ഗർഭിണിയായ സമാന്ത ആക്ഷൻസീനിലും നൃത്തരംഗത്തിലും അഭിനയിച്ചതിങ്ങനെ; സംവിധായിക വെളിപ്പെടുത്തുന്നു

സമാന്ത റൂത്ത് പ്രഭു നായികയായ ചിത്രമാണ് 'മാ ഇന്റി ബംഗാരം'. ഈ തെലുഗു ആക്ഷൻ കോമഡി ചിത്രം സംവിധാനം ചെയ്തത് ബി.വി.നന്ദിനി റെഡ്ഡിയാണ്. സമാന്തയുടെ ത്രലാല മൂവിങ് പിക്‌ചേഴ്‌സിന്റെ ബാനറിൽ സമാന്തയും രാജ് നിദിമൊരുവും ഹിമങ്ക് റെഡ്ഡിയും ചേർന്നാണ് ചിത്രം നിർമിച്ചത്. ജൂൺ 19-ന് റിലീസായ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇതുവരെയായി 83 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്.
മാത്രമല്ല 17 വർഷം പഴക്കമുള്ളൊരു റെക്കോഡും ചിത്രം ഇതിനോടകം തകർത്തെറിഞ്ഞുകഴിഞ്ഞു. 2009-ൽ റിലീസായ 'അരുന്ധതി' അന്ന് ആഗോളതലത്തിൽ നേടിയത് 70 കോടി രൂപയാണ്. ഒരു നായികാപ്രാധാന്യമുള്ള ചിത്രം അത്ര കളക്ട് ചെയ്യുന്നത് അന്ന് കേട്ടുകേൾവിയില്ലാത്ത കാര്യമായിരുന്നു. അപ്പോഴാണ് അനുഷ്‌ക ഷെട്ടി നായികയായ 'അരുന്ധതി' ബോക്‌സോഫീസിൽ വിജയിച്ചത്. അതിനുശേഷം ഇപ്പോഴാണ് ഒരു നായികാപ്രാധാന്യമുള്ള തെലുഗുചിത്രം ബോക്‌സോഫീസിൽ വമ്പൻവിജയം നേടുന്നത്.
'മാ ഇന്റി ബംഗാര'ത്തിന്റെ പ്രൊമോഷനും വിജയാഘോഷങ്ങൾക്കുമിടയിലാണ് സമാന്ത ഗർഭിണിയാണെന്ന കാര്യം പുറത്തുവിടുന്നതും. താൻ കുറച്ചുനാളത്തേക്ക് മെറ്റേണിറ്റി ബ്രേക്ക് എടുക്കുകയാണെന്നും ആഘോഷപരിപാടികൾക്കിടയിൽ സമാന്ത തുറന്നുപറഞ്ഞിരുന്നു. ഗർഭിണിയായിരിക്കെയാണ് 'മാ ഇന്റി ബംഗാര'ത്തിലെ ചില സീനുകളിൽ സമാന്ത അഭിനയിച്ചതെന്ന് പറയുകയാണ് സംവിധായിക നന്ദിനി റെഡ്ഡി ഇപ്പോൾ. ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കുകയായിരുന്നു നന്ദിനി. ഏകദേശം 54 ദിവസത്തെ ടൈറ്റ് ഷെഡ്യൂളിലാണ് ചിത്രത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.
''ഞങ്ങൾ തസ്സാദിയ എന്ന പാട്ട് ചിത്രീകരിക്കുന്നതിനിടയിലാണ് സമാന്ത ഗർഭിണിയാണെന്ന് ഞാനറിയുന്നത്. ആ പാട്ടുസീനിൽ കുറേ ഊർജ്ജസ്വലമായ നൃത്തച്ചുവടുകൾ ഉണ്ടായിരുന്നു. മാത്രമല്ല ഒരു കാർ ചേസിങ് സീൻ ചിത്രീകരിക്കാൻ ബാക്കിയുമുണ്ട്''. എന്നാൽ ശാരീരികമായി ബുദ്ധിമുട്ടുള്ള ഒട്ടുമിക്ക ആക്ഷൻ സീനുകളും പൂർത്തിയായശേഷമായിരുന്നു സമാന്തയുടെ ഗർഭധാരണം. അതുകൊണ്ട് വലിയ പ്രശ്‌നമുണ്ടായില്ലെന്നും നന്ദിനി പറയുന്നു.
ഗാനവും അവസാനത്തെ ആക്ഷൻ സീനും പൂർത്തിയാക്കാനായി ആവശ്യമായ മുൻകരുതലുകളെല്ലാമെടുത്തു. ''ആ സീനുകൾ സമാന്തയ്ക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നില്ലെന്നും ചിത്രീകരണത്തിനിടയിൽ സമാന്ത ആവശ്യത്തിന് ബ്രേക്കുകൾ എടുക്കുന്നുണ്ടെന്നും ഞങ്ങൾ ഉറപ്പാക്കി. വേനൽക്കാലത്തായിരുന്നു ഷൂട്ടിങ്. അപ്പോഴും നല്ല വെയിലുള്ളപ്പോൾ സീനുകൾ ചിത്രീകരിക്കാതിരിക്കാനും ശ്രദ്ധിച്ചു. സമാന്ത അധികം ക്ഷീണിതയാവുന്നില്ലെന്ന് ഉറപ്പാക്കാനുള്ള എല്ലാ മുൻകരുതലുകളുമെടുത്തു''.
വലിയൊരു ഗ്യാപ്പിനുശേഷമാണ് സമാന്തയുടെ ഒരു ചിത്രം ഹിറ്റാവുന്നത്. സമാന്ത നായികയായ 'യശോദ' സാമ്പത്തികപരമായി വലിയ വിജയമായിരുന്നില്ല. 2023-ൽ റിലീസായ തെലുഗുചിത്രങ്ങളായ ശാകുന്തളം, ഖുഷി എന്നിവ പരാജയപ്പെടുകയും ചെയ്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Samantha filmed action sequences and dance numbers for Maa Inti Bangaram while pregnant. Director Nandini Reddy took special precautions during the 54-day schedule.