'മലയാളസിനിമയ്ക്ക് യോജിച്ച മുഖമല്ലെന്ന് കളിയാക്കി, അഭിനയിപ്പിക്കാൻ പലരും പണം ആവശ്യപ്പെട്ടു'

ടൊവിനോ തോമസ് / IMDb
ടൊവിനോ തോമസ് / IMDb

'ABCD: American-Born Confused Desi' എന്ന സിനിമയിലൂടെയാണ് ടൊവിനോ തോമസ് എന്ന നടൻ മലയാളസിനിമയിൽ ജനപ്രീതിയാർജിക്കുന്നത്. അതിനുശേഷം വന്ന 'എന്നു നിന്റെ മൊയ്തീൻ' എന്ന സിനിമയിലെ കഥാപാത്രത്തോടെ മലയാളസിനിമയിൽ സ്ഥാനമുറപ്പിച്ചു ടൊവിനോ. ഇന്ന് മികച്ച കഥാപാത്രങ്ങളും, കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് ടൊവിനോ.

ഇപ്പോൾ 'പള്ളിച്ചട്ടമ്പി' എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിലാണ് ടൊവിനോ. അതിനിടെ അദ്ദേഹത്തിന്റെ പഴയൊരു ഇന്റർവ്യൂ വൈറലാവുകയാണ്. തന്നെ മലയാളിയായി തോന്നുന്നില്ലെന്ന് പറഞ്ഞ് പലരും പിന്തിരിപ്പിച്ചുവെന്നും ടൊവിനോ ആ അഭിമുഖത്തിൽ വെളിപ്പെടുത്തി.

''എന്നെ കണ്ടാൽ മലയാളിയെ പോലെയില്ലെന്നായിരുന്നു അന്ന് പലരും പറഞ്ഞത്. മലയാളസിനിമയ്ക്ക് അനുയോജ്യമായ മുഖവും, ശാരീരികഘടനയുമല്ല എന്റേത് എന്ന് പറഞ്ഞവരുമുണ്ട്. ഞാൻ ഒരു മലയാളിയാണെന്ന് പറഞ്ഞപ്പോൾ അവർക്ക് വിശ്വസിക്കാൻ പ്രയാസമായിരുന്നു. അന്ന് ഞാൻ ബോഡി ബിൽഡിങ്ങിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അതിനാൽ സിനിമയിൽനിന്നുള്ളവർ എന്നെ ആദ്യമായി കാണുമ്പോൾ, അവരുടെ മനസ്സിൽ ഒരു മുൻവിധി ഉണ്ടായിരുന്നു: 'അദ്ദേഹത്തോട് ആരോ സുന്ദരനാണെന്ന് പറഞ്ഞിട്ടുണ്ടാകണം. അതിനാൽ കുറച്ച് മസിലുകളുണ്ടാക്കി. പക്ഷേ അഭിനയത്തിന്റെ അടിസ്ഥാനകാര്യങ്ങൾ പോലും അറിയില്ലായിരിക്കാം. നമുക്കിപ്പോൾ തന്നെ ഇവനെ തള്ളിക്കളയാം'. എന്നെ കണ്ടപ്പോൾ പലരും ഇങ്ങനെ പക്ഷപാതം കാണിച്ചു''. 2015-ൽ ഒരഭിമുഖത്തിൽ ടൊവിനോ പറഞ്ഞതിങ്ങനെ.

മറ്റൊരു അഭിമുഖത്തിൽ ആദ്യകാല പോരാട്ടങ്ങളെക്കുറിച്ചും ടൊവിനോ പറഞ്ഞിട്ടുണ്ട്. ''ആദ്യമായി സ്‌ക്രീനിൽ മുഖം കാണിക്കാൻ വേണ്ടി മാത്രം ഞാൻ അവിശ്വസനീയമാംവിധം കഠിനാധ്വാനം ചെയ്തു. ഒരുപാട് ആളുകളെ കണ്ടുമുട്ടി; മലയാള സിനിമയ്ക്ക് 'ശരിയായ മുഖമല്ല' എന്റേതെന്ന് ചിലർ എന്നോട് പറഞ്ഞു. എന്നെ അവരുടെ സിനിമയിൽ അഭിനയിപ്പിക്കുന്നതിനായി പണം ആവശ്യപ്പെട്ട ചില തട്ടിപ്പുകാരായ സംവിധായകരെയും ഞാനിതിനിടയിൽ കണ്ടു. എന്റെ കൈയിൽ അത്രയ്ക്ക് പണമില്ലെന്ന് പറഞ്ഞപ്പോൾ, 'ശരി, നിങ്ങൾക്ക് എത്ര നൽകാൻ കഴിയും?' എന്ന് ചോദിച്ചവരുമുണ്ട്''.

പലരും തന്നോട് മോശമായി പെരുമാറിയെന്നും ടൊവിനോ ഓർക്കുന്നു. ''അവരുടെ പ്രോജക്റ്റിൽ എനിക്ക് ഒരു റോളും ഇല്ലെന്ന് പറയാൻ മണിക്കൂറുകളോളം എന്നെ കാത്തുനിർത്തി ചിലർ. ആദ്യം എന്റെ മേക്കപ്പ് തുടയ്ക്കാൻ വെറ്റ് ടിഷ്യു ചോദിച്ചപ്പോൾ, 'ടാപ്പിനടിയിൽ പോയി കഴുകിക്കളയൂ' എന്നുപറഞ്ഞ് എന്നെ അപമാനിച്ചു. പലപ്പോഴും ഞാൻ അപമാനം നേരിട്ടിട്ടുണ്ട്''.

നരിവേട്ട എന്ന സിനിമയ്ക്കുശേഷം ടൊവിനോ നായകനാവുന്ന 'പള്ളിച്ചട്ടമ്പി' റിലീസിനൊരുങ്ങുകയാണ്. അതിന്റെ തിരക്കുകളിലാണ് താരം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Tovino Thomas faced initial rejection due to his appearance and physique. The actor endured humiliation and long wait times during his audition phase.