ഇപ്പോൾ തങ്ങൾക്കൊപ്പമില്ലെങ്കിലും അമ്മയുടെ ജൻമവാർഷികവും ചരമവാർഷികവും എപ്പോഴും ആഘോഷിക്കാറുണ്ട് മക്കളായ ജാൻവി കപൂറും ഖുഷി കപൂറും. അമ്മയുടെ പിറന്നാൾ ആഘോഷിക്കാൻ പലപ്പോഴും അമ്മയ്ക്ക് ഏറെ പ്രിയപ്പെട്ട, തിരുപ്പതി ക്ഷേത്രത്തിലെത്താറുമുണ്ട് ജാൻവി.

തന്റെ കരിയർ രൂപപ്പെടുത്തുന്നതിൽ ഏറ്റവും വലിയ പങ്കുള്ളത് അമ്മയ്ക്കാണെന്നും ജാൻവി എപ്പോഴും പറയാറുണ്ട്. ശ്രീദേവി മരിച്ചിട്ട് ഇപ്പോൾ എട്ടുവർഷം കഴിഞ്ഞു. ജാൻവി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നതിന് കുറച്ച് മാസങ്ങൾക്കുമുമ്പാണ് ശ്രീദേവിയെ തേടി മരണമെത്തുന്നത്. അമ്മയെ നഷ്ടപ്പെട്ടതിന്റെ ആഘാതം ഇപ്പോഴും തന്നെ അന്നത്തെ അതേ തീവ്രതയിൽ തന്നെ ബാധിക്കുന്നുണ്ടെന്ന് പറയുകയാണ് ജാൻവി ഇപ്പോൾ.

രാജ് ഷമനിയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ജാൻവി.

''എന്റെ മനസ്സിൽനിന്ന്, എന്റെ ഉള്ളിലെ അസ്വസ്ഥതകളിൽനിന്ന് രക്ഷപ്പെടാൻ ഞാൻ ശ്രമിക്കുന്നു. ഞാൻ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വികാരങ്ങളിൽ നിന്ന്, ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ആഘാതത്തിൽ നിന്നും കൂടിയാണ് ഞാൻ രക്ഷനേടാൻ ശ്രമിക്കുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതം അമ്മയെ നഷ്ടപ്പെട്ടതാണ്. അതിനൊപ്പം അമ്മയില്ലാതെയുള്ള ആ യാത്രയിൽ ഞാൻ അനുഭവിച്ച നഷ്ടങ്ങളും''.

അമ്മയെ ഏറെ ആശ്രയിച്ചിരുന്ന മകളായിരുന്നു (dependent daughter) താനെന്ന് ജാൻവി ഓർക്കുന്നു. അവിടുന്ന് ഒറ്റ രാത്രികൊണ്ടാണ് വളരേണ്ടിവന്നത്. ''ഞാൻ അമ്മയെ ഒരുപാട് ആശ്രയിച്ചിരുന്നു. ഞാൻ സ്വന്തമായി തീരുമാനങ്ങൾ എടുത്തിരുന്നില്ല. എല്ലാ കാര്യങ്ങൾക്കും അമ്മയെ ആശ്രയിക്കുമായിരുന്നു. ഞാൻ എന്ത് ധരിക്കണം? ഞാൻ എന്ത് ചിന്തിക്കണം? എന്താണ് തെറ്റും ശരിയും? അങ്ങനെ എല്ലാം''.

അതിനുശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ചും ജാൻവി ഓർക്കുന്നു. ''ഞാൻ ചില മോശം തീരുമാനങ്ങളെടുത്തു. ചില ആളുകളെ എന്റെ ജീവിതത്തിലേക്ക് ഞാൻ കടത്തിവിട്ടു. എന്റെ മാനസികവും ശാരീരികവുമായ സുരക്ഷയിൽ ഞാൻ നിരന്തരം വിട്ടുവീഴ്ച ചെയ്തുകൊണ്ടിരുന്നു''.

അമ്മയ്‌ക്കൊപ്പമുള്ള ഓർമകൾ ജാൻവി പങ്കുവെച്ചതിങ്ങനെ. ''എന്റെ അമ്മയെ നഷ്ടപ്പെട്ടതിന്റെ വേദന എനിക്കിപ്പോഴും താങ്ങാൻ കഴിയുന്നില്ല. അവരെപ്പോലെ ആരുമില്ല. എന്നെയും എന്റെ സഹോദരിയെയും അച്ഛനെയും ഇന്നത്തെ രീതിയിൽ സൃഷ്ടിച്ചെടുത്തത് അമ്മയാണ്. എനിക്ക് അന്ന് അമ്മയെ മാത്രമല്ല നഷ്ടപ്പെട്ടത്, അച്ഛനെയും കൂടിയാണ്''.

അമ്മയെ തനിക്കിപ്പോഴാണ് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞതെന്നും ജാൻവി ഉറപ്പിച്ചുപറയുന്നു. ''എനിക്ക് ഇപ്പോൾ അവരെ മനസ്സിലാകും. മുമ്പ് എനിക്ക് അവരെ മനസ്സിലാക്കാൻ കഴിയാത്തതിൽ എനിക്ക് ഖേദമുണ്ട്. ഞാൻ കുട്ടിയായിരുന്നപ്പോൾ ഞാനവരെ കണ്ടിരുന്ന രീതിയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു രീതിയിലാണ് ഞാനിപ്പോൾ അവരെ കാണുന്നത്. അന്ന് അമ്മയുടെ കഷ്ടപ്പാടുകളുടെ കഥകളൊന്നും അവർ ഞങ്ങളോട് പങ്കുവെച്ചില്ല. സന്തോഷകരമായ കഥകൾ മാത്രമേ പങ്കുവെച്ചുള്ളൂ''.

ശ്രീദേവി ജീവിച്ചിരുന്നപ്പോൾ ആളുകൾ അവരോട് അത്ര ദയ കാട്ടിയിരുന്നില്ലെന്നും ജാൻവി ഓർക്കുന്നു. ''വളരെ ക്രൂരമായിട്ടാണ് ആളുകൾ അന്ന് അമ്മയോട് പെരുമാറിയിരുന്നത്. കുടുംബം നശിപ്പിച്ചവൾ എന്നുവരെ ആളുകൾ അമ്മയെ വിളിച്ചു. അതൊക്കെ അമ്മയുടെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. മരിച്ചശേഷമാണ് ആളുകൾ അമ്മയെക്കുറിച്ച് നല്ലതു പറയാൻ തുടങ്ങിയത്''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi