അമ്മമാർക്കായി യോഗയുടെ പുതിയ വഴികൾ തുറന്ന് പ്രിയ ആന്റണി

പ്രിയ ആന്റണി, പ്രതീകാത്മകചിത്രം/Shutterstock
പ്രിയ ആന്റണി, പ്രതീകാത്മകചിത്രം/Shutterstock

പുലർച്ചെ ആറുമണി, നഗരമുണരുന്നതിന് മുമ്പേ പ്രിയയുടെ ദിവസം തുടങ്ങും. യോഗമാറ്റിൽ ശ്വാസത്തിന്റെ താളം കണ്ടെത്താൻ എത്തുന്നവർക്കൊപ്പം ഒരു മണിക്കൂർ. പിന്നീട് ബാങ്കിലെ ഉദ്യോഗസ്ഥയായി തിരക്കേറിയ ജോലിദിനം. വൈകുന്നേരം വീണ്ടും യോഗ ക്ലാസുകൾ. ഓൺലൈനായി വിദേശത്തുള്ള വിദ്യാർഥികൾക്കായി സെഷനുകൾ. സീസൺ തുടങ്ങുമ്പോൾ കൊല്ലത്തെ ഹോംസ്റ്റേകളിൽ താമസിക്കുന്ന വിദേശ സഞ്ചാരികൾക്കായി റീജുവനേഷൻ യോഗ ക്ലാസുകൾ. ഇങ്ങനെ ബാങ്കും യോഗയും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്ന ജീവിതമാണ് പ്രിയ ആന്റണിയുടേത്.

പ്രിയ ആന്റണി

കഴിഞ്ഞ 25 വർഷമായി യോഗ പരിശീലകയായി പ്രിയ ഈ രംഗത്ത് സജീവമാണ്. ബാങ്കിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് മുഴുവൻ സമയവും യോഗ പരിശീലകയായിരുന്നു. ജോലിയിൽ കയറി 13 വർഷം പിന്നിട്ടിട്ടും അവർ യോഗയെ കൈവിട്ടില്ല. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (DTPC) യോഗ ഇൻസ്ട്രക്ടറായി നാലഞ്ച് വർഷം പ്രവർത്തിച്ചു. ഇ.എസ്.ഐ., വിവിധ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ, റിലയൻസ് ട്രെൻഡ്‌സ് ഉൾപ്പെടെയുള്ള കോർപ്പറേറ്റ് സ്ഥാപനങ്ങൾ, സ്‌കൂളുകൾ, വിവിധ സംഘടനകൾ എന്നിവിടങ്ങളിൽ സ്ട്രെസ് മാനേജ്‌മെന്റ്, ആരോഗ്യപരിപാലനം, വെൽനസ് എന്നിവ കേന്ദ്രീകരിച്ച് നൂറുകണക്കിന് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. ജോലി സമയത്തിന്റെ പരിമിതികൾക്കിടയിലും ആഴ്ചയിൽ രണ്ടോ മൂന്നോ യോഗ ക്ലാസുകൾ ഇന്നും പ്രിയ നിർബന്ധമായും നടത്തുന്നു.

അക്കങ്ങളുടെ ലോകത്തുനിന്ന് ആരോഗ്യമെന്ന ലക്ഷ്യത്തിലേക്കുള്ള ഈ യാത്രയിൽ പ്രിയ സംതൃപ്തയാണ്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യർക്ക് കരുത്തും ആത്മവിശ്വാസവും പകരുന്ന വഴികാട്ടിയാകാൻ കഴിയുന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്ന് പ്രിയ പറയുന്നു.

കുട്ടികൾക്കുള്ള യോഗ പരിശീലനം

അങ്ങനെ ഒരവധിക്കാലത്ത്
“സ്‌കൂൾ അവധിക്കാലത്ത് കൊല്ലം ബാലഭവനിൽ വയലിൻ പഠിക്കാനാണ് ഞാൻ പോയത്. എന്നാൽ അന്ന് സംഗീതാധ്യാപകൻ എത്തിയില്ല. തൊട്ടടുത്ത മുറിയിൽ നടന്നുകൊണ്ടിരുന്ന യോഗ ക്ലാസിലേക്ക് അധ്യാപകൻ കുട്ടികളെ ക്ഷണിച്ചു. ആ ഒരു ക്ഷണം ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് അന്ന് ഞാൻ കരുതിയില്ല. യോഗ എന്താണെന്നോ അതിന്റെ തത്വശാസ്ത്രം എന്താണെന്നോ അറിയാതെയാണ് പരിശീലനം തുടങ്ങിയത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ശരീരത്തിലെ മാറ്റങ്ങൾ ഞാൻ തിരിച്ചറിഞ്ഞു. കൂടുതൽ വഴക്കം, കൂടുതൽ ഊർജം, കൂടുതൽ ആത്മവിശ്വാസം... അതോടെ യോഗ ഒരു ഹോബിയിൽ നിന്ന് ജീവിതത്തിന്റെ ഭാഗമായി മാറി. ഗുരുവായ ഹരിദാസ് സാറിന്റെ പ്രോത്സാഹനമാണ് പിന്നീട് അധ്യാപികയാകാനുള്ള വഴി തുറന്നത്. ആദ്യം പി.ജി. ഡിപ്ലോമ, പിന്നീട് എം.എസ്.സി യോഗ എന്നീ പഠനങ്ങൾ പൂർത്തിയാക്കി. അതോടെ പഠിപ്പിക്കാനുള്ള ആത്മവിശ്വാസവും വളർന്നു.”

‘യോഗ പഠിപ്പിക്കണമെങ്കിൽ ആദ്യം അതിനെ ആഴത്തിൽ പഠിക്കണം’ എന്ന തിരിച്ചറിവാണ് പ്രിയയുടെ വിദ്യാഭ്യാസയാത്രയെ മുന്നോട്ട് നയിച്ചത്. “യോഗയെ മനസ്സിലാക്കാൻ മനഃശാസ്ത്രവും പഠിച്ചു. യോഗ ക്ലാസിലേക്ക് എത്തുന്നവരിൽ പലർക്കും ശരീരവേദനയേക്കാൾ വലിയ പ്രശ്‌നം മനസ്സിനാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. സമ്മർദം, ഉത്കണ്ഠ, വിഷാദം, ആത്മവിശ്വാസക്കുറവ്… ഇതെല്ലാം പലരെയും ശാരീരികമായും തളർത്തുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് ക്ലിനിക്കൽ സൈക്കോളജിയിൽ എം.എ. ചെയ്തത്. പിന്നീട് ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിങ് (NLP) ഉൾപ്പെടെയുള്ള പരിശീലനങ്ങളും നേടി. ഒരു വ്യക്തിക്ക് ശാരീരിക ആരോഗ്യം മാത്രം പോരെന്നും മാനസികവും വൈകാരികവും ആത്മീയവുമായ ആരോഗ്യവും ഒരുപോലെ പ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു.”

പ്രീനാറ്റൽ-പോസ്റ്റ്‌നാറ്റൽ യോഗ
അന്താരാഷ്ട്ര യോഗദിനത്തിന്റെ ഈ വർഷത്തെ സന്ദേശം 'Yoga for Healthy Ageing' ആണെങ്കിലും പ്രിയയുടെ കാഴ്ചപ്പാടിൽ ആരോഗ്യമുള്ള ജീവിതം വാർധക്യത്തിൽ തുടങ്ങുന്നതല്ല. ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ തീരുമാനിക്കുന്ന നിമിഷം മുതൽ ആരോഗ്യം ശ്രദ്ധിക്കേണ്ടതാണെന്ന് അവർ പറയുന്നു. അതുകൊണ്ടാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രീനാറ്റൽ (ഗർഭകാല) യോഗയിലും പോസ്റ്റ്‌നാറ്റൽ (പ്രസവാനന്തര) യോഗയിലും പ്രിയ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രീനാറ്റൽ യോഗയിൽ സർട്ടിഫൈഡ് യോഗ ട്രെയിനറായ പ്രിയ, കേരളത്തിൽ ഇപ്പോഴും താരതമ്യേന അപരിചിതമായ ഈ പഠനശാഖയിൽ പ്രത്യേക പരിശീലനം നേടിയവരിൽ ഒരാളാണ്. വിദേശരാജ്യങ്ങളിൽ ഏറെ പ്രചാരമുള്ള ഈ യോഗാരീതി, ഗർഭകാലത്തെ ശാരീരിക-മാനസിക ആരോഗ്യവും പ്രസവത്തിനുള്ള ഒരുക്കവും ഒരുപോലെ ലക്ഷ്യമിടുന്നതാണ്. കേരളത്തിൽ ഇതിന്റെ പ്രചാരം പരിമിതമാണെങ്കിലും, പ്രിയയുടെ സേവനം തേടി മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ നിന്നുപോലും അന്വേഷണങ്ങൾ എത്താറുണ്ട്. ഓൺലൈൻ സെഷനുകളിലൂടെയും നേരിട്ടുള്ള പരിശീലനങ്ങളിലൂടെയും ഗർഭിണികൾക്കും പ്രസവശേഷമുള്ള അമ്മമാർക്കും അവർ മാർഗനിർദേശം നൽകുന്നു.

“ഗർഭകാലത്ത് ശരീരത്തിന് മാത്രമല്ല, മനസ്സിനും പ്രത്യേക പരിചരണം ആവശ്യമാണ്. അമ്മയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം കുഞ്ഞിന്റെ വളർച്ചയെയും സ്വാധീനിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഈ ഘട്ടത്തിൽ യോഗ ഒരു വ്യായാമം മാത്രമല്ല, മാതൃത്വത്തിനായുള്ള സമഗ്രമായ തയ്യാറെടുപ്പാണ്.
ഗർഭകാലത്തെ മൂന്ന് ട്രൈമസ്റ്ററുകൾക്കും മൂന്ന് വ്യത്യസ്ത പരിശീലനരീതികളാണുള്ളത്. ആദ്യഘട്ടത്തിൽ ആസനങ്ങളേക്കാൾ പ്രാധാന്യം ശ്വാസാഭ്യാസങ്ങൾക്കും ധ്യാനത്തിനും മാനസികസമ്മർദം കുറയ്ക്കുന്ന കൗൺസിലിങ്ങിനുമാണ്.
രണ്ടാംഘട്ടത്തിൽ ശരീരത്തിന് അനുയോജ്യമായ ലളിതമായ യോഗാസനങ്ങൾ ഉൾപ്പെടുത്തും. മൂന്നാംഘട്ടത്തിൽ പെൽവിക് ഫ്‌ലോർ, കോർ മസിലുകൾ, ശരീരത്തിന്റെ വഴക്കം എന്നിവ മെച്ചപ്പെടുത്തുന്ന പരിശീലനങ്ങളിലേക്കാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്. എന്നാൽ ഈ പരിശീലനങ്ങൾക്ക് വ്യക്തമായ പരിധികളുണ്ട്. വലിയ സ്‌ട്രെച്ചിങ്ങുകളില്ല. വയറിന് സമ്മർദം നൽകുന്ന ആസനങ്ങളില്ല. മുന്നിലേക്ക് കമിഴ്ന്ന് ചെയ്യുന്ന പരിശീലനങ്ങളില്ല. യോഗ ചെയർ, യോഗ ബാർ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയാണ് സുരക്ഷിതമായി പരിശീലനം നൽകുന്നത്. ഈ സമയത്ത് ശരീരത്തെ വെല്ലുവിളിക്കുന്നതിനുപകരം ശരീരത്തെ പിന്തുണയ്ക്കുകയാണ് വേണ്ടത്”.

പ്രസവശേഷം അമ്മയ്ക്കും പരിചരണം വേണം
ഒരു കുഞ്ഞ് ജനിച്ചാൽ എല്ലാവരുടെയും ശ്രദ്ധ സ്വാഭാവികമായും കുഞ്ഞിലേക്കാവും. എന്നാൽ അതേ സമയം അമ്മയുടെ ശരീരവും മനസ്സും വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പ്രസവാനന്തര വിഷാദം (Postpartum Depression), ഉറക്കക്കുറവ്, ശരീരത്തിന്റെ പുനരുദ്ധാനം, പുതിയ ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള വെല്ലുവിളികൾ എന്നിവ അമ്മയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. പ്രസവശേഷം വയറിന്റെ പേശികൾ അയയുക, സ്ട്രെച്ച് മാർക്കുകൾ, പെൽവിക് ഫ്‌ലോറിന്റെയും യോനീപേശികളുടെയും ബലക്കുറവ്, സ്വന്തം സൗന്ദര്യം നഷ്ടപ്പെട്ടെന്ന തോന്നൽ, ആത്മവിശ്വാസക്കുറവ്, അരക്ഷിതത്വബോധം എന്നിവയും പല സ്ത്രീകളെയും അലട്ടാറുണ്ട്. നവജാതശിശുവിന്റെ പരിചരണത്തിനായി ഇരുപത്തിനാലു മണിക്കൂറും കുഞ്ഞിനെ ആശ്രയിച്ച് കഴിയേണ്ടിവരുന്നതും മാനസിക സമ്മർദം വർധിപ്പിക്കുന്നു.
ഇവിടെയാണ് പോസ്റ്റ്‌നാറ്റൽ യോഗയുടെ പ്രാധാന്യം. ശരീരത്തിന്റെ പുനരുജ്ജീവനത്തിനൊപ്പം മനസ്സിനും ആശ്വാസം നൽകുന്ന ഈ പരിശീലനം വയറിന്റെയും പെൽവിക് ഫ്‌ലോറിന്റെയും യോനീപേശികളുടെയും ശക്തി വീണ്ടെടുക്കാൻ സഹായിക്കുന്നു. ശരീരസന്തുലിതാവസ്ഥയും ആത്മവിശ്വാസവും തിരിച്ചുപിടിക്കാനും മാതൃത്വത്തിന്റെ പുതിയ ഘട്ടത്തെ കൂടുതൽ സന്തോഷത്തോടെയും കരുത്തോടെയും സ്വീകരിക്കാനും പോസ്റ്റ്‌നാറ്റൽ യോഗ സഹായിക്കുമെന്ന് പ്രിയ പറയുന്നു.

“ആവശ്യമായ വിശ്രമകാലത്തിന് ശേഷം തുടങ്ങുന്ന ലളിതമായ യോഗാഭ്യാസങ്ങൾ ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം മനസ്സിന് സമാധാനവും നൽകും. ഗർഭകാലത്ത് യോഗ ചെയ്ത സ്ത്രീകൾക്ക് പ്രസവത്തെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാനും പിന്നീട് കുഞ്ഞിനെ പരിപാലിക്കാനുമുള്ള ശേഷി കൂടുതലായിരിക്കും. യോഗ ചെയ്യുമ്പോൾ സ്‌ട്രെസ് ഹോർമോണുകൾ കുറയുകയും ഹാപ്പി ഹോർമോണുകൾ കൂടുകയും ചെയ്യുന്നു. അത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഗുണം ചെയ്യും.

യോഗയിലൂടെ ജീവിതത്തിനോടുള്ള എന്റെ കാഴ്ചപ്പാട് തന്നെയാണ് മാറിയത്. ശരീരത്തിന്റെ വഴക്കത്തേക്കാളും എന്നിലുണ്ടാക്കിയ പ്രധാന മാറ്റമായിരുന്നു അത്. ബാങ്കിങ് മേഖലയിലെ കടുത്ത സമ്മർദങ്ങൾക്കിടയിലും ഇന്ന് ഒരു പ്രശ്‌നം വന്നാൽ അത് മനസ്സിൽ അധികനേരം നിലനിൽക്കാറില്ല. 'ഈ കാലവും കടന്നുപോകും' എന്ന ബോധ്യമാണ് യോഗ നൽകിയത്. മറ്റുള്ളവരെ കേൾക്കാനും മനസ്സിലാക്കാനും, അമിതമായി പ്രതികരിക്കാതിരിക്കാനും, ഓരോ മനുഷ്യന്റെയും വേദനയെ ഉൾക്കൊള്ളാനും ഇന്ന് എനിക്ക് കഴിയുന്നുണ്ടെങ്കിൽ അതിന്റെ പിന്നിൽ യോഗയുടെ സ്വാധീനമുണ്ട്.”

വരുമാനമല്ല... ജീവിതങ്ങളെ സുഖപ്പെടുത്തുകയാണ് ലക്ഷ്യം
യോഗയെ ഒരിക്കലും വരുമാനമാർഗമായി കണ്ടിട്ടില്ലെന്ന് പ്രിയ തുറന്നു പറയുന്നു. “എന്റെ മുന്നിലെത്തുന്ന ഓരോ വ്യക്തിയും ശാരീരികമായും മാനസികമായും വൈകാരികമായും സുഖം പ്രാപിക്കണമെന്നാണ് എന്റെ സ്വപ്‌നം. അതിന് ഒരുമാസം പോരാ, കുറഞ്ഞത് മൂന്ന് മാസമെങ്കിലും ഒരാൾ സ്വയം മാറ്റത്തിനായി സമയം കണ്ടെത്തണം. ഒരു വ്യക്തിക്ക് ലഭിക്കുന്ന ആരോഗ്യം അയാളിൽ മാത്രം അവസാനിക്കുന്നുമില്ല. അത് കുടുംബത്തിലേക്കും സമൂഹത്തിലേക്കും വ്യാപിക്കും.
ഈ വർഷത്തെ അന്താരാഷ്ട്ര യോഗാദിനത്തിന്റെ പ്രമേയം ആരോഗ്യകരമായ വാർധക്യത്തിനായുള്ള യോഗയാണ്. ആരോഗ്യമുള്ള വാർധക്യം എന്നത് കൂടുതൽ കാലം ജീവിക്കുക മാത്രമല്ലല്ലോ. അവസാന ശ്വാസംവരെ സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാൻ കഴിയണം. 85-ഉം 86-ഉം വയസ്സുള്ള എന്റെ വിദ്യാർത്ഥികൾ ഇന്നും ആരുടെയും സഹായമില്ലാതെ യോഗ ചെയ്യുന്നതാണ് അതിന്റെ ഏറ്റവും വലിയ തെളിവ്.” 
ബാങ്കിലെ തിരക്കേറിയ കൗണ്ടറിൽ നിന്ന് മറ്റുള്ളവരുടെ ആത്മവിശ്വാസത്തിലേക്കും, ആശ്വാസത്തിലേക്കും, ആനന്ദത്തിലേക്കും പ്രിയയുടെ യാത്ര തുടരുകയാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: prenatal-postnatal-yoga-priya-antony-motherhood-guide