1900 കോടിയോളം രൂപ ബോക്‌സോഫീസിൽനിന്ന് നേടി 'ധുരന്ധർ: ദ റിവഞ്ച്' റെക്കോഡിട്ടത് ഈയിടെയാണ്. എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ സിനിമ, ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഹിന്ദിചിത്രം, ഇന്ത്യൻമാർക്കറ്റിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദിചിത്രം, എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ എ-സർട്ടിഫിക്കറ്റുള്ള ഇന്ത്യൻ ചിത്രം എന്നീ നേട്ടങ്ങളെല്ലാം ഇപ്പോൾ 'ധുരന്ധറി'ന് സ്വന്തം. 3000 കോടിയിലേറെ രൂപയാണ് രണ്ട് ഭാഗങ്ങളും ചേർന്ന് സ്വന്തമാക്കിയത്. അതുമൊരു ചരിത്രം തന്നെ.

'ധുരന്ധർ' റെക്കോഡുകൾ സ്വന്തം പേരിലാക്കുമ്പോൾ, അതിനേക്കാൾ വമ്പൻ വിജയം നേടിയൊരു ചിത്രമുണ്ട്, 'ഒബ്‌സഷൻ'(Obsession). ഈ അമേരിക്കൻ സൂപ്പർനാച്വറൽ സൈക്കോളജിക്കൽ ഹൊറർ സിനിമയ്ക്ക് തിരക്കഥയൊരുക്കിയതും സംവിധാനം ചെയ്തതും ക്യുറി ബാർക്കർ എന്ന യൂട്യൂബറാണ്.

മ്യൂസിക് സ്‌റ്റോർ ജീവനക്കാരനായ ബെയർ അതീന്ദ്രിയശക്തികളുള്ളൊരു കളിപ്പാട്ടം വാങ്ങുന്നതും, തന്റെ സുഹൃത്ത് താനുമായി പ്രണയത്തിലാവണമെന്ന ബെയറിന്റെ ആഗ്രഹം ആ കളിപ്പാട്ടം സാധിപ്പിച്ചുകൊടുക്കുന്നതും അതിനെത്തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയിലൂടെ പറയുന്നത്.

2025 സെപ്റ്റംബർ 5-ന് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് സിനിമ ആദ്യമായി പ്രദർശിപ്പിക്കുന്നത്. അവിടെവെച്ച് തന്നെ 'ഒബ്‌സഷന്' മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രം ടൊറന്റോയിൽ പ്രദർശിപ്പിച്ച് രണ്ടാം ദിവസം ലോകമെമ്പാടുമുള്ള ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കാനുള്ള 15 കോടി രൂപയുടെ കരാറിലാണ് ഫോക്കസ് ഫീച്ചേഴ്‌സ് ഒപ്പുവെച്ചത്. ടൊറന്റോ ഫെസ്റ്റിവലിൽ ഒരു ജോണർ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുക കൂടിയാണിത്.

അതുകഴിഞ്ഞ് ഈ വർഷം മെയ് 15-നാണ് അമേരിക്കൻ തിയേറ്ററുകളിൽ സിനിമ റിലീസാവുന്നത്. ലോകമെമ്പാടും നിന്ന് നല്ല പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മെയ് 31 വരെയുള്ള കണക്കുകൾ പ്രകാരം 1422 കോടി രൂപയാണ് സിനിമ ഇതുവരെ ബോക്‌സോഫീസിൽനിന്ന് കളക്ട് ചെയ്തത്. നിർമാണച്ചെലവ് 10 കോടിയും. അതായത് ബജറ്റിന്റെ 100 മടങ്ങ് സിനിമ ഇതുവരെയായി നേടിയിരിക്കുന്നു.

ക്യൂറി ബാർക്കറിന്റെ ചിത്രം

26-കാരനായ ക്യൂറി ബാർക്കർ ഒരു യൂട്യൂബറാണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ രചനയ്ക്കും സംവിധാനത്തിനുമൊപ്പം എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നത്. അഭിനേതാവാകണമെന്ന ആഗ്രഹത്തോടെ വീടുവിട്ട കുറി, ന്യൂയോർക്ക് ഫിലിം അക്കാദമിയിൽവെച്ചാണ് കൂപ്പർ ടോമിൽസൺ എന്ന സഹപാഠിയെ കണ്ടുമുട്ടുന്നത്. അധികം വൈകാതെ ഇരുവരും ചേർന്ന് 'that's a bad idea' എന്ന യൂട്യൂബ് ചാനലും തുടങ്ങി. പല ഷോർട്ട്ഫിലിമുകളും നിർമിക്കുകയും യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുകയും ചെയ്തു. 2024-ലാണ് ആദ്യസിനിമ സംവിധാനം ചെയ്യുന്നത്, 'മിൽക്ക് ആന്റ് സീരിയൽ'. ഇത് യൂട്യൂബിലൂടെയാണ് റിലീസ് ചെയ്തത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi