പൃഥ്വിരാജ് കരീനയ്‌ക്കൊപ്പം; മുംബൈയില്‍ നിന്നുള്ള വീഡിയോ പുറത്ത്

എമ്പുരാന്‍ സിനിമയുടെ വിവാദങ്ങള്‍ക്കിടെ പരസ്യപ്രതികരണങ്ങള്‍ക്കൊന്നും മുതിരാതിരുന്ന നടന്‍ പൃഥ്വിരാജിനെതിരേ വ്യാപകവിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പൊതുവേദികളിലെത്തുകയോ മാധ്യമങ്ങളെ കാണുകയോ അദ്ദേഹം ചെയ്തിരുന്നില്ല. അതേസമയം സിനിമയുടെ ബോക്‌സോഫീസ് റെക്കോഡുകള്‍ താരം കൃത്യമായി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയും ചെയ്തു.
ഇപ്പോഴിതാ പൃഥ്വിരാജിനെയും ബോളിവുഡ് താരം കരീന കപൂറിനെയും മുംബൈയില്‍ ഒന്നിച്ചുകണ്ടതിന്റെ പിറകേയാണ് ആരാധകര്‍. ഇരുവരും ഏറെക്കുറെ സമാനമായ വസ്ത്രമാണ് ധരിച്ചിരുന്നത്. ആകാശനീല നിറത്തിലുള്ള ഷര്‍ട്ടും ഡെനിം ജീന്‍സും. ആദ്യം കരീന കപൂര്‍ പുറത്തേക്കിറങ്ങിവന്ന് കാറില്‍ കയറിയ ശേഷം പിന്നാലെ പൃഥ്വിരാജും പുറത്തേക്ക് വരുന്നതാണ് വീഡിയോയിലുള്ളത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ കരീന കപൂര്‍ നായികയാകുന്ന 'ദയ്റ' എന്ന ചിത്രത്തിലേക്ക് പൃഥ്വിരാജ് സുകുമാരനെ കൊണ്ടുവരുന്നതായി ചലച്ചിത്ര നിര്‍മാതാവ് മേഘ്ന ഗുല്‍സാര്‍ പറഞ്ഞിരുന്നു. ദയ്റ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രധാനവേഷത്തിലാണ് പൃഥ്വിരാജ് എത്തുകയെന്നാണ് വിവരം.
'ദയ്‌റ' സിനിമയുടെ ഷൂട്ടിങ് തുടങ്ങിയോ എന്ന ക്യാപ്ഷനോടെ റെഡ്ഡിറ്റിലാണ് ഇരുവരുടെയും വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത്. വീഡിയോക്ക് താഴെ ഇരുവരെയും ഒന്നിച്ച് സ്‌ക്രീനില്‍ കാണുന്നതിന്റെ ആകാംഷ ആരാധകര്‍ കമന്റായി രേഖപ്പെടുത്തി. ഇരുവരും ഒന്നിക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നും ഈ കാസ്റ്റിങ് മികച്ച തീരുമാനമാണെന്നുമെല്ലാം നീളുന്നു കമന്റുകള്‍.
'ആയുഷ്മാന്‍ ഖുറാനയേയും സിദ്ധാര്‍ഥ് മല്‍ഹോത്രയേയുമാണ് ദയ്റയിലേക്ക് നേരത്തേ സമീപിച്ചിരുന്നതെങ്കിലും അവര്‍ക്ക് ഷെഡ്യൂള്‍ ഇല്ലാത്തതിനാലാണ് പൃഥ്വിരാജിനെ സമീപിച്ചതെന്നാണ് വിവരം. തിരക്കഥയും സിനിമയുടെ സന്ദേശവും പൃഥ്വിരാജിന് വളരെയധികം ഇഷ്ടപ്പെട്ടെന്നും പോലീസിന്റെ വേഷമാണെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, സിനിമയുടെ കരാറൊപ്പിട്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
അതിനിടെ, ബോളിവുഡിലെ പ്രമുഖ നിര്‍മാണക്കമ്പനിയായ മാഡോക് ഫിലിംസിന്റെ ഗ്രാന്‍ഡ് പാര്‍ട്ടിയില്‍ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും പങ്കെടുത്തു. മുംബൈയില്‍ നടന്ന പാര്‍ട്ടിയില്‍ കൃതി സനണ്‍, വരുണ്‍ ധവാന്‍, വിക്കി കൗശല്‍, ശ്രദ്ധ കപൂര്‍, രശ്മിക മന്ദാന, അഭിഷേക് ബച്ചന്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, അനന്യ പാണ്ഡെ തുടങ്ങിയ ബോളിവുഡിലെ പ്രമുഖരും അതിഥികളായി ഉണ്ടായിരുന്നു.
Content Highlights: kareena kapoor, prithviraj sukumaran spotted together in mumbai