അവനോടെന്തിനീ നീതി നിഷേധം... ഡ്യൂട്ടിക്കിടെ മരിച്ച പോലീസുകാരന്റെ അച്ഛനമ്മമാര്‍ സര്‍ക്കാറിനോട്

മരിക്കുമ്പോള്‍ സിവില്‍ പോലീസ് ഓഫീസര്‍ ബാലുവിന് പ്രായം ഇരുപത്താറ്. കൊലക്കേസ് പ്രതിയെ പിടിക്കാന്‍ പോവുന്നതിനിടെ വള്ളം മറിഞ്ഞുണ്ടായ അപകടത്തിലാണ് ബാലു മരിച്ചത്. കൃത്യനിര്‍വഹണത്തിനിടെ യൂണിഫോമില്‍ ജീവന്‍ വെടിഞ്ഞ ബാലുവിനെ കുറിച്ച് അന്ന് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തകള്‍ വന്നു. സംഭവം നടന്നിട്ട് പതിനാറ് മാസം കഴിഞ്ഞു. മകന്‍ മരിച്ച വേദനയില്‍ ജീവിക്കുന്ന മാതാപിതാക്കള്‍ക്ക് പക്ഷെ, പറയാനുള്ളത് നിഷേധിക്കപ്പെട്ട നീതിയുടെ കഥയാണ്.
മരിച്ചത് മകനാണ്... നഷ്ടം ഞങ്ങളുടേത്
ആലപ്പുഴ പുന്നപ്ര ആലിശ്ശേരി കാര്‍ത്തികയില്‍ മാത്രം ബാലുവിന്റെ ഓര്‍മകള്‍ തിങ്ങി നിറഞ്ഞ് നില്‍പ്പുണ്ട്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയായിരുന്നു അനിലയുടെയും മുന്‍ സൈനികന്‍ സുരേഷിന്റെയും മകന്‍ എസ്. ബാലു. പോത്തന്‍കോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതിയായ ഒട്ടകം രാജേഷിനെ പിടികൂടാന്‍ പോയ പോലീസ് സംഘം. വര്‍ക്കലയിലെ പണയില്‍കടവില്‍ നിന്ന് പൊന്നുംതുരുത്തിലേക്ക് വള്ളത്തിലായിരുന്നു യാത്ര. വര്‍ക്കല സി. ഐ പ്രശാന്ത്, മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ പ്രശാന്ത്, എസ്. എ. പി. ക്യാമ്പിലെ പോലീസുകാരന്‍ ബാലു, വള്ളക്കാരന്‍ വസന്തന്‍ എന്നിവരായിരുന്നു സംഘത്തില്‍ ഉള്ളത്.
വള്ളം മുങ്ങി. വസന്തനെയും ബാലു ഒഴികെയുള്ള രണ്ട് പോലീസുകാരെയും രക്ഷിക്കാനായി. കായലിന്റെ അടിത്തട്ടിലെ ചെളിയില്‍ കാല്‍ പുതഞ്ഞ ബാലുവിനെ കണ്ടെത്തിയത് ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍... വിറങ്ങലിച്ച മകന്റെ ശരീരമാണ് പിന്നെ ആ അച്ഛനമ്മാര്‍ കാണുന്നത്.
'മരിച്ചത് ഞങ്ങളുടെ മകനാണ്... നഷ്ടം ഞങ്ങള്‍ക്ക് മാത്രമാണ്. സുരക്ഷാ വീഴ്ചയാണ് അവന്റെ ജീവനെടുത്തത്. പരാതിയുമായി മുന്നോട്ടുപോയാല്‍ മരിച്ച മകനെ ഞങ്ങള്‍ക്ക് തിരികെ കിട്ടുമോ. പൊരുത്തപ്പെടാനാവാത്ത ആ നഷ്ടവും മനസ്സിലിട്ട് ജീവിക്കുമ്പോള്‍ അധികാരികളുടെ ഭാഗത്തു നിന്ന് തുടരെ നീതിനിഷേധങ്ങള്‍ നേരിടേണ്ടി വരുന്നു... പ്രതികരിച്ചു... പരാതിപ്പെട്ടു... പക്ഷേ, ഞങ്ങള്‍ക്ക് നീതി ലഭിച്ചില്ല... അക്കാര്യങ്ങള്‍ എല്ലാവരും അറിയേണ്ടതുണ്ട്...' ആ അമ്മ പറഞ്ഞുതുടങ്ങി...
എല്ലാമറിഞ്ഞിട്ടും പരാതിപ്പെട്ടില്ല
'ഡല്‍ഹി പോലീസില്‍ എസ്. ഐ. തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു ബാലു. അതിന്റെ സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷനു വേണ്ടി ബെംഗളുരുവിലേക്ക് പോകാന്‍ ലീവിന് അപേക്ഷിച്ചിരുന്നു. മരിക്കുന്ന ദിവസം മുതല്‍ലങ്ങോട്ട് അഞ്ച് ദിവസത്തേക്ക് അവന്റെ ലീവ് അനുവദിച്ച് കിട്ടിയതുമാണ്. അതിനിടെയാണ് തിരുവനന്തപുരത്തു നിന്ന് ശിവഗിരിയിലേക്കും അവിടെ നിന്ന് വര്‍ക്കലയിലേക്കും അവനെ ഡ്യൂട്ടിക്ക് വിടുന്നത്. ജോലിയുടെ ഭാഗമായുള്ള യാത്രയിലാണ് അവന്‍ അപകടത്തില്‍പ്പെടുന്നതും മരിക്കുന്നതും.
അവധിക്ക് വീട്ടില്‍ എത്തേണ്ടുന്ന ദിവസം മകന് ഇങ്ങനെയൊരു അപകടം പറ്റി. പോലീസുകാരനാണ്... ഡ്യൂട്ടി പ്രധാനമാണ്... അതെല്ലാം ഞങ്ങള്‍ക്ക് അറിയാം. പക്ഷേ, കായലില്‍ മീന്‍പിടുത്തത്തിന് കൊണ്ടുപോകുന്ന ചെറിയ ഓടിവള്ളത്തിലാണോ ഇത്രയും പേര്‍ പ്രതിയെ പിടിക്കാന്‍ പോകേണ്ടത്. അതും ഒരു സുരക്ഷാ സംവിധാനവും ഇല്ലാതെ. വള്ളം മുന്നോട്ട് പോയപ്പോള്‍ത്തന്നെ വെള്ളം കയറി മുങ്ങുകയായിരുന്നു.
ഞങ്ങളുടെ മകന്റെ കാലില്‍ ഭാരമുള്ള ഷൂസാണ് ഉണ്ടായിരുന്നത്. അത്യാവശ്യം നീന്തല്‍ അറിയാമായിരുന്നിട്ടും അവന്‍ മുങ്ങിപ്പോയി. ചെളിയില്‍ പുതഞ്ഞകാല്‍ വലിച്ചെടുക്കാന്‍ പറ്റാഞ്ഞത് ആ ഷൂസിന്റെ ഭാരംകൊണ്ടാണ്. ഇക്കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും ഞങ്ങള്‍ എവിടെയും പരാതിപ്പെട്ടില്ല.
തെറ്റ് തെറ്റല്ലാതാകുമോ?
സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി. ടെക്ക് പൂര്‍ത്തിയാക്കിയിരുന്നു ബാലു. ഇക്കണോമിക്‌സില്‍ ബിരുദവും നേടി. പോലീസില്‍ ജോലി നേടി. തൃശ്ശൂരില്‍ 10മാസത്തെ ട്രെയിനിങ്. തിരുവനന്തപുരം എസ്. എ. പി. ക്യാമ്പില്‍ ജോലിക്ക് കയറിയിട്ട് രണ്ട്മാസം കഴിയുമ്പോഴാണ് ഈ അപകടം. യാതൊരു സുരക്ഷാ മുന്നൊരുക്കവും ഇല്ലാതെയാണ് സര്‍വീസിലെ തുടക്കക്കാരനായ എന്റെ മകന്‍ ഉള്‍പ്പെടെയുള്ള സംഘം പ്രതിയെ പിടിക്കാന്‍ തുരുത്തിലേക്ക് പോകുന്നത്. ആരുടെ ഭാഗത്തു നിന്നുള്ള വീഴ്ചയായാലും തെറ്റ് തെറ്റല്ലാതാകുമോ. പരാതിപ്പെടാഞ്ഞതു കൊണ്ടാവാം പിന്നീട് തുടരെ നീതിനിഷേധങ്ങള്‍ ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നത്.
കൃത്യനിര്‍വഹണത്തിനിടെ മരിച്ച സര്‍ക്കാര്‍ ജീവനക്കാരനാണ് അവന്‍. വെള്ളത്തില്‍ നിന്ന് കരയ്‌ക്കെടുക്കുമ്പോഴും അവന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത് കേരളാ പോലീസിന്റെ യൂണിഫോമാണ്. ഇതെല്ലാം ആരാണ് മറന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മരിച്ചാല്‍ ആശ്രിത നിയമനം എന്നുണ്ട്. അത് അവന്റെ അനിയന്‍ ബിനുവിന് അര്‍ഹതപ്പെട്ടതാണ്. ബാലു മരിച്ചിട്ട് മാസം 16 കഴിഞ്ഞു. എന്തുകൊണ്ടാണ് അക്കാര്യത്തില്‍ തീരുമാനം ആകാത്തത്.
കൃത്യനിര്‍വഹണത്തിനിടെ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കാറുണ്ട് അടുത്തിടെ മരിച്ച ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ രഞ്ജിത്തിന്റെയും ഡോ. വന്ദനയുടെയും കാര്യത്തില്‍ കാലതാമസമില്ലാതെ സര്‍ക്കാര്‍ ആ ആനുകൂല്യം നല്‍കുകയുണ്ടായി. പക്ഷേ, ഞങ്ങളുടെ മകന്റെ കാര്യത്തില്‍ അതും ഞങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ പോലും തടഞ്ഞു.
നീങ്ങാത്ത ഫയല്‍
കൃത്യനിര്‍വഹണത്തിനിടെ യൂണിഫോമില്‍ മരണപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരനാണ് ബാലു. നിയമ പ്രകാരം മൂന്ന് ഡിപ്പാര്‍ട്ടുമെന്റുകളില്‍ ആശ്രിത നിയമനത്തിന് അനുമതി ഉണ്ട്. ആലപ്പുഴയിലെ ലോക്കല്‍ ഫണ്ട് ഓഫീസിലേക്ക് നിയമനം സാധിക്കും. അന്വേഷിച്ചപ്പോള്‍ ഒഴിവില്ല എന്ന മറുപടിയാണ് കിട്ടിയത്. പക്ഷേ, വൈകാതെ അവിടെ ഇതേ രീതിയില്‍ ഒരു നിയമനം നടന്നു.
വിവരാവകാശ നിയമ പ്രകാരം ഞങ്ങള്‍ രേഖകള്‍ എടുത്തു. 27 ഒഴിവുകള്‍ ഉണ്ട് എന്ന് മനസ്സിലായി. അതില്‍ ഒരു വേക്കന്‍സി ഞങ്ങള്‍ക്ക് കിട്ടേണ്ടതല്ലേ. അങ്ങനെയാണ് കഴിഞ്ഞ ജനുവരിയില്‍ കോടതിയെ സമീപിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്ത് കോടതിയെ അറിയിക്കണമെന്ന് ഇടക്കാല ഉത്തരവ് ഉണ്ടായി. എന്നിട്ടുപോലും ഫയല്‍ സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പില്‍ നിന്ന് അനങ്ങിയിട്ടില്ല. ഇതൊക്കെയാണ് അവസ്ഥ.
കിട്ടിയില്ല പരിഗണന
അവന്റെ ജീവന് പകരമാകില്ല ഒരു സഹായവും. ഇത് അവന്റെ ജീവന്‍ വച്ചുള്ള വിലപേശലുമല്ല. സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന് പറയാറുണ്ട്. റവന്യൂ വകുപ്പില്‍ ഉദ്യോഗസ്ഥയായിരുന്നു ഞാന്‍. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതെ കൃത്യമായി സര്‍വീസ് പൂര്‍ത്തിയാക്കിയ ആള്‍. ആശ്രിത നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഒരുപാട് ഫയലുകള്‍ സര്‍വീസ് കാലഘട്ടത്തില്‍ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. അര്‍ഹതപ്പെട്ട ഒരു ആനുകൂല്യവും ആര്‍ക്കും നിഷേധിക്കപ്പെടാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും എന്റെ മകന്റെ കാര്യത്തില്‍ എനിക്ക് നീതി നിഷേധിക്കപ്പെട്ടു.
മകന്റെ സര്‍വീസ് ആനുകൂല്യങ്ങളാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. മരിച്ചു പോയ എന്റെ മകനോട് കാണിക്കേണ്ട നീതിയാണ് അത്. ഞങ്ങള്‍ക്ക് ഇതിന്റെ നൂലാമാലകള്‍ അറിയാം. അവകാശം നിഷേധിക്കപ്പെടുകയാണെന്ന് അറിയാം. ഇതുപോലെ എത്ര പേര്‍ ഇങ്ങനെ പറ്റിക്കപ്പെടുന്നുണ്ടാകും. വ്യവസ്ഥിതി മാറണം.
ഉടനടി എല്ലാം നടപ്പാക്കണം എന്ന് ഞങ്ങളൊരിക്കലും പറഞ്ഞിട്ടില്ല. 16മാസം കാത്തിരുന്നു. അതൊരു ചെറിയ കാലയളവല്ല. വിവിധ വകുപ്പുകളില്‍ കയറിയിറങ്ങി. എല്ലാം പരിഗണിക്കാം എന്ന വാക്ക് മറുപടിയായി കിട്ടിക്കൊണ്ടിരുന്നു. പക്ഷേ, ഇന്നേവരെ ഒരു പരിഗണനയും ലഭിച്ചിട്ടില്ല... ആ അമ്മ പറഞ്ഞുനിര്‍ത്തി
വേദന ബാക്കി
2021ഡിസംബര്‍ 18. ദുസ്വപ്‌നമെന്നു കരുതി മറന്നുകളയാനാഗ്രഹിക്കുന്ന ആ ദിവസത്തെ ബാലുവിന്റെ അച്ഛന്‍ സുരേഷ് ഓര്‍ത്തെടുത്തു. അന്ന് ഞാനും ഭാര്യയും മാത്രമേ വീട്ടില്‍ ഉള്ളൂ. ഇളയ മകന്‍ ബിനു പുറത്തെവിടെയോ പോയി. മകന്‍ ജോലിസ്ഥലത്തും. വൈകുന്നേരം അവന്‍ ലീവിന് വരും. അവനിഷ്ടപ്പെട്ട ഭക്ഷണമൊക്കെയുണ്ടാക്കി കാത്തിരിക്കുകയാണ് ഞങ്ങള്‍.
അതിനിടയ്ക്ക് ബാലു വീട്ടില്‍ ഉണ്ടോ എന്ന് ചോദിച്ച് ചേട്ടന്റെ മകന്റെ ഫോണ്‍ വന്നു. അവന്‍ വൈകിട്ട് വരും എന്ന് ഞാന്‍ പറഞ്ഞു. ബാലുവിനെപ്പറ്റി എന്തോ വാര്‍ത്ത ടി. വിയില്‍ കാണിക്കുന്നുണ്ടെന്ന് അവന്‍ പറഞ്ഞു. അവന് തോന്നിയതായിരിക്കും എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വച്ചു.
ഫോണ്‍ വീണ്ടും ശബ്ദിച്ചു. ഇത്തവണ ഒരു പരിചയക്കാരനാണ്. ടി.വി ഒന്ന് വച്ചു നോക്കണേ എന്ന് പറഞ്ഞ് അയാള്‍ ഫോണ്‍ വച്ചു. അതോടെ സംശയമായി. വീട്ടിലന്ന് ടി. വി കേടാണ്. ഉടനെ തൊട്ടടുത്ത വീട്ടിലേക്ക് പോയി. ചാനല്‍ മാറ്റിയതും കാണുന്നത് സിവില്‍ പോലീസ് ഓഫീസര്‍ ബാലു അപകടത്തില്‍ മരിച്ചു എന്ന വാര്‍ത്തയാണ്. വെള്ളത്തില്‍ നിന്ന് എടുത്തു കൊണ്ടുപോകുന്ന അവന്റെ ദൃശ്യങ്ങളും കാണിക്കുന്നുണ്ട്. ഞാള്‍ വീണുപോയി.
മകന്‍ മരിച്ചു എന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാന്‍ ഇന്നും കഴിയുന്നില്ല... ജീവിച്ചിരുന്നെങ്കില്‍ ബാലു ഒരുപാട് മുന്നോട്ട് പോയേനേ. സൈക്ലിങ്, ഓട്ടം, ചാട്ടം എല്ലാത്തിലും മിടുക്കനായിരുന്നു അവന്‍. ഒരുപാട് കൂട്ടുകാരൊക്കെയുണ്ട്.
ദീര്‍ഘകാലം സൈനികനായിരുന്നു ഞാന്‍. കാര്‍ഗില്‍ യുദ്ധത്തിലൊക്കെ പങ്കെടുത്തിട്ടുണ്ട്. നാട്ടില്‍ മടങ്ങി വന്ന് മക്കള്‍ക്കൊപ്പം നല്ലൊരു ജീവിതം ജീവിക്കണം എന്ന സ്വപ്‌നത്തിന്റെ ബലത്തിലാണ് അക്കാലമൊക്കെ കഴിച്ചുകൂട്ടിയത്. പക്ഷേ, ആഗ്രഹിച്ച വിശ്രമ ജീവിതം ഇങ്ങനെയായി. മക്കളുടെ മരണത്തേക്കാള്‍ വലിയ മറ്റെന്ത് വേദനയാണ് ഒരാള്‍ക്ക് ജീവിതത്തില്‍ അനുഭവിക്കാനുള്ളത്... സുരേഷ് ചോദിക്കുന്നു.
Content Highlights: drowned policeman's parents speaks out