‘എന്താ എന്നെ കൊണ്ടുപോകാത്തതെന്ന് നിരന്തരം ദൈവത്തോട് ചോദിച്ച ഒരു കാലമുണ്ട്’

''നിസ്സഹായതയുടെ വക്കിൽ പോയിനിന്ന് ജീവിതം ഇനിയെങ്ങോട്ടെന്ന് അന്തിച്ച് സങ്കടപ്പെടുന്ന സ്ത്രീകൾ എന്റെയടുത്ത് വരാറുണ്ട്. അവർ സങ്കടം മുഴുവനും പറഞ്ഞുകഴിയുമ്പോൾ ഞാൻ പറയും: മോളേ, ഞമ്മക്കിട്ട അരി ഞമ്മക്കന്നെ... അത് തീർന്നാ മൂപ്പരന്നെ വിളിക്കും. നീ ബേജാറാകാണ്ടിരി എന്ന്.'' കുരുമുളകിന്റെയും ജാതിപത്രിയുടെയും കറുവപ്പട്ടയുടെയും മണം പ്രസരിപ്പിക്കുന്ന മസാലക്കൂട്ടുകളും പലതരം അച്ചാറുകൾ നിറച്ച ചില്ലുഭരണികളും നിറഞ്ഞ അടുക്കള. അടുപ്പിലേറിയ ചെമ്പുതുറന്ന് ഗന്ധത്തിന്റെ ജിന്നിനെ പറത്തിവിട്ട് ആബിദാ റഷീദ് പറയുകയാണ് ജീവിതം മൊരിഞ്ഞുപാകമായൊരു കോഴിക്കോടൻ പലഹാരമാണെന്ന്. വെളിച്ചെണ്ണയിൽ കുളിച്ചുകയറിയ കല്ലുമ്മക്കായയുടെ ഉള്ളിൽ നിറച്ച രഹസ്യരുചിക്കൂട്ടുപോലെ ചിലതുകൊണ്ട് ജീവിതത്തെയും സുന്ദരമാക്കാമെന്ന്. ആബിദാ റഷീദ് ഇന്നൊരു ബ്രാൻഡ് നെയിമാണ്. മലബാറിന്റെ തനതു വിഭവങ്ങൾ വിളമ്പിയും മസാലക്കൂട്ടുകളെ പല കടലുകൾക്കക്കരെയെത്തിച്ചും അവർ രുചിയുമായി കൈകോർത്ത് ജീവിതത്തെ വരുതിയിൽ നിർത്തി. ജീവിതസാരവും വിജയത്തിന്റെ സൂത്രവാക്യവും പങ്കിടാൻ ആബിദയെ പ്രാപ്തയാക്കിയൊരു ഭൂതകാലമുണ്ട്. അനുഭവങ്ങളുടെ ധാരാളിത്തം കൊണ്ട് ജീവിതത്തെ അളന്നു പഠിച്ച നാളുകളുടെ ഓർമ്മകളിലേക്ക്...
ഊട്ടിയിൽനിന്നും
കോഴിക്കോട് വലിയങ്ങാടിക്ക് അടുത്തുള്ള തറവാട്. മൂന്നു പെണ്ണും ഒരാണുമായി അവിടെ നാല് മക്കൾ. കൂട്ടത്തിൽ ഏറ്റവും ഇളയകുട്ടിയായിരുന്നു ആബിദ. ''അക്ഷരങ്ങൾ പഠിച്ചുതുടങ്ങേണ്ട പ്രായമായപ്പോൾ വീടിനടുത്തുതന്നെയുള്ള സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്‌കൂളിൽ എന്നെ ചേർത്തു. നാലാം ക്ലാസിൽ തോറ്റതോടെ ഇനിയവിടെ തുടർന്നുപഠിപ്പിക്കില്ലെന്നായി. അന്നൊക്കെ സാമ്പത്തികശേഷിയുള്ള വീടുകളിലെ കുട്ടികളെ പുറത്തുവിട്ട് പഠിപ്പിക്കുന്നൊരു പതിവുണ്ട്. ആൺകുട്ടികളെ ഏർക്കാട് സ്‌കൂളിലും പെൺകുട്ടികളെ ഊട്ടിയിലും പഠിക്കാൻവിടും. അങ്ങനെ എന്നെ ഊട്ടിയിലേക്ക് വിട്ടു. വീട്ടിൽ ഞങ്ങൾ കുട്ടികളെ നോക്കാൻ ആയമാരൊക്കെയുണ്ട്. ഉമ്മയെയും ആയയേയുമൊക്കെ പിരിഞ്ഞുനിൽക്കുക പ്രയാസമായിരുന്നു. എന്തായാലും ഒന്നൊന്നര വർഷം ഊട്ടിയിൽ പഠിച്ചു. ഇറ്റാലിയൻ കന്യാസ്ത്രീകളുടെ ശിക്ഷണമായിരുന്നു അവിടെ.
ഊട്ടിയിൽ നിന്ന് പോന്നശേഷം കോഴിക്കോട് ഗവൺമെന്റ് ഗണപത് ഗേൾസ് ഹൈസ്‌കൂളിലാണ് ചേർന്നത്. How to be a pretty woman? അതായിരുന്നു ഊട്ടിയിലെ പഠനത്തിന്റെ അടിത്തറ. പക്ഷേ, നാട്ടിലെ സർക്കാർ സ്‌കൂൾ അങ്ങനെയല്ല. ജീവിതത്തിൽ എവിടെയെങ്കിലുമൊക്കെ ഓർക്കാൻ പാകത്തിനുള്ള പാഠങ്ങളാണ് സർക്കാർ സ്‌കൂളിൽ നിന്ന് കിട്ടുന്നത്. പത്താംക്ലാസ് വരെ അവിടെയാണ് പഠിച്ചത്. പക്ഷേ, ഊട്ടിയിലെ പഠനം ഇംഗ്ലീഷ് ഭാഷയെ മെരുക്കാൻ സഹായിച്ചു. അവിടുന്ന് പഠിച്ച ഭാഷയാണ് ജീവിതത്തിന്റെ ഈയറ്റം വരെ എനിക്ക് പ്രയോജനപ്പെട്ടത്.''
വീടെന്ന ലോകം
കച്ചവടത്തിന്റെ മർമ്മം മനസ്സിലാക്കിയ കുടുംബം. വിവാഹമാണ് സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ഘട്ടമെന്ന അക്കാലത്തിന്റെ പൊതുബോധത്തിനെതിരായിരുന്നു അവരുടെ ജീവിതം. ''അന്നൊക്കെ പത്താം ക്ലാസൊക്കെ എത്തിയിട്ടും പെൺകുട്ടിയുടെ കല്യാണം കഴിഞ്ഞില്ലെങ്കിൽ കുടുംബത്തിലും സമൂഹത്തിലുമൊക്കെ വലിയ പ്രശ്നമാണ്. കുടുംബം അതിനെ വലിയ നാണക്കേടായാവും കാണുക. പക്ഷേ, എന്തോ ഭാഗ്യത്തിന് എനിക്ക് കുറച്ച് ഇളവുകളൊക്കെ കിട്ടി.
ഉഷാറായി ജീവിക്കാനറിയാവുന്ന സ്ത്രീയായിരുന്നു ഉമ്മ. ഉപ്പയ്ക്ക് മരക്കച്ചവടമായിരുന്നു. ഉമ്മയും ഉമ്മയുടേതായ രീതിയിൽ വരുമാനം ഉണ്ടാക്കി. കച്ചവടക്കാരെ കണ്ടാണ് വളർന്നത്. സഹോദരിയുടെ കല്യാണം കഴിഞ്ഞ് അവരുടെ ഭർത്താവ് പഠനാവശ്യത്തിനും മറ്റുമായി പലയിടങ്ങളിലേക്ക് യാത്രപോകും. ആ യാത്രകളിൽ അതാതു സ്ഥലങ്ങളിൽനിന്ന് തുണികൾ കൊണ്ടുവരും. അതൊക്കെവച്ച് ഞങ്ങൾ കോഴിക്കോട് എക്സിബിഷനുകളൊക്കെ സംഘടിപ്പിക്കും. എന്റെ സഹോദരിയാണ് കോഴിക്കോട് ആദ്യമായൊരു ബൊട്ടീക്ക് തുടങ്ങുന്നത്.
ഞാനും സമാന്തരമായി ചെറിയ കച്ചവടം നടത്തി. ബ്രോയിലർ കോഴിയെ വളർത്തലും മറ്റും. ഡിഗ്രിക്ക് പോകട്ടേ എന്ന് ചോദിച്ചപ്പോ എന്തിനാ ഇനി പഠിക്കുന്നത് കല്യാണം കഴിച്ച് ജീവിക്കാനുള്ളതല്ലേ എന്നാണ് ഉപ്പ ചോദിച്ചത്. പക്ഷേ, എന്റെ നിർബന്ധത്തിന് ഉപ്പ വഴങ്ങി. പ്രൊവിഡൻസ് കോളേജിൽ ഡിഗ്രി ഇംഗ്ലീഷ് സാഹിത്യം. അതൊരു ഉഗ്രൻ കാലമായിരുന്നു. '
ആദ്യ പരീക്ഷണം
ആബിദയ്ക്ക് പാചകത്തോട് പ്രിയം തോന്നിത്തുടങ്ങുന്നതും കുട്ടിക്കാലത്തുതന്നെയാണ്. ''വീട്ടിൽ അടുക്കള കൈകാര്യം ചെയ്യാൻ ജോലിക്കാരുണ്ടായിരുന്നു. എന്നു കരുതി ഞാനവിടെനിന്ന് മാറിനിന്നിട്ടില്ല. മാസികകളും പാചക പുസ്തകങ്ങളും നോക്കി വ്യത്യസ്ത ഭക്ഷണ പരീക്ഷണങ്ങൾ നടത്തി. അടുക്കള എനിക്കിഷ്ടമായിരുന്നു. നെല്ല് കുത്താനും അരിയിടിക്കാനും അവിലുകുത്താനും പത്തിരിപ്പൊടിയുണ്ടാക്കാനും എല്ലാം ഞാനും കൂടും. ഇപ്പോൾ കുക്കറി ടിപ്സ് ഒക്കെ പറയുമ്പോ പലരും ചോദിക്കും ഇതെങ്ങനെ പഠിച്ചുവെന്ന്. അനുഭവം വഴി നേടിയ അറിവാണ് ഓരോന്നും.
പ്രൊവിഡൻസ് കോളേജിൽ പഠിക്കുമ്പോൾ എന്തോ പരിപാടിയുടെ ഭാഗമായി എല്ലാ കുട്ടികൾക്കും ബിരിയാണി കൊടുത്താലോ എന്നൊരാശയം ഒരു സിസ്റ്റർ പങ്കുവച്ചു. 1200 വിദ്യാർഥികളുണ്ട്. സംഗതി ഞാനേറ്റെന്ന് പറഞ്ഞു. അതൊരു ധൈര്യത്തിന്റെ പുറത്തായിരുന്നു. വെപ്പുപണിക്കാരെ വിളിച്ച് വീട്ടുമുറ്റത്തൊരു പന്തല് കെട്ടി ബിരിയാണി ഉണ്ടാക്കി. അഞ്ചെട്ട് ചെമ്പ് നിറയെ ബിരിയാണി ലോറിയിൽ കയറ്റി കോളേജിൽ എത്തിച്ച് ഓരോ ബോക്സിൽ ആക്കി ഓരോരുത്തർക്കും കൊടുത്തു. ഒരു കടലാസുപോലും നിലത്തിടാതെ ആരെക്കൊണ്ടും പരാതി പറയിപ്പിക്കാതെ വൃത്തിയായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻപറ്റി.
പ്രൊവിഡൻസിൽ നിന്ന് ഇറങ്ങിയശേഷം മദ്രാസിൽ ബിബിഎ പഠിക്കാൻ പോയി. അന്നവിടെ പഠനത്തിന്റെ ഭാഗമായി ഒരു പ്രോജക്റ്റ് ചെയ്യേണ്ടിവന്നു. കൂട്ടുകാരൊക്കെ മൾട്ടിനാഷണൽ കമ്പനികളാണ് പ്രോജക്റ്റിന് തിരഞ്ഞെടുത്തത്. പക്ഷേ, ഞാൻ പോയത് മദ്രാസിലെ ഒരു ബോറാ ബിരിയാണി സെന്ററിലേക്കാണ്. അത് അവിടുത്തെ ഒരു കുടുംബത്തിന്റെ ബിസിനസ് ആയിരുന്നു. ഞാൻ അവരുടെ വീട്ടിൽ പോയി അവർ ബിരിയാണി ഉണ്ടാക്കുന്ന രീതിയും കച്ചവടത്തിന്റെ സ്വഭാവവുമൊക്കെ മനസ്സിലാക്കി. എന്റെ സഹോദരി നസ്രിൻ ആ മാതൃകയിൽ കോഴിക്കോട് ഒരു ബിരിയാണി സെന്റർ തുടങ്ങി.''
ചില തുടക്കങ്ങൾ
മദ്രാസിലെ പഠനകാലത്തായിരുന്നു കണ്ണൂരുകാരനായ റഷീദുമൊത്തുള്ള ആബിദയുടെ വിവാഹം.
''കോഴ്സ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതിനു മുമ്പായിരുന്നു കല്യാണം. കല്യാണം കഴിഞ്ഞ് ഞാൻ റഷീദിനൊപ്പം സൗദിയിലേക്ക് പോയി. പക്ഷേ, ഇവിടെ പാറിപ്പറന്നുനടന്ന എനിക്ക് അവിടുത്തെ അടച്ചുമൂടിയ ജീവിതവുമായി പൊരുത്തപ്പെടാനായില്ല. എല്ലാവരെയും പറഞ്ഞു മനസ്സിലാക്കി നാട്ടിലേക്കുപോന്നു. അന്ന് നാട്ടിലെന്തെങ്കിലും വരുമാന മാർഗം കണ്ടെത്തണം എന്നൊരാഗ്രഹം ഉണ്ടായിരുന്നു.
അക്കാലത്ത് കേരളത്തിലെ വീടുകളിൽ പാത്രങ്ങൾ കഴുകാൻ വെണ്ണീറും ചകിരിയുമാണ് ഉപയോഗിച്ചിരുന്നത്. സൗദിയിൽ ചെന്നപ്പോൾ സ്പോഞ്ചും സ്‌ക്രബ് പാഡുമൊക്കെ ഇതിന് ഉപയോഗിക്കാമെന്ന് മനസ്സിലായി. അതുണ്ടാക്കുന്നൊരു കമ്പനി തുടങ്ങിയാലോ എന്നൊരാശയം ഞാൻ പറഞ്ഞു. പക്ഷേ, അതൊന്നും ഇവിടെ വിജയിക്കില്ലെന്നാണ് എല്ലാരും പറഞ്ഞത്. എങ്കിൽ കുപ്പിവെള്ളത്തിന്റെ കച്ചവടം തുടങ്ങാമെന്ന് ഞാൻ. നാലുപാടും വെള്ളമുള്ള കേരളത്തിൽ കുപ്പിവെള്ളത്തിന്റെ കച്ചവടമൊന്നും കരപിടിക്കില്ലെന്നുപറഞ്ഞ് അതിലും നിരുത്സാഹപ്പെടുത്തി.
ആ സമയത്ത് എന്റെ മൂത്ത മകൾ തീരെ ചെറുതാണ്. തുന്നലറിയാവുന്ന ഒരാളെ വീട്ടിൽ വിളിച്ചിരുത്തി കുട്ടിയുടുപ്പുകൾ തുന്നിക്കും. എന്റെ സഹോദരിയുടെ ബൊട്ടീക്കിൽ കൊണ്ടുവച്ച് അത് വിൽക്കും. ആ കച്ചവട പരിചയം വച്ച് 1987-ൽ കോഴിക്കോട് 'സാരി സെല്ലേഴ്സ്' എന്ന സ്ഥാപനം തുടങ്ങി. അത് വിജയിച്ചു. കച്ചവടം മെച്ചപ്പെട്ടതോടെ സൗദിയിലെ ജോലി മതിയാക്കി റഷീദും വന്നു. 'സാരി സെല്ലേഴ്സി'നെ സംബന്ധിച്ച് വളർച്ചയുടെ കാലമായിരുന്നു. വലിയ സംരംഭമായി അത് വളർന്നു. 'സാരി സെല്ലേഴ്സി'ലേക്ക് സാരികൾ വാങ്ങാൻ ഒരുപാട് യാത്ര ചെയ്തു. ഡൽഹി, ജയ്പൂർ, ബോംബെ അഹമ്മദാബാദ്, കോയമ്പത്തൂർ എന്നിങ്ങനെ ഇന്ത്യയിൽ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കുംപോയി.''
വീടും വഴിത്തിരിവും
കോഴിക്കോടിന്റെ വസ്ത്ര വിപണന രംഗത്ത് ആബിദയുടെ 'സാരി സെല്ലേഴ്സ്' വലിയതോതിൽ വേരുറച്ചകാലം. പക്ഷേ, വിജയത്തിന്റെ ഉയരത്തിൽ നിന്ന് അപ്രതീക്ഷിതമായ തിരിച്ചിറക്കവും ഉണ്ടായി.
''കുറ്റിച്ചിറ കൾച്ചർ പിന്തുടരുന്ന കുടുംബമായിരുന്നു ഞങ്ങളുടേത്. വിവാഹശേഷം പെൺകുട്ടി സ്വന്തം വീട്ടിൽ ഭർത്താവിനൊപ്പം ജീവിതം തുടരുന്നതാണ് ഞങ്ങളുടെ രീതി. മക്കൾക്കെല്ലാവർക്കും സ്വന്തമായി വീട് വേണമെന്ന് ബാപ്പയ്ക്കൊരു തോന്നൽ വന്നു. അങ്ങനെ ഞങ്ങളും വീടുപണി തുടങ്ങി. ജീവിതം മാറുന്നത് അവിടെമുതലാണ്.
2000-ൽ വീടിന്റെ പണി തുടങ്ങി. എസ്റ്റിമേറ്റും പ്ലാനുമൊക്കെ പരിധിവിട്ട് വികസിച്ചു. പണിതുപണിത് വീട് വലുതായി. കച്ചവടം മറന്ന് ഞങ്ങൾ വീടിനുപിന്നാലെകൂടി. കൈയിലുള്ള കാശ് മുഴുവനും കല്ലിലും മണ്ണിലും കമ്പിയിലും പൈപ്പിലും ഒക്കെയിട്ടു. തിരിച്ചടയ്ക്കാൻ കഴിയുമെന്ന ഉറപ്പിലാണ് ലോണെടുത്തത്. പക്ഷേ, ഇതിനൊക്കെയിടയിൽ കച്ചവടം താഴേക്കുപോയി. എടുത്താൽ പൊങ്ങുന്നതേ പൊന്തിക്കാവൂ എന്ന തിരിച്ചറിവ് വരികയായിരുന്നു. അതുവരെ കയറിയ കയറ്റമെല്ലാം തിരിച്ചിറങ്ങേണ്ടിവന്നു.
ലോണടയ്ക്കാൻ വേണ്ടി കൊള്ളപ്പലിശയ്ക്ക് പണം വായ്പയെടുക്കേണ്ടിവന്നു. അവര് പണം തിരികെ ചോദിച്ച് വീട്ടിൽ വന്നുതുടങ്ങി. അതിനിടെ റിനോവേഷൻ എന്നൊരു ബോർഡും തൂക്കി കുറച്ചുകാലത്തേക്ക് കടപൂട്ടി.
ഷോപ്പ് വീണ്ടും തുടങ്ങിയെങ്കിലും കെട്ടിടം ഒഴിയണം എന്ന സ്ഥിതിവന്നു. കെട്ടിട ഉടമയുമായി അതിന്റെ പേരിൽ പ്രശ്നങ്ങളായി. അതിനിടയ്ക്ക് റഷീദിന് കാൻസർ സ്ഥിരീകരിച്ചു.
അക്കാലത്ത് ഒരു മൂന്നുവർഷക്കാലം താജിൽ ഷെഫായിരുന്നു. സ്ഥിരമായി പോകേണ്ടിയിരുന്നില്ല. അവര് പറയുന്ന ഹോട്ടലിൽ ചെന്ന് ഭക്ഷണം ഉണ്ടാക്കാൻ പഠിപ്പിച്ചുകൊടുക്കുന്നതായിരുന്നു രീതി.
റഷീദിന്റെ മരണവും ബാധ്യതകളും ഒക്കെയായി സങ്കടങ്ങളിൽ മുങ്ങിയ കാലമായിരുന്നു അത്. പിന്നെ റഷീദിന്റെ കുടുംബത്തിൽ നിന്ന് കിട്ടാനുള്ള ഓഹരി കിട്ടി. അതു വിറ്റ് ബാധ്യതകളൊക്കെ കുറെയൊക്കെ വീട്ടി. മക്കളുടെ വിവാഹം കഴിഞ്ഞു. ബീച്ചിൽ 'സാരി സെല്ലേഴ്സ്' വീണ്ടും തുടങ്ങി. അതിനോടു ചേർന്ന് ഒരു റസ്റ്റോറന്റും ഉണ്ടായിരുന്നു. അപ്പോഴാണ് കോവിഡ് വരുന്നത്. വീണ്ടും കച്ചവടം കുറഞ്ഞ് കട പൂട്ടേണ്ട നിലയിലെത്തി.''
പേരുതന്നെ ബ്രാൻഡ്
നേരിട്ട തിരിച്ചടികൾ ആബിദയെ രുചിയുടെ വഴിയിലേക്ക് കൈപിടിച്ചുനടത്തി. ''സാരികൾ വീട്ടിൽ കൊണ്ടുവന്ന് വില്പന നടത്താമെന്ന് കരുതിയെങ്കിലും അത് വിജയിച്ചില്ല. അങ്ങനെയാണ് ഭക്ഷണം ഉണ്ടാക്കി വിൽക്കാൻ തുടങ്ങിയത്. ഓർഡർ അനുസരിച്ച് ഉണ്ടാക്കിക്കൊടുക്കും. അതിനൊപ്പം മസാലക്കൂട്ടുകളുടെ വില്പനയും തുടങ്ങി.
കോവിഡ്കാലം എനിക്കിഷ്ടമായിരുന്നു. എല്ലാംകൂടി കലങ്ങിമറിഞ്ഞത് അപ്പോഴാണ്. നഷ്ടം താങ്ങാൻ പറ്റാതെ കട പൂട്ടേണ്ട സ്ഥിതി വന്നപ്പോൾ നാട്ടുകാരെന്ത് കരുതും എന്നൊരു ചിന്തവന്നു. പക്ഷേ, മനുഷ്യരുടെ അമ്മാതിരി കുളൂസിനെയൊക്കെ കൊറോണ ഠപ്പേന്നങ്ങ് മാറ്റിക്കളഞ്ഞു. കൊറോണ വന്നതോടെ എന്തും ചെയ്യാമെന്നായി. ഞാനെപ്പോഴും പറയും വെള്ളത്തിൽ കിടക്കുന്ന കല്ലുമ്മക്കായയൊക്കെയാണ് എന്നെ രക്ഷിച്ചതെന്ന്. കല്ലുമ്മക്കായ നിറച്ചത് ഉൾപ്പെടെയുള്ള തനത് മലബാറി വിഭവങ്ങൾ. പലതും എന്റെ സീക്രട് റെസിപ്പീസാണ്. ഭക്ഷണം രക്ഷപ്പെടുത്തി.
അക്കാലത്താണ് ഓൺലൈനിൽ മസാലവിറ്റുതുടങ്ങിയത്. കമ്പനിക്ക് എന്ത് പേരിടണമെന്നൊരു ചോദ്യം വന്നപ്പോൾ ഞാൻ പറഞ്ഞു ആബിദ റഷീദ് എന്നുതന്നെയിടെന്ന്. ഷെഹനാസ് ഹുസൈൻ എന്ന പേരിൽ ഇവിടെ ബ്രാൻഡില്ലേ. പിന്നെ എന്തുകൊണ്ട് ആബിദാ റഷീദിന് ആയിക്കൂടാ. മസാലക്കച്ചവടം തുടങ്ങുമ്പോൾ എവിടുന്ന് കുപ്പി വാങ്ങണം, എങ്ങനെ പാക്ക് ചെയ്യണം, മാർക്കറ്റ് ചെയ്യണം എന്നൊന്നും അറിയില്ലായിരുന്നു. പക്ഷേ, എല്ലാം പഠിച്ചെടുത്തു.''
മില്യണടിച്ച പിറന്നാൾ
പ്രതിസന്ധികളിൽ നിന്ന് കരകയറിത്തുടങ്ങിയ നാളുകളിൽ ഡിജിറ്റൽ ലോകത്തും അവർ സാന്നിധ്യമറിയിച്ചു. ''സിനിമാ നിർമ്മാതാവ് സാന്ദ്രാ തോമസ് എന്റെ മകളുടെ സുഹൃത്താണ്. ഒരു റിസോർട്ടിൽ വച്ച് ഞാൻ ബിരിയാണി ഉണ്ടാക്കുന്ന ഒരു വീഡിയോ എടുത്ത് സാന്ദ്ര പോസ്റ്റ് ചെയ്തിരുന്നു. ഉമ്മാന്റെ വീഡിയോ ട്രെൻഡിങ് ആണല്ലോ എന്ന് മക്കള് പറഞ്ഞറിഞ്ഞതും ഞാൻ ബെംഗളൂരുവിലേക്ക് പോയി. ഇളയ മകൾ അവിടെയാണ്. അവൾ വിഷ്വൽ കമ്യൂണിക്കേഷനാണ് പഠിച്ചത്. 'എനിക്കും വീഡിയോ ചെയ്യണം...' ഞാൻ അവളോട് പറഞ്ഞു. അറുപതാം വയസ്സിലാണോ വീഡിയോ. ഉമ്മ മിണ്ടാതിരിക്കെന്നും പറഞ്ഞ് അവള് കളിയാക്കി. പക്ഷേ, അവളുടെ കൂട്ടുകാരെല്ലാം സപ്പോർട്ട് ചെയ്തു. അങ്ങനെ സാരി വില്പനയും മസാലക്കച്ചവടവും ഒക്കെയായി ഒരു വീഡിയോ ചെയ്തു. അത് അത്ര ശ്രദ്ധിക്കപ്പെട്ടില്ല. അക്കൂട്ടത്തിൽ ഒരു പയ്യനുണ്ടായിരുന്നു മിലൻ. അവനുമായി ചേർന്ന് വീഡിയോകൾ ചെയ്തുതുടങ്ങി.
അറുപതാം പിറന്നാളിന്റെ അന്നാണ് ആദ്യത്തെ വീഡിയോ ഇറങ്ങുന്നത്. അത് മില്യണടിച്ചു. ആ ബിരിയാണി വീഡിയോ കണ്ടവരെല്ലാം മസാല വാങ്ങി. കാര്യങ്ങൾ കരകണ്ടുതുടങ്ങി. 'സാരി സെല്ലേഴ്സ്' വീണ്ടും തുടങ്ങി.''
പല തട്ടകങ്ങൾ
''മാതൃഭൂമിയുമായി ചേർന്ന് പലയിടത്തും ഫുഡ്‌ഫെസ്റ്റുകൾ നടത്തി. അവസരങ്ങൾ ആവശ്യമുള്ള ഒരുപാട് സ്ത്രീകളെ ഈ മേഖലയിൽ മുന്നിലേക്ക് കൊണ്ടുവരാൻ അതുവഴി കഴിഞ്ഞു. മാതൃഭൂമി എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ച് മാതൃഭൂമി എന്റെ കുടുംബംപോലെയാണ്. ''
മൂന്നു മക്കളാണ് ആബിദയ്ക്ക്. ആയിഷ, ഫാത്തിമ , നഫീസ. ''അഞ്ച് പേരക്കുട്ടികളുടെ ഉമ്മൂമ്മ കൂടിയാണ് ഞാൻ. ഇളയമകൾ െബംഗളുരുവിൽ ഹോട്ടൽ ബിസിനസ് രംഗത്താണ്. മസാലപ്പൊടിയുടെ ബിസിനസ് ആദ്യം തുടങ്ങുമ്പോൾ രണ്ടായിരം രൂപയുടെ കച്ചവടമെങ്കിലും നടന്നാൽ മതിയെന്നായിരുന്നു. പക്ഷേ, അവിടെനിന്ന് ബിസിനസ് വളർന്നു. ഇപ്പോൾ ഒറ്റയ്ക്ക് പറ്റില്ല. മരുമക്കളുടെ സഹായമുണ്ട്.
പ്രധാനമായും മൂന്ന് മസാലക്കൂട്ടുകളാണ് ഇവിടെ ഉണ്ടാക്കുന്നത്. മലബാറി ഭക്ഷണം ഉണ്ടാക്കാൻ ഈ മൂന്ന് കൂട്ടുകൾ മതി. അതിനൊപ്പം ചെമ്മീൻ, കല്ലുമ്മക്കായ, പുളിമുളക്, കാരക്ക, നാരങ്ങ എന്നിങ്ങനെ പലതരം അച്ചാറുകളുടെ വില്പനയും ഉണ്ട്. സ്ത്രീശാക്തീകരണം മുൻനിർത്തിയും ചിലത് ചെയ്യുന്നുണ്ട്. സ്ത്രീകൾക്ക് പാചക പരിശീലനം നൽകും. കോഴിയട, ചുക്കപ്പം പോലെയുള്ള വിഭവങ്ങൾ അവരിൽ നിന്ന് വാങ്ങി വില്പനനടത്തും. ജീവിതത്തിൽ കൈത്താങ്ങാവശ്യമായ സ്ത്രീകൾക്ക് എന്നാലാവുന്ന സഹായം ചെയ്യാൻ എപ്പോഴും തയ്യാറാണ്. വീട്ടിലിരുന്ന് വരുമാനം കണ്ടെത്താനുള്ള വഴികളാകും അവരിൽ പലരും അന്വേഷിക്കുന്നത്. അവരുണ്ടാക്കുന്ന വിഭവങ്ങളെ മാർക്കറ്റിലെത്തിക്കാൻ ഞാനവരെ സഹായിക്കും.
'എൽക്ലാസിക്കോ' എന്ന സിനിമയിൽ ടൊവിനോയുടെ ഗ്രാൻഡ് മദറിന്റെ റോളിൽ അഭിനയിക്കുകയാണ് ഇപ്പോൾ. 'സാരി സെല്ലേഴ്സി'ലേക്ക് സാരികൾ തേടിയുള്ള യാത്രകളും ഇതിനിടയിൽ നടക്കും.''
ജീവിതപാഠങ്ങൾ
''കടംകയറിയ സമയത്ത് വീട് വിൽക്കാത്തതിന്റെപേരിൽ കുറ്റപ്പെടുത്തിയവരുണ്ട്. എന്തോ അന്നീ വീട് വിൽക്കാൻ തോന്നിയില്ല. പടച്ചോൻ എന്നോട് ഇവിടെ നിൽക്കെന്ന് പറഞ്ഞു. ഞാൻ നിന്നു. മക്കളൊക്കെ കല്യാണം കഴിഞ്ഞുപോയതോടെ വീട്ടിൽ ഞാനൊറ്റയ്ക്കായി. വെള്ളാനയുടെ കാവൽക്കാരിപോലെ. അങ്ങനെയാണ് ടൂറിസത്തിനുവേണ്ടി വീട് ഹോംസ്റ്റേ ആക്കുന്നത്. ഡയമണ്ട് കാറ്റഗറിയിലാണ് പ്രവർത്തിക്കുന്നത്. കലിനറി ഹോളിഡേ സ്‌കീമിൽ ആളുകൾ വരും. അവർക്ക് കോഴിക്കോടൻ കാഴ്ചകൾ കാണിച്ചുകൊടുക്കും. അവരോട് സംസാരിക്കും. തനത് മാപ്പിള ഭക്ഷണം ഉണ്ടാക്കാൻ പഠിപ്പിക്കും. അതിനെല്ലാമൊപ്പം ഇവിടുന്ന് നല്ല ഭക്ഷണവും കഴിക്കാം. സപ്പർ ക്ലബ്ബും നടത്തുന്നുണ്ട്. മുഴുവനായും ഒരു മലബാറി എക്സ്പീരിയൻസ് അനുഭവിച്ചറിയാം.''
അടഞ്ഞുപോയൊരു വഴിയിലേക്ക് നോക്കിയിരുന്നിട്ട് ഒരു കാര്യവുമില്ലെന്നാണ് ജീവിതം തന്നെ പഠിപ്പിച്ചതെന്ന് ആബിദ പറയുന്നു. ''ആ വഴി ഒരിക്കലും തുറക്കില്ല. മറ്റൊരു വഴി കണ്ടെത്തണം. അടഞ്ഞ വാതിലാണ് അവിടെയും കാണുന്നതെങ്കിൽ ജനാല വഴിയെങ്കിലും ചാടി രക്ഷപ്പെടണം. അപ്പുറത്തും ഇപ്പുറത്തും ആരെങ്കിലും നോക്കിനിൽപ്പുണ്ടെങ്കിൽ അവരെ കണ്ടില്ലെന്നു നടിച്ച് മുന്നോട്ട് പോകണം. മറ്റുള്ളവര് എന്തു വിചാരിക്കും എന്ന ചിന്തയിൽ തടഞ്ഞുവീണാൽ പിന്നെ ജീവിതമില്ല. ആരെന്തുവേണേൽ വിചാരിക്കട്ടെ. നമ്മുടെ കൈയിൽ പണം വരുമ്പോ അവര് വന്ന് കൂടെ നിൽക്കും. ഒരാള് പൊട്ടിപ്പോവാണെങ്കിൽ 'ഓ അയാള് പൊട്ടി', ഇനി കൂടെ നിന്നാൽ നമ്മളും കുടുങ്ങും എന്ന മനസ്ഥിതി ഉള്ളവരാണ് കൂടുതലും. സാമ്പത്തിക പിന്തുണപോയിട്ട് മാനസിക പിന്തുണപോലും തരില്ല.
കൈയിൽ നൂറു രൂപ എടുക്കാൻ ഇല്ലാത്ത സ്ഥിതി ഉണ്ടായിട്ടുണ്ട്. പറയുമ്പോൾ കോടികളുടെ സ്വത്തിന്മേൽ അവകാശമുണ്ട്. പക്ഷേ, വെള്ളം ആവശ്യമുള്ളപ്പോൾ വെള്ളം കിട്ടണ്ടേ. അല്ലാത്തപ്പോൾ കിട്ടിയിട്ട് എന്തുകാര്യം. ആന ആലയിലായിപ്പോയി എന്ന് പറഞ്ഞതുപോലെയായിരുന്നു കാര്യം.''
ആ ശക്തി
ദൈവത്തിലുള്ള വിശ്വാസമാണ് സങ്കടങ്ങളുടെ കാലത്തെ തരണം ചെയ്യാൻ കെല്പായതെന്ന് ആബിദ.
''വിശ്വാസം തന്നെയായിരുന്നു ഏറ്റവും വലിയ ആശ്വാസം. ഇന്ന സമയത്ത് ഇന്നതുവേണമെന്ന് വാശിപിടിച്ചാൽ നൂറുശതമാനം ഉറപ്പിച്ചു പറയാം അത് അപ്പോൾ കിട്ടില്ലെന്ന്. ദൈവം ഓരോരുത്തരെയും നോക്കിയും കണ്ടും നല്ലതുപോലെ പഠിച്ചുമൊക്കെയേ ഓരോന്നും തരികയുള്ളൂ. കുഴിച്ചുകുഴിച്ച് കിണറ്റിൽ വെള്ളം കാണുന്നപോലെയാണ്. എന്നെ സംബന്ധിച്ച് അറുപതാം വയസ്സിലാണ് ആ നിമിഷം വന്നത്. 23-ാം വയസ്സിൽ തുടങ്ങിയ ഓട്ടമാണെന്നോർക്കണം. എന്നുകരുതി അറുപതാം വയസ്സിൽ കുറേ കാശുണ്ടാക്കി എന്നല്ല ഞാൻ പറയുന്നത്. ഈ നിമിഷത്തിൽ ഞാൻ വലിയ സന്തോഷത്തിലാണ്. അൽഹംദുലില്ലാ എന്ന് ഞങ്ങളുടെ ഭാഷയിൽ പറയും.
എന്താ എന്നെ കൊണ്ടുപോകാത്തതെന്ന് നിരന്തരം ദൈവത്തോട് ചോദിച്ച ഒരു കാലമുണ്ട്. ഇപ്പോൾ ചോദിക്കും എനിക്ക് ഇവിടെ കുറച്ചൂകൂടിക്കാലം നിൽക്കണം എന്നുണ്ട്. രാത്രി കിടക്കുമ്പോ... നിറഞ്ഞ മനസ്സോടെ ഒരു താങ്ക്യൂ. രാവിലെ എഴുന്നേൽക്കുമ്പോൾ... ഓഹ് വണ്ടർഫുൾ, അനദർ ഡേ... എന്ന അതിശയം...''
വർത്തമാനത്തിനിടയിൽ ഇരുമ്പുചീനച്ചട്ടിയിലെ കാന്താരിമുളകച്ചാറിന്റെ രുചിയൊന്ന് തൊട്ടുനോക്കി പിന്നെഅവരൊരു സൂത്രവാക്യവും പറഞ്ഞു: ''എല്ലാ മനുഷ്യരുടെയും കൈയിൽ 24 മണിക്കൂർ എന്ന മഹാസമ്പത്തുണ്ട്. അതിൽ എട്ട് മണിക്കൂർ ഉറക്കത്തിന് മാറ്റിവെക്കാം. പിന്നെയൊരു എട്ട് മണിക്കൂർ പഠനം, ജോലി, ബിസിനസ് എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്കായും ചെലവാക്കാം. പിന്നെയും എട്ട് മണിക്കൂർ ബാക്കിയില്ലേ. ആ എട്ട് മണിക്കൂർ ചിട്ടപ്പെടുത്തുന്നതിലാണ് വിജയത്തിന്റെ കല. അതിലുണ്ട് വിജയത്തിന്റെ സൂത്രവാക്യം. ഇപ്പോഴത്തെക്കാലത്ത് ഫോണിലേക്കും നോക്കി ഒരു കിടത്തംകിടന്നാല് മണിക്കൂറുകളിങ്ങനെ പാറിപ്പാറി പോകുന്നത് കാണാം. ആ ശീലവും കൈയിൽ വച്ച് ജീവിതത്തിൽ വിജയിക്കാം എന്ന് വിചാരിച്ചാൽ നടക്കില്ല മക്കളേ...''
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Transformation of culinary passion into a successful commercial brand., Resilience through financial and personal life crises., The importance of time management (The 8-8-8 rule for success)., Empowering women through food-based entrepreneurship., Bridging traditional Malabar recipes with modern digital marketing.