'ബോളിവുഡിലുള്ളവർ അപമാനിച്ചു, റൂമിന്റെയും യാത്രാടിക്കറ്റിന്റെയും പേരിൽ പലവട്ടം വിലപേശി': സിമ്രാൻ

സിമ്രാൻ | IMDb
സിമ്രാൻ | IMDb

30 വർഷമായി നടി സിമ്രാൻ സിനിമയിലെത്തിയിട്ട്. ഇത്രയും വർഷത്തിനിടെ ഹിന്ദി, തമിഴ്, തെലുഗു, കന്നഡ, മലയാളം ഭാഷകളിലായി ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു അവർ. ഹിന്ദിയിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും, അവരുടെ നല്ല കാലം തെളിഞ്ഞത് തമിഴിലേക്ക് കടന്നപ്പോഴാണ്.

വൺസ് മോർ, വി.ഐ.പി, കണ്ണത്തിൽ മുത്തമിട്ടാൽ, വാരണം ആയിരം, തുള്ളാത മനവും തുള്ളും, പ്രിയമാനവളെ, പഞ്ചതന്തിരം...ഇങ്ങനെ എത്രയെത്ര ഹിറ്റുകൾ. അബിഷൻ ജീവിന്ത് സംവിധാനം ചെയ്ത 'ടൂറിസ്റ്റ് ഫാമിലി'യാണ് അവരുടേതായി റിലീസായ അവസാനചിത്രം. സിമ്രാനൊപ്പം ശശികുമാർ, മിഥുൻ ജയ്ശങ്കർ, കമലേഷ് ജഗൻ എന്നിവരും പ്രധാനവേഷങ്ങളിലെത്തിയ സിനിമ വമ്പൻവിജയമായി. ഏഴുകോടിക്ക് നിർമിച്ച സിനിമ തിരിച്ചുപിടിച്ചത് 90 കോടി രൂപയാണ്. 2025-ലെ ഏറ്റവും ലാഭകരമായ ചിത്രങ്ങളിലൊന്നായി അത് മാറുകയും ചെയ്തു.

ഹിന്ദി സിനിമാമേഖലയിലെ മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് സിമ്രാൻ ഇപ്പോൾ. ദക്ഷിണേന്ത്യൻ താരങ്ങളോട് ബോളിവുഡ് കാണിച്ചിട്ടുള്ള ബഹുമാനക്കുറവ് തന്നെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടെന്നും സിമ്രാൻ വെളിപ്പെടുത്തുന്നു.

''ആളുകളുമായി കണക്ട് ചെയ്യാൻ കഴിയാത്തതിനാൽ പലപ്പോഴും ഞാൻ ഹിന്ദിസിനിമകൾ ചെയ്യാൻ വിസമ്മതിച്ചിട്ടുണ്ട്. ബോളിവുഡിലേക്ക് വരുന്നതിനുമുമ്പ് ഞങ്ങൾ ചെയ്തിരുന്ന സിനിമകളും മറ്റും അവർ കണ്ടിട്ടില്ലെന്ന് പലപ്പോഴും തോന്നാറുണ്ട്. അതെന്നെ വല്ലാതെ അലട്ടുന്നു. എന്റെ ജീവിതത്തിന്റെ പകുതിയിലധികവും ഞാൻ സിനിമയ്ക്ക് നൽകിയിട്ടുണ്ട്. എന്നിട്ടും ആ ബഹുമാനം ലഭിച്ചില്ലെങ്കിൽ അതെന്നെ വല്ലാതെ വേദനിപ്പിക്കും''.

ചില നിർമ്മാണ കമ്പനികൾ അടിസ്ഥാന സൗകര്യങ്ങൾക്കുപോലും വിലപേശാറുണ്ടെന്നും സിമ്രാൻ തുറന്നടിക്കുന്നു. ''അവർ താമസത്തിന്റെ കാര്യത്തിൽ പോലും വിലപേശും. എന്നോടൊപ്പം യാത്ര ചെയ്യാൻ കഴിയുന്ന ആളുകളുടെ എണ്ണം അവർ പരിമിതപ്പെടും. 'ഇത്രയും ജീവനക്കാരെ കൊണ്ടുവരാൻ കഴിയില്ല' എന്നൊക്കെയാണ് അവർ പറയുക. ഈ കാര്യങ്ങൾ എന്നെ വളരെയധികം അസ്വസ്ഥയാക്കും. പക്ഷേ ആരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല''.

എന്നാൽ, ഏറ്റവുമൊടുവിൽ അഭിനയിച്ച 'ഗബ്രു' എന്ന സിനിമയുടെ സെറ്റിൽ വളരെ നല്ല അനുഭവമായിരുന്നുവെന്നാണ് സിമ്രാൻ പറയുന്നത്. തന്നോട് നന്നായി പെരുമാറിയതിന് ചിത്രത്തിന്റെ നിർമാതാവ് ഓം ചങ്കാനിയെ സിമ്രാൻ അഭിനന്ദിക്കുന്നു. ''കൂടെ അഭിനയിച്ച സണ്ണി ഡിയോൾ ഉൾപ്പെടെയുള്ള താരങ്ങളും വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയത്. സണ്ണി പ്രത്യേകിച്ചും വളരെ ദയയും വിനയവുമുള്ളയാളാണ്''. ഷഷാങ്ക് ഉദപൂർകറാണ് സിനിമ സംവിധാനം ചെയ്യുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Simran shares personal experiences of disrespect in the Bollywood film industry. Details on how production houses negotiate on basic amenities like travel and accommodation.