‘അമ്മയെന്നെ വാട്ട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്തു, ആറുമാസത്തേക്ക് സംസാരിച്ചില്ല‘ ഭാഗ്യശ്രീ ബോർസെ

വളരെ സാധാരണമായൊരു പശ്ചാത്തലത്തിൽ നിന്ന് വളർന്നുവന്നയാളാണ് നടി ഭാഗ്യശ്രീ ബോർസെ. ലെനിൻ സിനിമയിൽ നായികയായതോടെ ഭാഗ്യശ്രീക്ക് വ്യാപകമായി അംഗീകാരം ലഭിക്കാൻ തുടങ്ങി. അഖിൽ അക്കിനേനിയോടൊപ്പം ഭാഗ്യശ്രീ അഭിനയിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടി. എന്നാൽ അവർ സിനിമ ഇൻഡസ്ട്രിയിലേക്ക് വരുന്നതിനോട് സ്വന്തം കുടുംബത്തിന് ഒട്ടും താൽപ്പര്യമുണ്ടായിരുന്നില്ല. കരിയർ തിരഞ്ഞെടുപ്പിനോടുള്ള കുടുംബത്തിന്റെ എതിർപ്പിനെ എങ്ങനെയാണ് നേരിട്ടതെന്ന് ഒരു വിദ്യാർത്ഥി ചോദിച്ചപ്പോൾ, ഭാഗ്യശ്രീ നൽകിയ മറുപടി ശ്രദ്ധിക്കപ്പെടുകയാണ്.
"ഞാൻ അമ്മയെ വിളിച്ചു. അവർ 'നോ' പറഞ്ഞു, അച്ഛനെ വിളിച്ചു. അമ്മ 'നോ' എന്നാണ് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. സഹോദരിയെങ്കിലും എന്നെ പിന്തുണയ്ക്കുമെന്ന് കരുതി. അതുമുണ്ടായില്ല. എല്ലാവരും 'നോ' പറഞ്ഞു." ഈ എതിർപ്പൊന്നും ഒരു മോശം ഉദ്ദേശ്യത്തോടെയുള്ളതായിരുന്നില്ലെന്നും അവർ വ്യക്തമാക്കി. "നിങ്ങൾ ഒരു രക്ഷിതാവാകുമ്പോൾ മാത്രമേ ഇത് മനസ്സിലാകൂ. ആ ഭയമവിടെയുണ്ട്, അത് മാറ്റാൻ നിങ്ങൾക്കാവില്ല, ലോകം വളരെ വലുതാണ്, അവിടെ ദുഷ്ടന്മാരുണ്ടാകും, ദുഷ്ട മനുഷ്യരുണ്ടാകും എന്നവർ ഭയക്കുന്നു."
എന്നാൽ മറ്റെല്ലാ കാര്യങ്ങളെയും മറികടക്കുമെന്ന ഒരു ചിന്ത തനിക്കുണ്ടായിരുന്നുവെന്ന് ഭഗ്യശ്രീ വിശദീകരിച്ചു. "എന്റെയുള്ളിൽ ഈയൊരു കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ, 80 വയസ്സാവുമ്പോൾ അത് ചെയ്യാമായിരുന്നു എന്ന് പറയേണ്ടി വരരുത്. ഞാൻ ഖേദങ്ങളെ ഇഷ്ടപ്പെടുന്നില്ല. നമ്മളാരും ജീവിതത്തിൽ ഖേദിക്കാൻ പാടില്ല. അത് നമ്മളെ പിന്നോട്ട് വലിക്കും. നിങ്ങൾക്ക് എന്തു ചെയ്യണമെങ്കിലും, അത് ചെയ്യുക," അവർ പറഞ്ഞു.
അങ്ങനെ ഭാഗ്യശ്രീ ഓഡിഷനുകൾക്ക് പോയിത്തുടങ്ങി. വീട്ടിലുമത് ഉടൻ പ്രതിഫലിച്ചു. "എന്റെ അമ്മയെന്നെ വാട്ട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്തു (blocked me). ആറു മാസത്തോളം എന്നോട് സംസാരിച്ചില്ല. ഞാനിപ്പോൾ പുഞ്ചിരിയോടെ ഇത് പറയുന്നുണ്ടാവാം, പക്ഷെ അത് വേദനിപ്പിക്കുന്ന സമയമായിരുന്നു. എന്റെ തലയിൽ ഒരൊറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ. അവർക്ക് എന്നെക്കുറിച്ച് അഭിമാനമുണ്ടാകും. സ്വതന്ത്രയായ ഒരു പെൺകുട്ടിക്ക്, ജീവിതം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാനുള്ള കഴിവ് സ്വന്തം കൈകളിൽ തന്നെയുണ്ടാവും."
ആദ്യത്തെ വലിയ ശമ്പളം കൊണ്ട് എന്തു ചെയ്തുവെന്ന് ചോദിച്ചപ്പോൾ പാരന്റ്സിന് ചിലത് വാങ്ങിക്കൊടുത്തുവെന്നവർ മറുപടി പറഞ്ഞു. എന്റെ മനസ്സെപ്പോഴും ആദ്യം അവർക്കെന്തെങ്കിലും വാങ്ങണമെന്ന് ചിന്തിക്കുന്നു. എനിക്കുവേണ്ടി എന്തെങ്കിലും വാങ്ങുന്നത് ശ്രമകരമാണ്. എന്റെ അമ്മയെപ്പോലുള്ളവർക്ക് വേണ്ടിയാകുമ്പോൾ എത്ര വേണമെങ്കിലും ഞാൻ ചെലവഴിക്കും. അത് എനിക്കുവേണ്ടിയാകുമ്പോൾ, ഞാൻ 'ഇല്ല' എന്ന് പറയും."-അവർ പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bhagyashri Borse faced 6 months of silence from her mother after pursuing acting., The actor emphasizes the importance of women having their own bank accounts., A childhood incident involving a Rs 200 purchase shaped her financial independence., Success in the film 'Lenin' validated her decision to pursue her dreams despite family resistance.