ചിത്രം വരച്ച് നല്‍കിയപ്പോള്‍ ഉമ്മന്‍ചാണ്ടി സാര്‍ സമ്മാനിച്ചതാണ് ഈ ഓട്ടോമാറ്റിക് വീല്‍ച്ചെയര്‍...

#സൂരജ് സുകുമാരന്‍
ജിഷ ആലക്കോട് തന്റെ ചിത്രങ്ങള്‍ക്ക് മുന്നില്‍
ജിഷ ആലക്കോട് തന്റെ ചിത്രങ്ങള്‍ക്ക് മുന്നില്‍

അലക്കിത്തേച്ച യൂണിഫോം ധരിച്ച്, മുടി പിന്നിക്കെട്ടി, തോളില്‍ ബാഗും കൈയില്‍ കുടയും പുത്തന്‍ വാട്ടര്‍ ബോട്ടിലുമൊക്കെയായി സ്‌കൂളിലേക്ക് ഉല്ലാസത്തോടെ പോകുന്ന കൂട്ടുകാരികള്‍. ജനലഴികള്‍ക്കിപ്പുറം ഇരുള്‍ നിറഞ്ഞ മുറിയില്‍ പുറത്തേക്ക് കണ്ണുംനട്ട് കൊച്ചു ജിഷ ഒറ്റയ്ക്കിരുന്ന് ആ കാഴ്ചകണ്ടു... അനങ്ങാന്‍ പോലും അവള്‍ക്ക് ഭയമായിരുന്നു.കാരണം അശ്രദ്ധമായ ചെറിയ അനക്കങ്ങള്‍ പോലും ശരീരത്തിന് കഠിനവേദന നല്‍കും.ആ ജനലഴികളിലൂടെ അവള്‍ ലോകത്തെ കണ്ടു. കാണുന്നതെല്ലാം അവള്‍ മനസ്സില്‍ പതിച്ചു. പിന്നെ ആ വര്‍ണക്കാഴ്ചകളെ കടലാസുകളിലേക്ക് പകര്‍ത്താന്‍ ശ്രമിച്ചു.അങ്ങനെ ചായക്കൂട്ടുകള്‍ക്കൊണ്ട് പുതിയ ലോകം അവള്‍ പണിതു.
ഓസ്റ്റിയോ ജനിസിസ് ഇംപെര്‍ഫെക്ടാ (എല്ലുപൊടിയുന്ന അസുഖം) എന്ന അപൂര്‍വ രോഗം ബാധിച്ച ജിഷ ആലക്കോട് വരച്ചു വരച്ചാണ് ജീവിതത്തെ ജയിച്ചുകയറുന്നത്.ഇരുളടഞ്ഞുപോയ ജീവിതത്തെ അവള്‍ ചാ യക്കൂട്ടുകളിലൂടെ തിരിച്ചുപിടിച്ചു. അവളുടെ ചിത്രങ്ങള്‍ കാണാന്‍ ലോകം അവളിലേക്കെത്തി.ആ അതിജീവനയാത്രയുടെ കഥ അവള്‍ ഗൃഹലക്ഷ്മിയുമായി പങ്കുവെക്കുന്നു.

ചിറകൊടിഞ്ഞ ബാല്യം....

അറിവുവച്ച കാലം മുതല്‍ രോഗത്തിന്റെ ദുരിതത്തിലാണ് ഞാന്‍.ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് ഓടിയ ബാല്യം. എല്ലാവരും കൈമലര്‍ത്തിയപ്പോള്‍ വേദനയുടെ ലോകം മാത്രമായിരുന്നു മുന്നില്‍. സ്‌കൂളില്‍ പോകാനോ മറ്റുകുട്ടികളെ പോലെ കളികളില്‍ ഏര്‍പ്പെടാനോ സാധിക്കുമായിരുന്നില്ല. ഓരോ തവണ എല്ലു പൊടിയുമ്പോഴും പ്ലാസ്റ്ററിട്ട് വീടിന്റെ നാലുചുമരുകള്‍ക്കുള്ളില്‍ കഴിയുകയായിരുന്നു ഞാന്‍

പതിനഞ്ച് തവണ ശരീരത്തിന്റെ പലഭാഗങ്ങളിലായി എല്ലുകള്‍ പൊടിഞ്ഞിട്ടുണ്ട്. അങ്ങനെ മുറിയിലിരുന്ന നാളുകളിലാണ് വര ച്ചുതുടങ്ങിയത്. ശരിക്കും പുതിയൊരുജീവിതത്തെ ഞാന്‍ വരയിലൂടെ നേടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ചുറ്റുപാടും കാണുന്ന പ്രകൃതി ദൃശ്യങ്ങള്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തി. ചിത്രരചന പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അതിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല.

ഇന്ന് ഭിന്നശേഷിക്കാരായ കുട്ടികളെ സ്‌കൂളിലേക്ക് എത്തിക്കാനും പഠിപ്പിക്കാനുമൊക്കെ ഒരുപാട് സംവിധാനങ്ങളുണ്ട്. എന്നാല്‍ എന്റെ ചെറുപ്പത്തില്‍ അങ്ങനെയായിരുന്നില്ല. വീട്ടില്‍ വന്ന് പഠിപ്പിക്കാനും ആരും തയ്യാറായില്ല. അതെനിക്ക് ഏറെ സങ്കടമുണ്ടാക്കിയിട്ടുണ്ട്. സമപ്രായക്കാര്‍ സ്‌കൂളിലേക്ക് പോകുന്നത് കൊതിയോടെ നോക്കി നില്‍ക്കാറുണ്ടായിരുന്നു ഞാനന്ന്. ആ സങ്കടം മറികടക്കാന്‍ തുല്യതാ പരീക്ഷകള്‍ എഴുതിത്തുടങ്ങി.

വര തന്ന വര്‍ണങ്ങള്‍....

2007-ല്‍ ഞാന്‍ പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതി. അത് പത്രങ്ങളില്‍ വാര്‍ത്തയായി. അപ്പോഴാണ് എല്ലാവരും ഞാനൊരു ചിത്രകാരി കൂടിയാണെന്ന് അറിയുന്നത്. വാര്‍ത്തയായതോടെ ഒരുപാടുപേര്‍ അന്വേഷിച്ചെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ സാറിന്റെ ഭാര്യ കമല ടീച്ചര്‍ അന്ന് സാക്ഷരതാ മിഷന്റെ സംസ്ഥാന കോര്‍ഡിനേറ്ററാണ്. വാര്‍ത്ത കണ്ട് ടീച്ചര്‍ വിളിച്ചു. എക്‌സിബിഷനുകള്‍ നടത്താന്‍ ടീച്ചര്‍ എനിക്ക് അവസരമൊരുക്കി.തിരുവനന്തപുരം സൂര്യാ ഫെസ്റ്റി വലില്‍ രണ്ടുവര്‍ഷം തുടര്‍ച്ചയായി എക്‌സിബിഷന്‍ നടത്തി. ഒരുപാട് ചിത്രങ്ങള്‍ വിറ്റുപോയി. അന്ന് പ്രദര്‍ശനം കാണാനെത്തിയ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ കവടിയാര്‍ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. കൊട്ടാരത്തില്‍ ചെന്നപ്പോള്‍ അഞ്ച് ചിത്രങ്ങള്‍ അവര്‍ വാങ്ങിച്ചു.

സാക്ഷരതാ മിഷന്റെ പ്രേരക് ആയിരുന്ന ജോയ് കളപ്പുര തുല്യതാ പരീക്ഷ എഴുതാനടക്കം പലകാര്യങ്ങള്‍ക്കും സഹായിച്ചു. എന്റെ പതിനഞ്ച് വയസ്സുവരെ അച്ഛന്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ആവശ്യമുള്ള സാധനങ്ങളെല്ലാം മേടിച്ചുതരും. പെട്ടെന്നൊരു ദിവസം അച്ഛന്‍ ഞങ്ങളെ ഉപേക്ഷിച്ച് പോയി. അത് ബുദ്ധിമുട്ടിലാക്കി.എന്നാല്‍ അമ്മയും സഹോദരനും ഒരുമിച്ച് ആ പ്രതിസന്ധിയെ മറികടന്നു. സഹോദരന്‍ ജിതിന്‍ ഡ്രൈവറാണ്. അമ്മ ഭാര്‍ഗവിയ്ക്ക് ചെറിയൊരു ജോലിയുണ്ട്.

കമലടീച്ചറും ഉമ്മന്‍ ചാണ്ടിസാറും

ഉമ്മന്‍ ചാണ്ടി സാര്‍ മുഖ്യമന്ത്രിയായ സമയത്താണ് ഓട്ടോമാറ്റിക്ക് വീല്‍ച്ചെയര്‍ ലഭിച്ചത്. ജനസമ്പര്‍ക്ക പരിപാടിയില്‍ വച്ച് അദ്ദേഹത്തിന്റെ ചിത്രം വരച്ചുനല്‍കി. അപ്പോള്‍ അദ്ദേഹം സമ്മാനിച്ചതാണ് വീല്‍ച്ചെയര്‍. അത് കിട്ടിയതോടെ അധികം പ്രയാസമില്ലാതെ ചുറ്റുപാടും സഞ്ചരിക്കാന്‍ സാധിച്ചു.

അതുപോലെ കമല ടീച്ചര്‍ എന്നെ കാണാന്‍ ഇവിടേക്ക് വന്നിരുന്നു. അന്ന് മണ്‍കട്ട കൊണ്ട് ഉണ്ടാക്കിയ ചെറിയ വീടായിരുന്നു ഞങ്ങളുടേത്. വീടിന്റെ അവസ്ഥ കണ്ട് ടീച്ചര്‍ ഇടപെട്ടു. അവര്‍ നല്‍കിയ സഹായം കൊണ്ടാണ് വീട് പുതുക്കി പണിഞ്ഞത്.

ഇപ്പോള്‍ തയ്യല്‍ ചെയ്യാറുണ്ട്. എനിക്കും അമ്മയ്ക്കും വേണ്ട വസ്ത്രങ്ങള്‍ ഞാനാണ് തുന്നുന്നത്. അതുപോലെ കുട നിര്‍മാണവും ഉണ്ട്. കോവിഡ് വന്നപ്പോള്‍ ജീവിതം വലിയ പ്രതിസന്ധിയിലായി. ചിത്രങ്ങളൊന്നും വാങ്ങാന്‍ ആളില്ല, എക്‌സിബിഷനുകളെല്ലാം നിന്നു. എനിക്കും കോവിഡ് വന്നു. ഗുരുതരാവസ്ഥയിലായി. അതിനെയും മറികടന്നു. ജീവിതം മെല്ലെ പഴയ ട്രാക്കിലേക്ക് കയറിവരുന്നു.

സഹോദരന്‍ ജിതിന്‍, അമ്മ ഭാര്‍ഗവി എന്നിവര്‍ക്കൊപ്പം

ഒന്നും പാഴല്ല...

ഓരോ മനുഷ്യരുടെ ഉള്ളിലും കഴിവുകള്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്.അവ കണ്ടെത്തുകയാണ് ചെയ്യേണ്ടത്.ചിത്രംവര ഉള്ളിലുണ്ടായിരുന്നു. ആ കഴിവിനെ ഞാന്‍ സ്വയം കണ്ടെത്തി വളര്‍ത്തിയെടുത്തു. ഇപ്പോള്‍ ഒരു യൂട്യൂബ് ചാനലുണ്ട്. ചെറിയ ക്രാഫ്റ്റ് വര്‍ക്കുകളും മറ്റും ഷോട്‌സുകളാക്കി അതില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഒരു സാധനവും പാഴ്വസ്തുവാക്കി കളയാന്‍ എനിക്കിഷ്ടമല്ല. ഏതെങ്കിലും തരത്തിലുള്ള കരകൗശല വസ്തുക്കള്‍ അവകൊണ്ട് ഉണ്ടാക്കിയെടുക്കും.
ആഗ്രഹങ്ങളാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. ഗായിക ചിത്രച്ചേച്ചിയെ കാണുക വലിയ ആഗ്രഹമായിരുന്നു. നേരില്‍ കാണാനും ഒരു ചിത്രം സമ്മാനിക്കാനും സാധിച്ചു. ''അമൃതവര്‍ഷിണി' എന്ന പേരില്‍ ഞങ്ങളുടെ ഒരു സംഘടനയുണ്ട്. അതിന്റെ ഒത്തുചേരല്‍ മിക്കപ്പോഴും തിരുവനന്തപുരത്താണ് നടക്കാറുള്ളത്. സുരേഷ് ഗോപി, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് തുടങ്ങി ജീവിതത്തില്‍ കാണണമെന്ന് ആഗ്രഹിച്ച പലരെയും കാണാനും പരിചയപ്പെടാനും സാധിച്ചിട്ടുണ്ട്. ലിസ്റ്റില്‍ ഇനി ബാക്കിയുള്ളയാള്‍ ഗിന്നസ് പക്രുച്ചേട്ടനാണ്.പലതവണ കാണാന്‍ ശ്രമിച്ചിട്ടും നടന്നില്ല. അതും സാധിക്കുമെന്നാണ് പ്രതീക്ഷ.


 

Content Highlights: life story of Jisha alakode a artist from Kannur who is differently abled