‘മലയാളത്തിൽ മാത്രം ഞാൻ സിനിമ ചെയ്യണോ എന്നത് പ്രേക്ഷകർ തീരുമാനിക്കട്ടെ’; നസ്ലിൻ

മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടൻ നസ്ലിൻ തമിഴിലേക്കും ചുവടുവയ്ക്കുകയാണ്. സൂര്യ നായകനാകുന്ന ‘സീൻ’ എന്ന ചിത്രത്തിലൂടെയാണ് നസ്ലിന്റെ തമിഴ് അരങ്ങേറ്റം. മലയാള സിനിമയിൽ മാത്രം തുടരണമോ എന്ന കാര്യത്തിൽ ചിത്രം കണ്ടശേഷം പ്രേക്ഷകർ അഭിപ്രായം പറയണമെന്നാണ് താരത്തിന്റെ അഭ്യർഥന. ദുബായിൽ നടന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നസ്ലിൻ. തന്റെ കരിയറിലെ പ്രത്യേകമായൊരു നാഴികക്കല്ലാണ് ഈ ചിത്രമെന്ന് താരം പറഞ്ഞു. നവംബർ ആറിന് തിയറ്ററുകളിലെത്തുന്ന ചിത്രം കണ്ട് അഭിപ്രായങ്ങൾ അറിയിക്കണമെന്നും എന്തെങ്കിലും തെറ്റുകൾ തോന്നിയാൽ തുറന്നുപറയണമെന്നും നസ്ലിൻ ആവശ്യപ്പെട്ടു.
''ഇതെന്റെ ആദ്യ തമിഴ് ചിത്രമാണ്. എനിക്ക് ഏറെ പ്രത്യേകതയുള്ള സിനിമയാണിത്. ചിത്രം കണ്ടശേഷം മലയാള സിനിമയിൽ മാത്രം തുടരണമോ എന്ന് നിങ്ങൾ, പ്രേക്ഷകർ, എന്നോട് പറയണം. നവംബർ ആറിന് സിനിമ കാണുക, നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക. എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കണം. ഞാൻ തിരുത്തിക്കൊള്ളാം. ഈ ചിത്രത്തിൽ അൽപം വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. എല്ലാവരുടെയും സ്‌നേഹം തുടർന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,'' നസ്ലിൻ പറഞ്ഞു.
കാരക്ടർ റിവീലിങ് വീഡിയോയിൽ താരത്തിന്റെ വില്ലൻ വേഷത്തിന്റെ സൂചനകളുണ്ട്. സൂര്യ നായകനും നസ്രിയ നായികയുമായെത്തുന്ന ചിത്രത്തിൽ ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
രോമാഞ്ചം, ആവേശം എന്നീ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവനാണ് ‘സീൻ’ സംവിധാനം ചെയ്യുന്നത്. തമിഴിൽ ജിത്തു മാധവന്റെ ആദ്യ സംവിധാന സംരംഭമാണിത്. മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകൻ സുഷിൻ ശ്യാമാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. തമിഴിൽ സുഷിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. കറുപ്പ്, വിശ്വനാഥ് ആൻഡ് സൺസ് എന്നീ ചിത്രങ്ങൾക്കുശേഷം മറ്റൊരു വിജയമാണ് സീനിലൂടെ സൂര്യ ലക്ഷ്യമിടുന്നത്. മലയാള സിനിമയുമായി അടുത്ത ബന്ധമുള്ള താരങ്ങളെയും അണിയറപ്രവർത്തകരെയും ഒരുമിപ്പിക്കുന്ന ചിത്രം വലിയ ക്യാൻവാസിലാണ് ഒരുങ്ങുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi