താലിമാല വാങ്ങാന്‍ പാര്‍ട്ടി പണം നല്‍കി, വി.എസ്സും ഗൗരിയമ്മയും ചേര്‍ന്നാണ് താലി കൈമാറിയത്.....

#ജോസഫ് മാത്യു
ഭാര്യ ജൂബിലി നവപ്രഭയ്ക്കൊപ്പം ജി. സുധാകരൻ
ഭാര്യ ജൂബിലി നവപ്രഭയ്ക്കൊപ്പം ജി. സുധാകരൻ

''സിനിമ കാണാന്‍ വീട്ടില്‍നിന്ന് പൈസ കിട്ടുമെന്നതാണ് ഓണക്കാലത്തെ സന്തോഷം. നാലു കിലോമീറ്റര്‍ നടന്ന് നൂറനാട്ടോ അഞ്ചു കിലോമീറ്റര്‍ അപ്പുറം ചാരുമൂട്ടിലോ പോകണം. അല്ലെങ്കില്‍ പത്തുകിലോമീറ്ററിലധികം ദൂരെ കായംകുളത്ത്. അവിടെ രണ്ടു തിയേറ്ററുണ്ട്. നിലത്തിരുന്നു കാണാനുള്ള പൈസയേ ഉണ്ടാകൂ. സിനിമ കഴിഞ്ഞുള്ള നടപ്പൊക്കെ വലിയ സന്തോഷമായിരുന്നു...'' മുന്‍ മന്ത്രിയും സി.പി.എം. നേതാവുമായ ജി.സുധാകരന്‍ പഴയ ഓണക്കാലം ഓര്‍ത്തെടുത്തു. 
''ആലപ്പുഴ ജില്ലയുടെ തെക്കുകിഴക്കേ അറ്റത്തുളള താമരക്കുളം പഞ്ചായത്തിലെ വേടരപ്ലാവിലാണ് ജനനം. 50 സെന്റിലെ കൃഷിമാത്രമായിരുന്നു അഞ്ചു മക്കളടങ്ങുന്ന കുടുംബത്തിന്റെ വരുമാനം. എങ്കിലും ഓണമെത്തിയാല്‍ വലിയ ആഘോഷമാണ്. ഒരുമാസം മുമ്പേ ഒരുക്കങ്ങള്‍ തുടങ്ങും. നെല്ലുവാങ്ങി പുഴുങ്ങി അരിയാക്കി സൂക്ഷിക്കും. തേങ്ങയുള്ളവര്‍ ആട്ടി വെളിച്ചെണ്ണയാക്കും. ഇല്ലെങ്കില്‍ വാങ്ങും. 
ഓണത്തിനു പത്തുദിവസം മുമ്പേ പലചരക്കുകള്‍ വാങ്ങിത്തുടങ്ങും. പുതുവസ്ത്രങ്ങളും. അത്തമാകുമ്പോഴേക്ക് ഊഞ്ഞാലിട്ടിരിക്കും. കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ കളികളും തുടങ്ങും. ഉപ്പേരിയുണ്ടാക്കുന്നതൊക്കെ വലിയ ആഘോഷമാണ്. കപ്പ, കാച്ചില്‍, ചേന, കായ തുടങ്ങി പലതരം ഉപ്പേരികളുണ്ടാക്കി ഭരണികളിലാക്കി പത്തായത്തില്‍ വെച്ചുപൂട്ടും. മുറ്റത്ത് വലിയ സന്നാഹത്തോടെയാണ് ഉപ്പേരിയുണ്ടാക്കല്‍. എല്ലാ വീടുകളിലും അങ്ങനെയൊക്കെയാണ്.

കൈകൊട്ടിക്കളി, ഉറിയടി, തിരുവാതിര, തുമ്പിതുള്ളല്‍ തുടങ്ങിയവ നാട്ടിലുണ്ടാകും. ഓട്ടുപാത്രം പണയംവെച്ച് ഓണമാഘോഷിക്കുന്ന ശീലവും അക്കാലത്തുണ്ട്. അച്ഛന്‍ പി.ഗോപാലക്കുറുപ്പ് നിലത്തെഴുത്ത് പഠിപ്പിക്കുമായിരുന്നു. വിശേഷദിവസങ്ങളില്‍ വീടുകളില്‍ പോയി രാമായണം വായിക്കും. ദക്ഷിണ കിട്ടിയാല്‍ വാങ്ങും.'' ചെറുപ്പത്തിലേ രാമായണം കേട്ടുവളര്‍ന്നത് പില്‍ക്കാലത്ത് തനിക്കു വലിയ നേട്ടമായെന്ന് സുധാകരന്‍ പറയുന്നു. ''നിയമസഭയില്‍ ചൂടന്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഉചിതമായ ഉദ്ധരണികള്‍ പ്രയോഗിക്കാന്‍ ഇതു സഹായിച്ചു.''
 
വിശപ്പില്ലാത്ത വീടുകള്‍

''എത്ര പട്ടിണിയും പരിവട്ടവുമുള്ള വീട്ടിലും ഓണക്കാലത്ത് വിശപ്പുണ്ടാകാറില്ലായിരുന്നു. ഓണത്തിനായി എല്ലാവരും എന്തെങ്കിലുമൊക്കെ കരുതിവെക്കും. ജാതിയോ മതമോ ഒന്നും നോക്കാതെ കൂട്ടമായാണ് ഓണമാഘോഷിച്ചിരുന്നത്. അക്കാലത്ത് പശുവില്ലാത്ത വീടില്ല. രാവിലെ പുല്ലുപറിച്ചു നല്‍കിയിട്ടാകും കുട്ടികള്‍ സ്‌കൂളില്‍ പോകുക. തിരിച്ചെത്തിയാല്‍ കാര്‍ഷികോത്പന്നങ്ങളും മറ്റും ചന്തയില്‍ കൊണ്ടുപോയി വില്‍ക്കണം. വേനല്‍ക്കാലമായാല്‍ ദൂരെപ്പോയി തലച്ചുമടായി കൊണ്ടുവരണം. ഇങ്ങനെ ജീവിതം അറിഞ്ഞാണ് കുട്ടികള്‍ വളര്‍ന്നുവന്നത്. ഇതിനിടെ വേണം പഠിക്കാന്‍.

വാഴയില ചൂടിയാണ് മഴക്കാലത്ത് സ്‌കൂളില്‍ പോയിരുന്നത്. പത്താംക്ലാസ്സ് വരെ പുതിയ പുസ്തകങ്ങള്‍ വാങ്ങിയിട്ടേയില്ല. സീനിയേഴ്‌സിന്റെ പഴയതു വാങ്ങും. ഞങ്ങളുടെ ഫീസടയ്ക്കാന്‍ അച്ഛന്‍ 20 സെന്റ് സ്ഥലം വിറ്റു.  ബി.എ.യും എം.എ.യും കേന്ദ്ര സ്‌കോളര്‍ഷിപ്പോടെയാണ്  പഠിച്ചത്. അധ്യാപകരായിത്തീര്‍ന്നാല്‍ ഈ തുക തിരിച്ചടയ്‌ക്കേണ്ട എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, അധ്യാപകനാവാതിരുന്നിട്ടും ഈ പണം പിന്നീട് ആരോടും ചോദിച്ചിട്ടില്ലെന്നാണ് അറിവ്...'' അദ്ദേഹം പറയുന്നു.


 ഓണക്കാലം നാടകക്കാലം

''ഓണനാടകങ്ങള്‍ അന്ന് നാട്ടിന്‍പുറങ്ങളില്‍ പതിവാണ്. കൊയ്‌തൊഴിഞ്ഞ പാടങ്ങളില്‍ സ്റ്റേജു കെട്ടിയാണ് കളി. നാടകം ഇഷ്ടപ്പെട്ടാല്‍ ആളുകള്‍ സ്റ്റേജിലേക്ക് കയറിവന്ന് അഭിനേതാക്കള്‍ക്ക് ഉപ്പേരി പൊതിഞ്ഞുനല്‍കും.'' കാനം ഇ.ജെ.യുടെ 'എന്നിട്ടും നിങ്ങളെന്നെ സ്‌നേഹിക്കുന്നു' എന്ന നാടകത്തില്‍ വേഷമിട്ടത് സുധാകരന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
 

ഓര്‍മകളിലെ ഓണരുചി

സുധാകരന്റെ ഓണം ഓര്‍മകളില്‍ രുചിയുടെ മേളപ്പെരുക്കവും നിറയുന്നു. ''വഴുതനങ്ങാ തീയലായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടം. ഓണാട്ടുകര എന്നറിയപ്പെടുന്ന ഈ പ്രദേശത്തെ അന്നത്തെ സാമ്പാറിന്റെ രുചിയും മറക്കാനാകില്ല. പിന്നെയെപ്പോഴോ ആ രുചി നഷ്ടമായി. സദ്യയ്ക്കും ഉണക്കമീനുണ്ടാകും. ഇറച്ചി ഉണ്ടാവാറില്ല. വാങ്ങാനുള്ള ശേഷിയുമില്ല. പതിവു കറികളെല്ലാമുണ്ടാകും. നേരത്തെ തയ്യാറാക്കിവെച്ച ഉപ്പേരികളും. മൂന്നുമാസത്തോളം സൂക്ഷിക്കാവുന്ന ഒരുതരം പരിപ്പുവട അക്കാലത്തുണ്ടാക്കുമായിരുന്നു. വളരെ ചെറുതാണ്. 1982 ഏപ്രില്‍ 25നായിരുന്നു എന്റെ കല്യാണം. കല്യാണശേഷം ഭാര്യ ജൂബിലി നവപ്രഭയ്‌ക്കൊപ്പം ഒറ്റ വാഴയിലയിലായി പലപ്പോഴും സദ്യയൂണ്.'' 
''ഇല മുറിക്കാതെ നീട്ടിയിടും. കറികള്‍ നിരത്തിവിളമ്പും. എന്നിട്ട് രണ്ടുപേരുംകൂടി ഒന്നിച്ചുകഴിക്കും...'' ഇതുപറഞ്ഞ് ജൂബിലി ചിരിച്ചു. 
മന്ത്രിയായിരുന്ന കാലത്തും തിരുവോണനാളില്‍ വീട്ടിലുണ്ടാകാന്‍ സുധാകരന്‍ ശ്രമിച്ചിരുന്നു. ഓണദിവസങ്ങളില്‍ ഇപ്പോഴും നാട്ടില്‍പ്പോകും. സ്വന്തം വീട് നവീകരിച്ചെങ്കിലും അടച്ചിട്ടിരിക്കുകയാണ്. ബന്ധുവീടുകള്‍ സന്ദര്‍ശിക്കും. 2017ല്‍ അമ്മ പങ്കജാക്ഷിയമ്മ മരിക്കുന്നതുവരെ എല്ലാ ഓണത്തിനും കൃത്യമായി വീട്ടില്‍ പോകുമായിരുന്നെന്ന് സുധാകരന്‍ പറഞ്ഞു. അച്ഛന്‍ നേരത്തേ മരിച്ചു.

 അയ്മനത്തെ ഓണക്കാലം

ജോലിയുടെ ഭാഗമായി അമ്മ അരുണാചല്‍പ്രദേശിലായിരുന്നതിനാല്‍ അവിടെയാണ് സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ ജനിച്ചത്. ''രണ്ടരവയസ്സില്‍ നാട്ടില്‍ ബോര്‍ഡിങ്ങിലാക്കി. അച്ഛന്റെ നാടായ കോട്ടയം അയ്മനത്ത് ഓണദിവസങ്ങള്‍ ചെലവിട്ടതാണ് കുഞ്ഞുന്നാളിലെ പ്രധാന ഓര്‍മ്മ. മീനച്ചിലാറ്റില്‍ നീന്തുന്നതായിരുന്നു ഹരം.'' ആലപ്പുഴ എസ്.ഡി.കോളേജിലെ വൈസ് പ്രിന്‍സിപ്പലായാണ് ജൂബിലി നവപ്രഭ വിരമിച്ചത്. ഇപ്പോള്‍ പുന്നപ്രയിലാണ് സുധാകരനും കുടുംബവും താമസിക്കുന്നത്. മകന്‍ നവനീത് യു.എ.ഇ.യിലാണ്. മരുമകള്‍: രശ്മി.

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം


  പീഡനങ്ങള്‍ നേരിട്ട രാഷ്ട്രീയജീവിതം

താമരക്കുളത്തു നിന്നും കേരള രാഷ്ട്രീയത്തിന്റെ പോര്‍ക്കളത്തിലേക്കുള്ള ജി. സുധാകരന്റെ വളര്‍ച്ച സംഭവബഹുലമായിരുന്നു. ''ദരിദ്രമായ ചുറ്റുപാടുകളിലാണ് വളര്‍ന്നത്. വള്ളികുന്നം സ്‌കൂളില്‍ പത്താംക്ലാസ്സില്‍ പഠിക്കുമ്പോള്‍ത്തന്നെ നന്നായി പ്രസംഗിക്കുമായിരുന്നു. ഇടതുപക്ഷ ആശയങ്ങളിലുള്ള ഉറപ്പ് കണ്ടിട്ടാകണം അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം ലഭിച്ചു. 18 വയസ്സിനു മുമ്പ് അംഗത്വം കൊടുക്കുന്ന പതിവില്ല.  പന്തളം എന്‍.എസ്.എസ്.കോളേജിലായിരുന്നു പ്രീഡിഗ്രി പഠനം. അന്ന് രാഷ്ട്രീയമനുസരിച്ചല്ല കോളേജ് തിരഞ്ഞെടുപ്പ്. നാലു ഹൗസുകളുണ്ട്. അതില്‍ ടാഗോര്‍ ഹൗസിന്റെ ജനറല്‍ സെക്രട്ടറിയായി. തുടര്‍ന്ന് കോളേജ് യൂണിയന്‍ ജോയിന്റ് സെക്രട്ടറിയും. 
ബി.എ. കഴിഞ്ഞ് എം.എ. ഇംഗ്ലീഷിന് കൊല്ലം എസ്.എന്‍.കോളേജില്‍ ചേരാനുറച്ചു. ബി.എ.യ്ക്ക് സെക്കന്‍ഡ് ക്ലാസ്സുണ്ടായിരുന്നു. അന്നത് വലിയ കാര്യമാണ്. പക്ഷേ എം.എ.യ്ക്കുള്ള അഡ്മിഷന്‍ കാര്‍ഡു വന്നില്ല. നേരേ കോളേജിലേക്കുപോയി. അന്നാദ്യമായി ട്രെയിനില്‍ കയറി. കോളേജില്‍ പ്രിന്‍സിപ്പലിന്റെ മുറിയുടെ മുന്നില്‍ മൂന്നരവരെ നിന്നിട്ടും കാണാനായില്ല. ഒടുവില്‍ അദ്ദേഹം പുറത്തുവന്നപ്പോള്‍ കാര്യംപറഞ്ഞു. എം.എ.യ്ക്ക് അപേക്ഷിച്ചവരില്‍ മൂന്നുപേര്‍ക്കേ സെക്കന്‍ഡ് ക്ലാസ്സുള്ളൂ. എന്നിട്ടും എനിക്ക് എന്തുകൊണ്ട് കിട്ടിയില്ലെന്ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ അന്വേഷിച്ചു. എന്തായാലും അഡ്മിഷന്‍ ഉറപ്പാക്കിയാണ് ഞാന്‍ വീട്ടിലേക്കു മടങ്ങിയത്.'' അദ്ദേഹത്തിന്റെ രാഷ്ട്രീയപോരാട്ടങ്ങളുടെ തുടക്കവും അവിടെനിന്നായിരുന്നു.
''സംഘടനാപ്രവര്‍ത്തനം നടത്തിയതിന് കുറച്ച് അധ്യാപകരെ കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മറ്റധ്യാപകര്‍ നിരാഹാരസമരം തുടങ്ങി. വിദ്യാര്‍ഥിനേതാക്കളും ഒപ്പം ചേര്‍ന്നു. ഞാന്‍ അവരിലൊരാളായി.'' സമരത്തെ നേരിടാന്‍ പുറത്തുനിന്നെത്തിയ ആളുകള്‍ കൊടിയമര്‍ദ്ദനം അഴിച്ചുവിട്ടു. സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലായി.
 

അന്നത്തെ സംവാദം

പിന്നെയൊരിക്കല്‍, കേരളത്തിലെ ക്രമസമാധാനത്തെക്കുറിച്ച് കോളേജില്‍ ഒരു സംവാദം നടന്നു. സമാധാനം തകര്‍ന്നെന്ന് കൊട്ടറ ഗോപാലകൃഷ്ണന്‍(പിന്നീട് കോണ്‍ഗ്രസ് എം.എല്‍.എ.യായി). ഇല്ലെന്ന് സുധാകരന്‍. സംവാദം ഭയങ്കര ബഹളമായി മാറി. ഇതിനിടെ എങ്ങനെയോ മൈക്കൊടിഞ്ഞു. പ്രിന്‍സിപ്പലെത്തി സുധാകരനെ ഒരു മുറിയിലേക്കു മാറ്റി. വൈകിട്ട് ഒരുദ്യോഗസ്ഥനെ കൂട്ടി അടുത്തുള്ള ഒരു വീട്ടിലേക്കു വിട്ടു. അടുത്തദിവസം സസ്‌പെന്‍ഡ് ചെയ്തു. ''കാഥികന്‍ വി.സാംബശിവന്റെ സഹോദരന്‍ സുബ്രഹ്മണ്യനാണ് അന്ന് കെ.എസ്.എഫ്. പ്രസിഡന്റ്. അദ്ദേഹം ഭക്ഷണം കൊടുത്തയക്കും. കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രശ്‌നം ശാന്തമായി. നടപടി പിന്‍വലിച്ചു. നാട്ടില്‍നിന്ന് കൊല്ലത്തേക്കു പോയപ്പോള്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് പോയിരുന്നു. 1967ല്‍ കൊല്ലത്തുവെച്ച് വീണ്ടും പാര്‍ട്ടിയംഗമായി. ഇപ്പോള്‍ 56 വര്‍ഷം പിന്നിടുന്നു.''

സീതാറാം യെച്ചൂരിയ്‌ക്കൊപ്പം

അടിയന്തരാവസ്ഥക്കാലം

1970 ജനുവരി ഒന്നിന് എസ്.എഫ്.ഐ.നിലവില്‍വന്നു. കെ.എസ്.എഫ്. സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന സുധാകരന്‍ എസ്.എഫ്.ഐ.യുടെ ആദ്യ സംസ്ഥാന പ്രസിഡന്റായി. രണ്ടുകൊല്ലം പിന്നിട്ടപ്പോള്‍ സി.പി.എമ്മിന്റെ കൊല്ലം ജില്ലാ കമ്മിറ്റിയിലെത്തി. എം.എ കഴിഞ്ഞ് എല്‍.എല്‍.ബി.ക്കു ചേര്‍ന്നു.  1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിനെതിരേ പ്രതിഷേധപ്രകടനം നടത്തിയതിന് ജയിലിലായി. 
''അന്ന് എല്‍.എല്‍.ബി. ഫൈനല്‍ പരീക്ഷ തുടങ്ങുന്നദിവസമായിരുന്നു. അതിനുപോകാതെയാണ് സമരത്തിനുപോയത്. യൂണിവേഴ്‌സിറ്റി കോളേജ് വളപ്പില്‍നിന്ന് 23 വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. മര്‍ദ്ദനമേറ്റു. അടിയന്തരാവസ്ഥയ്‌ക്കെതിരേ ഉയര്‍ന്ന വിദ്യാര്‍ഥിപ്രക്ഷോഭമായതിനാല്‍ ഇത് ടൈം മാഗസിനില്‍ വന്നു. 

ആദ്യം അട്ടക്കുളങ്ങര ജയിലിലായിരുന്നു. ശിക്ഷിക്കപ്പെട്ടശേഷം സെന്‍ട്രല്‍ ജയിലിലും. കാണാന്‍ ഇ.എം.എസും എ.കെ.ജി.യുമൊക്കെ എത്തി. പ്രശ്‌നം നടന്നത് പരീക്ഷാദിനമായിരുന്നതില്‍ എന്റെ കൈവശം ഹാള്‍ടിക്കറ്റുണ്ടായിരുന്നു. ഇക്കാര്യം എ.കെ.ജി. പാര്‍ലമെന്റില്‍ ഉന്നയിച്ചത് ഗുണമായി. ഹാള്‍ടിക്കറ്റ് കോടതിയില്‍ കാണിച്ചപ്പോള്‍ അതുവരെ ജയിലില്‍ കഴിഞ്ഞത് ശിക്ഷയായി കണക്കാക്കി വിട്ടയച്ചു. എല്‍.എല്‍.ബി. കഴിഞ്ഞതോടെ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം നാട്ടിലേക്കു മടങ്ങി.''
 

ആലപ്പുഴ നഗരസഭയിലേക്ക്
 ''പാര്‍ട്ടിയില്‍ ശ്രദ്ധകേന്ദ്രീകരിച്ചുതുടങ്ങി. 1988ല്‍ ആലപ്പുഴ നഗരസഭയിലേക്ക് മത്സരിച്ചു. പാര്‍ട്ടിക്കു ഭരണം കിട്ടാത്തതിനാല്‍ പ്രതിപക്ഷനേതാവായി. 1991-ല്‍ ആലപ്പുഴ ജില്ലാകൗണ്‍സില്‍ പ്രസിഡന്റായി. 1996-ല്‍ കായംകുളത്തുനിന്ന് ജയിച്ച് നിയമസഭയിലെത്തി. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 2006 മുതല്‍ 2021 വരെ അമ്പലപ്പുഴയുടെ പ്രതിനിധിയായി. വി.എസ്.അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും സര്‍ക്കാരുകളില്‍ മന്ത്രിയായി.''
 ഒന്നാം പിണറായി സര്‍ക്കാരില്‍ പൊതുമരാമത്ത് മന്ത്രിയെന്ന നിലയില്‍ അദ്ദേഹം കാഴ്ചവെച്ച മികവ് ഏറെ പ്രശംസിക്കപ്പെട്ടു. 75 വയസ്സു പിന്നിട്ടവരെ മത്സരത്തില്‍നിന്ന് സി.പി.എം. ഒഴിവാക്കുന്നതിന്റെ ഭാഗമായി 2021-ല്‍ അദ്ദേഹം മത്സരിച്ചില്ല. 
 

താലിമല വാങ്ങാന്‍ പാര്‍ട്ടി പണം നല്‍കി

തികച്ചും പാര്‍ട്ടിക്കല്യാണമായിരുന്നു സുധാകരന്റേത്. അന്ന് ജില്ലാ കമ്മറ്റിയംഗമായിരുന്ന സുധാകരന് താലിമാല വാങ്ങാന്‍ പാര്‍ട്ടി 2000 രൂപ നല്‍കി. വി.എസ്സും ഗൗരിയമ്മയും ചേര്‍ന്നാണ് താലിമാല കൈമാറിയത്. ''ചായ മാത്രമേ വിരുന്നിന് ഉണ്ടായിരുന്നുള്ളൂ. മറ്റൊരു നേതാവിന്റെ മകന്റെ കല്യാണത്തിന് ചായക്കൊപ്പം ഉഴുന്നുവടയും നല്‍കി. ഇതു പാര്‍ട്ടിയില്‍ വലിയ വിമര്‍ശനമായി. ഗൗരിയമ്മയാണ് വടയ്ക്കു പണം മുടക്കിയത്. വിമര്‍ശനം വന്നപ്പോള്‍ നിങ്ങള്‍ എന്നെയങ്ങ് പുറത്താക്കിക്കോ എന്നായി ഗൗരിയമ്മ. ഏതായാലും ആ ചര്‍ച്ചകള്‍ അധികം മുന്നോട്ടുപോയില്ല.

കെ.ആര്‍.ഗൗരിയമ്മയ്‌ക്കൊപ്പം (ഫയല്‍ ചിത്രം)

 രക്തസാക്ഷിയായ സഹോദരന്‍
പന്തളം എന്‍.എസ്.എസ്.കോളേജില്‍ പഠിക്കുമ്പോള്‍ ജി.സുധാകരന്റെ സഹോദരന്‍ ജി.ഭുവനേശ്വരന്‍ രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ''എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായിരുന്നു. 1977 ഡിസംബര്‍ രണ്ടിനായിരുന്നു ആക്രമണം. ഏഴിന് മരിച്ചു. കാലില്‍ തൂക്കി തല നിലത്തടിക്കുകയായിരുന്നു. കുടുംബത്തിന് വലിയ ആഘാതമായി. കോണ്‍ഗ്രസ് അനുഭാവിയായിരുന്ന അച്ഛന്‍ ഇതോടെ കമ്മ്യൂണിസ്റ്റ് ആശയങ്ങളോടടുത്തു. ഈ സംഭവത്തോടെ യാണ് ആലപ്പുഴയില്‍ എസ്.എഫ്.ഐ. ശക്തിപ്രാപിച്ചത്.''
 

Content Highlights: onam memories and life of kerala politician g sudhakaran