ഒരു തയ്യൽ മെഷീനും 5000 രൂപയും വെച്ച് തുടങ്ങിയ സംരംഭം; ഇന്നത്തെ മൂല്യം 50 കോടി

പാറുൾ ഗുലാത്തി | Instagram
പാറുൾ ഗുലാത്തി | Instagram

നടിയും മോഡലും സംരംഭകയുമാണ് പാറുൾ ഗുലാത്തി. 2009-ൽ'യേ പ്യാർ നാ ഹോഗം കം' എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് കടക്കുന്നത്. പഞ്ചാബി സിനിമയിലൂടെ ബിഗ്‌സ്‌ക്രീനിലേക്കും കടന്നുവന്നു. അതിനുശേഷം ഒട്ടേറെ വെബ് സീരീസുകളിലും സിനിമകളിലും അഭിനയിച്ചു. ഈ വർഷം പുറത്തിറങ്ങിയ 'തൂ യാ മേം' എന്ന സിനിമയിലും അവർ അഭിനയിച്ചു. ഇപ്പോൾ 'ദ ട്രെയിറ്റേഴ്‌സ് ഇന്ത്യ സീസൺ 2'ൽ (The Traitors India Season 2) മത്സരാർഥിയാണ് താരം.

അഭിനയത്തോടൊപ്പം തന്നെയാണ് അവർ ബിസിനസും കെട്ടിപ്പടുത്തത്. 2017-ൽ അവർ ആരംഭിച്ച ഹെയർ എക്സ്റ്റൻഷൻ ബ്രാൻഡായ 'നിഷ് ഹെയർ' ആണ് ആ സംരംഭം. സ്ത്രീകൾക്കായുള്ള ഹെയർ എക്സ്റ്റൻഷനുകൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ കമ്പനിയാണ് 'നിഷ് ഹെയർ' എന്ന് പാറുൾ അവകാശപ്പെടുന്നു. പാറുൾ അമ്മയ്‌ക്കൊപ്പമാണ് കമ്പനി തുടങ്ങിയത്. ഒരു തയ്യൽ യന്ത്രവും വീടിന്റെ സ്വീകരണമുടിയിലെ ചെറിയൊരു സ്ഥലവും വെച്ചായിരുന്നു തുടക്കം.

ഇങ്ങനെയൊരു ബിസിനസ് തുടങ്ങാനുള്ള കാരണവും പാറുളിന്റെ ഒരനുഭവം തന്നെയാണ്. സിനിമ-സീരിയൽ മേഖലയിൽ ജോലി കണ്ടെത്താൻ കഴിയാതെ ദുഷ്‌കരമായ ഘട്ടത്തിലൂടെ കടന്നുപോവുകയായിരുന്നു അവർ. നിരാശയിലായ അവർ വീട്ടിലിരിക്കുമ്പോൾ സ്വന്തം മുടി മുറിച്ചുകളയുകപോലും ചെയ്തു. എന്നാൽ, ഒരു പ്രൊഡക്ഷൻ ഹൗസിനുവേണ്ടിയുള്ള ഷൂട്ട് അവരെ തേടിയെത്തി. പക്ഷേ മുടിയില്ലായ്മ പ്രശ്‌നമാണ്. അപ്പോഴാണ് ഹെയർ എക്സ്റ്റൻഷനുകളുടെ സാധ്യത അവർ തിരിച്ചറിഞ്ഞത്. അങ്ങനെയാണ് 2017-ൽ അതിലേക്ക് കടക്കുന്നതും.

2023-ൽ 'ഷാർക്ക് ടാങ്ക് ഇന്ത്യ' സീസൺ 2-ൽ പാറുൾ പങ്കെടുക്കുമ്പോൾ കമ്പനിയുടെ മൂല്യം ഏകദേശം 50 കോടി രൂപയായിരുന്നു; 2024-2025 കാലയളവിൽ കമ്പനിയുടെ വരുമാനം ഏകദേശം 34 കോടി രൂപയുമായിരുന്നു. കമ്പനി തുടങ്ങുമ്പോൾ വെറും 5000 രൂപ മാത്രമേ കൈയിലുണ്ടായിരുന്നുള്ളൂവെന്നും പാറുൾ പിന്നീടൊരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Actress Parul Gulati Started Nish Hair in 2017 with just Rs 5000 and a sewing machine, Current company valuation reached around Rs 50 crore, Overcame career struggles in the entertainment industry to build a successful entrepreneurial venture, Featured on Shark Tank India Season 2