'ഞാൻ നഗ്നതയെ ആരാധിക്കുന്നയാൾ; തുടക്കമെല്ലാം അമ്മയിൽനിന്ന്': രാജ് കപൂർ അന്ന് പറഞ്ഞു

മന്ദാകിനി, രാജ് കപൂർ
മന്ദാകിനി, രാജ് കപൂർ

1985-ൽ പുറത്തിറങ്ങിയ സിനിമയാണ് 'രാം തേരി ഗംഗാ മൈലി'. വിഖ്യാതനടനും സംവിധായകനും നിർമാതാവുമായ രാജ് കപൂറാണ് ഈ ചിത്രം നിർമിച്ചതും സംവിധാനം ചെയ്തതും. രാജ് കപൂർ അവസാനമായി സംവിധാനം ചെയ്ത് നിർമിച്ച സിനിമയെന്ന പ്രത്യേകതയും ഇതിനുണ്ട്. 

അക്കാലത്തെ പ്രശസ്തരായ പല താരങ്ങളെയും ഒഴിവാക്കി, മന്ദാകിനി, രാജീവ് കപൂർ എന്ന പുതുമുഖതാരങ്ങളെയാണ് രാജ് കപൂർ ആ സിനിമയിൽ അവതരിപ്പിച്ചത്. രാജ് കപൂറിന്റെ ഇളയമകൻ കൂടിയാണ് രാജീവ് കപൂർ. വലിയ താരങ്ങളൊന്നുമില്ലാതെ പുറത്തിറങ്ങിയ സിനിമ, പക്ഷേ വമ്പൻഹിറ്റായി. ഒരുകോടി ചെലവഴിച്ച് നിർമിച്ച പടം വാരിക്കൂട്ടിയത് 19 കോടിയാണ്.

എന്നാൽ, അതിനൊപ്പം തന്നെ ഏറെ വിവാദങ്ങളും സിനിമയെ ചുറ്റിപ്പറ്റിയുണ്ടായി. മന്ദാകിനി നേർത്ത വെളുത്തസാരിയുടുത്ത് വെള്ളച്ചാട്ടത്തിനുതാഴെ നിന്ന് കുളിക്കുന്നതും അവർ കുഞ്ഞിന് മുലയൂട്ടുന്നതുമായ രംഗങ്ങളാണ് അന്ന് പ്രധാനമായും ചർച്ചയായത്. എങ്കിലും സെൻസർ ബോർഡ് ചിത്രത്തിന് 'എ സർട്ടിഫിക്കറ്റ്' നൽകിയില്ല. ആദ്യം 'യു സർട്ടിഫിക്കറ്റ്' നൽകിയ സെൻസർ ബോർഡ്, പിന്നീടത് 'യു/എ സെർട്ടിഫിക്കറ്റ് (U/A Certificate) ആക്കി.

ഈ രംഗങ്ങൾ പലരെയും ചൊടിപ്പിച്ചു. ഈ രംഗങ്ങൾ അശ്ലീലമാണെന്ന് അവർ ശക്തമായി വാദിച്ചു. എന്നാൽ, ഈ രംഗങ്ങളെല്ലാം വളരെ മാന്യമായിട്ടാണ് തങ്ങൾ അവതരിപ്പിച്ചതെന്നുപറഞ്ഞ് രാജ് കപൂർ വിമർശനങ്ങളെയെല്ലാം നേരിട്ടു.

അന്ന് മന്ദാകിനിക്ക് വെറും 16 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പറയപ്പെടുന്നു. ഏറെ പ്രശസ്തയായ, പ്രത്യേക പ്രതിച്ഛായയുള്ള താരത്തെ, തന്റെ കഥാപാത്രമായി മാറ്റാൻ കഴിയില്ലെന്ന് രാജ് കപൂർ വിശ്വസിച്ചിരുന്നുവത്രെ. അതുകൊണ്ടാണ് പുതുമുഖമായ മന്ദാകിനിയെ തന്റെ സിനിമയിലെ ഗംഗ എന്ന കഥാപാത്രമായി അദ്ദേഹം തിരഞ്ഞെടുത്തത്. അതിനുശേഷം ഒട്ടേറെ സിനിമകളിൽ അഭിനയിച്ചെങ്കിലും, മന്ദാകിനിക്ക് ആ ഗ്ലാമർറോളിൽ പുറത്തുകടക്കാൻ കഴിഞ്ഞില്ലെന്നതും ഒരു വസ്തുത തന്നെ. അവർ പിന്നീട് അറിയപ്പെട്ടതും ആ റോളിന്റെ പേരിൽ തന്നെ.

നഗ്നമായ സ്ത്രീശരീരത്തോടുള്ള രാജ് കപൂറിന്റെ അഭിനിവേശത്തെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങുന്നതും ഈ സിനിമയ്ക്കുശേഷം തന്നെ. ഇതിനെക്കുറിച്ച് മകൾ റിതു നന്ദ എഴുതിയ 'രാജ് കപൂർ: ദി വൺ ആന്റ് ഒൺലി ഷോമാൻ' എന്ന പുസ്തകത്തിൽ രാജ് കപൂർ പറയുന്നുണ്ട്. താൻ നഗ്നതയെ ആരാധിക്കുന്നയാൾ എന്നാണ് അതിൽ രാജ് വെളിപ്പെടുത്തുന്നത്.

''നഗ്‌നതയെ ആരാധിക്കുന്ന ഒരാളായിരുന്നു ഞാൻ. ചെറുപ്പവും സൗന്ദര്യവുമുള്ള, പത്താൻ സ്ത്രീകളുടെ സവിശേഷമായ മുഖലക്ഷണങ്ങളുണ്ടായിരുന്ന എന്റെ അമ്മയുമായുള്ള അടുപ്പത്തിൽ നിന്നാകാം ഇതെല്ലാം തുടങ്ങിയതെന്ന് എനിക്ക് തോന്നുന്നു. കുഞ്ഞായിരുന്നപ്പോൾ എന്നെയും കൊണ്ടാണ് അമ്മ പലപ്പോഴും കുളിച്ചിരുന്നത്. അവിടുന്നാകാം നഗ്നതയോടുള്ള എന്റെ ഇഷ്ടം തുടങ്ങുന്നതും. 'വിശുദ്ധ നഗ്നത' എന്നുപറയും. എന്റെ സിനിമകളിൽ കുളിക്കുന്ന രംഗങ്ങൾ പലപ്പോഴും ആവർത്തിച്ചുവരാറുണ്ട്''. രാജ് കപൂറിന്റെ ഈ വാക്കുകളും വിവാദമായി. എങ്കിലും അതൊന്നും അദ്ദേഹത്തെ ബാധിച്ചതേയില്ല.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Ram Teri Ganga Maili was the final film directed and produced by Raj Kapoor. Mandakini's casting as a newcomer was a deliberate choice by Raj Kapoor to maintain character authenticity. Raj Kapoor openly discussed his aesthetic fascination with nudity, tracing its origins to his childhood experiences with his mother