'വാരണാസി'യുടെ ചിത്രീകരണത്തിന് 15 ലക്ഷം ലിറ്റർ വെള്ളം ചോദിച്ചു, തരാനാവില്ലെന്ന് അധികൃതർ

എസ്.എസ് രാജമൗലിയുടെ ഇതിഹാസചിത്രം 'വാരണാസി'യുടെ ചിത്രീകരണം ഹൈദരാബാദിൽ
പുരോഗമിക്കുകയാണ്. ഹൈദരാബാദ് ഫിലിം സിറ്റി സ്റ്റുഡിയോയിൽ വെള്ളത്തിനടിയിലുള്ള ഒട്ടേറെ രംഗങ്ങൾ ചിത്രീകരിക്കുന്നതായാണ് വിവരം. ചിത്രീകരണത്തിന് ധാരാളമായി വെള്ളം ആവശ്യം വരുന്നതിനാൽ നഗരത്തിലെ ജലസ്രോതസ്സിൽ നിന്ന് അണിയറപ്രവർത്തകർ 150 ടാങ്കർ വെള്ളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തെലങ്കാനയിൽ വേനലിനെത്തുടർന്ന് ജല ആവശ്യകത വലിയ രീതിയിൽ ഉയർന്നതിനാൽ, ഇവരുടെ ആവശ്യം നിഷേധിക്കപ്പെട്ടുവെന്നാണ് വിവരം.
തെലങ്കാന ടുഡേയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, 'വാരണാസി'യുടെ നിർമ്മാതാക്കളിലൊരാളായ ശ്രീ ദുർഗ ആർട്‌സിന്റെ പ്രതിനിധികൾ ഹൈദരാബാദ് മെട്രോപൊളിറ്റൻ വാട്ടർ സപ്ലൈ & സാനിറ്റേഷൻ ബോർഡിനെ (HMWSSB) സമീപിച്ച് 10,000 ലിറ്റർ വീതമുള്ള 150 ടാങ്കർ വെള്ളം ആവശ്യപ്പെട്ടു. വെള്ളത്തിനടിയിലെ രംഗങ്ങൾക്കായി ഒരു കുളം നിറയ്ക്കാനായിരുന്നു ഇത്. HMWSSB മാനേജിംഗ് ഡയറക്ടർ കെ. അശോക് റെഡ്ഡിക്ക് അയച്ച കത്തിൽ, വെള്ളം ശുദ്ധീകരിക്കേണ്ടതുണ്ടെന്നും പറഞ്ഞിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ ഈ ആവശ്യം നിഷേധിച്ചു.
ഹീറ്റ് വേവിനിടയിൽ വർധിച്ചുവരുന്ന ജല ആവശ്യകത നിറവേറ്റാൻ പാടുപെടുകയാണ് നഗരസഭ. അതേസമയം, മറ്റ് സ്രോതസ്സുകളിൽ നിന്ന് വെള്ളം കണ്ടെത്താനുള്ള
നെട്ടോട്ടത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
ഹൈദരാബാദിൽ തുടരുന്ന ചിത്രീകരണം മെയ് മാസം മുഴുവൻ തുടരുമെന്നാണ് അറിയുന്നത്. മഹേഷ് ബാബു നായകനാവുന്ന വാരാണാസിയിൽ പ്രിയങ്കാ ചോപ്രയും പൃഥ്വിരാജ് സുകുമാരനും പ്രധാനവേഷങ്ങൾ ചെയ്യുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Makers of SS Rajamouli's Varanasi requested 150 water tankers for underwater sequences., HMWSSB denied the request due to severe water shortages and heatwaves in Hyderabad., The film stars Mahesh Babu and Priyanka Chopra and is scheduled for an April 2027 release., Production team is currently sourcing water from alternative locations to continue shooting.