'ദൈവമെന്ന മേക്കപ്പ്മാന്റെ ക്രൂരമായ ചെയ്തി ശ്രീവിദ്യയുടെ മുഖത്ത് ഞാന്‍ കണ്ടു'

ദൈവത്തെയോര്‍ത്ത് എന്ന ചിത്രത്തില്‍ ബാലചന്ദ്രമേനോനും ശ്രീവിദ്യയും
ദൈവത്തെയോര്‍ത്ത് എന്ന ചിത്രത്തില്‍ ബാലചന്ദ്രമേനോനും ശ്രീവിദ്യയും

അഭിനയത്തെക്കാള്‍ സംഗീതപ്രധാനമായ ഒരടുപ്പമാണ് എനിക്കും ശ്രീവിദ്യയ്ക്കും തമ്മില്‍ ഉണ്ടായിരുന്നത്. അഭിനയം, സംഗീതം, നൃത്തം ഈ ഗുണങ്ങളും സിദ്ധിച്ച കലാകാരിയാണ് വിദ്യ. സെറ്റിലിരുന്ന് വരികള്‍ മൂളുകയും അവയുടെ രാഗം, താനം, പല്ലവി തുടങ്ങിയ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ സംഗീതത്തിലുള്ള അവരുടെ അപാരജ്ഞാനം ഓര്‍ത്ത് ഞാന്‍ അമ്പരന്നിട്ടുണ്ട്. മലയാളിത്തം നിറഞ്ഞ ആ ചിരിയും ചൈതന്യവും ഇന്നും ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്നു.

നടിയുടെ തലക്കനമോ നാട്യങ്ങളോ ഇല്ലാത്ത ശുദ്ധമനസ്സായിരുന്നു വിദ്യയ്ക്ക്. ഏത് സാഹചര്യത്തിലും പൊരുത്തപ്പെടുന്ന മനോഭാവം. സിനിമയില്‍ വേഷത്തിന്റെ വലുപ്പച്ചെറുപ്പം നോക്കാതെ അഭിനയം ഉജ്ജ്വലമാക്കുന്ന സ്വഭാവരീതി. ചില ചിത്രങ്ങളില്‍ പൂര്‍ണമായും നരബാധിച്ച സ്ത്രീയായി അവര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.

''ഞങ്ങളുടെ കൊച്ചുഡോക്ടര്‍'' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം. രേവതിയാണ് നായിക. ഗാനചിത്രീകരണമാണ് തീരുമാനിച്ചിരുന്നത്. നൃത്തസംവിധായകന് പെട്ടെന്ന് എന്തോ അസൗകര്യം. രേവതിക്കാണെങ്കില്‍ അന്നുതന്നെ പോകുകയും വേണം. ശ്രീവിദ്യയും കൂടെയുണ്ട്. 'ബാലാജി നമുക്കൊന്ന് നോക്കാം' എന്നുപറഞ്ഞ് അവര്‍ വരികളും സന്ദര്‍ഭങ്ങളും മനസ്സിലാക്കി. പിന്നീട് ആ നൃത്തരംഗം വളരെ മനോഹരമായി സംവിധാനം ചെയ്തു. അതാണ് ശ്രീവിദ്യ.

നല്ല ഗായികകൂടിയാണ് ശ്രീവിദ്യ. പല വേദികളിലും ഞാനും ശ്രീവിദ്യയും ചേര്‍ന്ന് പാട്ടുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 'ആന കൊടുത്താലും കിളിയേ' എന്ന ഗാനം നിരവധി വേദികളില്‍ പാടിയിട്ടുണ്ട്. വിദ്യ പാടുക മാത്രമല്ല അതിനൊത്ത് നന്നായി പെര്‍ഫോം ചെയ്യുമായിരുന്നു. എന്റെ സിനിമാജീവിതത്തിലെ ആദ്യത്തെ അമ്മ കവിയൂര്‍ പൊന്നമ്മയല്ല, ശ്രീവിദ്യയാണ്. 'താരാട്ട്' എന്ന ചിത്രത്തില്‍ വിദ്യ എന്റെ അമ്മയായിരുന്നു. എന്റെ അമ്മ ലോകത്തിലെ ഏറ്റവും സുന്ദരിയായിരിക്കണം എന്ന നിര്‍ബന്ധമായിരുന്നു അതിന്റെ പിന്നില്‍. അന്നുമുതല്‍ നല്ലൊരു ബന്ധം അവരുമായി ഉണ്ടായിരുന്നു. പ്രവൃത്തിയിലും പെരുമാറ്റത്തിലും പ്രൗഢി കാത്തുസൂക്ഷിച്ച ശ്രീവിദ്യ സിനിമയ്ക്ക് അതീതമായ വ്യക്തിത്വം നിലനിര്‍ത്തി.

നല്ല നര്‍മബോധമുണ്ടായിരുന്ന സ്ത്രീയായിരുന്നു ശ്രീവിദ്യ. ഇത് ഏറെ ആര്‍ക്കും അറിയാന്‍ വഴിയില്ല. അവരുടെ അനുകരണ വാസന അപാരമാണ്. സെറ്റില്‍ വരുമ്പോള്‍ എന്റെ മാനറിസങ്ങള്‍ പ്രത്യേകിച്ചും ഞാന്‍ സംവിധാനം ചെയ്യുന്ന രീതി, നിര്‍ദേശങ്ങള്‍ കൊടുക്കുന്ന രീതി, നടപ്പ് തുടങ്ങിയവയൊക്കെ എനിക്കും മറ്റുള്ളവര്‍ക്ക് മുന്നിലും അനുകരിച്ച് കാട്ടാറുണ്ട്. ഇത് കണ്ട് സെറ്റ് മുഴുവന്‍ ഇളകി ചിരിച്ചിട്ടുണ്ട്. 

രവീന്ദ്രന്റെ ഇമ്പമേറിയ ഈണത്തിലുള്ള 'രാഗങ്ങളേ മോഹങ്ങളേ...' എന്ന ഗാനം 'താരാട്ടി'ലെ അമ്മയും മകനും ഒഴിവുസമയങ്ങളില്‍, അലസനിമിഷങ്ങളില്‍ ഒരുമിച്ചു പാടി. അന്നൊരിക്കല്‍ എപ്പോഴോ വിദ്യ എന്നോട് ചോദിച്ചു. ''ബാലുജീ, നമുക്കെന്നെങ്കിലും ഒരു പാട്ട് സിനിമയില്‍ ഒരുമിച്ചു പാടിക്കൂടേ?'' ഞാന്‍ പറഞ്ഞു, ''എന്നെങ്കിലുമൊരിക്കല്‍ ഞാനൊരു നിര്‍മാതാവാകുമെങ്കില്‍ അന്നൊരു പാട്ട് നമ്മളൊരുമിച്ചു പാടും.'' അല്ലാതെ എന്നെ വിശ്വസിച്ചുവരുന്ന ഒരു നിര്‍മാതാവിനെ എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിധേയനാക്കാന്‍ ഞാനൊരുക്കമല്ല.

ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ പേര് 'വരദ' എന്നാണെന്ന് പറഞ്ഞ നിമിഷം മുതല്‍ വിദ്യയിലെ ഒരു കളിക്കൂട്ടുകാരിയെ ഞാന്‍ കണ്ടു. സംവിധായകനായ എന്റെ മുഖത്ത് ഞരമ്പുപിരിമുറുക്കങ്ങള്‍ക്കിടയില്‍ വിദ്യ സ്‌കൂള്‍ വിദ്യാര്‍ഥിനിയായി:
''ബാലുജീ പശി വരദാ.....
തൂക്കം വരദാ.....
ടെന്‍ഷന്‍ വരദാ.....''
അവിടെത്തുടങ്ങുന്നു ഞങ്ങളുടെ കുടുംബബന്ധം. 

'താരാട്ടി'ന്റെ ക്ലൈമാക്സില്‍ മകനായ ഞാന്‍ ആസന്നമരണനായി അമ്മയുടെ കൈയിലെ ഒരുരുളച്ചോറിനുവേണ്ടി അര്‍ഥിച്ചെത്തുന്ന നിമിഷം. സിനിമയിലെ എന്റെയമ്മ ഒരുരുളച്ചോറ് എന്റെ വായില്‍ത്തിരുകുന്നു. ''എന്റെ മോനേ'' എന്നു വിലപിച്ചുകൊണ്ട് എന്റെ ശിരസ്സ് മാറോടുചേര്‍ത്ത് കെട്ടിപ്പിടിക്കുന്നു. വികാരവായ്പില്‍ ഞാന്‍ തലയിലണിഞ്ഞിരുന്ന വിഗ്ഗ് ഉതിര്‍ന്ന് അവരുടെ കൈപ്പത്തിയിലമര്‍ന്നപ്പോള്‍ മാതൃത്വം വിട്ട് ഒരു കുഞ്ഞുകുട്ടിയെപ്പോലെ വിദ്യ പൊട്ടിച്ചിരിച്ചത് ഇന്നും എന്റെ ഓര്‍മയിലുണ്ട്.

വര്‍ഷങ്ങള്‍ക്കുശേഷം 'വി ആന്‍ഡ് വി'യുടെ ബാനറില്‍ 'ഒരു പൈങ്കിളിക്കഥ' എന്ന സിനിമയുടെ നിര്‍മാതാവാകാന്‍ എനിക്കവസരം കിട്ടി. കൊടുത്ത വാക്ക് പാലിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എനിക്കും വിദ്യയ്ക്കും പാടാന്‍വേണ്ടി 'ആന കൊടുത്താലും കിളിയേ...' എന്ന ഗാനം ബിച്ചു എഴുതി, എ.ടി. ഉമ്മറിന്റെതായിരുന്നു സംഗീതം. 

വിദ്യ സംഗീതം പഠിച്ചവളാണ്. സംഗീത വിദുഷി എം.എല്‍.വസന്തകുമാരിയുടെ മകളുമാണ്. ഞാന്‍ സംഗീതം പഠിച്ചിട്ടുമില്ല. എനിക്ക് സംഗീതപാരമ്പര്യവുമില്ല. ആദ്യമായി എന്റെ ശബ്ദം ഗാനലേഖനത്തിന് നിയോഗിക്കപ്പെട്ട ദിവസം പിള്ളേര്‍ക്ക് വരാറുള്ള പരീക്ഷാപ്പനി എനിക്കും വന്നു. അതു മനസ്സിലാക്കിയ വിദ്യ എന്നോട് പറഞ്ഞു. ''ബാലുജി ധൈര്യമായിരിക്കൂ. ഇതൊരു ഹിറ്റ് സോങ്ങായിരിക്കും. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ പാടുംമുമ്പ് ഓരോ തേങ്ങ പഴവങ്ങാടി ഗണപതിക്ക് മുന്നില്‍ നമ്മളുടയ്ക്കും.'' 

ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്ക് പോകുംവഴി ഞങ്ങള്‍ കൈയില്‍ ഓരോ തേങ്ങയുമായി പഴവങ്ങാടി ക്ഷേത്രത്തിന് മുന്നിലെത്തി. വിദ്യയെറിഞ്ഞ തേങ്ങ കൃത്യം രണ്ടായി പകുത്തു. ഞാനെറിഞ്ഞ തേങ്ങയാകട്ടെ ഒരു ദേഹോപദ്രവുമേല്‍ക്കാതെ എവിടെയോ മിന്നിമറഞ്ഞു. ഒരുപക്ഷേ അതുകൊണ്ടാകാം പരേതനായ റിക്കോഡിസ്റ്റ് ദേവദാസ് പത്തുതവണ എന്നെക്കൊണ്ട് പാടിച്ചിട്ടാണ് 'ആനകൊടുത്താലും കിളി'ക്ക് സര്‍ട്ടിഫിക്കറ്റ് കൊടുത്തത്. എന്നാല്‍, പിന്നീട് അറബിനാടുകളില്‍ നിറഞ്ഞ സദസ്സുകള്‍ക്കുമുന്നില്‍ വിദ്യ മനോഹരമായ ശബ്ദത്തോടും അതിലും മനോഹരങ്ങളായ വശ്യഭാവങ്ങളോടും 'ആന കൊടുത്താലും കിളിയേ....' ആലപിച്ചപ്പോള്‍ പ്രേക്ഷകരുടെ മുഖത്ത് ഞാന്‍ കണ്ട പ്രഹര്‍ഷത്തിരമാലകള്‍ എന്റെ ചെവിയില്‍ മന്ത്രിച്ചു. ''അതേ ബാലുജീ, ഈ പാട്ടൊരു ഹിറ്റാണ്...''

വിദ്യ അത്യാസന്നനിലയിലാണെന്ന് അറിഞ്ഞ നിമിഷം ഞാനവരെ ഫോണില്‍ വിളിച്ചു. അതൊരു വൈകിയ രാത്രിയായിരുന്നു. ഒരിക്കലും ഒരു രോഗിണിയോടാണ് സംസാരിക്കുന്നത് എന്ന തോന്നലുണ്ടാക്കരുതെന്ന നിര്‍ബന്ധബുദ്ധിയോടെ ഞാന്‍ പറഞ്ഞു. ''മഹാന്മാര്‍ മദ്യപിക്കുന്നതുപോലെ, അതിലും ചെറിയ മഹാന്മാര്‍ ചീട്ടുകളിക്കുന്നതുപോലെ, ആസ്പത്രിയിലെ ബോറടി മാറ്റാന്‍ മാത്രം ഞാനും ഭാര്യയും അങ്ങോട്ടു വരട്ടേ?'' എന്റെ ഭാര്യ വരദ ഫോണ്‍ വാങ്ങി. ബാലുജിക്ക് തന്നോടുള്ള പരിഗണന അറിയാമെന്നും എന്നാല്‍ രോഗം പകര്‍ച്ചവ്യാധിയായതുകൊണ്ട് ഒരു കാരണവശാലും വരരുതെന്നും പറഞ്ഞിട്ട് ഫോണ്‍ എനിക്കുതരാന്‍ വിദ്യ ആവശ്യപ്പെട്ടു. 

''രണ്ടാഴ്ചയ്ക്കുള്ളില്‍ ഞാന്‍ ആസ്പത്രി വിടും ബാലുജീ. ഒരു നല്ല സീരിയലിന് ഞാന്‍ സമ്മതിച്ചുകഴിഞ്ഞു. അപ്പോള്‍ നേരിട്ടു കാണാം.'' ഫോണ്‍ നിശ്ശബ്ദമായി. നിമിഷങ്ങള്‍ക്കുള്ളില്‍ അതുവീണ്ടും ശബ്ദിച്ചു. അടുത്ത തലപ്പത്ത് വിദ്യയാണ്. ''മണി പതിനൊന്നരയായില്ലേ ബാലുജീ, തൂക്കം വരദാ?'' അവസാനമായി ഞങ്ങള്‍ കൈമാറിയ വാക്കുകള്‍...

സീരിയല്‍ 'മാലയോഗ'ത്തിന്റെ ഷൂട്ടിങ് വേളയില്‍ വിദ്യയെ ആസ്പത്രിയില്‍ പരിചരിച്ചിരുന്ന അംബുജത്തിന്റെ കരച്ചില്‍ എന്റെ ചെവിയിലെത്തി. ''പോയി സര്‍... ചേച്ചി പോയി'' ഷൂട്ടിങ് നിര്‍ത്തി, മേക്കപ്പഴിച്ച് ഞാന്‍ ഉത്രാടം തിരുനാള്‍ ആസ്പത്രിയിലെത്തി. മരണാനന്തര തയ്യാറെടുപ്പിന് ആസ്പത്രി അധികൃതര്‍ കിണഞ്ഞുപരിശ്രമിക്കയാണ്. വളരെയടുത്ത ആള്‍ക്കാര്‍ക്ക് മാത്രം മൃതദേഹം കാണാം. എന്നോടു പലരും പറഞ്ഞു.

''കാണാതിരിക്കുന്നതാണു നല്ലത്. കണ്ടാല്‍ നിങ്ങള്‍ വിശ്വസിക്കില്ല. പക്ഷേ, എന്റെ മനസ്സ് പറഞ്ഞു. ഞാന്‍ കണ്ടില്ല എന്നതുകൊണ്ട് സത്യം സത്യമല്ലാതാകുന്നില്ല. ഇതെന്റെ സിനിമയിലെ ആദ്യത്തെ അമ്മയാണ്. എന്റ ആദ്യത്തെ ഇണപ്പാട്ടുകാരിയാണ്. എന്റെ കുടുംബസുഹൃത്താണ്. എനിക്ക് അവസാനമായി ഒന്നുകാണാതെ വയ്യ. ഞാന്‍ കണ്ടു! ദൈവമെന്ന മേക്കപ്പ്മാന്റെ ക്രൂരമായ ചെയ്തി ആ മുഖത്ത്.'' 

Content Highlights: balachandra menon talking about srividya