1971 സെപ്റ്റംബർ 21-ന്, ടെക്സസിലെ ഹൂസ്റ്റണിൽ ഡേവിഡ് വെറ്റർ എന്ന ആൺകുട്ടി ജനിച്ചു. ജനിച്ച് ഇരുപത് സെക്കൻഡിനുള്ളിൽ അവനെ ഒരു അണുവിമുക്തമായ പ്ലാസ്റ്റിക് കുമിളയ്ക്കുള്ളിലാക്കി. കാരണം, അവന് സിവിയർ കമ്പൈൻഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി (SCID) എന്ന അപൂർവ രോഗമുണ്ടായിരുന്നു. ഇത് ആ കുഞ്ഞിന്റെ രോഗപ്രതിരോധ സംവിധാനം ഇല്ലാതാക്കി.
ഡേവിഡിന്റെ അവസ്ഥ ജനിതകപരമായിരുന്നു, അത് ആൺകുട്ടികളെ മാത്രമേ ബാധിച്ചിരുന്നുള്ളൂ. അവന്റെ മാതാപിതാക്കളായ കരോൾ ആനിനും ഡേവിഡ് ജെ. വെറ്ററിനും ഈ രോഗം മൂലം ഒരു കുട്ടിയെ ഇതിനകം നഷ്ടപ്പെട്ടിരുന്നു.
മറ്റുള്ളവരുമായുള്ള സമ്പർക്കം അവന്റെ ജീവൻ തന്നെ അപകടത്തിലാക്കുമായിരുന്നു. അതിനാൽ, തുടർന്നുള്ള പന്ത്രണ്ട് വർഷക്കാലം അവൻ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ആ സംരക്ഷിത കുമിളയ്ക്കുള്ളിൽ ജീവിച്ചു. അവൻ്റെ യാത്ര, ഒരേസമയം വേദനിപ്പിക്കുന്നതും എന്നാൽ മറ്റുള്ളവര്‍ക്ക് പ്രചോദനപരവുമായിരുന്നു.
കുമിളയ്ക്കുള്ളിലെ ജീവിതം
പ്രത്യേകം നിർമ്മിച്ച അണുവിമുക്തമായ അറകൾക്കുള്ളിലാണ് ഡേവിഡ് തന്റെ ജീവിതം മുഴുവൻ ചെലവഴിച്ചത്. അവന്റെ ദിവസങ്ങൾ സ്കൂൾ പാഠങ്ങൾ, ഡോക്ടർമാരുമായുള്ള സംഭാഷണങ്ങൾ, മറയിലൂടെയുള്ള കുടുംബാംഗങ്ങളുടെ സന്ദർശനങ്ങൾ എന്നിങ്ങനെയായിരുന്നു.
വൈദ്യശാസ്ത്രരംഗത്തെ പുരോഗതിയെക്കുറിച്ചും മനുഷ്യ ജീവന്റെ വിലയെക്കുറിച്ചുമുള്ള നിരവധി ചർച്ചകൾക്ക് ഡേവിഡിന്റെ ജീവിതം വഴിയൊരുക്കി.ഡോക്ടർമാരും ശാസ്ത്രജ്ഞരും കുടുംബവും ഡേവിഡിന് കഴിയുന്നത്ര സാധാരണമായ ജീവിതം നൽകാനായി പരിശ്രമിച്ചു.
ഡേവിഡിന് ആറ് വയസ്സുള്ളപ്പോൾ, നാസയിലെ എഞ്ചിനീയർമാർ അവന് കുമിളയ്ക്ക് പുറത്തിറങ്ങാൻ അനുവദിക്കുന്ന ഒരു പ്രത്യേക ബഹിരാകാശ വസ്ത്രം രൂപകൽപ്പന ചെയ്തു. ഈ വസ്ത്രം ഒരു തുരങ്കം വഴി അവന്റെ ഐസൊലേറ്ററുമായി ബന്ധിപ്പിക്കുകയും പൂർണ്ണമായും അണുവിമുക്തമായി സൂക്ഷിക്കുകയും ചെയ്തു.
ഇത് ധരിക്കുന്നതിന് സങ്കീർണ്ണമായ ഇരുപത്തിനാല് ഘട്ടങ്ങളുണ്ടായിരുന്നു. എങ്കിലും, ഈ വസ്ത്രം ഡേവിഡിന് സ്വാതന്ത്ര്യത്തിന്റെ നിമിഷമായിരുന്നു. 1977 ജൂലൈ 29-നാണ് ആദ്യമായി ഡേവിഡ് ഈ വസ്ത്രം ധരിക്കുന്നത്, അന്ന് ആദ്യമായി, അവന്റെ അമ്മ ഡേവിഡിനെ ആലിംഗനം ചെയ്തു..
അപകടം നിറഞ്ഞ ചികിത്സ
1983-ഓടെ,ഡേവിഡിന് ഡോക്ടർമാർ ഒരു പുതിയ ചികിത്സ വാഗ്ദാനം ചെയ്തു. അവന്റെ സഹോദരി കാതറിനിൽ നിന്നുള്ള അസ്ഥിമജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. പരമ്പരാഗത ശസ്ത്രക്രിയകളിൽ നിന്ന് വ്യത്യസ്തമായി ഇതിന് അപകടസാധ്യതകളുണ്ടായിരുന്നു.
ഡേവിഡിന് സാധാരണ ജീവിതം നയിക്കാൻ ഒരു അവസരം നൽകുമെന്ന് പ്രതീക്ഷിച്ച് കുടുംബം ശസ്ത്രക്രിയയ്ക്ക് സമ്മതിച്ചു. എന്നാൽ ഇത് അവന്റെ ശരീരത്തിലേക്ക് എപ്‌സ്റ്റൈൻ-ബാർ വൈറസിനെ എത്തിക്കുകയും, അത് ലിംഫോമയ്ക്ക് (കാൻസർ) കാരണമാവുകയും ചെയ്തു. നാല് മാസങ്ങൾക്ക് ശേഷം, 12-ാം വയസ്സിൽ ഡേവിഡ് മരണപ്പെട്ടു.
ഡേവിഡിന്റെ ജീവിതം സിവിയർ കമ്പൈൻഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസിനെ ഡോക്ടർമാർ മനസ്സിലാക്കുകയും ചികിത്സിക്കുകയും ചെയ്യുന്ന രീതിയെ മാറ്റിമറിച്ചു. അവന്റെ കേസ്, ജീൻ തെറാപ്പി ഉൾപ്പെടെയുള്ള മികച്ച ചികിത്സകളിലേക്ക് നയിച്ചു. കൂടാതെ രോഗപ്രതിരോധ വൈകല്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനായി ടെക്സസ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഡേവിഡ് സെന്റർ സ്ഥാപിക്കുകയും ചെയ്തു.
ഇന്ന്, ഡേവിഡിന്റെ കഥയിൽ നിന്നുണ്ടായ പുരോഗതികൾ കാരണം ഈ അപൂർവ്വ രോഗവുമായി ജനിക്കുന്ന പല കുട്ടികൾക്കും സാധാരണവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ കഴിയുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: The true story of David Vetter, the Boy in the Bubble, who lived 12 years in isolation due to SCID.
Published: 02 Oct 2025, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented