'ഞാൻ ആരുമല്ലായിരുന്നു, കാണാൻ അത്ര ഭംഗിയുണ്ടായിരുന്നില്ല: ആ സിനിമയ്ക്ക് ശേഷം അവസരങ്ങൾക്കായി അലഞ്ഞു'

ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് അല്ലു അർജുൻ. സിനിമയിലെ അദ്ദേഹത്തിന്റെ യാത്ര എപ്പോഴും സുഗമമായിരുന്നില്ല. 2003-ൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായ 'ഗംഗോത്രി'ക്ക് ശേഷം നേരിട്ട കടുത്ത പ്രതിസന്ധികളെക്കുറിച്ചും അവസരങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടിയതിനെക്കുറിച്ചും താരം തുറന്നുപറഞ്ഞിട്ടുണ്ട്. തന്റെ രൂപഭംഗി കാരണം നല്ല സിനിമകൾ ലഭിക്കാൻ പ്രയാസമായിരുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
'ആര്യ' എന്ന ചിത്രത്തിന്റെ ഇരുപതാം വാർഷികാഘോഷ വേളയിൽ സംസാരിക്കവെയായിരുന്നു അല്ലു അർജുൻ തന്റെ തുടക്കകാലത്തെ അനുഭവങ്ങൾ പങ്കുവെച്ചത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തതനുസരിച്ച് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു:
"ഗംഗോത്രി ഒരു ഹിറ്റായിരുന്നു, പക്ഷേ എനിക്ക് അന്ന് അത്ര ഭംഗിയുണ്ടായിരുന്നില്ല; അതുകൊണ്ടുതന്നെ നല്ല സിനിമകൾ എന്നെ തേടി വന്നില്ല. ചിത്രം വൻ വിജയമായെങ്കിലും ഒരു കലാകാരൻ എന്ന നിലയിൽ എനിക്ക് എന്റേതായൊരു മുദ്ര പതിപ്പിക്കാൻ കഴിയാതിരുന്നത് എന്റെ പരാജയമാണ്. ഞാൻ പൂജ്യത്തിൽ നിന്ന് മൈനസ് നൂറിലേക്ക് പോയി; ഞാൻ ആരുമല്ലായിരുന്നു."
അല്ലു അർജുന്റെ കരിയറിലെ വലിയ വഴിത്തിരിവായത് സംവിധായകൻ സുകുമാർ 'ആര്യ'യുടെ കഥയുമായി സമീപിച്ചതാണ്. സുകുമാറിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നിട്ടും കഥയിൽ ആകൃഷ്ടനായ അല്ലു അർജുൻ ആ ചിത്രത്തിന്റെ ഭാഗമാകാൻ തീരുമാനിച്ചു.
'ആര്യ'യുടെ കഥ ചിരഞ്ജീവി കേട്ടതും, ചിത്രം തിയേറ്ററുകളിൽ 125 ദിവസം പൂർത്തിയാക്കിയപ്പോൾ അദ്ദേഹം അല്ലു അർജുന് ഷീൽഡ് സമ്മാനിച്ചതും താരം ഓർത്തെടുത്തു. വർഷങ്ങൾക്കുശേഷം സുകുമാറുമായി വീണ്ടും ഒന്നിച്ച 'പുഷ്പ 2: ദ റൂൾ' 2024-ൽ വലിയ ബോക്സ് ഓഫീസ് വിജയമായി മാറുകയും ചെയ്തു.
അറ്റ്ലി സംവിധാനം ചെയ്യുന്ന 'രാക' എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് അല്ലു അർജുൻ ഇപ്പോൾ. ദീപിക പദുക്കോൺ നായികയാകുന്ന ചിത്രത്തിൽ രശ്മിക മന്ദാനയും പ്രധാന വേഷത്തിലുണ്ട്. ഇതിനുപുറമെ സംവിധായകൻ ലോകേഷ് കനകരാജുമായി ചേരുന്ന 'എഎ23' (AA23) എന്ന ചിത്രവും പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi