2024 ജൂണ്‍ 25. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ 49-ാം വാര്‍ഷികദിനം. തിരുവനന്തപുരം വേട്ടമുക്കിലെ വീട്ടിലിരുന്ന് എം.ആര്‍. ഗോപകുമാര്‍ പങ്കുവെച്ച ഓര്‍മ്മകളില്‍ ആകസ്മികമായി അടിയന്തരാവസ്ഥയും കയറിവന്നു. അടിയന്തരാവസ്ഥ കത്തിക്കയറിയ കാലം. അതിനെതിരായി ഞങ്ങള്‍ കുറച്ചുപേര്‍ തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ പോലീസ് നിരീക്ഷണത്തില്‍ നാടകം അവതരിപ്പിച്ചു.  അടിയന്തരാവസ്ഥയെ വിമര്‍ശിക്കുകയാണെന്ന് പോലീസ് മനസ്സിലാക്കിയിരുന്നെങ്കില്‍ രാജനെപ്പോലെ ഏതെങ്കിലും പോലീസ് ക്യാമ്പില്‍ ഒടുങ്ങിയേനെ എന്റെ ജീവിതവും.'' ഒട്ടേറെ കഥാപാത്രങ്ങളെ കലാലോകത്തിന് സമ്മാനിച്ച നടന്‍ അരനൂറ്റാണ്ട് കടന്ന അഭിനയജീവിതത്തെ ഓര്‍ത്തെടുത്തു. കലാസമ്പന്നമായ ഗതകാലം വാക്കുകളില്‍ വിവരിക്കപ്പെടുന്നു... 

തിരുവനന്തപുരത്തേക്ക്
തമിഴ്നാട്ടിലാണ് ജനിച്ചത്. നാഗര്‍കോവിലില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി എം.കോമിന് മാര്‍ ഇവാനിയോസില്‍ ചേര്‍ന്നു. ജഗതി ശ്രീകുമാറായിരുന്നു അന്നവിടെ ആര്‍ട്ട്സ് ക്ലബ് സെക്രട്ടറി. സജീവമായി കലാപരിപാടികള്‍ നടക്കുന്ന കലാലയം. പി.ജി. പൂര്‍ത്തിയാക്കിയതും ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഓഡിറ്ററായി ജോലിയില്‍ കയറി. തിരുവനന്തപുരത്തുതന്നെ നിയമനം. അറുപതാം വയസ്സില്‍ വിരമിക്കുംവരെ 38 വര്‍ഷം അതേ ഓഫീസില്‍ ജോലിചെയ്തു.

കടമ്മനിട്ടയ്‌ക്കൊപ്പം
കവി കടമ്മനിട്ട രാമകൃഷ്ണന്‍ അതേ ഓഫീസില്‍ ജോലിചെയ്യുന്നുണ്ട്. അദ്ദേഹം അവിടത്തെ റിക്രിയേഷന്‍ ക്ലബ്ബിന്റെ സെക്രട്ടറിയുമായിരുന്നു. വൈകുന്നേരങ്ങളില്‍ നാടകത്തിന്റെ റിഹേഴ്സലൊക്കെ കാണും. ഒരുനടന് പകരക്കാരനായാണ് ഞാന്‍ ആദ്യമായി നാടകത്തട്ടില്‍ കയറുന്നത്.  ജി. ശങ്കരപ്പിള്ളസാറിന്റെ 'രക്ഷാപുരുഷന്‍' എന്ന നാടകം. കടമ്മനിട്ടയായിരുന്നു സംവിധായകന്‍. വി.ജെ.ടി. ഹാളില്‍ നിറഞ്ഞ സദസ്സിനു മുന്നില്‍ നാടകം കളിച്ചു. അതായിരുന്നു തുടക്കം. അടിയന്തരാവസ്ഥയ്ക്ക് എതിരായിപ്പോലും ഞങ്ങള്‍ നാടകം കളിച്ചു. പക്ഷേ, പോലീസിന് ഉള്ളടക്കം മനസ്സിലായില്ല. മറിച്ചായിരുന്നെങ്കില്‍ രാജനെപ്പോലെ ഏതെങ്കിലും പോലീസ് ക്യാമ്പില്‍ ഒടുങ്ങിയേനെ ജീവിതം.

placeholder
'ഒരു പെണ്ണും രണ്ടാണും' എന്ന സിനിമയിൽ

പ്രതിഭകള്‍ക്കുമുമ്പില്‍
കടമ്മനിട്ട അന്ന് എഴുത്തുകാരനെന്നനിലയില്‍ അറിയപ്പെട്ടുതുടങ്ങുന്നതേയുള്ളൂ. അദ്ദേഹത്തിന് സാഹിത്യ സാംസ്‌കാരിക ലോകത്ത് കുറേ പരിചയക്കാരുണ്ടായിരുന്നു. ക്ലബ്ബിന്റെ നാടകങ്ങള്‍ കാണാന്‍ അവരൊക്കെ വരും. അന്നെനിക്ക് ഒരു സ്‌കൂട്ടറുണ്ട്. വൈകുന്നേരങ്ങളില്‍ കടമ്മനിട്ട പറയും, സ്‌കൂട്ടറെടുക്ക് നമുക്ക് ഒരിടംവരെ പോകാമെന്ന്. എങ്ങോട്ടെന്ന് ചോദിക്കാതെ ഞാന്‍ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കും. ഏതെങ്കിലുമൊരു പ്രതിഭയെ കാണാനുള്ള യാത്രയാകും അത്. മാധവിക്കുട്ടിയെയും അയ്യപ്പപ്പണിക്കരെയും നരേന്ദ്രപ്രസാദിനെയുമൊക്കെ കാണുന്നതും പരിചയപ്പെടുന്നതും അങ്ങനെയാണ്. 

ഒ.വി. വിജയനെ ആദ്യം കണ്ടത് ഇന്നും ഓര്‍ക്കുന്നു. റിക്രിയേഷന്‍ ക്ലബ്ബിന്റെ പരിപാടിക്ക് കൂട്ടിക്കൊണ്ടുവരാന്‍ കാറുമായി പോയതാണ് ഞാന്‍. ചെറിയ മഴക്കോളുള്ള ദിവസമായിരുന്നു. ഇന്നത്തെ എസ്.യു.ടി. ഹോസ്പിറ്റല്‍ അന്ന് ഹോട്ടലാണ്. അവിടെയാണ് അദ്ദേഹത്തിന്റെ താമസം. അദ്ദേഹം വാതില്‍ തുറന്നു. പോകാം, കാര്‍ കൊണ്ടുവന്നിട്ടുണ്ട് എന്ന് ഞാന്‍ പറഞ്ഞു. ഈ മഴയത്ത് എങ്ങനെ പോകുമെന്നായി അദ്ദേഹം. മഴ ചാറിത്തുടങ്ങിയിട്ടുപോലുമില്ല. അത് പ്രതിഭയായ ഒരു മനുഷ്യന്റെ ആന്തരികവിഹ്വലതയാണെന്ന് എനിക്ക് മനസ്സിലായി. അങ്ങനെയുള്ള പ്രതിഭകളെ അടുത്തറിയാന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു.

നാടകകാലം
'കലാവേദി' എന്ന നാടകസംഘം അന്നൊരു മത്സരം സംഘടിപ്പിച്ചു. അതിലേക്ക് ഞങ്ങള്‍ക്ക് പുതിയൊരു നാടകം വേണമായിരുന്നു. അതിനുവേണ്ടി നരേന്ദ്രപ്രസാദിനെ സമീപിച്ചു. അദ്ദേഹം അന്ന് അധ്യാപകനും നിരൂപകനുമാണ്. ഒരു നോവല്‍ എഴുതിയിട്ടുമുണ്ട്. പറ്റില്ലെന്നുപറഞ്ഞ് ആദ്യം കൈയൊഴിഞ്ഞെങ്കിലും ഞങ്ങളുടെ നിര്‍ബന്ധത്തിന്റെ പുറത്ത് എഴുതിത്തന്നു. 'മൂന്ന് പ്രഭുക്കന്മാര്‍' എന്ന നാടകം. ആ നാടകം കുറേ പുരസ്‌കാരങ്ങള്‍ നേടി. പിന്നെയും അദ്ദേഹത്തെക്കൊണ്ട് ഞങ്ങള്‍ നാടകങ്ങളെഴുതിച്ചു. 

പിന്നെ അദ്ദേഹം 'നാട്യഗൃഹം' എന്ന നാടകസംഘം തുടങ്ങി. ഞാനും അതില്‍ അംഗമായി. കാവാലത്തിന്റെയും ടി.ആര്‍. സുകുമാരന്‍ നായരുടെയും വയലാ വാസുദേവന്‍പിള്ളയുടെയും നാടകസംഘങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന കാലമാണ്. പക്ഷേ, അതിനൊക്കെയും മുകളിലേക്ക് 'നാട്യഗൃഹം' വളര്‍ന്നു. രചനയിലും സംവിധാനത്തിലും പുതുമ നിറഞ്ഞ ആവിഷ്‌കാരങ്ങള്‍. നാടകാസ്വാദകര്‍ ആ പുതുമയെ സ്വീകരിച്ചു. കേരളത്തിലുടനീളം ഞങ്ങള്‍ നാടകം കളിച്ചു. വോള്‍ സോയെങ്കയുടെ 'സ്വാംപ് ഡ്വെല്ലേഴ്സും' സാമുവല്‍ ബെക്കറ്റിന്റെ 'വെയിറ്റിങ് ഫോര്‍ ഗോദോ'യും അടക്കമുള്ള നാടകങ്ങള്‍ അദ്ദേഹം മലയാളികള്‍ക്കായി ആവിഷ്‌കരിച്ചു.
 
മുടവന്‍മുഗളിലെ പയ്യന്മാര്‍
ജോലിയിലും നാടകത്തിലും മുഴുകി ജീവിക്കുന്ന കാലത്തായിരുന്നു വിവാഹം. ഭാര്യ ഇന്ദിരയുടെ വീട് മുടവന്‍മുഗളിലാണ്. കുറച്ചുകാലം അവിടെനിന്നാണ് ഓഫീസിലേക്കു പോയിരുന്നത്. അന്ന് പതിവായി ബസ് സ്റ്റോപ്പില്‍ രണ്ട് പയ്യന്മാരെ കാണും. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനായ വിശ്വനാഥന്‍ നായരുടെ മക്കളാണ്. കാലം കുറേ കഴിഞ്ഞപ്പോള്‍ അവരില്‍ ഇളയയാള്‍ നടനായി. ആ നടനൊപ്പം 'മഹാസമുദ്രം', 'മാടമ്പി', 'ഉടയോന്‍' 'പുലിമുരുകന്‍'എന്നീ സിനിമകളില്‍ ഞാന്‍ അഭിനയിക്കുകയും ചെയ്തു. അന്നത്തെ ആ പയ്യന്‍ മോഹന്‍ലാലായിരുന്നു.

placeholder
'നെയ്ത്തുകാരൻ' എന്ന സിനിമയിലെ ഒരു രംഗം

 ക്യാമറയില്‍
85-ലാണ് മലയാളം ദൂരദര്‍ശന്‍ തുടങ്ങുന്നത്. തുടക്കത്തില്‍ വാര്‍ത്ത മാത്രമായിരുന്നു പ്രക്ഷേപണം ചെയ്തിരുന്നത്. പിന്നെ ചെറിയ തോതില്‍ മലയാളം പരിപാടികള്‍ തുടങ്ങി. 'കുഞ്ഞയ്യപ്പന്‍' എന്ന സ്‌കിറ്റിലൂടെ ഞാന്‍ ക്യാമറയ്ക്ക് മുന്നിലെത്തി. പിന്നെ 'മണ്ടന്‍ കുഞ്ചു' എന്നൊരു സീരിയല്‍. നെടുമുടി വേണുവും കവിയൂര്‍ പൊന്നമ്മയും ഒക്കെയുള്ള സീരിയലാണ്. വേണു സിനിമയില്‍ നായകവേഷം ചെയ്യുന്ന കാലമായിരുന്നു അത്. വില്ലന്‍ കഥാപാത്രമായിരുന്നു എന്റേത്. ശ്രദ്ധിക്കപ്പെട്ടു. 

 'വംശം', 'ജ്വാലയായ്'എന്നിങ്ങനെയുള്ള മികച്ച സീരിയലുകള്‍ പിന്നാലെ വന്നു.  അന്നത്തെ ആ കഥാപാത്രങ്ങളെ ഇന്നും ആളുകള്‍ ഓര്‍ക്കുന്നു. പിന്നീട് സീരിയലുകളുടെ സ്വഭാവം മാറി. ചില സീരിയലുകള്‍ ചെയ്ത് മനസ്സ് മടുത്തിട്ടുണ്ട്. അമൃതയില്‍ 'മഴയെത്തുംമുന്‍പേ' എന്നൊരു സീരിയല്‍ ഇപ്പോള്‍ ചെയ്യുന്നു. മനസ്സിന് സംതൃപ്തി തരുന്ന വേഷമാണ് അതിലേത്.

മതിലുകളിലൂടെ
1989-ല്‍ 'മതിലുകള്‍' എന്ന സിനിമയില്‍ അവസരം ലഭിച്ചു. ബഷീറിന്റെ നോവലിനെ ആസ്പദമാക്കി അടൂര്‍ സാറിന്റെ സിനിമ. പ്രൊഫസര്‍ അലിയാര്‍ വഴിയാണ് ആ അവസരം ലഭിക്കുന്നത്. അദ്ദേഹവും ഞങ്ങളുടെ നാടകസംഘത്തിലെ അംഗമാണ്. സിനിമയില്‍ ജയില്‍പ്പുള്ളികളില്‍ ഒരാളായാണ് ഞാന്‍ അഭിനയിച്ചത്. ഊരുംപേരും ഇല്ലാത്ത കഥാപാത്രം. അങ്ങനെ സിനിമയിലെത്തി. അതിനുമുന്‍പ് സുരേഷ് ഉണ്ണിത്താന്റെ 'ആര്‍ദ്രം' എന്ന സിനിമയില്‍ ഒരു വേഷം കിട്ടിയിരുന്നു. ഒരുദിവസം ഞാന്‍ പോയി അഭിനയിച്ചതുമാണ്. അടുത്ത സീനില്‍ അഭിനയിക്കാനായി ലൊക്കേഷനിലേക്ക് പോകാന്‍ ഇറങ്ങുമ്പോഴായിരുന്നു അച്ഛന്റെ മരണം. അങ്ങനെ ആ വേഷം ഒഴിവായി. നാടകത്തെ സ്‌നേഹിച്ചിരുന്ന ആളായിരുന്നു അച്ഛന്‍. എന്നെ സിനിമയില്‍ കാണാന്‍ അദ്ദേഹത്തിനായില്ല.

placeholder
'മതിലുകള്‍' ഇറങ്ങി നാലുവര്‍ഷം കഴിഞ്ഞ് ഒരു ദിവസം ഓഫീസിലേക്ക് എനിക്ക് ഒരു കോള്‍ വന്നു. അടൂര്‍ സാറാണ്. വൈകുന്നേരം ഒന്ന് വീട്ടിലേക്ക് വരാമോ എന്ന് ചോദിച്ചു. ഞാന്‍ ചെന്നു. അവിടെ അസോസിയേറ്റ് ഡയറക്ടര്‍ മീരാ സാഹേബും അലിയാര്‍ സാറും ഉണ്ടായിരുന്നു. സക്കറിയയുടെ 'ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും' എന്ന കഥ വായിച്ചിട്ടുണ്ടോ എന്ന് അടൂര്‍ സാര്‍ ചോദിച്ചു. ഇല്ല എന്ന് ഞാന്‍ പറഞ്ഞു. അതിലെ തൊമ്മി എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കേണ്ടത്.  മമ്മൂട്ടിയുണ്ട് എന്നെല്ലാം പറഞ്ഞു. 

'മതിലുകളി'ലെപ്പോലെ ചെറിയ കഥാപാത്രമാണെന്നാണ് കരുതിയത്. ഞാന്‍ ആ കഥ വായിച്ചു. തൊമ്മിയെ ചുറ്റിപ്പറ്റിയാണ് കഥ എന്ന് മനസ്സിലായി. 'വിധേയന്‍' എന്ന ആ സിനിമ ജീവിതത്തിലെ  വഴിത്തിരിവായി. സംസ്ഥാന തലത്തില്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചു. ദേശീയ അവാര്‍ഡിനും പരിഗണിക്കപ്പെട്ടു എന്നാണ് അറിഞ്ഞത്. 'നാലു പെണ്ണുങ്ങള്‍', 'ഒരു പെണ്ണും രണ്ടാണും' എന്നീ സിനിമകളിലും അടൂര്‍സാര്‍ വേഷം തന്നു. 
 
അനശ്വരനായ മുരളി
'നാട്യഗൃഹ'ത്തിലെ പ്രധാന നടനായിരുന്നു മുരളി. 'നാട്യഗൃഹം' തുടങ്ങി കുറച്ചുവൈകിയാണ് മുരളി അതില്‍ അംഗമാകുന്നത്. അര്‍പ്പണ മനോഭാവമുള്ള നടനായിരുന്നു. നാടകമായിരുന്നു ജീവിതം. ഉറക്കത്തില്‍ ചോദിച്ചാല്‍ പോലും മുരളി നാടകത്തിലെ സംഭാഷണങ്ങള്‍ പറയും. സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ 'ലങ്കാലക്ഷ്മി' എന്ന നാടകത്തിലെ രാവണന്‍ മുരളിയായിരുന്നു. ആ കഥാപാത്രത്തെ എത്ര അനായാസമായാണ് മുരളി അനശ്വരമാക്കിയത്. മുരളി എക്കാലത്തും എന്റെ അടുത്ത സുഹൃത്തായിരുന്നു. 'വിധേയനു'ശേഷം പിന്നെ ഞാന്‍ അഭിനയിക്കുന്നത് മുരളി നായകനായ 'നാരായം' എന്ന സിനിമയിലാണ്. മുരളി വഴി കിട്ടിയ വേഷമാണ്. പിന്നെയും മൂന്നാല് സിനിമകളില്‍ മുരളിക്കൊപ്പം അഭിനയിച്ചു. 
 
അങ്ങനൊരു പേരുദോഷം
അതിനിടയില്‍ ഞാന്‍ സമാന്തര സിനിമകളിലേ അഭിനയിക്കൂ എന്നൊരു പ്രചാരണം എവിടെ നിന്നോ ഉണ്ടായി. ഞാന്‍ തിരഞ്ഞുപിടിച്ച് അഭിനയിച്ചതല്ലെന്നും ആ കഥാപാത്രങ്ങള്‍ എന്നെ തേടിവന്നതാണെന്നും ആരോടുപറയാന്‍. ഐ.വി. ശശിയുടെ 'അനുഭൂതി' എന്ന സിനിമയില്‍ അഭിനയിച്ചു. നിങ്ങള്‍ ഇതുപോലുള്ള സിനിമയില്‍ അഭിനയിക്കുമെന്ന് ആരറിഞ്ഞു എന്നാണ് അദ്ദേഹം പറഞ്ഞത്. സിനിമയില്‍ അധികം കഥാപാത്രങ്ങളൊന്നും ചെയ്തിട്ടില്ല. ചെയ്തതൊക്കെയും ആളുകള്‍ ഓര്‍ത്തുവയ്ക്കുന്നു എന്നറിയുമ്പോള്‍ സന്തോഷം. അതിലൊന്ന് 'വിധേയനി'ലെ തൊമ്മി എന്ന കഥാപാത്രമാണ്. മറ്റൊന്ന് 'പുലിമുരുകനി'ലെ മൂപ്പനും. സമാന്തര- കച്ചവട സിനിമകളുടെ രണ്ടറ്റങ്ങളാണ് രണ്ട് സിനിമകളും. 
അഭിനയരംഗത്ത് സൗഹൃദങ്ങളില്ല. അതെന്റെ കുറ്റമാണ്. സൗഹൃദങ്ങള്‍ സജീവമായിവയ്ക്കണം. ഞാനത് ചെയ്തില്ല. അവസരംതേടി എവിടേക്കും പോയില്ല. സ്ഥിരവരുമാനമുള്ള ഒരു ജോലി കൈയിലുള്ളതാകാം അതിന് കാരണം. പിന്നെ സിനിമയ്ക്ക് ചേരുന്ന രൂപമോ ശബ്ദമോ ഒന്നും ആയിരുന്നില്ല അന്ന് എന്റേത്. അതും സിനിമയില്‍നിന്ന് പിന്നോട്ടു വലിക്കാനൊരു കാരണം ആയിട്ടുണ്ടാകാം. ഇതിനൊപ്പം കച്ചവടസിനിമയില്‍ അഭിനയിക്കാത്ത വലിയ കൊമ്പത്തെ ആളാണെന്നൊരു പേരുദോഷംകൂടി വന്നതോടെ സ്ഥിതി ഗുരുതരമായി.
 
മറികടക്കാത്ത നിരാശ

വലിയ ആഗ്രഹങ്ങളൊന്നും ഇല്ലാത്ത ആളാണ് ഞാന്‍. എങ്കിലും ജീവിതത്തില്‍ ഒരു നിരാശ അറിഞ്ഞിട്ടുണ്ട്. അത് മറികടക്കാന്‍ കുറേനാളുകളെടുത്തു. ഹോളിവുഡ് ചിത്രം 'ജുറാസിക് പാര്‍ക്കി'ന്റെ രണ്ടാംഭാഗമായ 'ലോസ്റ്റ് വേള്‍ഡി'ല്‍ എനിക്ക് വേഷംകിട്ടി. സ്പീല്‍ബെര്‍ഗിന്റെ സിനിമയില്‍ ഇതുവരെ ഇന്ത്യയില്‍നിന്ന് ഒരു അഭിനേതാവിനും അവസരം ലഭിച്ചിട്ടില്ല. അതെന്നെ സംബന്ധിച്ച് വിലമതിക്കാനാകാത്ത നേട്ടമായിരുന്നു. പക്ഷേ, വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട കാലതാമസംകാരണം ആ വേഷം നഷ്ടപ്പെട്ടു. ഇന്നും അതോര്‍ക്കുമ്പോള്‍ ചെറിയൊരു വിഷമം തോന്നും. 
അപൂര്‍വമായേ തിയേറ്ററില്‍ പോകാറുള്ളൂ. നിങ്ങള്‍ അവസാനം കണ്ട സിനിമ 'തിരുവിളയാടല്‍' അല്ലേ എന്നുംപറഞ്ഞ് നെടുമുടി വേണു കളിയാക്കുമായിരുന്നു.  അവസാനം തിയേറ്ററില്‍ കണ്ട സിനിമ 'പുലിമുരുക'നാണ്.
 
അക്കാലത്തിന്റെ ഓര്‍മകള്‍
 കലയുടെ സജീവലോകമായിരുന്നു അന്ന് തിരുവനന്തപുരം.  പ്രതിഭകളുടെ പ്രതാപകാലമായിരുന്നു അത്. 
പഴയ നാടകകാലത്തെ കുറേ ഓര്‍മകളുണ്ട്. മറക്കാനാവാത്ത കുറേ മനുഷ്യരുണ്ട്. ഒന്നൊഴിയാതെ അവരെല്ലാവരും പോയി. കടമ്മനിട്ട സ്വാതന്ത്ര്യത്തിന്റെ രൂപകമായിരുന്നു. എവിടെപ്പോയാലും ആരാധകരുടെ വന്‍സംഘം ഉണ്ടാകും. മനോഹരമായ ശബ്ദത്തില്‍ കവിത ചൊല്ലിക്കൊണ്ടിരിക്കും. മനസ്സുനിറയെ സ്‌നേഹമായിരുന്നു. 

അയ്യപ്പപ്പണിക്കര്‍ സാര്‍ സുഖമില്ലാതെ കിടക്കുമ്പോള്‍ അദ്ദേഹത്തെ കാണാന്‍ ആശുപത്രിയില്‍ ചെന്നു. അവശനായിരുന്നു അദ്ദേഹം. നിങ്ങള്‍ അയ്യപ്പപ്പണിക്കരെ കാണാന്‍ വന്നതല്ലേ. പക്ഷേ, ഈ കിടക്കുന്നത് അയ്യപ്പപ്പണിക്കരല്ല വയ്യപ്പപ്പണിക്കരാണെന്ന് അദ്ദേഹം പറഞ്ഞു. പിറ്റേദിവസം അദ്ദേഹം മരിച്ചു. 

എല്ലാ അര്‍ഥത്തിലും ജീനിയസ്സായിരുന്നു നരേന്ദ്രപ്രസാദ്. അഭിനയം ഒരിക്കലും അദ്ദേഹത്തിന്റെ മേഖല ആയിരുന്നില്ല. ഒരുപക്ഷേ, സിനിമയില്‍ വന്നിരുന്നില്ലെങ്കില്‍ ഇന്ത്യന്‍ നാടകശാഖ അദ്ദേഹത്തിന്റെപേരില്‍ അറിയപ്പെട്ടേനേ. അദ്ദേഹം മരിച്ചപ്പോള്‍ വാവിട്ടുകരഞ്ഞ മുരളിയെ ഞാനിന്നും ഓര്‍ക്കുന്നു. വൈകാതെ മുരളിയും പോയി. 
 
സിനിമ തിരികെപ്പോകണം
എന്റെ യൗവനത്തിലൊക്കെ ഹിന്ദി സിനിമ അധോലോകത്തിന്റെ പിടിയിലാണെന്നൊരു കേട്ടുകേള്‍വി ഉണ്ടായിരുന്നു. ആ അധോലോകം ഇന്ന് മലയാളസിനിമയില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ചില സിനിമകളുടെ സാമ്പത്തികകാര്യങ്ങളില്‍ ഇ.ഡി. ഇടപെടുന്ന അവസ്ഥയുണ്ടായില്ലേ. മലയാളസിനിമയെ സംബന്ധിച്ച് ജാതിയും മതവും ഒന്നും ഒരു വിഷയമായിരുന്നില്ല. ഇന്ന് അങ്ങനെയാണോ. ഓരോ വിഭാഗത്തില്‍പെട്ടവര്‍ അക്കൂട്ടത്തില്‍പ്പെട്ടവരെ മാത്രമേ സിനിമയില്‍ എടുക്കൂ എന്ന നിലപാടെടുത്താല്‍ അപകടമാണ്. സിനിമ പഴയകാലത്തിന്റെ വിശാലതയിലേക്ക് തിരികെപ്പോകണം. 

കുടുംബം
ജോലിയും അഭിനയജീവിതവും ഒന്നിച്ചുകൊണ്ടുപോകാന്‍ സഹപ്രവര്‍ത്തകരും ഓഫീസേഴ്സും സഹായിച്ചു. ഒരുഘട്ടത്തില്‍ വി.ആര്‍.എസ്. എടുക്കാമെന്ന് തീരുമാനിച്ചപ്പോള്‍പോലും അതുവേണ്ടെന്നാണ് ചുമതലപ്പെട്ടവര്‍ പറഞ്ഞത്. എന്റെ തിരക്കുകളുടെ പേരില്‍ ഒരുജോലിയും പിന്നത്തേക്ക് വെച്ചില്ല. രാത്രി വൈകിയിരുന്നും ജോലി തീര്‍ത്തിരുന്നു. 
ഇതിനൊക്കെയിടയില്‍ അവസാനത്തെ പരിഗണനയായിരുന്നു കുടുംബത്തിന്. രാത്രി പന്ത്രണ്ടാകാതെ വീട്ടില്‍ കയറാത്ത കാലം. അതിനിടയില്‍ മക്കള്‍ വളര്‍ന്നു. ഭാര്യ ഇന്ദിരയുടെ ചുമലിലായിരുന്നു വീട്. മക്കള്‍ സൗമ്യയും ശ്രീജിത്തും മരുമക്കള്‍ വിനുരാജും സൗമ്യയും പിന്നെ മൂന്ന് പേരക്കുട്ടികളും അടങ്ങുന്നതാണ് കുടുംബം.