൂസിഷനായ ക്ലെയര്‍ ബൗച്ചര്‍ എന്ന ഗ്രിംസാണ് മസ്‌കിന്റെ പ്രണയത്തിലെ അടുത്ത നായിക. 2018-ലാണ് ഇലോണ്‍ മസ്‌കുമായി പ്രണയം തുടങ്ങുന്നത്. മെറ്റ് ഗാലയില്‍ ഒന്നിച്ചെത്തി ബന്ധം പരസ്യമായി പ്രഖ്യാപിച്ചു. ഇരുവര്‍ക്കും മൂന്ന് കുട്ടികളുണ്ട്. വാടകഗര്‍ഭധാരണത്തിലൂടെയാണ് ഒരു കുഞ്ഞ് പിറന്നത്. 2021-ഓടെ ഇരുവരും വേര്‍പിരിഞ്ഞു. കുട്ടികളുടെ കാര്യങ്ങള്‍ക്കും മറ്റുമായി അനൗദ്യോഗികബന്ധം തുടര്‍ന്നു. 

placeholder
ഗ്രിംസിനൊപ്പം | Getty Images

ന്യൂറാലിങ്ക് എക്‌സിക്യൂട്ടീവില്‍ പിറന്നത് മൂന്ന് കുഞ്ഞുങ്ങള്‍
മസ്‌കിന്റെ സ്ഥാപനമായ ന്യൂറാലിങ്കിന്റെ ഡയറക്ടറും കനേഡിയന്‍ ടെക്‌നോളജി എക്‌സിക്യൂട്ടീവുമാണ് ഷിവോണ്‍ സിലിസ്. എക്‌സിക്യൂട്ടീവായിരിക്കെ ന്യൂറാലിങ്കിലും ഓപണ്‍ എ.ഐയിലുമായി മസ്‌കിനൊപ്പം വിവിധപ്രോജക്ടുകളില്‍ സിലിസ് ജോലിചെയ്തിരുന്നു. ഈ സമയത്ത് ഇരുവരും അടുപ്പത്തിലായി. പക്ഷേ, പതിവു പ്രണയങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു മസ്‌കിന് ഷിവോണുമായുള്ള ബന്ധം. ഇരുവര്‍ക്കുമിടയില്‍ പ്രണയമല്ല, മറ്റൊരു ധാരണയാണ് ഉണ്ടായിരുന്നതെന്ന് പറയപ്പെടുന്നു. 2021-ല്‍ ഷിവോണ്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ഗ്രിംസില്‍ മസ്‌കിന് രണ്ടാമത്തെ കുട്ടി പിറക്കുന്നതിന് ആഴ്ചകള്‍ക്കു മുമ്പായിരുന്നു ഇത്. 2024-ല്‍ മൂന്നാമതൊരു കുട്ടി കൂടി പിറന്നു. മസ്‌കുമായി പ്രണയബന്ധമില്ലായിരുന്നുവെന്നും ഐ.വി.എഫിലൂടെയാണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതെന്നും ഷിവോണ്‍ തുറന്നുപറഞ്ഞിട്ടുണ്ട്.