2001-ൽ പുറത്തിറങ്ങിയ സിനിമയാണ് 'പാർവൈ ഒൻട്രെ പോതുമെ'. കുനാൽ സിങ്, മൊണാൽ എന്നിവരാണ് നായികാനായകൻമാരായത്. സിനിമ ഹിറ്റായിരുന്നു. പക്ഷേ, പടം ഇന്നും ഓർമിക്കപ്പെടുന്നത് നായകന്റെയും നായികയുടെയും ആത്മഹത്യയുടെ പേരിലാണ്.
ഹരിയാണയിൽ ജനിച്ച കുനാൽ സിങ്, ആദ്യമായി അഭിനയിക്കുന്നത് തമിഴ് സിനിമയിലാണ്. 1999-ൽ പുറത്തിറങ്ങിയ 'കാതലർദിന'മാണ് ആദ്യചിത്രം. അക്കാലത്തെ പ്രശസ്ത ബോളിവുഡ് താരമായ സൊനാലി ബന്ദ്രെയുടെ നായകനായുള്ള വേഷം, കുനാലിന് പ്രശംസ നേടിക്കൊടുത്തു. അതിനുശേഷം പാർവൈ ഒൻട്രു പോതുമെ, പുന്നഗൈ ദേസം, വറുഷമെല്ലാം വസന്തം, പേസാത കണ്ണും പേസുമെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ആദ്യം ഹിറ്റുകൾ മാത്രമാണ് കുനാലിന് ലഭിച്ചതെങ്കിൽ, പിന്നീട് അദ്ദേഹത്തിന്റെ കരിയർ ഗ്രാഫ് താഴുന്നതാണ് കണ്ടത്. പലതും ഫ്‌ളോപ്പായി. പല സിനിമകളുടെയും ഷൂട്ടിങ് എന്നെന്നേക്കുമായി മരവിപ്പിച്ചു. രണ്ടുസിനിമകളുടെ ഷൂട്ടിങ് കഴിഞ്ഞെങ്കിലും, അത് റിലീസായതുമില്ല. അഭിനേതാവ് എന്ന നിലയിൽ പരാജയമറിഞ്ഞതോടെ, സിനിമകളുടെ അസിസ്റ്റൻഡ് എഡിറ്ററായി മാറി.
അതിനിടയിലാണ് 2008-ൽ 31 വയസ്സുള്ളപ്പോൾ അദ്ദേഹം തൂങ്ങിമരിക്കുന്നത്. മുംബൈയിലെ അപ്പാർട്ട്‌മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. മരണസമയത്ത് നടി ലവീന ഭാട്യയും കുനാലിന്റെ ഫ്‌ളാറ്റിലുണ്ടായിരുന്നു. ലവീനയാണ് ഈ വിവരം കുനാലിന്റെ പിതാവ് രാജേന്ദ്ര സിങ്ങിനെ വിളിച്ചുപറയുന്നതും. താൻ ബാത്‌റൂമിൽ പോയി തിരിച്ചുവരുമ്പോൾ, കുനാൽ മരിച്ചുകിടക്കുകയായിരുന്നുവെന്നാണ് ലവീന പറഞ്ഞത്. ആദ്യം ആത്മഹത്യ എന്നു പറഞ്ഞ്, പോലീസ് കേസ് എഴുതിത്തള്ളി. എന്നാൽ, കുനാലിന്റെ അച്ഛൻ ഇതിനെ ചോദ്യം ചെയ്തുകൊണ്ട് കോടതിയെ സമീപിച്ചു. കുനാലിന്റെ ദേഹത്ത് കണ്ട മുറിവുകളാണ് ആത്മഹത്യയല്ലെന്ന് അദ്ദേഹം ഉറപ്പിക്കാൻ കാരണം. ഒരു മണിക്കൂർ മുമ്പ് കുനാൽ, സംഗീതസംവിധായകനെ വിളിച്ച് ഒരു പാട്ടിന്റെ ട്യൂൺ കേൾക്കാനായി വരുമെന്ന് പറഞ്ഞിരുന്നു. അങ്ങനെയുള്ളൊരാൾ എന്തിനാണ് ആത്മഹത്യ ചെയ്യുന്നതെന്നായിരുന്നു അച്ഛന്റെ ചോദ്യം. മരണത്തിൽ കൂടുതൽ അന്വേഷിക്കാൻ കോടതി പോലീസിനോട് നിർദേശിച്ചു.
ഒടുവിൽ ലവീന അറസ്റ്റിലായെങ്കിലും, പിന്നീടവരെ വിട്ടയച്ചു. ആത്മഹത്യ തന്നെയെന്ന് വീണ്ടും പോലീസ് റിപ്പോർട്ട് നൽകി. മാസങ്ങൾക്ക് മുമ്പ് കുനാൽ തന്റെ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു കണ്ടെത്തൽ.
ഭാര്യ അനുരാധയ്ക്കും രണ്ട് മക്കൾക്കുമൊപ്പമായിരുന്നു കുനാൽ താമസിച്ചിരുന്നത്. എന്നാൽ, ലവീനയുമായുള്ള കുനാലിന്റെ അടുപ്പത്തെത്തുടർന്ന് അവർക്കിടയിൽ പ്രശ്‌നങ്ങളുണ്ടായി. അനുരാധ കുട്ടികളെയും കൊണ്ട് തന്റെ വീട്ടിലേക്ക് പോവുകയും ചെയ്തു. അതൊക്കെയാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് പറയപ്പെട്ടു.
സിമ്രാന്റെ സഹോദരി
നടി സിമ്രാന്റെ സഹോദരി കൂടിയായ മോണൽ, മോഡലിങ്ങിലൂടെയും സൗന്ദര്യമത്സരങ്ങളിലൂടെയുമാണ് സിനിമയിലെത്തിയത്. അതിനുപിറകെയാണ് ചേച്ചിയുടെ പാത പിന്തുടർന്ന് സിനിമയിലെത്തിയത്. സിമ്രാൻ നായികയായി തിളങ്ങിനിൽക്കുന്ന സമയമാണ്. അതുകൊണ്ടുതന്നെ ആദ്യസിനിമ റിലീസാവുന്നതിനു മുമ്പ് തന്നെ മോണൽ പ്രശസ്തയായി. എന്നാൽ, അവരുടെ മോശം പെരുമാറ്റം മൂലം പെട്ടെന്ന് തന്നെ ചർച്ചാവിഷയമാവുകയും ചെയ്തു. ആദ്യസിനിമയുടെ സെറ്റിൽ രാജകീയമായ പരിഗണന ലഭിക്കണമെന്ന് അവർ ആവശ്യപ്പെട്ടുവത്രേ. പക്ഷേ സിനിമ റിലീസായതോടെ, അവർക്ക് കുറേ ഓഫറുകൾ ലഭിച്ചു.
തമിഴ്, തെലുഗു, ഹിന്ദി സിനിമകളിൽ അഭിനയിച്ചു മോണൽ. വിജയ് നായകനായ ബദ്രി, ലവ്‌ലി, സമുദിരം, ഇഷ്ടം, മാ തുഛേ സലാം തുടങ്ങിയവയാണ് പ്രധാനസിനിമകൾ. രണ്ട് സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കവെയാണ് അവർ മരണത്തിലേക്ക് നടന്നുപോകുന്നത്. അതേ ദിവസം തന്റെ പുതിയ സിനിമയുടെ ലോഞ്ചിങ് ഇവന്റിലും മോണൽ പങ്കെടുത്തിരുന്നു. അതുകഴിഞ്ഞാണ് ചെന്നൈയിലെ വീട്ടിൽ തൂങ്ങിമരിക്കുന്നത്. 21 വയസ്സ് മാത്രമാണ് അന്നവരുടെ പ്രായം.
കൊറിയോഗ്രഫർ പ്രസന്ന മാസ്റ്ററുമായി, മോണൽ പ്രണയത്തിലാണെന്ന് അക്കാലത്ത് വാർത്തകളുണ്ടായിരുന്നു. പ്രസന്ന കാരണമാണ് മോണൽ ആത്മഹത്യ ചെയ്തതെന്ന് സിമ്രാൻ ഒരു പത്രസമ്മേളനത്തിൽ തുറന്നടിച്ചു. മോണലുമായുള്ള ബന്ധം പ്രസന്ന വേണ്ടെന്നുവെച്ചതാണ് കാരണമെന്നും അവർ പറഞ്ഞു. കൂടാതെ നടി മുംതാസും മാനേജറും കൂടി മോണലിന്റെ വിലയേറിയ മേക്കപ്പ് കിറ്റും പേഴ്‌സണൽ ഡയറിയും മോഷ്ടിച്ചുവെന്നും സിമ്രാൻ ആരോപിച്ചു. മരണത്തെക്കുറിച്ചുള്ള ഒട്ടേറെ തെളിവുകൾ ആ ഡയറിയിലുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. മോണലിന്റെ മരണവിവരമറിഞ്ഞ് ആദ്യം വീട്ടിലെത്തിയത് മുംതാസും മാനേജറുമായിരുന്നു.
Content Highlights: monal and kunal found solace in death due to various reasons
Published: 27 May 2025, 02:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented