'നീ മരിച്ചതായി ഞാനും ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്കു വിട തരിക'

പപ്പേട്ടനെ (പത്മരാജന്‍) ഇപ്പോള്‍ ഓര്‍ക്കാനുള്ള കാരണം തിരിമുറിയാതെ പെയ്യുന്ന മഴയാണ്. മഴയായിരുന്നല്ലോ പപ്പേട്ടന്റെ ജീവിതത്തിലെയും എഴുത്തിലെയും ഏറ്റവും പ്രിയപ്പെട്ട ചങ്ങാതി. എപ്പോഴും മഴയാല്‍ വലയംചെയ്യപ്പെട്ടു നില്ക്കാന്‍ അദ്ദേഹം കൊതിച്ചതുപോലെ തോന്നും- 'മഴ' എന്ന കഥ... 'തൂവാനത്തുമ്പികളി'ലെ ക്ലാരയുടെ ജനാലയ്ക്കപ്പുറം പെയ്തുകൊണ്ടിരിക്കുന്ന മഴ... എല്ലാം പപ്പേട്ടന്റെ തന്നെ മോഹങ്ങളായിരുന്നു.
അപൂര്‍വം ചില സൗഹൃദങ്ങളുണ്ട്. അവ എപ്പോള്‍ തുടങ്ങി എന്നു പറയാനോ ഓര്‍ത്തെടുക്കാനോ സാധിക്കില്ല. അവ പൂര്‍വജന്മാര്‍ജിതങ്ങളാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു. കഴിഞ്ഞ ജന്മത്തിലേ കണ്ടുമുട്ടിത്തുടങ്ങിയ യാത്ര തുടരുകയായിരിക്കാം. പപ്പേട്ടനുമായുള്ള എന്റെ ബന്ധം അത്തരത്തിലുള്ളതാണ്. നേരിട്ടു പരിചയപ്പെടുന്നതിനു മുന്‍പുതന്നെ അദ്ദേഹം എന്നിലുണ്ടായിരുന്നു. തിരുവനന്തപുരത്തായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. നേരിട്ടു കണ്ടിട്ടില്ലെങ്കിലും പപ്പേട്ടന് എന്നെയും എനിക്ക് അദ്ദേഹത്തിനെയും അറിയാമായിരുന്നു. അതിനുമുന്‍പുതന്നെ എല്ലാ മലയാളികളെയുംപോലെ 'വാര്‍ത്തകള്‍ വായിക്കുന്നത് പത്മരാജന്‍' എന്ന ശബ്ദം നിത്യേന ഞാനും റേഡിയോവിലൂടെ കേള്‍ക്കാറുണ്ടായിരുന്നു. ആ ശബ്ദത്തിനു വല്ലാത്ത ഒരു പ്രത്യേകത ഉണ്ടായിരുന്നു.
ദേശാടനക്കിളി കരയാറില്ല എന്ന സിനിമയിലേക്കാണ് ആദ്യമായി അദ്ദേഹം എന്നെ വിളിക്കുന്നത്. പരിചയപ്പെട്ടപ്പോള്‍ത്തന്നെ അദ്ദേഹം എന്നെ സ്വന്തം ഹൃദയത്തിലേക്ക് ആശ്ലേഷിക്കുകയായിരുന്നു. പുതിയ ആളാണ് എന്ന യാതൊരു ഭാവവുമില്ലാതെ തുറന്ന മനസ്സോടെയും വാക്കുകളിലൂടെയും അദ്ദേഹം എന്നെ സ്വീകരിച്ചു. അന്നു തുടങ്ങിയ ബന്ധം പിന്നീട് വിസ്മയകരമായ വഴികളിലൂടെയും അനുഭവങ്ങളിലേക്കും ആഴങ്ങളിലേക്കും വളര്‍ന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ പപ്പേട്ടന്‍ തന്നുപോയതിന്റെ വിലയും ഇല്ലാതായതിന്റെ നഷ്ടവും ഞാന്‍ വല്ലാതെ തിരിച്ചറിയുന്നു.
വശ്യം എന്ന വാക്കാണ് പപ്പേട്ടന്റെ വ്യക്തിത്വത്തെക്കുറിച്ച് പറയാന്‍ ഏറ്റവും ഉത്തമം. കാര്യഗൗരവത്തോടും കലാപൂര്‍ണതയോടുമൊപ്പം ഒരുപാടു കുറുമ്പുകളും തമാശകളും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു. തുറന്നുവെച്ചതായിരുന്നു ആ ജീവിതം. അതിന്റെ ഏത് അടരുകളിലേക്കും എത്ര ആഴങ്ങളിലേക്കും കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു. സിനിമ മാത്രമായിരുന്നില്ല ഞങ്ങള്‍ക്കിടയിലെ സംസാരവിഷയം. ഒരുപക്ഷേ, അതായിരിക്കും ഏറ്റവും കുറച്ചു സംസാരിച്ചത്. സൂര്യനു കീഴിലും ഭൂമിക്കടിയിലുമുള്ള എല്ലാ കാര്യങ്ങളും ഞങ്ങള്‍ സംസാരിച്ചുകാണും. ഞാന്‍ ആദ്യമായി ആയുര്‍വേദചികിത്സ നടത്തിയപ്പോള്‍ പപ്പേട്ടന്‍ എന്നെ കാണാന്‍ വന്നു. അന്ന് എന്റെ അടുത്തിരുന്ന് വല്ലാതെ വളര്‍ന്ന എന്റെ താടി വെട്ടിത്തരുന്ന പപ്പേട്ടനെ ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. ഏറ്റവും സുഭഗമായ കാഴ്ചയായിരുന്നല്ലോ പപ്പേട്ടന്റെ കറുത്തിരുണ്ട ചുരുളന്‍താടി.
പിന്നെ എത്രയോ സിനിമകള്‍ ഞങ്ങള്‍ ഒന്നിച്ചു ചെയ്തു. പപ്പേട്ടന്‍ എഴുതുന്ന കഥകളും എടുക്കുന്ന സിനിമകളും ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു. ആവര്‍ത്തനങ്ങളില്ല. തൂവാനത്തുമ്പികള്‍ എന്ന സിനിമ അഞ്ഞൂറിലധികം തവണ കണ്ട ആള്‍ക്കാരെ എനിക്കറിയാം. ഇന്നും ഏറ്റവും പുതിയതാണ് ആ സിനിമ. അതിയായ അനുഭൂതി കലര്‍ന്ന രചനകള്‍ നടത്തുമ്പോഴും അദ്ഭുതപ്പെടുത്തുന്ന ഹ്യൂമര്‍ സെന്‍സായിരുന്നു പപ്പേട്ടന്. ഈ ബാലന്‍സിങ്, അത് അദ്ദേഹത്തിനു മാത്രമുള്ള കഴിവാണ്.
ഒടുവില്‍ കണ്ടപ്പോള്‍ തന്റെ പ്രതിമയും രാജകുമാരിയും എന്ന നോവല്‍ സിനിമയാക്കുന്നതിനെക്കുറിച്ചായിരുന്നു പപ്പേട്ടന്‍ പറഞ്ഞത്. അന്നു ഞാന്‍ കോഴിക്കോട്ട്, 'ഭരത'ത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. പപ്പേട്ടന്‍ മരിച്ചു എന്നറിഞ്ഞ് ആദ്യം ഓടിയെത്തിയ ഒരാള്‍ ഞാനായിരുന്നു. അന്ന് ഞാന്‍ അദ്ദേഹത്തിന്റെ ചലനമറ്റ ശരീരത്തെ ചിതവരെ അനുഗമിച്ചു. മനുഷ്യന്‍ മരിക്കുന്നത് സാധാരണകാര്യമാണ്. എന്നാല്‍ നമ്മുടെ സ്നേഹവലയത്തില്‍നിന്ന് തിരിച്ചുവരാത്തവിധം അപ്രത്യക്ഷമായി എന്ന യാഥാര്‍ഥ്യമാണ് സഹിക്കാന്‍ സാധിക്കാത്തത്. പപ്പേട്ടന്‍ പോയപ്പോള്‍ ഞാന്‍ അനുഭവിച്ചതും അതുതന്നെ. ഇന്നും ഞാന്‍ പപ്പേട്ടനെപ്പറ്റി ഓര്‍ക്കാത്ത ദിവസങ്ങളില്ല. കണ്ണടച്ചിരിക്കുമ്പോഴൊക്കെ താടിക്കിടയിലൂടെ ഊറിച്ചിരിച്ചുകൊണ്ടുള്ള ആ മുഖം മനസ്സില്‍ തെളിയും.
അടുത്ത ദിവസം ഞാന്‍ പപ്പേട്ടന്റെ 'ലോല' എന്ന മനോഹരമായ പ്രണയകഥ വായിച്ചു. ആ കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്. 'രാവിലെ തമ്മില്‍പ്പിരിഞ്ഞ് വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്കു വിട തരിക.'
വേദനയുടെ മധുരത്തിനായി അനുഭവപ്പെടുന്ന വരികള്‍ അതില്‍ പറഞ്ഞതുപോലെ വീണ്ടും കാണുക എന്നൊന്നുണ്ടാവില്ലെങ്കിലും... തിളങ്ങുന്ന വെയിലില്‍ തുമ്പികള്‍ പാറുന്നതു കാണുമ്പോള്‍, കരിയിലകളില്‍ കാറ്റടിക്കുന്നതു കാണുമ്പോള്‍, ദേശാടനക്കിളികള്‍ പറന്നുപോകുന്നതു കാണുമ്പോള്‍, ഋതുക്കള്‍ ഓരോന്നായി വന്നുപോകുമ്പോള്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍... ഞാന്‍ പപ്പേട്ടനെ ഓര്‍ക്കുന്നു. എന്റെ മനസ്സിന്റെ താമരയില്‍ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ചക്രവര്‍ത്തിയായി എന്നും ഈ മനുഷ്യനുണ്ടാകും. ഒപ്പം സുഖകരമായ ശ്രുതിയില്‍, താളത്തില്‍ പപ്പേട്ടനു പ്രിയപ്പെട്ട മഴയും.
കടപ്പാട്: മാതൃഭൂമി ബുക്സ്
Content Highlights: actor mohanlal remembering padmarajan