നിക്കിയുടെയും ബെയറിന്റെയും ടോക്സിക്ക് ബന്ധം; ‘ഒബ്സെഷൻ ചെയ്തത് എനിക്ക് വേണ്ടി മാത്രമാണ്’

'ഒബ്സെഷൻ' (Obsession) എന്ന ഹൊറർ ചിത്രം ആഗോളതലത്തിൽ വലിയ വിജയമായി മാറിയിരിക്കുകയാണ്. ഇന്ത്യയിലും ചിത്രത്തിന് വൻ പ്രേക്ഷകപിന്തുണയാണ് ലഭിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇംഗ്ലീഷ് ഹൊറർ ചിത്രമായും ഇത് മാറിക്കഴിഞ്ഞു. ചിത്രത്തിന്റെ അപ്രതീക്ഷിത വിജയത്തെക്കുറിച്ച് സംസാരിക്കവേ, ഇന്ത്യൻ പ്രേക്ഷകരിൽ നിന്ന് ലഭിച്ച വൻ പ്രതികരണത്തിൽ താൻ അത്ഭുതപ്പെട്ടുപോയെന്ന് പറയുകയാണ് സംവിധായകൻ ക്യുറി ബാർക്കർ (Curry Barker).
26 കാരനായ അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമാണ് 'ഒബ്സെഷൻ'. ചിത്രത്തിന് ലഭിച്ച പ്രതികരണത്തിൽ താൻ അത്ഭുതപ്പെട്ടുപോയെന്ന് 'വെറൈറ്റി ഇന്ത്യ'യ്ക്ക് നൽകിയ അഭിമുഖത്തിൽ, അദ്ദേഹം തുറന്നുപറഞ്ഞു. ഇന്ത്യയിൽ ചിത്രം ഇതുവരെ ₹78.60 കോടിയിലധികം കളക്ഷൻ നേടിയിട്ടുണ്ട്. മറ്റേതൊരു പാശ്ചാത്യ ഹൊറർ ചിത്രത്തേക്കാളും കൂടുതലാണിത്.
"ഒബ്സെഷൻ ഇന്ത്യയിൽ ഇത്ര വലിയ ഹിറ്റാകുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. സത്യം പറഞ്ഞാൽ, ഇത് എവിടെയെങ്കിലും ഇത്ര വലിയ ഹിറ്റാകുമെന്ന് ഞാൻ കരുതിയിരുന്നില്ല. നമ്മുടെ സിനിമ വിജയിക്കണമെന്നും അത് ആളുകളിലേക്ക് എത്തിച്ചേരണമെന്നും നമ്മൾ ആഗ്രഹിക്കുകയും സ്വപ്നം കാണുകയും ചെയ്യുമല്ലോ. പക്ഷേ, ഇപ്പോൾ ഈ സിനിമ നേടിക്കൊണ്ടിരിക്കുന്ന വിജയം എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. വളരെ കുറഞ്ഞ ചിലവിലാണ് ഞങ്ങൾ ഈ സിനിമ നിർമ്മിച്ചത്. അതിന് ലഭിക്കുന്ന ഈ വലിയ അംഗീകാരം എനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല," സംവിധായകൻ പറഞ്ഞു.
“മറ്റുള്ളവർ എന്ത് വിചാരിക്കുന്നു എന്നതിനെക്കുറിച്ച് ഒട്ടും തലപുകയ്ക്കാതിരിക്കാനും ശ്രമിക്കുന്നു. ഞാൻ ഒബ്സെഷൻ ചെയ്തത് മറ്റാർക്കും വേണ്ടിയല്ല, എനിക്ക് വേണ്ടി മാത്രമാണ്; അതുകൊണ്ടാണ് അത് ഇത്ര നന്നായി വന്നത് എന്ന് ഞാൻ കരുതുന്നു. അത് അങ്ങനെ തന്നെ മുന്നോട്ട് കൊണ്ടുപോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒബ്സെഷന്റെ വിജയത്തെച്ചൊല്ലിയുള്ള ബഹളങ്ങൾ എന്നെ സ്വാധീനിക്കാൻ ആഗ്രഹിക്കുന്നില്ല," അദ്ദേഹം വ്യക്തമാക്കി.
ഒബ്സെഷനെക്കുറിച്ച്
ഒരു മ്യൂസിക് സ്റ്റോറിൽ ജോലി ചെയ്യുന്ന, പ്രണയ നൈരാശ്യമുള്ള ബെയർ (മൈക്കൽ ജോൺസ്റ്റൺ) എന്ന ഏകാകിയായ യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. അവൻ തന്റെ കുട്ടിക്കാലത്തെ സുഹൃത്തും സഹപ്രവർത്തകയുമായ നിക്കിയെ (ഇൻഡെ നവറെറ്റ്) രഹസ്യമായി പ്രണയിക്കുകയാണ്. തന്റെ വികാരങ്ങൾ തുറന്നുപറയാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന്, ബെയർ ഒരു നിഗൂഢമായ ക്രിസ്റ്റൽ ഷോപ്പിൽ എത്തുകയും 'വൺ വിഷ് വില്ലോ' (One Wish Willow) എന്ന വിചിത്രമായ ഒരു വസ്തു വാങ്ങുകയും ചെയ്യുന്നു. തുടർന്ന് അവൻ ഒരു തീവ്രമായ ആഗ്രഹം പ്രകടിപ്പിക്കുന്നു: നിക്കി ലോകത്തിൽ മറ്റാരെക്കാളും കൂടുതൽ അവനെ സ്നേഹിക്കണം. എന്നാൽ ആ ആഗ്രഹം സഫലമാകുന്നത് ഏറ്റവും ഭയാനകമായ രീതിയിലാണ്.
ഈ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയഗാഥകളിൽ ഒന്നായി ചിത്രം മാറിയിരിക്കുന്നു. വെറും $750,000 (ഏകദേശം 7.5 ലക്ഷം ഡോളർ) ബജറ്റിൽ നിർമ്മിച്ച ചിത്രം ലോകമെമ്പാടുമായി 250 ദശലക്ഷം ഡോളറിലധികം ($250 million) കളക്ഷൻ നേടി. ലോകമെമ്പാടുമുള്ള പ്രേക്ഷകർ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തുകയും, ചിത്രത്തിലെ toxic relationship, ഏകാന്തത, പുരുഷാധിപത്യ ചിന്താഗതികൾ (male entitlement), വ്യക്തിസ്വാതന്ത്ര്യം ഇല്ലാതാകൽ തുടങ്ങിയ അസ്വസ്ഥതയുണർത്തുന്ന പ്രമേയങ്ങളെക്കുറിച്ച് വ്യാപകമായ ചർച്ചകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയങ്ങൾ പ്രേക്ഷകരെ ആഴത്തിൽ സ്വാധീനിച്ചതാണ് ചിത്രത്തിന്റെ വിജയത്തിന് കാരണമെന്നും പറയുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Obsession, directed by 26-year-old Curry Barker, has become a massive box office success in India., The film has grossed over ₹78.60 crore in India, outperforming other Western horror releases., Produced on a modest $750,000 budget, the film has earned over $250 million globally., The story explores dark themes including toxic relationships, male entitlement, and obsession., Director Curry Barker expresses concerns about the Hollywood studio system despite his breakthrough success.