പ്രശസ്തനടന്‍ മാത്യു പെറി കഴിഞ്ഞവര്‍ഷമാണ് മയക്കുമരുന്ന് അമിതമായി അകത്തുചെന്ന് മരിച്ചത്. വീട്ടിലെ പൂളില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ആദ്യം സ്വാഭാവികമരണമായി തോന്നിയെങ്കിലും, നിരോധിച്ച ലഹരിമരുന്ന് കെറ്റാമിന്‍ അമിതമായി ഉള്ളില്‍ച്ചെന്നാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു.

അതെവിടുന്ന് കിട്ടിയെന്ന അന്വേഷണം ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ജസ്വീന്‍ സംഗ എന്ന സ്ത്രീയിലാണ്. അവര്‍ അറസ്റ്റിലായതോടെ സംഭവത്തില്‍ ഏകദേശം വ്യക്തതയായെന്നാണ് കരുതുന്നത്. പെറിക്ക് കെറ്റാമിന്‍ നല്‍കിയത് കെറ്റാമിന്‍ ക്വീന്‍ എന്നറിയപ്പെടുന്ന ജസ്വീനാണ്. ആരാണ് ജസ്വീന്‍? 

ബ്രിട്ടീഷ്-അമേരിക്കന്‍ പൗരത്വമുള്ള ജസ്വീന്‍, മയക്കുമരുന്ന് ഇടപാടുകാര്‍ക്കിടയില്‍ സുപരചിതിയാണ്. ലോസാഞ്ചലസില്‍ വന്‍തോതില്‍ ലഹരിമരുന്ന് വില്‍പന നടത്തുന്നുണ്ട് ഇവര്‍. വീട്ടില്‍ നടത്തിയ റെയ്ഡില്‍ ലഹരിമരുന്ന് പിടിച്ചെടുത്തിരുന്നു. മാരകമായ ലഹരിമരുന്നുകള്‍ ഇവരുടെ വീട്ടില്‍ ശേഖരിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്നുണ്ടത്രേ. 

സെലിബ്രിറ്റി ഡ്രഗ് ഡീലറെന്നാണ് ഇവര്‍ അറിയപ്പെടുന്നത്. വളരെ ഉന്നതരായ ഇടപാടുകാരാണ് ഇവരില്‍നിന്ന് ലഹരിമരുന്ന് വാങ്ങുന്നത്. നല്ല ഗുണനിലവാരമുള്ള ലഹരിമരുന്നാണ് താന്‍ വിതരണം ചെയ്യുന്നതെന്ന് അവര്‍ അഭിമാനത്തോടെ പറഞ്ഞിരുന്നു. ഹോളിവുഡിലുള്ള ജസ്വീന്റെ വീടിനെ അധികൃതര്‍ വിളിക്കുന്നത് മയക്കുമരുന്ന് വില്‍പനയുടെ എംപോറിയം എന്നാണ്. മെത്താഫെറ്റാമിന്‍, കൊക്കെയ്ന്‍, കെറ്റാമിന്‍ എന്നിവയെല്ലാം ഇവിടെ ശേഖരിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നുണ്ട്. 

2019 ജൂണിലാണ് ജസ്വീന്റെ ജീവിതം അടിമുടി മാറിത്തുടങ്ങിയത്. അന്നുമുതലാണ് അവര്‍ ഈ ബിസിനസില്‍ സജീവമായതെന്ന് പറയപ്പെടുന്നു. അവര്‍ ഇടപാടുകള്‍ക്കായി സ്ഥിരമായി മെക്‌സിക്കോ, സ്‌പെയിന്‍, ഇറ്റലി, ഗ്രീസ്, ജപ്പാന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തു. അവരുടെ സാമ്പത്തികനില മെച്ചപ്പെട്ടു. റേഞ്ച് റോവറും ബിഎംഡബ്ല്യുവും വാങ്ങി, ഹോളിവുഡില്‍ വീട് വാടകയ്‌ക്കെടുത്തു. ഗോള്‍ഡന്‍ ഗ്ലോബ്, ഓസ്‌കാര്‍ പോലുള്ള ചടങ്ങുകളില്‍ ഇവര്‍ സജീവസാന്നിധ്യമാണെന്നും പറയപ്പെടുന്നു. 

ഈ വര്‍ഷം മാര്‍ച്ചില്‍ ജസ്വീന്റെ വീട്ടില്‍ അധികൃതര്‍ റെയ്ഡ് നടത്തിയിരുന്നു. അതില്‍ ലിക്വിഡ് കെറ്റാമിന്റെ 79 കുപ്പികളും 2000-ത്തോളം മെത്താഫെറ്റാമിന്‍ ഗുളികകളും കണ്ടെടുത്തു. അന്ന് അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും, ഒരു ലക്ഷം ഡോളര്‍ ബോണ്ടില്‍ അവരെ വിട്ടയച്ചു. 2019-ല്‍ കോഡി മെക്ലാരി എന്നയാളുടെ മരണത്തിലും ജസ്വീന് പങ്കുണ്ടെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. 

സഹായി വഴി കെറ്റാമിന്റെ 50 കുപ്പികളാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്യു പെറിക്ക് ജസ്വീന്‍ നല്‍കിയത്. പെറിയുടെ മരണത്തിനു പിന്നാലെ അദ്ദേഹവുമായി നടത്തിയ ചാറ്റുകളും പണമിടപാട് രേഖകളും ഡിലീറ്റ് ചെയ്യാന്‍ പെറിയുടെ സഹായിയോട് ജസ്വീന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. 

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 28-നാണ് മാത്യു പെറി മരിക്കുന്നത്. 1994 മുതല്‍ 2004 വരെ സംപ്രേഷണം ചെയ്തിരുന്ന ഫ്രണ്ട്‌സ് എന്ന സീരീസിലെ പ്രധാനനടനായിരുന്നു മാത്യു പെറി. അതാണ് അദ്ദേഹത്തിന് ഏറെ സ്വീകാര്യത നേടിക്കൊടുത്തതും.