'സിനിമയിലെ സൗന്ദര്യ സങ്കൽപ്പങ്ങൾ മാറി; യുവ നടിമാരെ ഓർത്ത് വിഷമമുണ്ട്': കാജൽ അഗർവാൾ

വെള്ളിത്തിരയിലെ തിളക്കത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന യാഥാർത്ഥ്യങ്ങളെക്കുറിച്ച് പലപ്പോഴും ചർച്ചകൾ നടക്കാറുണ്ട്. എന്നാൽ സോഷ്യൽ മീഡിയയുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തിൽ, നടിമാർ നേരിടുന്ന സമ്മർദ്ദം മുൻപത്തേക്കാൾ ഇരട്ടിയാണെന്ന് തുറന്നുപറയുകയാണ് തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയതാരം കാജൽ അഗർവാൾ.
സിനിമയിലെ ദയയില്ലാത്ത പുതിയ സൗന്ദര്യ സങ്കൽപ്പങ്ങളെക്കുറിച്ചും, ഇന്നത്തെ യുവ നടിമാർ നേരിടുന്ന കടുത്ത മാനസിക സമ്മർദ്ദങ്ങളെക്കുറിച്ചും Zoom -ന് നൽകിയ അഭിമുഖത്തിൽ കാജൽ പങ്കുവെച്ച വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.
താൻ കരിയർ ആരംഭിച്ച കാലത്തെ സിനിമാ മേഖല ഇന്നത്തെക്കാൾ ഏറെ വ്യത്യസ്തമായിരുന്നുവെന്ന് കാജൽ ഓർക്കുന്നു. "അക്കാലം വളരെ വ്യത്യസ്തമായിരുന്നു. സോഷ്യൽ മീഡിയ ഇല്ലാത്തതിനാൽ പുറത്തുനിന്നുള്ള അനാവശ്യമായ വിലയിരുത്തലുകൾ ഉണ്ടായിരുന്നില്ല. നിങ്ങൾ ജഡ്ജ് ചെയ്യപ്പെടുമെന്ന് പേടിക്കേണ്ട എയർപോർട്ട് ലുക്കുകൾ അന്നുണ്ടായിരുന്നില്ല. സ്വന്തം വ്യക്തിത്വത്തോടെ, കംഫർട്ടബിൾ ആയി ഒരു മുറിയിലേക്കോ എയർപോർട്ടിലേക്കോ കടന്നുചെല്ലാൻ അന്ന് സാധിക്കുമായിരുന്നു."
പൂർണ്ണമായും മേക്കപ്പ് ചെയ്ത് യാത്ര ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് കാജൽ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് ദീർഘദൂര ഫ്ലൈറ്റുകളിൽ യാത്ര ചെയ്യുമ്പോൾ കംഫർട്ടിനാണ് പ്രാധാന്യം നൽകേണ്ടത്. കരിയറിന്റെ തുടക്കകാലത്ത് ഇത്തരം ബാഹ്യസമ്മർദ്ദങ്ങൾ നേരിടേണ്ടി വന്നിട്ടില്ലാത്തത് ഭാഗ്യമായി കരുതുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
രൂപത്തിന്റെ പേരിൽ വിലയിരുത്തിയ കാലം
ബാഹ്യമായ സമ്മർദ്ദങ്ങൾ ഇല്ലായിരുന്നെങ്കിലും സിനിമാ മേഖലയ്ക്കുള്ളിൽ അക്കാലത്തും ചില പ്രാകൃതമായ സൗന്ദര്യ മാനദണ്ഡങ്ങൾ ഉണ്ടായിരുന്നുവെന്ന് കാജൽ മറച്ചുവെക്കുന്നില്ല. അക്കാലത്ത് സിനിമാക്കാരുടെ ഭാഗത്തുനിന്നാണ് പ്രധാനമായും വിലയിരുത്തലുകൾ വന്നിരുന്നത്. കൂടുതൽ തടിച്ചിരിക്കണമെന്നോ മെലിഞ്ഞിരിക്കണമെന്നോ ഒക്കെയുള്ള ആവശ്യങ്ങൾ ഉയർന്നിരുന്നു. അന്നത്തെ ആ ആവശ്യങ്ങൾ ഇന്നത്തെപ്പോലെ ക്രൂരമായിരുന്നില്ലെന്നും ഇന്ന് സോഷ്യൽ മീഡിയയുടെ കടന്നുവരവോടെ ഇത് മാറിക്കഴിഞ്ഞെന്നും താരം പറയുന്നു.
"ഇപ്പോഴത്തെ സാഹചര്യം തികച്ചും ദയയില്ലാത്തതാണ്. അതുകൊണ്ട് തന്നെ ഇപ്പോഴുള്ള യുവ നടിമാരെയോർത്ത് എനിക്ക് വലിയ വിഷമം തോന്നുന്നുണ്ട്. കടുത്ത സമ്മർദ്ദങ്ങൾക്കിടയിലും അവർക്ക് തനതായ വ്യക്തിത്വം നിലനിർത്താനും സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കാനും സാധിക്കട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു."
'നോ' പറയാൻ പഠിക്കണം
തന്റെ കരിയറിൽ കൃത്യമായ നിലപാടുകൾ സൂക്ഷിക്കാൻ കഴിഞ്ഞതാണ് വിജയരഹസ്യമെന്ന് കാജൽ. അവസരങ്ങൾ ഉറപ്പാക്കാൻ വേണ്ടി മാത്രം എല്ലാ കാര്യങ്ങൾക്കും 'അതെ' എന്ന് പറയുന്ന സ്വഭാവം തനിക്കില്ലായിരുന്നു. എല്ലാ കാര്യങ്ങൾക്കും സമ്മതം മൂളുന്നതിനേക്കാൾ വളരെ പ്രധാനമാണ് ഉചിതമായ സമയത്ത് 'ഇല്ല' എന്ന് പറയാൻ പഠിക്കുന്നത്. ഒരു അവസരം ഒത്തുവന്നാൽ അത് നല്ലത്, ഇല്ലെങ്കിൽ അതിനെയെല്ലാം മറികടന്ന് മുന്നോട്ട് പോകാൻ താൻ തുടക്കം മുതലേ മാനസികമായി തയ്യാറായിരുന്നുവെന്നും കാജൽ കൂട്ടിച്ചേർത്തു.
'ദി ഇന്ത്യ സ്റ്റോറി' (The India Story) എന്ന തന്റെ പുതിയ ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് കാജലിപ്പോൾ. കീടനാശിനി പ്രയോഗിച്ചുള്ള കൃഷിയും അത് സമൂഹത്തിൽ ഉണ്ടാക്കുന്ന ആഘാതവുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ജൂലൈ 24-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kajal Aggarwal highlights how social media has intensified beauty pressures on young actresses., Contrast between early career freedom and current 'airport look' scrutiny., Importance of saying 'no' and maintaining personal boundaries for career longevity., Details on the upcoming film 'The India Story' releasing July 24.