
നാല് സിനിമകളില്‍ പാടിയശേഷമാണ് ഞാന്‍ പത്മരാജന്‍ചിത്രത്തില്‍ പാടാനെത്തുന്നത്. 'തൂവാനത്തുമ്പികളാ'യിരുന്നു അദ്ദേഹത്തിനൊപ്പമുള്ള ആദ്യചിത്രം. സിനിമയിലെ ''ഒന്നാംരാഗം പാടി'' എന്ന ഗാനം ഏറെ ജനശ്രദ്ധ നേടി. തുടര്‍ന്ന് അടുത്ത സിനിമയ്ക്കും പത്മരാജന്‍ സാര്‍ എന്നെ വിളിച്ചു. ചിത്രം 'മൂന്നാംപക്കം'. തെന്നിന്ത്യന്‍ സംഗീതചക്രവര്‍ത്തി ഇളയരാജയാണ് സംഗീതം. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പറക്കുമ്പോള്‍ മനസ്സ് നിറയെ സന്തോഷമായിരുന്നു. രാജാസാറിനൊപ്പം ഒരു ഗാനം, തുടര്‍ന്ന് തമിഴില്‍ പാട്ടുകള്‍... ഞാന്‍ വലിയ സ്വപ്നങ്ങള്‍ നെയ്തു.
പ്രസാദ് സ്റ്റുഡിയോയിലെ രാജാസാറിന്റെ സ്ഥിരംതിയേറ്ററിലാണ് റെക്കോഡിങ്. സ്റ്റുഡിയോയിലേക്ക് കടന്നപ്പോള്‍ സോഫയില്‍ രാജാസാറിരിക്കുന്നു. സഹായിയായി പില്‍ക്കാലത്ത് ഹിന്ദിയിലെ പ്രസിദ്ധ സംഗീതസംവിധായകനായ ഉത്തം സിങ്. രാജാസാറിനെ ഞാന്‍ വണങ്ങി. ''ഉക്കാര്ങ്ക...'' എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അടുത്തുള്ള കസേരയില്‍ ചെന്നിരുന്നു. കൂടുതലൊന്നും ചോദിച്ചില്ല. അന്ന് പാട്ടൊന്നും പഠിപ്പിച്ചില്ല. ഞാനദ്ദേഹത്തിന്റെ കമ്പോസിഷന്‍ കണ്ടിരുന്നു.
പിറ്റേന്ന് സ്റ്റുഡിയോയിലെത്തിയപ്പോള്‍ രാജാസാറിന്റെ സഹായി ഗോവിന്ദരാജന്‍ എനിക്ക് പാട്ട് പഠിപ്പിച്ചുതന്നു. കഴിഞ്ഞ ചിത്രമായ 'തൂവാനത്തുമ്പികള്‍'ക്ക് പതിമ്മൂന്നുദിവസത്തെ റിഹേഴ്‌സലിനുശേഷമായിരുന്നു റെക്കോഡിങ്. എന്നാല്‍, രാജാസാര്‍ ഞാന്‍ പാട്ട് പഠിച്ചയുടന്‍ റെക്കോഡിങ് തുടങ്ങി. പക്ഷേ, റെക്കോഡിങ് തുടങ്ങിയതോടെ, ഞാന്‍ തകര്‍ന്നു.

''ഉണരുമീ ഗാനം'' എന്ന പാട്ട് രണ്ടുതരത്തില്‍ പാടേണ്ടിയിരുന്നു. ഞാന്‍ പാടുന്നത് രാജാസാറിന് ഇഷ്ടമാവുന്നില്ല. ഞാന്‍ പാടിയതിനൊക്കെയും അദ്ദേഹം ''തപ്പ്... തപ്പ്...'' എന്ന് പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴൊക്കെ ഞാന്‍ വിനയത്തോടെ ''ശരി, ശരി...'' എന്ന് പറയുന്നുണ്ട്.
''എനക്ക് തപ്പെന്നാല്‍ അവന്ക്ക് സരിയാ...?''
രാജാസാര്‍ക്ക് എന്റെ മറുപടി ഇഷ്ടപ്പെട്ടില്ല.
''പത്മരാജന്‍ ഇന്ത പയ്യനെ ഒഴയ്ക്കണം (കഷ്ടപ്പെടുത്തണം) യൂ?'' എന്ന് പറഞ്ഞ് രാജാസാര്‍ ക്ഷോഭിച്ചു.
എന്നിട്ട്, ആ പാട്ടിന്റെ പല്ലവിയും അനുപല്ലവിയുമെടുത്തശേഷം രാജാസാര്‍ അന്നത്തെ റെക്കോഡിങ് നിര്‍ത്തി. പത്മരാജന്‍ സാറാണ് എന്നെ ഈ പാട്ടുപാടാന്‍ നിര്‍ദേശിച്ചത് എന്നതാണ് രാജാസാറിന്റെ അലോഹ്യത്തിന് പ്രധാനകാരണമെന്ന് ഞാനറിയുന്നുണ്ടായിരുന്നില്ല. താന്‍ പാടിക്കുന്നയാള്‍ താന്‍വഴിതന്നെ വരണമെന്നത് അദ്ദേഹത്തിന്റെ നിര്‍ബന്ധമാണ്. അതൊരു സംഗീതസംവിധായകന്റെ പരിപൂര്‍ണാവകാശമാണെന്ന് രാജാസാര്‍ അടിയുറച്ചുവിശ്വസിച്ചിരുന്നു. പത്മരാജനാണെങ്കില്‍, ഒരു തീരുമാനമെടുത്താല്‍ മാറില്ലെന്ന് അദ്ദേഹത്തിന് ബോധ്യമായിരുന്നു. എന്തായാലും ഞാന്‍തന്നെ പാട്ടുപാടുമെന്ന് രാജാസാറിന് മനസ്സിലായി. ഈ സംഘര്‍ഷത്തിലുലഞ്ഞത് ഞാനാണ്.
രാജാസാറിന്റെ സംഗീതത്തില്‍ പാടാന്‍ചെന്നപ്പോള്‍ മനസ്സില്‍ പടുത്ത സ്വപ്നങ്ങളൊക്കെ ആദ്യത്തെ റെക്കോഡിങ്ങോടെ തകര്‍ന്നുവീണു. വിഷമത്തോടെ ഞാന്‍ പത്മരാജന്‍ സാറിനോട് സംസാരിക്കാന്‍ ചെന്നു. അദ്ദേഹം ഇളകാതെനില്‍ക്കുകയാണ്. ''വേണൂ, നമ്മളൊരു കാര്യം ചെയ്യുമ്പോള്‍ നൂറുശതമാനം ആത്മവിശ്വാസത്തോടെ ചെയ്യണം. ഞാന്‍ കാലത്ത് അഞ്ചിനെഴുന്നേറ്റ് കഥയെഴുതാനിരിക്കുമ്പോള്‍ ലോകത്തൊരാളും എന്നെപ്പോലെ കഥയെഴുതില്ലെന്ന വിശ്വാസമാണെനിക്ക്. നമ്മളെ ഭയപ്പെടുത്താന്‍ ആരെയുമനുവദിക്കരുത്. നിനക്കറിയാവുന്ന ജോലി നീ ധൈര്യമായി ചെയ്യുക. അതിനിടയില്‍ പലരും പലതും പറയും. അതൊന്നും ശ്രദ്ധിക്കേണ്ടതില്ല.'' ആ വാക്കുകള്‍ പകര്‍ന്ന ശക്തി ഊര്‍ജമാക്കി ഞാന്‍ പാടി.
അടുത്ത ദിവസമാണ് ചരണവും പല്ലവിയുടെ ആവര്‍ത്തനവും റെക്കോഡ് ചെയ്തത്. സംഘര്‍ഷങ്ങള്‍ ഏറെയനുഭവിച്ചെങ്കിലും അതിന് ഫലം കിട്ടി. ''ഉണരുമീ ഗാനം'' എനിക്ക് ആദ്യ സംസ്ഥാന അവാര്‍ഡ് നേടിത്തന്നു.

മാസങ്ങള്‍ക്കുശേഷം ജോണ്‍സന്റെ സംഗീതത്തില്‍ 'വര്‍ത്തമാനകാല'ത്തില്‍ പാടാനായി ചെന്നൈയിലെത്തിയപ്പോള്‍ യാദൃച്ഛികമായി സ്റ്റുഡിയോയില്‍ രാജാസാറിനെ വീണ്ടും കണ്ടു. മടിച്ചുമടിച്ചാണ് അദ്ദേഹത്തിന്റെ മുന്നിലെത്തിയത്. അദ്ദേഹത്തിന് എന്നെ ഓര്‍മ്മപോലും വന്നില്ല. ''സാറിന്റെ കഴിഞ്ഞ പാട്ടിന് അവാര്‍ഡ് കിടച്ച പയ്യന്‍'' എന്ന് ഒപ്പമുണ്ടായിരുന്ന വയലിനിസ്റ്റ് കുഞ്ഞുണ്ണിയേട്ടന്‍ പരിചയപ്പെടുത്തി. എന്നിട്ടും ഓര്‍മ്മവന്നില്ല. പക്ഷേ, പത്മരാജന്റെ പേര് പറഞ്ഞപ്പോള്‍ ഓര്‍ത്തു.
''ഇപ്പോള്‍ എങ്കയിരുക്ക്'' എന്ന് ചോദ്യം.
''തൃശ്ശൂര്‍ ആകാശവാണിയിലാണ്'' എന്ന് വിനയത്തോടെ ഞാന്‍ മറുപടി പറഞ്ഞു.
''സിനിമാവില്‍ പാടാന്‍ ഇങ്കെ തമിഴ്‌നാട്ടില്‍ ഇരിക്കണം'' എന്ന് ഉപദേശം നല്‍കി അദ്ദേഹം എന്നെ മടക്കി.
വീണ്ടും നിരാശ. പക്ഷേ, എന്റെ ധാരണകള്‍ തെറ്റിച്ച് രാജാസാര്‍ എന്നെ വീണ്ടും പാടാന്‍ വിളിച്ചു. രാജീവ് അഞ്ചലിന്റെ 'ഗുരു' എന്ന ചിത്രത്തില്‍ ''ഗുരുചരണം ശരണം'' എന്ന കോറസ് ലീഡ് ചെയ്ത് പാടാന്‍ രാജാസാര്‍ എന്നെ ക്ഷണിച്ചു. ഞാന്‍ പങ്കെടുത്തു. അതുകഴിഞ്ഞ് അനില്‍ ബാബുവിന്റെ 'കളിയൂഞ്ഞാല്‍' എന്ന ചിത്രത്തിലെ ''ശാരദേന്ദു പാടി...'', ഷിബു അന്തിക്കാട് സംവിധാനം ചെയ്ത് റിലീസ് ചെയ്യാതെപോയ 'മായാമോഹിതചന്ദ്രനി'ലെ ''പൊട്ടുവെച്ച പിറന്നാള്‍'', ''നന്മയുള്ള രാസാത്തിക്ക്'' എന്നീ പാട്ടുകളും അദ്ദേഹത്തിന്റെ ഈണത്തില്‍ പിന്നീട് പാടിയവയാണ്. ''സ്ഥിരം സോഫ്റ്റ് പാട്ടുകളല്ലേ പാടുന്നത്? ഇത്തവണ വേറൊരു സ്റ്റൈല്‍ പാട്ടുപാടാം'' എന്ന് പറഞ്ഞാണ് ചിത്രത്തിലെ ഡപ്പാംകുത്തുപാട്ട് എന്നെക്കൊണ്ട് രാജാസാര്‍ പാടിച്ചത്. സംഗീതത്തെമാത്രം മനസ്സില്‍ കൊണ്ടുനടക്കുന്ന എനിക്ക് സംഗീതലോകത്ത് ഞാനടുത്തറിഞ്ഞ, ജീവിതത്തിലെ ഗുരുസ്ഥാനീയനായ മഹാജ്ഞാനിയാണദ്ദേഹം.
Content Highlights: singer g.venugopal talks about music dicrector ilaiyaraaja
Published: 10 Jun 2024, 02:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented