
കട്ടച്ചോരകൊണ്ട് സോഡാസര്‍ബത്തുണ്ടാക്കുന്ന രംഗണ്ണനെപ്പോലും അലിയിച്ച ബിബിമോന്റെ അമ്മ. ബോക്‌സ് ഓഫീസില്‍ നൂറുകോടി കൊയ്ത ഫഹദ് ഫാസിലിന്റെ 'ആവേശം' സിനിമ കണ്ടവരാരും ''മോന്‍ ഹാപ്പിയല്ലേ...'' എന്ന ഡയലോഗും നീരജാ രാജേന്ദ്രനെയും മറക്കില്ല. മുപ്പതിലേറെ സിനിമകള്‍. നിരവധി വേഷങ്ങള്‍. നീരജ 'ആവേശ'ത്തിലൂടെ കരിയറില്‍ മറ്റൊരു വഴിത്തിരിവിലേക്കെത്തിയിരിക്കുകയാണ്. മലയാളത്തിന്റെ പ്രിയനായിക ദര്‍ശനാ രാജേന്ദ്രന്റെ അമ്മ കൂടിയാണ് നീരജ. 'ആവേശ'വിജയത്തിന്റെ സന്തോഷത്തിനൊപ്പം ജീവിതവിശേഷങ്ങളും അവര്‍ പങ്കുവയ്ക്കുന്നു.
ബിബിമോന്റെ അമ്മ ഹാപ്പിയല്ലേ?
എല്ലാവരെക്കാളും ഹാപ്പിയാണ് ഞാന്‍. ഞാന്‍ അഭിനയിച്ച ആദ്യ പരസ്യചിത്രം സംവിധാനം ചെയ്തത് 'ആവേശ'ത്തിന്റെ സംവിധായകന്‍ ജിത്തു മാധവന്‍ ആയിരുന്നു. ആ പരിചയം കൊണ്ടാണ് ജിത്തു 'ആവേശ'ത്തിലേക്ക് വിളിച്ചത്. വളരെ കുറച്ച് സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രം ഇത്രമാത്രം ശ്രദ്ധിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചില്ല. എന്നാല്‍, കഥ കേട്ട സമയത്ത് മകളും നാടകനടിയുമായ ഭാവന പറഞ്ഞിരുന്നു, ഏറെ പ്രത്യേകതയുള്ള കഥാപാത്രമാണ് ഇതെന്ന്.
Also Read
ഷൂട്ടിങ്ങിനിടെ ഒരുദിവസം ഫഹദ് സെറ്റിലേക്കെത്തി. കാറില്‍ നിന്നിറങ്ങി എന്നോട് ചോദിച്ചു: ''ആന്റി, ഹാപ്പിയല്ലേ...'' എന്ന്. ഡയലോഗ് ശ്രദ്ധിക്കപ്പെടുമെന്ന് അപ്പോള്‍ മനസ്സ് പറഞ്ഞു. 'ആവേശം' തിയേറ്ററിലേക്കെത്തുമ്പോഴും ഞാന്‍ എല്ലാവരോടും പറഞ്ഞത് 'വളരെ ചെറിയ വേഷമാണ്, അധികമൊന്നും പ്രതീക്ഷിക്കരുത്' എന്നാണ്. ആദ്യഷോയ്ക്ക് തന്നെ കണ്ടു. ഉടന്‍ ഭര്‍ത്താവായ രാജേട്ടന്‍ (രാജേന്ദ്രന്‍) പറഞ്ഞു: ''ഇതുവരെ ചെയ്തതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ലഭിക്കാന്‍ പോകുന്നത് ഈ കഥാപാത്രത്തിനാണ്.'' അതുപോലെതന്നെ സംഭവിച്ചു. 'ഹാപ്പിയല്ലേ' എന്ന ഡയലോഗും ബിബിമോന്റെ അമ്മയും സൂപ്പര്‍ഹിറ്റായി.
കുട്ടിക്കാലത്തേ അഭിനയമോഹമുണ്ടായിരുന്നോ?
പദ്മശ്രീ ജേതാവും പ്രൊഫസറും സാഹിത്യകാരനും ഗാന്ധിയനുമായ ഡോ. എന്‍. ചന്ദ്രശേഖരന്‍ നായരാണ് എന്റെ അച്ഛന്‍. കാര്‍ക്കശ്യക്കാരനാണെങ്കിലും അച്ഛന്‍ ഞങ്ങളെ സിനിമ കാണാന്‍ തിയേറ്ററില്‍ കൊണ്ടുപോകുമായിരുന്നു. 'പൂമ്പാറ്റ' എന്ന സിനിമ കണ്ടപ്പോഴാണ് നടിയാകണമെന്ന തോന്നല്‍ ഉണ്ടാകുന്നത്.
സ്‌കൂള്‍, കോളേജ് കാലത്തൊക്കെ എല്ലാ വേദികളിലും സജീവമായിരുന്നു. സഭാകമ്പം ഇല്ലാതായി. നൃത്തം, നാടകം എന്നിവയൊക്കെയായിരുന്നു പ്രിയം. കോളേജുകാലത്ത് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സര്‍വോദയ പ്രസ്ഥാനത്തിന്റെ നേതാവും ഗാന്ധിയനും കോളേജ് പ്രിന്‍സിപ്പലുമൊക്കെയായിരുന്നു മുത്തച്ഛന്‍ എം.പി. മന്മഥന്‍. അദ്ദേഹം മിസ് കുമാരിയുടെ നായകനായി 'യാചകന്‍' എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അങ്ങനെയൊരു അഭിനയ പാരമ്പര്യമുണ്ട്.
വിവാഹശേഷം ഭര്‍ത്താവിനൊപ്പം ഞാന്‍ റിയാദിലേക്ക് ചേക്കേറി. ബ്രിട്ടീഷ് കൗണ്‍സിലിലായിരുന്നു അദ്ദേഹത്തിന് ജോലി. മക്കളുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനിടയില്‍ സിനിമാ ആഗ്രഹമൊന്നുമുണ്ടായിരുന്നില്ല. എങ്കിലും തൊട്ടടുത്ത് സിനിമയുണ്ടായിരുന്നു. സഹോദരന്‍ ശരത് ചന്ദ്രന്‍ ഡോക്യുമെന്ററി സംവിധായകനും പരിസ്ഥിതി പ്രവര്‍ത്തകനും ആയിരുന്നു. അദ്ദേഹത്തോട് അഭിനയമോഹം പറഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ, അവസരങ്ങള്‍ ലഭിച്ചേനേ.
റിയാദില്‍ ഞാന്‍ നൃത്താധ്യാപികയായിരുന്നു. കലയുമായുള്ള ബന്ധം തുടര്‍ന്നു. 2002-ല്‍ ഞാനും മക്കളും റിയാദില്‍നിന്ന് നാട്ടിലേക്ക് താമസംമാറി. പിന്നീട്, ദര്‍ശനയും ഭാവനയും വിദ്യാഭ്യാസത്തിനായി ലണ്ടനിലേക്ക് ചേക്കേറി. ലണ്ടനില്‍ പഠിക്കുന്ന സമയത്താണ് '786' എന്ന ഷോര്‍ട്ട് ഫിലിമില്‍ ദര്‍ശന അഭിനയിക്കുന്നത്. അതായിരുന്നു അവളുടെ അഭിനയ അരങ്ങേറ്റം.
സിനിമാ അരങ്ങേറ്റം എങ്ങനെയായിരുന്നു?
നാട്ടില്‍ തിരിച്ചെത്തിയശേഷം ജ്യോതിഷപഠനത്തിന്റെ പുറകെയായിരുന്നു കുറേക്കാലം. അതും കുട്ടിക്കാലത്തേയുള്ള മോഹമായിരുന്നു. ശേഷം ജ്യോതിഷിയായി. അതിനിടെ സൗഹൃദസന്ദര്‍ശനത്തിന് വീട്ടിലെത്തിയ സീരിയല്‍ സംവിധായകന്‍ ഹരി പി. നായര്‍ എന്നോട് ഒരു സീരിയലിലേക്ക് ഓഡിഷന്‍ നടക്കുന്നുണ്ടെന്നും ഒന്ന് കൊടുത്തുനോക്കൂ എന്നും പറഞ്ഞു. ആ സീരിയലിലേക്ക് എന്നെ തിരഞ്ഞെടുത്തു. ഒരുവര്‍ഷത്തോളം സീരിയല്‍ ചെയ്തു. പിന്നീട് ചിലകാരണങ്ങളാല്‍ അത് നിര്‍ത്തിവെക്കേണ്ടി വന്നു.

കുറച്ച് നാളുകള്‍ക്കുശേഷം തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍യാത്രയ്ക്കിടെ ഗായിക രശ്മി സതീഷ് എന്നെ വിളിച്ചു. 'തൃശ്ശിവപ്പേരൂര്‍ ക്ലിപ്തം' എന്ന സിനിമയില്‍ അമ്മവേഷമുണ്ട്. താത്പര്യമുണ്ടോ എന്ന് ചോദിച്ചു. പാതിവഴിയില്‍ കൊല്ലത്തിറങ്ങി ഞാന്‍ നേരേ തൃശ്ശൂരേക്ക് പിടിച്ചു. ഓഡിഷനില്‍ തിരഞ്ഞെടുക്കപ്പെട്ടു. ആസിഫ് അലിയുടെ അമ്മയായി സിനിമയില്‍ അരങ്ങേറി. പിന്നാലെ അഭിനയിച്ച 'രക്ഷാധികാരി ബൈജു' എന്ന സിനിമയാണ് ആദ്യം റിലീസായത്. പിന്നീട് വൈറസ്, സന്തോഷത്തിന്റെ ഒന്നാം രഹസ്യം, ഒരു തെക്കന്‍ തല്ല് കേസ്, കനകം കാമിനി കലഹം, എല്ലാം ശരിയാകും തുടങ്ങിയ സിനിമകള്‍. ഹ്രസ്വചിത്രങ്ങളും പരസ്യചിത്രങ്ങളും സംഗീത ആല്‍ബങ്ങളും ചെയ്തു. രണ്ട് ഹിന്ദിസിനിമകളിലും അഭിനയിച്ചു. അഭിനയമാണ് ഏറ്റവും കൂടുതല്‍ സന്തോഷം തരുന്നതെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു.
സിനിമയിലെത്താന്‍ വൈകി എന്ന് തോന്നിയിട്ടുണ്ടോ?
കൃത്യസമയത്താണ് ഞാന്‍ സിനിമയിലേക്കെത്തിയതെന്ന് തോന്നാറുണ്ട്. മക്കള്‍ പഠനം പൂര്‍ത്തിയാക്കി അവരവരുടെ വഴികളിലേക്ക് തിരിഞ്ഞു. ഭര്‍ത്താവ് വിശ്രമജീവിതത്തിലാണ്. വലിയ പ്രാരാബ്ധങ്ങളോ ബാധ്യതകളോ ഇല്ല. ഞാന്‍ വീട്ടില്‍നിന്ന് മാറിനിന്നാലും കാര്യങ്ങളെല്ലാം നടക്കുമെന്ന സ്ഥിതി ഇപ്പോഴുണ്ട്. ശരിയായ സമയത്ത് ആഗ്രഹം സാക്ഷാത്കരിക്കാന്‍ ലോകം സഹായിച്ചു എന്നാണെന്റെ വിശ്വാസം.
മക്കളായ ദര്‍ശന, ഭാവന, ഭര്‍ത്താവ് രാജേന്ദ്രന്‍ അങ്ങനെ എല്ലാവരും അഭിനയരംഗത്ത് സജീവമാണല്ലോ...
എല്ലാവരും അഭിനേതാക്കളാണ്. എന്നാല്‍ സിനിമയില്‍ അല്ലെന്ന് മാത്രം. ഭാവന നാടകത്തിലാണ് അഭിനയിക്കുന്നത്. ഞാനും ദര്‍ശനയും രാജേട്ടനും സിനിമചെയ്യുന്നു. നാലുപേരും എളുപ്പത്തില്‍ ഈ രംഗത്തേക്ക് എത്തിയവരല്ല. ബുദ്ധിമുട്ടുകള്‍ മറികടന്ന് കഠിനാധ്വാനംചെയ്താണ് അഭിനേതാക്കളായത്. ഞങ്ങള്‍ നാലുപേരും പരസ്പരം പിന്തുണയ്ക്കുന്നവരാണ്. അതുകൊണ്ടുതന്നെ അവരവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനാകുന്നു. ഭാവനയും ദര്‍ശനയും പഠനശേഷം ജോലിക്ക് കയറി. എന്നാല്‍ തങ്ങളുടെ മേഖല അഭിനയമാണ് എന്ന് അവര്‍ പറഞ്ഞപ്പോള്‍ രാജിവെച്ച് പാഷനെ പിന്തുടരാനാണ് ഞാനും രാജേട്ടനും പറഞ്ഞത്.
ഭര്‍ത്താവിന്റെ സിനിമാ അരങ്ങേറ്റം അപ്രതീക്ഷിതമായിരുന്നല്ലേ?
'സണ്‍ഡേ ഹോളിഡേ' എന്ന സിനിമയുടെ ഷൂട്ടിങ് കൊച്ചി പനമ്പിള്ളിനഗറില്‍ നടക്കുന്ന കാലം. അതില്‍ ഞാനൊരു കഥാപാത്രം ചെയ്തിരുന്നു. അവിടേക്ക് എന്നെ കൊണ്ടുവിടാനായി രാജേട്ടന്‍ വന്നു. അപ്പോള്‍ സംവിധായകനായ ജിസ് ജോയ് ഒരുചെറിയ വേഷം ചെയ്യാനാകുമോ എന്ന് രാജേട്ടനോട് ചോദിച്ചു. ആദ്യം മടിച്ചെങ്കിലും അദ്ദേഹം പിന്നീട് ഓക്കെ പറഞ്ഞു. അത് നല്ലരീതിയില്‍ ചെയ്തതോടെ പിന്നാലെ പരസ്യചിത്രങ്ങളിലേക്ക് ജിസ് വിളിച്ചു. ഒരു പരസ്യത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചു. ശേഷം നിരവധി പരസ്യചിത്രങ്ങള്‍ തേടിയെത്തി. 'വിജയ് സൂപ്പറും പൗര്‍ണമി'യിലും ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചു. ഇപ്പോള്‍ നിവിന്‍ പോളി നായകനാകുന്ന 'ഫാര്‍മ' എന്ന വെബ് സീരീസില്‍ നല്ലൊരു കഥാപാത്രം ചെയ്തിട്ടുണ്ട്.
മക്കള്‍ അമ്മയ്ക്ക് ടിപ്സ് തരാറുണ്ടോ?
ചില സിനിമകളില്‍ അഭിനയിക്കുമ്പോള്‍ മക്കള്‍ ഉപദേശം തരാറുണ്ട്. ഡോണ്‍ പാലത്തറയുടെ 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' എന്ന സിനിമ പൂര്‍ണമായും സിംഗിള്‍ ഷോട്ടിലായിരുന്നു ചിത്രീകരിച്ചിരുന്നത്. എങ്ങനെ ഷോട്ട് തിരിച്ച് സംഭാഷണങ്ങള്‍ മറക്കാതെ പറയാം എന്ന് ദര്‍ശന പറഞ്ഞുതന്നു.
സിനിമാക്കാര്‍ക്ക് ദര്‍ശനയുടെ അമ്മയാണെന്ന് അറിയാമായിരുന്നോ?
സെറ്റില്‍ ചെല്ലുമ്പോള്‍ ഞാന്‍ അങ്ങോട്ട് ആരോടും പറയാറില്ല. ആരെങ്കിലും കുട്ടികളെക്കുറിച്ച് ചോദിക്കുമ്പോള്‍ മാത്രമേ ഞാന്‍ പറയാറുള്ളൂ. ഇപ്പോള്‍ അല്ലാതെതന്നെ എല്ലാവരും തിരിച്ചറിയുന്നുണ്ട്. എന്റെയും ദര്‍ശനയുടെയും ചിരി ഒരുപോലെയാണെന്ന് എല്ലാവരും പറയും.
ഇനി ആരുടെകൂടെ അഭിനയിക്കണമെന്നാണ് ആഗ്രഹം?
ഉര്‍വശിയുടെയും മോഹന്‍ലാലിന്റെയും വലിയ ആരാധികയാണ് ഞാന്‍. അവരുടെ കൂടെ അഭിനയിക്കാന്‍ കാത്തിരിക്കുകയാണ്. ഉര്‍വശി വളരെ അനായാസമായി അഭിനയിക്കുന്നത് കാണുമ്പോള്‍ ആശ്ചര്യം തോന്നാറുണ്ട്. അവര്‍ ഹാസ്യം കൈകാര്യം ചെയ്യുന്ന രീതി വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. അത്തരം കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് വലിയ ആഗ്രഹം.
Content Highlights: interview of neeraja rajendran, who acted in 'aavesham' movie
Published: 11 Jun 2024, 10:47 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented