ഭർത്താവിനെ 'ധുരന്ധറി'ലൂടെ അപമാനിച്ചു; 25 കോടി നഷ്ടപരിഹാരം തേടി പാക് പോലീസ് ഓഫീസറുടെ ഭാര്യ

സഞ്ജയ് ദത്ത്, നൗറീൻ അസ്ലം / Instagram
സഞ്ജയ് ദത്ത്, നൗറീൻ അസ്ലം / Instagram

1650 കോടി രൂപയാണ് 'ധുരന്ധർ: ദ റിവഞ്ച് (Dhurandhar: The Revenge) ഇതുവരെ കളക്ട് ചെയ്തത്. വിജയത്തിനൊപ്പം തന്നെ ചില വിവാദങ്ങളും സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടാവുന്നുണ്ട്. നേരത്തെ തന്റെ കഥയാണ് 'ധുരന്ധർ' എന്ന അവകാശവാദവുമായി ഒരു സംവിധായകൻ രംഗത്തെത്തിയിരുന്നു. 'കഥ മോഷ്ടിച്ചു' എന്നാരോപിച്ച് ത്രിമൂർത്തി ഫിലിംസ് 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

വീണ്ടുമിതാ സിനിമയുമായി ബന്ധപ്പെട്ട് ഒരു വിവാദമുണ്ടായിരിക്കുകയാണ്.

സിനിമയിൽ പാകിസ്താനി പോലീസുകാരനായ ചൗധരി അസ്ലമിനെ അവതരിപ്പിച്ചത് സഞ്ജയ് ദത്താണ്. സഞ്ജയ് ദത്തിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് ചൗധരി അസ്ലമിന്റെ ഭാര്യ നൗറീൻ അസ്ലം രംഗത്തെത്തുകയും ചെയ്തിരുന്നു. ചില പ്രത്യേകസീനുകളിൽ തനിക്ക് സഞ്ജയ്‌നെ ചൗധരി അസ്ലമിനെ പോലെ തന്നെ തോന്നിയെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ ചൗധരി അസ്ലമിന്റെ കഥാപാത്രത്തിനോട് സിനിമ പൂർണമായി നീതി പുലർത്തിയില്ലെന്നും അവർ അഭിപ്രായപ്പെട്ടു.

ഇപ്പോഴിതാ, സിനിമയ്‌ക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് കൊടുത്തിരിക്കുകയാണ് നൗറീൻ. തന്റെ ഭർത്താവിനെ അനാദരവോടെയും അപമാനകരമായ രീതിയിലും സിനിമയിൽ ചിത്രീകരിച്ചെന്നാണ് അവർ ആരോപിക്കുന്നത്. അങ്ങനെ ചിത്രീകരിച്ചതിന്റെ പേരിലുള്ള നഷ്ടപരിഹാരമായി 25 കോടി വേണമെന്നും നൗറീൻ പറയുന്നു.

പാകിസ്താനിലെ തികച്ചും ലളിതമായൊരു കുടുംബത്തിൽ ജനിച്ച നൗറീന്റെ ജീവിതത്തിലെ വഴിത്തിരിവ്, അസ്ലമിനെ പരിചയപ്പെടുന്നതാണ്. ഒടുവിൽ അവരുടെ 16-ാം വയസ്സിൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു.

റിപ്പോർട്ടുകൾ പ്രകാരം പാകിസ്താനിലെ ഏറ്റവും അപകടകരമായ പല ദൗത്യങ്ങൾക്കും നേതൃത്വം നൽകിയയാളാണ് ചൗധരി അസ്ലം. ല്യാരി ടാസ്‌ക് ഫോഴ്സിലെ എസ്.എസ്.പിയായിരുന്ന അദ്ദേഹം, 2014-ൽ ഒരു ചാവേർ ബോംബാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. 'ധുരന്ധർ: ദ റിവഞ്ചി'ൽ അഴിമതിക്കാരനായ പോലീസുകാരനായിട്ടാണ് അസ്ലമിനെ ചിത്രീകരിച്ചിരിക്കുന്നത്. ആദ്യഭാഗത്തിൽ നായകനായിരുന്നെങ്കിലും, രണ്ടാം ഭാഗത്തിൽ വില്ലനായി മാറി അദ്ദേഹം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Naureen Aslam has filed a 25 crore defamation lawsuit against the makers of 'Dhurandhar: The Revenge'. The film depicts the late police officer Chaudhry Aslam as a corrupt official