“ഇടയ്ക്ക് അമ്മ വന്ന് 'പൈസ ഇങ്ങ് തന്നേക്ക്, ഞാൻ സൂക്ഷിച്ചു വെക്കാം' എന്ന് പറയും”

നീലപ്പീലി വിടർത്തുന്ന കൃഷ്ണനും, നിലവിളക്കിന്റെ നാളങ്ങളിൽ തെളിയുന്ന ഐശ്വര്യവും ഓരോ വിഷുവും നമുക്ക് സമ്മാനിക്കുന്നത് മനോഹരമായ ചില ഓർമ്മച്ചെപ്പുകളാണ്. പ്രിയം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ നായിക ദീപാ നായർ ഇന്നും നമ്മുടെ ഓർമ്മകളിൽ മായാതെ നിൽക്കുന്നു. വർഷങ്ങൾക്കിപ്പുറം, ഒരു വിഷുക്കാലത്തിന്റെ സമൃദ്ധിയിൽ ആ ഓർമ്മകൾ വീണ്ടും പൂത്തുലയുന്നു. തന്റെ ജീവിതത്തിലെ സുന്ദരമായ വിഷു സ്മരണകൾ പങ്കുവെക്കുകയാണ് നടി. വാക്കുകളിൽ ഇന്നും കാത്തുസൂക്ഷിക്കുന്ന ആ പഴയ പ്രസരിപ്പും, പ്രിയത്തിലെ ആ പഴയ പെൺകൊടിയുടെ നിഷ്കളങ്കതയും ഇഴചേരുന്ന സംഭാഷണം
വിഷുവിന് നാട്ടിൽ ഉണ്ടാവാറുണ്ടോ?
ആഘോഷങ്ങളെങ്ങനെയാണ്?
ഇല്ല, വിഷുവിന് നാട്ടിലുണ്ടായിട്ട് ഇപ്പോൾ ഏകദേശം എട്ട് വർഷത്തോളമായി. അതിനു മുൻപും കുറെ വർഷങ്ങൾ നാട്ടിലെ വിഷു മിസ്സ് ചെയ്തിട്ടുണ്ട്. എന്നാൽ വർഷത്തിലൊരിക്കൽ എങ്ങനെയെങ്കിലും നാട്ടിലെത്താറുണ്ട്. ആറ്റുകാൽ പൊങ്കാല സമയത്ത് വരണമെന്നത് എനിക്ക് നിർബന്ധമുള്ള കാര്യമാണ്. കഴിഞ്ഞ മൂന്നാല് വർഷമായി ആ സമയത്ത് മുടങ്ങാതെ എത്താറുണ്ട്. നാട്ടിലുണ്ടായിരുന്നതിനേക്കാൾ ഗംഭീരമായാണ് ഇപ്പോൾ ഞങ്ങൾ മെൽബണിൽ വിഷു ആഘോഷിക്കുന്നത്. കഴിഞ്ഞ പത്ത് വർഷമായി ഇവിടെ വിഷുക്കണി ഒരുക്കാറുണ്ട്. മക്കൾ നമ്മുടെ പാരമ്പര്യവും രീതികളും അറിഞ്ഞു തന്നെ വളരണമെന്ന് എനിക്കും ഭർത്താവ് രാജീവിനും നിർബന്ധമുണ്ട്. അതുകൊണ്ട് നാട്ടിൽ ചെയ്തിരുന്നതിനേക്കാൾ ഒരുപടി കൂടി വിപുലമായി ഇവിടെ കണിയൊരുക്കാൻ ശ്രമിക്കാറുണ്ട്. ഒരു വിഷുവിന് അമ്മായിയമ്മ കൊന്നപ്പൂവിന്റെ പ്രിൻഡുള്ള സാരി സമ്മാനിച്ചിരുന്നു. അവർ മരിച്ചിട്ട് ഇപ്പോൾ മൂന്നുവർഷമായി. ഞാൻ ഇതുവരെ ആ സാരി ഉടുത്തിട്ടില്ല. ഇത്തവണ ഉടുക്കണമെന്നുണ്ട്.
Content Highlights: Deepa Nair reminisces about childhood Vishu Kaineettam experiences., The actress highlights the importance of preserving cultural traditions in Melbourne., Exclusive interview featured in the April 2026 issue of Grihalakshmi.