ഓട്ടിസം ബാധിതനായ ഇരുപത്തിരണ്ടുകാരന്‍ ഷിജാസിന്റെ പാഠശാലയാണ് അമ്മാവന്‍ കബീര്‍

''ഷിജുക്കുട്ടാ, ശംഖുപുഷ്പത്തിന്റെ പൂവ് പറിക്കാം. '' ശംഖുപുഷ്പപ്പടര്‍പ്പിനരികില്‍ ഷിജുവിനൊപ്പം കബീറുണ്ട്. മരണം വരെയും നിനക്കൊപ്പം ഞാനുണ്ടെന്ന് അവന് വാക്കുകൊടുത്ത കബീര്‍. ഉമ്മയുടെ സഹോദരനായ കബീറാണ് ഷിജുവിന്റെ ഗുരുവും പാഠശാലയും. ''കൊച്ചുകുട്ടിയെ പോലെയാണ് ഷിജുക്കുട്ടന്‍. ഓരോന്നും പറഞ്ഞുകൊടുക്കണം.'' ഓട്ടിസം ബാധിതനായ ഷിജുവിനൊപ്പമുള്ള ജീവിതത്തെപ്പറ്റി കബീര്‍ ഗൃഹലക്ഷ്മിയോട് സംസാരിക്കുന്നതിനിടെ അവന്‍ ശംഖുപുഷ്പപ്പൂക്കളിലൊന്ന് ചവച്ചുതുടങ്ങി. ''തിന്നല്ലേ ഷിജുക്കുട്ടാ... പുട്ട് ഉണ്ടാക്കേണ്ടതല്ലേ.'' കബീര്‍ അവനെ സ്‌നേഹത്തോടെ തിരുത്തി. പറിച്ചെടുത്ത പൂക്കള്‍ ഷിജു കഴുകിയതും വെള്ളത്തിലിട്ട് തിളപ്പിച്ചതും അരിച്ചെടുത്ത് പുട്ടുപൊടിയില്‍ കുഴച്ചതും കുറ്റിയില്‍ പുട്ടുപൊടി നിറച്ചതുമെല്ലാം അമ്മാവന്റെ സഹായത്തോടെയാണ്. കുറ്റിയില്‍ നിന്ന് ആവി പറന്നതും നീലപ്പുട്ട് കുത്തിയിട്ട് കടലക്കറിയ്‌ക്കൊപ്പം ഇളക്കി ഒരുരുള അമ്മാവന്‍ അവന് വാരിക്കൊടുത്തു.
പാലക്കാട് എരിമയൂര്‍ സ്വദേശിയായ കബീര്‍ ഇന്ന് ജീവിക്കുന്നത് ഷിജാസ് ഹുസൈന്‍ എന്ന ഷിജുക്കുട്ടനുവേണ്ടിയാണ്. കബീറിന്റെ സഹോദരി ഉമൈബാന്റെ മകനാണ് ഷിജാസ്. ഒരുദിവസം തുടങ്ങി അവസാനിക്കുംവരെ അമ്മാവന്റെ തോളില്‍ കൈചേര്‍ത്ത് ഇരുപത്തിരണ്ടുകാരനായ ഷിജുക്കുട്ടനുമുണ്ടാവും. സംസാരിക്കാന്‍ കഴിയാത്ത, സ്വന്തം കാര്യങ്ങള്‍ ചെയ്യാനറിയാതിരുന്ന ഷിജുവിന് കബീര്‍ പകര്‍ന്നുകൊടുത്ത പാഠങ്ങളേറെ. ആ ശിക്ഷണത്തില്‍ അവന്‍ പാത്രം കഴുകാനും പാചകം ചെയ്യാനും പൂന്തോട്ടം ഒരുക്കാനുമെല്ലാം പഠിച്ചു. 'ഷിജാസ് ഓട്ടിസം' എന്ന യൂട്യൂബ്, ഇന്‍സ്റ്റഗ്രാം പേജുകളിലൂടെ ഒരുപാട് കാഴ്ചക്കാരെയും അവന്‍ നേടി.
ശകാരിച്ചിട്ടും സംസാരിക്കാത്ത ഷിജാസ്
രണ്ടുവയസ്സായിട്ടും മകന്‍ സംസാരിക്കാതിരുന്നപ്പോള്‍ ഉമൈബാനും ഭര്‍ത്താവ് സക്കീര്‍ ഹുസൈനും ആധിയായിരുന്നു. അനന്തരവനെ സംസാരിപ്പിക്കാന്‍ കബീറും പഠിച്ചപണി പതിനെട്ടും നോക്കി. ഒരല്പം കടന്ന് ശകാരിക്കുകവരെ ചെയ്തു. എന്നിട്ടും മാറ്റം കണ്ടില്ല. കേള്‍വി പ്രശ്‌നമാകുമെന്ന് കരുതി. ഇ.എന്‍.ടി.യെ കാണിച്ചപ്പോള്‍ കേള്‍വിക്ക് തകരാറില്ലെന്നറിഞ്ഞു. മാനസികരോഗവിദഗ്ധരെ കാണിക്കണമെന്നുള്ള നിര്‍ദേശവും ലഭിച്ചു. തുടര്‍ന്ന് ബെംഗളൂരുവിലെ നിംഹാസിലെ ഡോക്ടര്‍മാരാണ് ഷിജാസിന് ഓട്ടിസമാണെന്ന് സ്ഥിരീകരിക്കുന്നത്.
നല്ലതിനുവേണ്ടിയാണെങ്കിലും ഷിജാസിനെ ശകാരിച്ചതോര്‍ത്ത് കബീറിന്റെ സങ്കടം ഇരട്ടിച്ചു. അങ്ങനെയാണ് ഇനിയുള്ള ജീവിതം ഷിജാസിനുവേണ്ടിയാണെന്ന് കബീര്‍ തീരുമാനിക്കുന്നത്. ആദ്യമൊക്കെ ഓരോ ആഴ്ചയിലും സഹോദരിയുടെ വീട്ടില്‍ വന്ന് നില്‍ക്കുന്നതായിരുന്നു ശീലം. പതിയെ ഷിജുക്കുട്ടനെ വിട്ടുനില്‍ക്കാന്‍ കഴിയാതെയായി. ഊണിലും ഉറക്കത്തിലും സാന്ത്വനമായി ഷിജുവിനൊപ്പം കബീര്‍ നിഴല്‍പോലെ നിന്നു.
അവിടുന്നിങ്ങോട്ട് വിവിധ സ്‌പെഷ്യല്‍ സ്‌കൂളുകളിലും മറ്റുമായി നിരവധി പരിശീലനങ്ങളും ഷിജാസിന് നല്‍കി. പക്ഷേ, ഭൂരിഭാഗവും ഫലം കണ്ടില്ല. ''പലയിടത്തും കുട്ടികള്‍ക്ക് മാത്രമായി സ്പീച്ച് തെറാപ്പിയും മറ്റും നല്‍കുന്ന രീതിയാണുള്ളത്. വീട്ടിലിരുന്ന് പരിശീലനം നല്‍കാന്‍ മാതാപിതാക്കള്‍ക്ക് അറിവുമുണ്ടാകില്ല. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കൊപ്പം തന്നെ അവരെ പരിപാലിക്കാനുള്ള പരിശീലനം മാതാപിതാക്കള്‍ക്കും നല്‍കണം. വിവിധ ഗ്രൂപ്പുകളിലൂടെ ഇത്തരം കുട്ടികളുടെ മാതാപിതാക്കള്‍ പരസ്പരം താങ്ങാകുന്നുണ്ട്.'' കബീര്‍ പറയുന്നു.
സഹോദരന്റെ സാന്നിധ്യം തനിക്ക് നല്‍കിയ ആശ്വാസം ചെറുതായിരുന്നില്ലെന്ന് ഉമൈബാനും പറയുന്നു. ആദ്യമൊക്കെ ഉറക്കംപോലുമില്ലാതെയാണ് ഉമൈബാനും സക്കീര്‍ ഹുസൈനും മകനെ പരിപാലിച്ചത്. കബീറിന്റെ വരവോടെ ഉമൈബാനും സക്കീര്‍ ഹുസൈനും തെല്ലൊന്നുമല്ല ആശ്വാസമായത്. ഉമൈബാനെ മാത്രം അനുസരിച്ചിരുന്ന കുഞ്ഞുഷിജാസിന് കബീര്‍ പ്രിയങ്കരനായി. ഉണ്ണാനും ഉറങ്ങാനുമൊക്ക അമ്മാവന്‍ മതിയെന്നായി. ഇന്നും ഷിജാസിന് ഉറങ്ങണമെങ്കില്‍ അമ്മാവന്‍ അരികിലുണ്ടാവണം. അവന്‍ ഉറങ്ങുംവരെ അമ്മാവന്‍ മിഴിതുറന്നിരിക്കും.
പ്രിയങ്കരന്‍ ഷിജു
ഇന്ന് ഷിജാസിനെ ഒരുപാടുപേര്‍ തിരിച്ചറിയുന്നു. പണ്ട് വീടിനു പുറത്ത് ആര്‍ക്കും അവനെ അറിയില്ലായിരുന്നു. അതുതന്നെയാണ് യൂട്യൂബ് തുടങ്ങാനുള്ള പ്രധാനകാരണമെന്ന് കബീര്‍. ''ഇഷ്ടമുള്ള പലഹാരങ്ങള്‍ വാങ്ങാനും മറ്റും വീട്ടില്‍നിന്ന് തനിച്ച് പോകാറുണ്ടായിരുന്നു ഷിജാസ്. സംസാരിക്കാന്‍ കഴിയാത്ത കുട്ടിയായതുകൊണ്ട് അവനോട് കാര്യങ്ങള്‍ ചോദിച്ചുമനസ്സിലാക്കാന്‍ പുറത്തുള്ളവര്‍ക്ക് കഴിയില്ല. തുടക്കത്തില്‍ കൈയില്‍ പേരുംവിലാസവുമൊക്കെ എഴുതിയ ബാന്‍ഡ് കെട്ടിക്കൊടുക്കുമായിരുന്നു. എന്നാല്‍, പതിയെ അതൊക്കെ വലിച്ചുകീറാന്‍ തുടങ്ങി.''
പിന്നെ ഈ സ്ഥിതി മാറി. സാമൂഹികമാധ്യമത്തില്‍ വീഡിയോകള്‍ സജീവമായതോടെ വീട്ടിലും നാട്ടിലുംമാത്രമല്ല പുറംരാജ്യങ്ങളില്‍നിന്നുവരെ ഷിജാസിനെ തിരിച്ചറിയുന്നവര്‍ സ്‌നേഹാന്വേഷണങ്ങളുമായെത്തി. മകനെ സ്വയംപര്യാപ്തനാക്കുക എന്നൊരു ലക്ഷ്യം ഉമൈബാനും ഭര്‍ത്താവ് സക്കീര്‍ഹുസൈനും ഉണ്ടായിരുന്നു. ''ഉമ്മയും പപ്പയും അവന് പ്രിയപ്പെട്ടവരാണെങ്കിലും പറയുന്ന കാര്യങ്ങള്‍ അനുസരിക്കാന്‍ അല്പം മടിയാണ്. ഇഷ്ടമായില്ലെങ്കിലാകട്ടെ, കൈ കടിച്ചുമുറിച്ച് ദേഷ്യംപ്രകടിപ്പിക്കും. എങ്ങനെയാണ് അവനെ സ്വന്തംകാര്യങ്ങള്‍ ചെയ്യാനെങ്കിലും പ്രാപ്തനാക്കുക എന്ന ചോദ്യവും അവസാനിച്ചത് യൂട്യൂബ് എന്ന ഉത്തരത്തിലാണ്.'' കബീര്‍ അക്കാലം ഓര്‍ത്തെടുത്തു.
ഷിജാസിന് ഏറ്റവും ഇഷ്ടം ഭക്ഷണമാണ്. എന്നാല്‍പ്പിന്നെ പാചകത്തിലൂടെത്തന്നെ കുഞ്ഞുകുഞ്ഞുകാര്യങ്ങള്‍ പഠിപ്പിക്കാമെന്ന് കബീറും ഉമൈബാനും ചിന്തിച്ചു. ''ഷിജാസിന് ഭക്ഷണം എത്രകിട്ടിയാലും മതിയാവില്ല. യൂട്യൂബില്‍ കാണാനിഷ്ടവും അത്തരം വീഡിയോകളാണ്. അങ്ങനെയാണ് അവനും ഞാനും ചേര്‍ന്നുള്ള പാചക വീഡിയോകള്‍ക്ക് തുടക്കമിടുന്നത്. ഷിജാസിനെ പച്ചക്കറിയും മറ്റും അരിയാനും ഇളക്കാനും മസാലകള്‍ തിരിച്ചറിയാനുമൊക്കെ പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്റെ കൈയില്‍ അവന്റെ കൈ ചേര്‍ത്തുവെച്ച് കഷണങ്ങളോരോന്നും അരിയാന്‍ പഠിപ്പിച്ചു. എണ്ണയിലേക്ക് അവ ഇടാനും വഴറ്റാനും പഠിപ്പിച്ചു. തുടക്കത്തില്‍ ചെറിയ സ്‌നാക്സും കളിപ്പാട്ടങ്ങളുമൊക്കെ സമ്മാനമായി കൊടുത്താല്‍ മാത്രമേ അവന്‍ അനുസരിച്ചിരുന്നുള്ളൂ. പക്ഷേ, ഇപ്പോള്‍ പറയേണ്ട താമസം ചെയ്തുതീര്‍ക്കും.'' ഭക്ഷണം പാകമാവുംവരെ അമ്മാവന്റെ കവിളിലോരോ മുത്തംകൊടുത്ത് മൂളിപ്പാട്ടുമായി ഒപ്പം ഷിജാസും കാണും. ഷിജാസ് സന്തോഷം പ്രകടിപ്പിക്കുക മുത്തംകൊടുത്തും പാട്ടുമൂളിയുമാണ്. ഭക്ഷണം പാകമായാല്‍ അത് രുചിച്ചുകഴിഞ്ഞേ കക്ഷിക്ക് സമാധാനമുണ്ടാകൂ.
പാചകം മാത്രമല്ല, ചെടികള്‍ക്ക് വെള്ളമൊഴിക്കാനും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പറിച്ചുനടാനുമൊക്കെ ഷിജാസ് പഠിച്ചു. അമ്മാവനൊപ്പം പറമ്പിലെ പണികള്‍ ചെയ്യാനും ഇന്ന് ഷിജാസിന് മടിയില്ല. വ്യായാമം ചെയ്യാന്‍ മാത്രം അല്പം മടിയുണ്ട്. എങ്കിലും അമ്മാവന്‍ സ്‌നേഹത്തോടെ ഒന്ന് തലോടുകയോ സാന്ത്വനിപ്പിക്കുകയോ ചെയ്താല്‍ അവനത് ചെയ്തുതീര്‍ക്കും. ക്യാമറയ്ക്ക് മുന്‍പില്‍ അമ്മാവനും അനന്തരവനും ആസ്വദിച്ച് പാചകവുംപണികളുംചെയ്യുമ്പോള്‍ ക്യാമറയ്ക്ക് പിന്നിലുള്ളത് ഉമൈബാന്‍ തന്നെയാണ്. വീഡിയോ പകര്‍ത്തലിനെക്കുറിച്ച് യാതൊന്നും അറിയാതിരുന്ന തനിക്കിതെല്ലാം ചെയ്യാന്‍ കഴിയുന്നത് മകനോടുള്ള സ്‌നേഹത്താല്‍ മാത്രമാണെന്ന് ഉമൈബാന്‍ പറയുന്നു.
നെഗറ്റീവ് കമന്റുകാരെ വകവെക്കുന്നില്ല
'ഷിജാസ് ഓട്ടിസം' എന്നപേരില്‍ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ തുടങ്ങിയതിന് വീട്ടുകാരെ വിമര്‍ശിക്കുന്ന കമന്റുകള്‍ നിരവധി വന്നിരുന്നുവെന്ന് കബീര്‍. ''ഓട്ടിസം ബാധിച്ച മക്കളെ വീട്ടുകാരും നാട്ടുകാരും ചേര്‍ത്തുപിടിക്കണം. അതിന് അവര്‍ക്ക് ഈ അവസ്ഥ എന്താണെന്ന് മനസ്സിലാക്കണം. ഷിജാസിന്റെ ജീവിതം ആര്‍ക്കെങ്കിലും പ്രചോദനമാവണമെന്നാണ് എന്റെ ആഗ്രഹം. യാതൊന്നും സംസാരിക്കാതിരുന്ന കുട്ടി ഇന്ന് നാവിനും മറ്റും നല്‍കുന്ന വ്യായാമത്തിലൂടെ ചെറുതായെങ്കിലും സംസാരിച്ചു തുടങ്ങി. ഉമൈബാന്‍തന്നെയാണ് ചെറിയ ഉപകരണങ്ങള്‍ വെച്ച് നാവിന് പരിശീലനം നല്‍കി സംസാരിക്കാന്‍ പ്രാപ്തനാക്കുന്നത്.
ശാരീരികാസ്വാസ്ഥ്യങ്ങള്‍ പങ്കുവെക്കാന്‍ ഷിജാസിനെ എങ്ങനെപഠിപ്പിക്കും എന്നതായിരുന്നു മറ്റൊരാശങ്ക. ഓരോ ശരീരഭാഗത്തിന്റെയും ചിത്രങ്ങളൊട്ടിച്ച ഫയലുണ്ടാക്കുകയാണ്‌ചെയ്തത്. വേദനവന്നാല്‍ അവയില്‍ തൊട്ടുകാണിച്ചുതരണമെന്ന് പഠിപ്പിച്ചു. ടോയ്ലറ്റില്‍ പോകാനും ഭക്ഷണംവേണമെന്നുപറയാനുമൊക്കെ മുറിക്ക് പുറത്തുള്ള വാതിലിലും ചിത്രങ്ങളൊട്ടിച്ചു. ഇനി പുറത്തുപോകണമെന്നോ, റെസ്റ്റൊറന്റിലെ ഭക്ഷണംകഴിക്കണമെന്നോ ഒക്കെയാണെങ്കില്‍ അതിനും ചിത്രങ്ങള്‍ ഫയലിലൊട്ടിച്ചിട്ടുണ്ട്.''
കബീറിനും ഉമൈബാനും സക്കീര്‍ ഹുസൈനുമൊപ്പം എട്ടാംക്ലാസ്സുകാരിയായ സഹോദരി ഹിസൈമാനും ചേട്ടന് കരുതലായി കൂടെയുണ്ട്. പ്രായംകൊണ്ട് ജ്യേഷ്ഠനാണെങ്കിലും കുഞ്ഞനുജനെ പരിപാലിക്കുന്നതുപോലെയാണ് ഹിസൈമാനും ഷിജാസിനെ നോക്കുന്നത്. പ്രായത്തേക്കാള്‍ കവിഞ്ഞ പക്വതയോടെ ജ്യേഷ്ഠനുവേണ്ടകാര്യങ്ങള്‍ മടിയില്ലാതെ ഹിസൈമാനും ചെയ്യും.
അഭിമാനമാണ് ഷിജാസ്
പണ്ടൊക്കെ ഉമൈബാന്‍ ഷിജാസിനെ പുറത്തേക്ക് കൊണ്ടുപോകുമായിരുന്നില്ല. എന്നാല്‍ ഈയവസ്ഥയുള്ള കുട്ടികളെ സമൂഹം മനസ്സിലാക്കണം എന്നുപറഞ്ഞ് കബീര്‍തന്നെയാണ് അവനെ പുറത്തുകൊണ്ടുപോകാന്‍ പ്രചോദനമായത്. ''തുടക്കത്തില്‍ ഹോട്ടലിലും മറ്റും പോകുമ്പോള്‍ അടുത്തുള്ളയാളുടെ ഭക്ഷണം തട്ടിയെടുക്കുന്നത് ഷിജാസിന്റെ ശീലമായിരുന്നു. ഇതോര്‍ത്താണ് മകനെ പുറത്തുകൊണ്ടുപോകാന്‍ മടിച്ചിരുന്നത്.'' ഉമൈബാന്‍ പറയുന്നു.
എന്നാല്‍ കബീര്‍ താന്‍പോകുന്നയിടത്തെല്ലാം ഷിജാസിനെയും കൊണ്ടുപോയി. കുട്ടിക്കാലത്ത് കൈപിടിച്ച് നടന്നതുപോലെ ഇന്ന് കബീറിന്റെ തോളില്‍ കൈവെച്ചാണ് ഷിജാസ് നടക്കുക. അന്നും ഇന്നും അവന് ആ സ്പര്‍ശം നല്‍കുന്ന ധൈര്യം വാക്കുകള്‍കൊണ്ട് വിവരിക്കാനാവില്ലെന്ന് ഉമൈബാനും പറയുന്നു. ഷിജാസിനെ കാര്യങ്ങള്‍ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ചാനലിലൂടെ അവന്‍ സ്വന്തമായി സമ്പാദിക്കാനും തുടങ്ങിയെന്ന് പറയുമ്പോള്‍ ഉമൈബാന്റെയും കബീറിന്റെയും സക്കീര്‍ഹുസൈന്റെയും കണ്ണുകളില്‍ ആശ്വാസത്തിളക്കമുണ്ട്. അത് പണമുണ്ടാക്കുന്നുവെന്നതിന്റെയല്ല. മറിച്ച് ഒന്നുംചെയ്യാന്‍ കഴിയാതെ ഒരു മൂലയില്‍ ഒതുങ്ങിക്കൂടുമെന്ന് കരുതിയിരുന്ന കുട്ടിയുടെ ഇന്നത്തെ വളര്‍ച്ചകണ്ടാണ്. ഓരോദിവസവും അവനെയന്വേഷിച്ചുവരുന്ന ആയിരക്കണക്കിന് സ്‌നേഹാന്വേഷണങ്ങളോര്‍ത്താണ്.
Content Highlights: life story of ahammed kabeer and his nephew shijas hussain, who has autism