വിഷാദത്തില്‍ നിന്ന് കരകയറാന്‍ വരച്ചു തുടങ്ങി; ഇന്ന് എഡിഎച്ച്ഡി കുട്ടികള്‍ ഉള്‍പ്പെടെ അമ്പതോളം വിദ്യാര്‍ഥികളുടെ പരിശീലക

വര്‍ണങ്ങള്‍ വിസ്മയം തീര്‍ക്കുന്ന ചിത്രകല. അവിടെ മനോഹരമായ കാന്‍വാസുകളില്‍ വ്യത്യസ്തങ്ങളായ പെയിന്റിങ് തീര്‍ക്കുകയാണ് കണ്ണുപ്രിയ എന്ന അധ്യാപിക. ജീവിതം പലയാവര്‍ത്തി ദിശമാറി സഞ്ചരിച്ചപ്പോഴും കുഞ്ഞുന്നാളില്‍ ഉറങ്ങിക്കിടന്ന തന്റെ സര്‍ഗാത്മകതയെ അവള്‍ പതിയെ പുറത്തെടുത്തു. കടുത്ത പരീക്ഷണങ്ങളിലും മനസ്സിനെ പിടിച്ചുനിര്‍ത്താന്‍ വര ആയുധമാക്കി. സമയമോ കാലമോ തടസമാകാതെ കാന്‍വാസില്‍ മാത്രം ശ്രദ്ധിച്ചു. അതിനായി എല്ലാ അറിവുകളും ആര്‍ജിച്ചു. ഇന്ന് മ്യൂറലും മധുബാനിയും കലംകാരിയും ഉള്‍പ്പെടെ നിരവധി ചിത്രകലകള്‍ കൈമുതലുള്ള, അമ്പതോളം കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക കൂടിയാണവര്‍. കടന്നുവന്ന വഴികളും പെയിന്റിങ്ങിലേക്കുള്ള കടന്നുവരവും ഒരു ചിത്രം വരയ്ക്കുന്ന ശ്രദ്ധയോടെ അവർ ഓര്‍ത്തെടുത്തു…
''ചെറുപ്പം തൊട്ട് കലാപരമായ കാര്യങ്ങള്‍ ചെയ്യാന്‍ താല്പര്യമുണ്ടായിരുന്നു. ഹിന്ദുവിന്റെ യങ് വേള്‍ഡ് മാഗസിനില്‍ കാര്‍ട്ടൂന്‍ കോര്‍ണര്‍ വരാന്‍ ഞാന്‍ കാത്തിരിക്കും. കിട്ടിയപാടെ നിറംപിടിപ്പിച്ച് ബുക്കില്‍ ഒട്ടിച്ച് വയ്ക്കും. ഓണക്കാലമായാല്‍ മുത്തശ്ശിയ്‌ക്കൊപ്പം ഓണത്തപ്പനെ ഒരുക്കും. അതിനായി പേപ്പര്‍ പൂക്കളുണ്ടാക്കും. ബാക്കിവരുന്ന കളിമണ്ണുകൊണ്ട് പഴങ്ങളും പച്ചക്കറികളും പക്ഷികളും നിര്‍മ്മിച്ച് ഷോ പീസുകളാക്കി വീട് നിറയ്ക്കും. മുത്തുകള്‍ കോര്‍ത്ത് പലതരം ആഭരണങ്ങളും രാമച്ചത്തിന്റെ വേരും തേങ്ങാനാരും ചിരട്ടയും ഉപയോഗിച്ച് കിളിക്കൂടും മണ്‍കിളികളും...അങ്ങനെ എന്നാല്‍ കഴിയുള്ള ചെറിയ ക്രാഫ്റ്റുകളെല്ലാം ഉണ്ടാക്കും.
ഏകദേശം ആറ് വര്‍ഷത്തോളം സംഗീതവും പഠിച്ചു. പതിമൂന്നാം വയസ്സില്‍ അച്ഛന്‍ മരിച്ചു. അച്ഛന്റെ മരണശേഷം ഞാന്‍ വളരെ ഒതുങ്ങിപ്പോയി. വരയും ക്രാഫ്റ്റുമെല്ലാം പതിയെ വിട്ട് പഠനത്തിലേക്ക് വഴിമാറി. എങ്കിലും അമ്മയുടെയോ ചേട്ടന്റെ പിറന്നാളിന് എന്റെ കൈകൊണ്ടുണ്ടാക്കിയ എന്തെങ്കിലുമൊന്ന് ഞാന്‍ അവര്‍ക്ക് സമ്മാനിക്കുമായിരുന്നു.''
Content Highlights: Kannupriya, an art teacher, overcame depression through painting and now empowers students, including those with ADHD.