സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെയുള്ള വ്യാജപ്രചാരണങ്ങളില്‍ പ്രതികരണവുമായി നടി കാജല്‍ അഗര്‍വാള്‍. നടി ഒരു ഗുരുതരമായ റോഡപകടത്തില്‍ പെടുകയും വലിയ പരിക്കുകള്‍ സംഭവിക്കുകയും ചെയ്തു എന്ന് സൂചിപ്പിക്കുന്ന സ്ഥിരീകരിക്കാത്ത പോസ്റ്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് താന്‍ സുഖമായിരിക്കുന്നു എന്ന് ആരാധകര്‍ക്ക് ഉറപ്പ് നല്‍കി നടി രംഗത്തെത്തിയത്.

തനിക്ക് യാതൊരു ആരോഗ്യപ്രശ്‌നവുമില്ലെന്നും അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുതെന്നും നടി അഭ്യര്‍ത്ഥിച്ചു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്ന ഈ വ്യാജ വാര്‍ത്ത ആരാധകര്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കി. നിരവധി പേര്‍ ഓണ്‍ലൈനിലൂടെ പ്രാര്‍ത്ഥനകളും പിന്തുണയും അറിയിച്ചു. 

വാര്‍ത്തയെ അടിസ്ഥാനരഹിതം എന്ന് വിശേഷിപ്പിച്ച് അവര്‍ ഇങ്ങനെ കുറിച്ചു, 'ഞാന്‍ ഒരു അപകടത്തില്‍ പെട്ടുവെന്നും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല എന്നും അവകാശപ്പെടുന്ന ചില അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ കണ്ടു. അത് അസത്യമാണ്'. 'ദൈവകൃപയാല്‍, ഞാന്‍ പൂര്‍ണ്ണമായും സുഖമായും സുരക്ഷിതയായും ഇരിക്കുന്നു. ദയവായി അത്തരം വ്യാജവാര്‍ത്തകള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. പകരം നമുക്ക് പോസിറ്റിവിറ്റിയിലും സത്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാം'. അവര്‍ കൂട്ടിച്ചേര്‍ത്തു,

സല്‍മാന്‍ ഖാന്‍, രശ്മിക മന്ദാന, പ്രതീക് ബബ്ബര്‍, സഞ്ജയ് കപൂര്‍ എന്നിവര്‍ അഭിനയിച്ച 'സിക്കന്തര്‍' എന്ന ചിത്രത്തിലാണ് കാജല്‍ അഗര്‍വാളിനെ അവസാനമായി കണ്ടത്. 'കണ്ണപ്പ' എന്ന ചിത്രത്തിലും അവര്‍ ഒരു പ്രത്യേക വേഷത്തില്‍ എത്തിയിരുന്നു. കമല്‍ഹാസന്റെ 'ഇന്ത്യന്‍ 3' ഉള്‍പ്പെടെ നിരവധി മികച്ച പ്രോജക്ടുകള്‍ നടിയുടേതായി വരാനിരിക്കുന്നു. 

നിതേഷ് തിവാരിയുടെ രണ്ട് ഭാഗങ്ങളുള്ള ഇതിഹാസ ചിത്രമായ 'രാമായണ'ത്തിലെ വേഷമാണ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. രാവണനായി അഭിനയിക്കുന്ന യാഷിനൊപ്പം, രാവണന്റെ ഭാര്യയായ മണ്ഡോദരിയെയാണ് കാജല്‍ അവതരിപ്പിക്കുന്നത്. രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായും സായ് പല്ലവി സീതയായും അഭിനയിക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 2026-ലെ ദീപാവലിക്ക് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi