ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ഭാര്യയും നടിയുമായ അനുഷ്ക ശർമയും ധുരന്ധർ സിനിമയുടെ രണ്ടാംഭാഗത്തെ വാനോളം പുകഴ്ത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചത് കഴിഞ്ഞദിവസമാണ്. ഒപ്പം നായകൻ രൺവീർ സിങ്ങിന്റെ പ്രകടനത്തേയും പ്രശംസിച്ചു. അനുഷ്കയുടെയും വിരാടിന്റെയും ആശംസ ആളുകൾ വലിയ രീതിയിലാണ് ഏറ്റെടുത്തിരിക്കുന്നത്.

രൺവീർ സിങ്ങിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ബേൻഡ് ബാജാ ബാരാത്തിൽ അനുഷ്ക ശർമ്മയായിരുന്നു (2010) നായിക. അന്നുതൊട്ട് രൺവീറും അനുഷ്കയും തമ്മിൽ പ്രണയത്തിലാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇരുവരും തങ്ങളുടെ പ്രണയത്തെപ്പറ്റി പരസ്യമായി സ്ഥിരീകരിച്ചിരുന്നില്ലെങ്കിലും ചില സൂചനകൾ നൽകിയിരുന്നു. ഒരിക്കൽ സിമി ഗരേവാൾ അനുഷ്കയോട് ഇരുവരുടെയും ബന്ധത്തെപ്പറ്റി ചോദിച്ചപ്പോൾ അവരത് നിഷേധിക്കുകയാണ് ചെയ്തത്. എന്നാൽ, രൺവീറിനെ ഡേറ്റ് ചെയ്യാത്തതെന്തെന്ന് സിമി ചോദിച്ചപ്പോൾ തനിക്ക് രൺവീറിനോട് 'ആകർഷണം' (attraction) തോന്നിയിട്ടുണ്ടെന്നും പക്ഷേ, തങ്ങൾ 'വളരെ വ്യത്യസ്തരായ വ്യക്തികളാണെന്നും അനുഷ്ക വിശദീകരിച്ചു.

"ആളുകൾ ഞങ്ങളെ അടുത്തറിയുകയാണെങ്കിൽ, ഞങ്ങൾ വ്യത്യസ്തരാണെന്ന് മനസ്സിലാവും. ഞങ്ങൾക്ക് സ്ഥിരതയില്ലാത്ത ഒരു ബന്ധമാണ്, പരസ്പരം വേണമെങ്കിൽ കൊല്ലാനാവും. ഞാൻ കാര്യമായി പറയുകയാണ്, എനിക്കവന്റെ തലയെടുക്കാനാവും. അവനത് എന്നെയും ചെയ്യും. ഞങ്ങൾ ഒരു ബന്ധത്തിലായിരുന്നുവെങ്കിൽ, ഒരു ബന്ധത്തിൽ നിന്ന് ഞങ്ങൾ രണ്ട് വ്യത്യസ്ത കാര്യങ്ങളാണ് ആഗ്രഹിക്കുക. ഞങ്ങൾ ജീവിതത്തെ വളരെ വ്യത്യസ്തമായി കാണുന്നു. അവൻ പ്രാക്ടിക്കൽ ആയ വ്യക്തിയാണ്, ഞാൻ പൂർണ്ണമായും പ്രാക്ടിക്കൽ അല്ലാത്തയാളും. എനിക്കവനെ ഇഷ്ടമാണ്, അവൻ അട്രാക്റ്റീവുമാണ്. ഇപ്പോൾ ഒരു നടനുമായി ബന്ധത്തിലാകുന്നത് എനിക്കൽപം ബുദ്ധിമുട്ടാണ്.  രൺവീറിനോട് ആകർഷണമുണ്ടായിരുന്നു, പക്ഷെ അത്രമാത്രം... അത് ആകർഷണം മാത്രമായിരുന്നു, ഞാൻ കരുതി, 'ഈ പയ്യൻ ഒരു നല്ല പയ്യനാണ്', അത്രമാത്രം... അത് അവിടെ അവസാനിച്ചു."-അനുഷ്ക പറഞ്ഞു. "അവന് എല്ലാമുണ്ട്, പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ഒരു ബന്ധം നിസ്സാരമായിരിക്കരുത്. ഞാനൊരു പുരുഷനൊപ്പമാണെങ്കിൽ, അയാൾ എന്നെ ശാന്തമാക്കണം. അല്ലെങ്കിൽ, അതൊരു നല്ല ബന്ധമായിരിക്കില്ല," എന്നുംകൂടി അനുഷ്ക കൂട്ടിച്ചേർത്തു.

ഏറെക്കാലം നീണ്ടുനിന്ന ഒരു പ്രണയം ബ്രേക്കപ്പായ (break up ) സമയത്താണ് ദീപികയുമായി താൻ അടുപ്പത്തിലാകുന്നതെന്ന് കോഫി വിത്ത് കരണിൽ രൺവീർ തുറന്നുപറഞ്ഞിരുന്നു. രൺവീർ അനുഷ്കയുമായുള്ള പ്രണയത്തെപ്പറ്റിയാണ് സൂചിപ്പിച്ചതെന്ന് അന്ന് വലിയ ചർച്ചകൾ നടന്നു. 

2017 ഡിസംബറിലാണ് അനുഷ്ക, വിരാട് കോഹ്ലിയെ വിവാഹം ചെയ്യുന്നത്. ദമ്പതികൾക്ക് രണ്ട് മക്കളുമുണ്ട്. 2018 ഒക്ടോബറിൽ, രൺവീർ നടി ദീപിക പദുകോണിനെ ഇറ്റലിയിൽ വെച്ച് വിവാഹം കഴിച്ചു. ഒരു മകളാണ് ദമ്പതികൾക്ക്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/FRhVLmaQqyZCb28nVURD4C