എപ്പോഴും ബോഡികാം കൊണ്ടുനടക്കാനാവില്ല, മീടൂ ആരോപണങ്ങളില്‍ കനത്ത വില കൊടുക്കേണ്ടി വന്നു- ചിന്മയി

ചിന്മയി
ചിന്മയി

ഇന്ത്യയിലെ 'മീ ടൂ' പ്രസ്ഥാനത്തിലെ പ്രധാനമുഖങ്ങളിലൊന്നായിരുന്നു പ്രശസ്ത ഗായിക ചിന്മയി ശ്രീപാദ. തമിഴ്, തെലുഗു സിനിമകളില്‍ ഗായികയായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചിരുന്ന അവര്‍ ഗാനരചയിതാവ് വൈരമുത്തുവിനും നടന്‍ രാധാ രവിക്കുമെതിരെ പീഡനാരോപണങ്ങള്‍ ഉന്നയിച്ചത് വലിയ ചര്‍ച്ചയായിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെയും വെളിപ്പെടുത്തലുമായി സ്വയം മുന്നോട്ടുവരാന്‍ തയ്യാറായ സ്ത്രീകളെയും അഭിനന്ദിക്കുകയാണ് ചിന്മയി.

'കേരളത്തിലെ സിനിമാമേഖലയുടെ ഇരുണ്ട വശത്തെ കൂടുതല്‍ തുറന്നുകാട്ടുന്നതും ലൈംഗികാതിക്രമത്തെ അതിജീവിച്ച സ്ത്രീകളെ മുന്നോട്ട് വരാന്‍ പ്രേരിപ്പിക്കുന്നതുമാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. രാജിവെച്ച സിദ്ദിഖും രഞ്ജിത്തും മാത്രമല്ല ലൈംഗികാരോപണങ്ങള്‍ നേരിടുന്നവരായി മലയാളം സിനിമാ മേഖലയിലുള്ളത്'- എന്‍.ഡി.ടി.വി.ക്കു നല്‍കിയ അഭിമുഖത്തില്‍ ചിന്മയി പറഞ്ഞു.  

'ജീവനോപാധി നഷ്ടപ്പെടുന്നതും ലൈംഗിക കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിലെ വെല്ലുവിളികളുമടക്കം നീതി തേടുന്ന സ്ത്രീകള്‍ കടന്നുപോവുന്ന ബുദ്ധിമുട്ടുകള്‍ വലുതാണ്. വൈരമുത്തുവിനെതിരേ തുറന്നുപറച്ചില്‍ നടത്തിയശേഷം ഡബ്ബിങ്ങില്‍ നിന്ന് വിലക്കപ്പെട്ട വ്യക്തിയാണ് ഞാന്‍, തിരിച്ചറിവുള്ള ഒരു നീതിന്യായ വ്യവസ്ഥ അനിവാര്യമാണ്. നിലവിലെ സംവിധാനത്തില്‍, അതിജീവിച്ചവര്‍ക്ക് പോലീസില്‍ പരാതിപ്പെടുന്നതിനു പോലും ബുദ്ധിമുട്ടാണ്'-ചിന്മയി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പീഡനത്തിനിരയായതിന്റെ സ്വന്തം അനുഭവങ്ങളും വിലക്കുകളും വിചാരണയും അവര്‍ തുറന്നുപറഞ്ഞു.  

'ഞങ്ങള്‍ക്കെപ്പോഴും ബോഡികാം ഒപ്പം കൊണ്ടുനടക്കാനാവില്ല, ഞൊടിയിടയിലാണ് അതിക്രമം നടക്കുന്നത്, ദേശീയവനിതാകമ്മീഷനില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. പല കേസുകളിലും സ്ത്രീകള്‍ പോലീസില്‍ പരാതിപ്പെടാന്‍ വരാത്തതിന് ഒരു കാരണം 'അതില്‍ ഭൂരിഭാഗവും സാഹചര്യത്തെളിവുകളാണെന്നതാണ്'-ചിന്മയി വിശദീകരിച്ചു.  

രാഷ്ട്രീയ, സിനിമാ രംഗം മീടൂ ആരോപണങ്ങള്‍ നേരിടുന്നവരുമായി സഹകരിക്കുന്നത് തുടരുകയാണെന്നും ലൈംഗിക പീഡന ആരോപണങ്ങള്‍ നേരിടുന്ന പുരുഷന്മാരെ രാഷ്ട്രീയക്കാര്‍ പിന്തുണയ്ക്കുന്നത് അവര്‍ വോട്ട് ബാങ്കായതുകൊണ്ടാണെന്നും ചിന്മയി ആരോപിച്ചു.

Content Highlights: i paid heavy price for metoo allegations-singer chinmayi sripaada