ആ ഫോട്ടോ ബോബി ഡിയോളിന്റെ കരിയർ തന്നെ മാറ്റി; വില്ലനാവുന്നത് ധർമേന്ദ്രയ്ക്ക് ഇഷ്ടമല്ലായിരുന്നു

1990-കളിൽ ബർസാത്, ഗുപ്ത്, സോൾജ്യർ, ബാദൽ, അജ്‌നബി തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ചൊരു തുടക്കമായിരുന്നു ബോളിവുഡ് നടൻ ബോബി ഡിയോളിന്റേത്. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ കരിയറിൽ കാര്യമായ നേട്ടമൊന്നുമുണ്ടായില്ല.
പിന്നീട് 2020-കളിലാണ് അദ്ദേഹത്തിന് നല്ല വേഷങ്ങൾ ലഭിച്ചത്. കങ്കുവ, ഡാകു മഹാരാജ്, ക്ലാസ് ഓഫ് 83, ലവ് ഹോസ്റ്റൽ, വെബ് സീരീസായ 'ആശ്രാം' എന്നിവയാണ് രണ്ടാം വരവിലെ പ്രധാനസിനിമകൾ. അതിനിടെ സൂപ്പർഹിറ്റ് സിനിമയായ 'അനിമലി'ൽ വില്ലനായുമെത്തി ബോബി. ബോബിയുടെ ആ വില്ലൻ വേഷം ഏറെ ചർച്ചയാവുകയും ചെയ്തു. ബോബിയെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവന്നതിനും, ബിഗ് ബജറ്റ് സിനിമകളിലും ഷോകളിലും അഭിനയിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയതിനും 'അനിമലി'ന് വലിയ റോളുണ്ട്.
ഇപ്പോഴിതാ ആ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ബോബി. താനൊരു നെഗറ്റീവ് കഥാപാത്രം ചെയ്യുന്ന കാര്യം കേട്ടപ്പോൾ അച്ഛനായ ധർമേന്ദ്രയ്ക്ക് അത് ഇഷ്ടപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.
ബോബി അവതരിപ്പിച്ച അബ്രാർ എന്ന കഥാപാത്രം രണ്ടാം പകുതിയിൽ ഏതാനും മിനിറ്റുകൾ മാത്രമേ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നുള്ളൂ. പക്ഷേ ആ കഥാപാത്രത്തിനും ബോബിയുടെ പ്രകടനത്തിനും ഏറെ അഭിനന്ദനങ്ങൾ ലഭിച്ചു. ഒരു സ്പോർട്സ് ഇവന്റിൽ ഇരിക്കുന്ന ബോബിയുടെ ചിത്രം കണ്ടാണ് സംവിധായകൻ സന്ദീപ് റെഡ്ഡി വാംഗ, താരത്തെ ആ സിനിമയിലേക്ക് വിളിക്കുന്നത്. ബോബിയുടെ ആ ഫോട്ടോ വൈറലായിരുന്നു. അത് സന്ദീപിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ശേഖർ സുമന്റെ 'ശേഖർ ടുനൈറ്റ്' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു. ''സന്ദീപ് വാംഗയുടെ ഫോൺ വന്നു. 'ആ ഫോട്ടോയിലെ നിങ്ങളുടെ എക്‌സ്പ്രഷൻ നല്ല രസമുണ്ട്, അതെനിക്ക് ഇഷ്ടമായി' എന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്. അതുകൊണ്ട് നിങ്ങളും എന്റെ സിനിമയിൽ വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു''.
വില്ലൻവേഷമാണെന്ന് അറിഞ്ഞപ്പോഴുള്ള അച്ഛന്റെ പ്രതികരണത്തെക്കുറിച്ചും ബോബി പറഞ്ഞു. ''പപ്പ ചോദിച്ചു, നീ വില്ലനാണോ? ഞാൻ അദ്ദേഹത്തോട് 'അതെ പപ്പ, നല്ല വേഷമാണ്' എന്ന് പറഞ്ഞു''. അങ്ങനെയാണ് ബോബി 'അനിമലി'ലെത്തുന്നത്. റൺബീർ കപൂർ, രശ്മിക മന്ദാന, അനിൽ കപൂർ, തൃപ്തി ദിമ്രി എന്നിവരും പ്രധാനവേഷങ്ങളിലെത്തിയ സിനിമ ലോകമെമ്പാടുമായി 900 കോടിയിലധികം നേടി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bobby Deol discusses his career revival through the movie Animal. Dharmendra was initially hesitant about Bobby playing a villain.