1986 അവസാനമാണ്. നവംബറിലോ ഡിസംബറിലോ എന്നോര്‍മയില്ല.  എന്റെ ഒരു നോവലെറ്റ് 'ശത്രുവിന്റെ മരണം' കോട്ടയത്തുനിന്ന് പുറപ്പെടുന്ന മനോരാജ്യം വാരികയില്‍ 'സമ്പൂര്‍ണ നോവല്‍' എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്നു. മനോരാജ്യം വാരികയില്‍ എഴുതുന്ന ആദ്യരചനയാണ് 'ശത്രുവിന്റെ മരണം.' എന്റെ ജീവിതത്തില്‍ പഠിക്കുന്ന കാലംമുതലുള്ള അനുഭവങ്ങളെ ആസ്പദമാക്കി രൂപപ്പെടുത്തിയതാണ് ഈ നോവലെറ്റ്.

മൂവാറ്റുപുഴ ഗവ. ഹൈസ്‌കൂളിലേക്കുള്ള നാല് മൈല്‍ ദൂരം എന്നും പോവുകയാണ് പതിവ്. ഇന്നത്തെപ്പോലെ വ്യാപകമായ ബസ് സര്‍വീസ് അന്നുണ്ടായിരുന്നില്ല. വൈകീട്ട് സ്‌കൂള്‍ വിട്ടുകഴിഞ്ഞാല്‍ മടക്കത്തില്‍ മൂവാറ്റുപുഴ ടൗണിലുള്ള പബ്ലിക് ലൈബ്രറിയിലും അതല്ലെങ്കില്‍ ടൗണ്‍ കഴിഞ്ഞാല്‍ 'കടാതി' എന്ന സ്ഥലത്തുള്ള യുവജനഗ്രന്ഥശാല എന്നിവിടങ്ങളില്‍ വായനയ്ക്കായി ഏറെസമയം ചെലവഴിക്കുമായിരുന്നു. ഒരു ദിവസം വൈകീട്ട് സന്ധ്യകഴിഞ്ഞതോടെ കടാതി വായനശാലയില്‍നിന്നുള്ള മടക്കത്തിലാണ് ഒരാള്‍ പുറകെ ഓടി വന്ന് 'ഇയാള് കറിയുടെ കാശ് തരാതെയാണ് പോണത്. ഇതിപ്പോള്‍ എന്നുമുള്ള പതിവാണ്. ഈ പരിപാടി പറ്റില്ല' എന്നുപറയുന്നത്.

വായനശാലയ്ക്ക് കുറച്ചുദൂരെ മാറിയുള്ള ഒരു കള്ളുഷാപ്പില്‍ നിന്നാണ് ബനിയനും കൈലിയും ധരിച്ച ഒരുവന്‍ എന്റടുക്കല്‍ വന്ന് ഒച്ചവെക്കുന്നത്. ചെറിയ ചാറ്റല്‍ മഴയുള്ളതിനാല്‍ കുടനിവര്‍ത്തിപ്പിടിച്ച് വേഗം വീട്ടിലെത്താനുള്ള തത്രപ്പാടിലാണ് ഞാന്‍. സ്ട്രീറ്റ് ലൈറ്റിന്റെ മങ്ങിയ വെളിച്ചംമാത്രമേ റോഡില്‍ കിട്ടുന്നുള്ളൂ.  ഞാനാകെ പരിഭ്രാന്തനായി. ഗവ.ഹൈസ്‌കൂളിലെ ഒരു സ്റ്റുഡന്റ് കള്ളുകുടിച്ച് അലമ്പുണ്ടാക്കി എന്ന വാര്‍ത്തയായിരിക്കും പിറ്റേന്ന് സ്‌കൂളില്‍ പരക്കുക. ഞാന്‍ പറഞ്ഞു: 'ഞാന്‍ പഠിക്കുന്ന കുട്ടിയാണ്. ഇന്നേവരെ ഒരു കള്ള്ഷാപ്പിന്റെയും അകം കണ്ടിട്ടില്ല. കള്ള് കുടിച്ചിട്ടുമില്ല.'

പക്ഷേ, കറി വില്പനക്കാരന്‍ വിടുന്നില്ല. 'ഇതിപ്പം എത്രാമത്തെ തവണയാ. സന്ധ്യമയങ്ങുന്ന നേരത്താണ് തന്റെ വരവ്. കള്ള് വാങ്ങിക്കഴിഞ്ഞാല്‍ കറിയും വാങ്ങിക്കും. താന്‍ രണ്ടാമതും മൂന്നാമതും കറി വാങ്ങാറുണ്ട്. എന്നിട്ടൊരു മുങ്ങലും.' ചെറിയ മഴയുള്ളതിനാലാവാം, റോഡില്‍ വളരെ കുറച്ച് പേരേ യാത്രക്കാരായുള്ളൂ. അവരും തടഞ്ഞുനിര്‍ത്തി വിവരം തിരക്കുന്നു.
അപ്പോഴാണ് ഷാപ്പിലിരുന്ന് കള്ള് കുടിക്കുവായിരുന്ന ഒരുവന്‍ എന്റടുക്കല്‍ വന്ന് കൈയിലെ ടോര്‍ച്ചെടുത്ത് മുഖത്തേക്കടിക്കുന്നത്: 'ചേട്ടാ ഇയാള് തന്നെയാണോന്ന് നോക്ക്, ഇതൊരു പയ്യനല്ലെ? പക്ഷേ അയാളുടെ വേഷം ഇത് തന്നെയായിരുന്നു. മഞ്ഞക്കരയുള്ള ഷര്‍ട്ടും മുണ്ടും.'


ശബ്ദം കേട്ടുകൊണ്ടാവണം ഷാപ്പ് ജോലിക്കാരനും റോഡിലേക്കിറങ്ങിവന്നു. അയാളും മറ്റേയാളുടെ കൈയില്‍നിന്ന് ലൈറ്റ് വാങ്ങി മുഖത്തേക്കടിച്ചു, 'ഏയ് ഇതയാളല്ല, അയാളെപ്പോഴെ സ്ഥലംവിട്ടുകാണും. പക്ഷേ, ഇയാളെ കണ്ടാല്‍ അവനെക്കൂട്ട് തന്നെ.' അതോടെ എനിക്ക് ശ്വാസം നേരേ വീണു. അതിനുശേഷം പലപ്പോഴും കടാതി വായനശാല കഴിഞ്ഞുള്ള പോക്ക്, കഴിയുന്നതും സന്ധ്യയ്ക്ക് മുന്നെയാക്കാന്‍ ശ്രദ്ധിക്കാറുണ്ട്.

placeholder
അപരനിൽ മധുവും ജയറാമും

മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കുശേഷം കോളേജില്‍ പഠിക്കുന്ന സമയത്താണ് സമാനമായ വേറൊരു സംഭവം ഉണ്ടാവുന്നത്. കോളേജ് ബസ് വരുന്നതുകാത്ത് മൂവാറ്റുപുഴ ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുന്നു. ആ സമയം ബസ് സ്റ്റാന്‍ഡിനെതിരെയുള്ള ഒരു ഷോപ്പിങ് കോംപ്ലക്സിന് മുന്നില്‍വന്നുനിന്ന കാറില്‍നിന്ന് കൗമാരപ്രായം പിന്നിട്ട ഒരുവള്‍ ഓടിവന്ന്, 'എവിടാര്‍ന്നു ഇത്രനാളും? ഇപ്പോള്‍ ബാബുവിനോട് അച്ഛനും അമ്മയ്ക്കും ചേട്ടനും ചേച്ചിക്കും ആര്‍ക്കും പിണക്കമില്ല. ബാബുവെന്നോടുകൂടി വാ. ദാ ആ കാറില്‍ ചേട്ടനും ചേച്ചിയുമുണ്ട്. വീട്ടിലേക്ക്  പോകാം.'

ധാരാളം യാത്രക്കാര്‍  സ്‌കൂള്‍- കോളേജ് വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ ബസ് സ്റ്റാന്‍ഡിലും പരിസരത്തുമായി നില്‍ക്കുമ്പോഴാണ് ഈ സംഭവം. അവരുടെയൊക്കെ ശ്രദ്ധ എന്നിലേക്കും ഈ പെണ്‍കുട്ടിയിലേക്കുമായി. എന്റെ കൂടെ കോളേജില്‍ പോകുന്നവര്‍ പ്രത്യേകിച്ചും.

ഞാനാകെ പരിഭ്രാന്തനായി നില്‍ക്കുന്നു. പെണ്‍കുട്ടി വീണ്ടും എന്റെ കൈപിടിച്ച്, 'വരൂന്നേ നമുക്കാ കാറില്‍ പോകാം.' 
'ആരാടോ ഇത്? എവിടെ നിന്നിവളെ വളച്ചെടുത്തു? പഠിക്കുന്ന സമയത്തുതന്നെ ഈ കലാപരിപാടി തൊടങ്ങിയോ?' എനിക്കെന്തെങ്കിലും പറയാനവസരം കിട്ടുന്നതിന് മുന്നേ വേറൊരുവന്‍.
'എടോ ആണുങ്ങളായാ ചങ്കൂറ്റം കാണിക്കണം. പെണ്ണിനിഷ്ടമാണെങ്കില്‍ അവളെ വിളിച്ചിറക്കിക്കൊണ്ടുവരണം. അതിന് കഴിവില്ലാത്തോന്‍ ഇങ്ങനെ തെരുവ് റോമിയോ ആവരുത്.'
മറുപടി എന്തെങ്കിലും പറഞ്ഞേ ഒക്കൂ എന്നായപ്പോള്‍ ഞാനുച്ചത്തില്‍ പറഞ്ഞു: 'ഇവളെ ഞാനിപ്പോഴാണ് കാണുന്നത്. ഇവള്‍ക്കാള് മാറീതാവും.'

പക്ഷേ, ഇതിനോടകം അവള്‍ കൈയില്‍പിടിച്ച്, 'ബാബൂ, ഇതിനുമുമ്പ് അച്ഛനും ചേട്ടനും തല്ലാനാളെ വിട്ടെന്ന് കേട്ടു. അതൊക്കെ മാറി. ഇപ്പോ അവര്‍ക്ക് ബാബുവിനെ വലിയ ഇഷ്ടാ. ദാ, നമുക്കാ കാറില്‍ കേറി പോവാം.'
യാത്രക്കാരില്‍ ഒരുവന്‍: 'നല്ല കാശ്ശൊള്ള കുടുംബത്തിലെയാണെന്ന് തോന്നുന്നു. കണ്ടില്ലേ, കഴുത്തിലും കാതിലും മാലേം കമ്മലും കയ്യില്‍ വളയും...താന്‍ അതൊക്കെ തട്ടിയെടുക്കാനിറങ്ങീതാണോ?'
ഇതിനിടയില്‍ എതിരെ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്ന് ഒരു സ്ത്രീയും പുരുഷനും റോഡ് മുറിച്ച് എന്റരികിലേക്ക് വരുന്നു. ഇനി ഇപ്പോളെന്തും സംഭവിക്കാം. ചിലപ്പോള്‍ പരസ്യമായി ഇവിടെ വെച്ചുതന്നെ ദേഹോപദ്രവമേല്പിക്കാനും മതി.

'ഇവള്‍ക്കാള് മാറീതാ. എന്റെ പേര് ബാബുവെന്നല്ല. എന്റെ പേര്...' ഇല്ല. കൂട്ടംകൂടി നില്‍ക്കുന്നവര്‍ മുഴുവനാക്കാന്‍ സമ്മതിക്കുന്നില്ല.
'താനിവളോട് വേറൊരു പേരായിരിക്കും പറഞ്ഞിരിക്കുക. തന്നെയൊക്കെ പിടിച്ച് പോലീസിലേല്പിക്കുവാ വേണ്ടെ.'
ആ സമയം കോളേജ് ബസ് വന്നതിനാല്‍ പലരും അതില്‍ കേറാനുള്ള ശ്രമമായി. ഇപ്പോള്‍ ബസില്‍ എങ്ങനെയും കയറിപ്പറ്റണമെന്ന ചിന്തയാണെനിക്ക്. ഫുട്ബോഡിലേക്ക് കാലെടുത്തുവെച്ചതേയുള്ളൂ, ഒരുവന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചിറക്കി. ഒരു ടാക്സിഡ്രൈവറാണ്. അല്പസ്വല്പം ചട്ടമ്പിത്തരമുള്ളവന്‍.
'അങ്ങനെയങ്ങ് പോവാന്‍വരട്ടെ. ഇതിനൊരു തീരുമാനമായിട്ട് മതി.'
ബസില്‍ പോവാന്‍പറ്റാതെ വിഷമിക്കുന്ന അവസ്ഥയില്‍ കൂടെ പഠിക്കുന്ന ഒന്നുരണ്ടുപേര്‍ താഴെയിറങ്ങി, എന്റടുക്കലേക്ക് വന്നപ്പോള്‍ സമാധാനമായി. ഒന്നുരണ്ടുപേരെങ്കിലും എന്നോടൊപ്പമുണ്ടല്ലോ.
ഇതിനോടകം കാറില്‍നിന്നിറങ്ങിവന്ന പുരുഷനും സ്ത്രീയും പെണ്‍കുട്ടിയുടെ കൈപിടിച്ച്, 'മോളേ, ഇത് ബാബുവല്ല. അയാള്‍ക്ക് കുറച്ചുകൂടി പൊക്കോം തടീമില്ലേ? ഞാന്‍ ഒരിക്കല്‍ കണ്ടിട്ടുള്ളതല്ലേ? ഇയാള് സ്റ്റുഡന്റാ...'

എന്തുവേണമെന്നറിയാതെ എന്നെത്തന്നെ തുറിച്ചുനോക്കിനില്‍ക്കുന്ന പെണ്‍കുട്ടി. അവള്‍ക്കിനിയും വിശ്വാസംവന്ന മട്ടില്ല.
വീണ്ടും സ്ത്രീ, 'മോളേ, സൗമിനി, ഇതയാളല്ല. മോളിങ്ങ് വാ...' മനസ്സില്ലാമനസ്സോടെയാണ് പെണ്‍കുട്ടി അവരോടൊപ്പം കാറിനടുത്തേക്ക് നീങ്ങിയത്. എനിക്ക് നേരെചൊവ്വേ ശ്വാസംവിടാമെന്നായി. നല്ലൊരു 'ഷോ' കാണാന്‍ വന്നവര്‍ നിരാശരായി പിന്നാക്കം വലിഞ്ഞു.

placeholder
അപരന്റെ ചിത്രീകരണത്തിനിടെ മധുവും പത്മരാജനും

വീണ്ടും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന സംഭവം, രാത്രിസമയം സെക്കന്‍ഡ് ഷോ കഴിഞ്ഞ് ഞാന്‍ ലോഡ്ജിലേക്ക് മടങ്ങുന്ന സമയത്തുണ്ടായ ഒന്നാണ്. പഠിത്തമെല്ലാം കഴിഞ്ഞ് ജോലിയിലായിരിക്കുമ്പോള്‍ മിക്ക വീക്കെന്‍ഡിലും ഞാന്‍ എറണാകുളത്തേക്ക് പോവുക പതിവുണ്ട്. പതിവുപോലെ ഭക്ഷണം കഴിഞ്ഞ് ഞാന്‍ എറണാകുളം വളഞ്ഞമ്പലത്തുള്ള ലക്ഷ്മണ്‍ തിയേറ്ററില്‍ 'വോ കോന്‍ ഥീ' എന്ന ഹിന്ദി ഫിലിം കാണാന്‍പോയി. സിനിമ കഴിഞ്ഞ് എളുപ്പവഴിക്ക് ബോട്ട് ജെട്ടിക്കടുത്തുള്ള ലോഡ്ജിലേക്ക് മടങ്ങുന്നു. സിനിമയിലെ ചില രംഗങ്ങളാണ് എന്റെ മനസ്സില്‍. പെട്ടെന്ന് എന്റെ സമീപത്തുകൂടി ഒരോട്ടോറിക്ഷ കടന്നുപോയിട്ട്, അല്പദൂരം പോയി തിരികെ വന്നു. കുറച്ച് പിന്നാക്കം പോയി റിവേഴ്സെടുത്ത് സമീപത്തുകൂടി മുന്‍പോട്ട്. പിന്നെയും തിരിച്ചുവരുന്നു.

ഇതിലെന്തോ പ്രശ്നമുണ്ടെന്നെനിക്ക് ബോധ്യമായി. എന്റെ മുന്നിലായി നാലുപേര്‍ യാത്രചെയ്യുന്നുണ്ട്. അവരിലൊരാള്‍ ഒരു സ്ത്രീയാണ്. അവരെ തിയേറ്ററില്‍വെച്ച് കണ്ട ഓര്‍മ. പക്ഷേ, അപ്പോഴും എന്റെ മനസ്സില്‍ സിനിമയിലെ മൊട്ടത്തലയനായ ഒരു കുറ്റവാളിയുടെ രൂപമാണ് തെളിഞ്ഞുവരുന്നത്. പക്ഷേ, ആ ഓര്‍മയ്ക്കെല്ലാം വിരാമമിട്ടുകൊണ്ട് ഓട്ടോറിക്ഷ എന്റെ സമീപത്ത് വന്നു, എന്നിട്ട് ഓട്ടോക്കാരന്‍ അതിലെ യാത്രക്കാരനായ ഒരുവനോട്, 'ആശാനേ, ഇതൊന്നും രണ്ടും പേരല്ല, അഞ്ചുപേരുണ്ട്. നമുക്കൊഴിയാം.'

യാത്രക്കാരുടെ എണ്ണം അഞ്ചാവണമെങ്കില്‍ ഞാനും ഉള്‍പ്പെടണം. ഓട്ടോക്കാരന്‍ നിര്‍ത്തുന്നില്ല, 'ഇവനിത് ഇപ്പോള്‍ സ്ഥിരം പരിപാടിയാക്കിയിരിക്കയാണ്. കഴിഞ്ഞയാഴ്ച ഇവനാണ് ഇവിടെ വുഡ്ലാന്‍ഡ്സില്‍ മുറിയെടുത്ത് കൂടെയുണ്ടായിരുന്ന പെണ്ണ് ഉറക്കമായെന്ന് കണ്ടപ്പോള്‍ അവളുടെ സാരിയും പാവാടയുമെടുത്ത് സ്ഥലംവിട്ടത്. ഇന്നും ഇവനതുതന്നെ ചെയ്യും.'

അതുകേട്ടതോടെ ഞാന്‍ വിയര്‍ത്തുപോയി. വുഡ്ലാന്‍ഡ്സില്‍ കയറി വല്ലപ്പോഴും കാപ്പികുടിച്ചിട്ടുണ്ടെന്നല്ലാതെ മുറിയെടുത്ത് താമസിച്ചിട്ടില്ല. വീക്കെന്‍ഡില്‍ വരുമ്പോള്‍ തിരിച്ചുള്ള യാത്രയുടെ സൗകര്യത്തിനുവേണ്ടി ബോട്ട് ജെട്ടിക്കടുത്തുള്ള ഏതെങ്കിലും ചെറിയ വാടകയുള്ള ലോഡ്ജിലായിരിക്കും മുറിയെടുക്കുക. വുഡ്ലാന്‍ഡ്സിലെ വാടക വളരെ കൂടിയതാണ്. മാത്രമല്ല ട്രാന്‍സ്പോര്‍ട്ട് ബസ്സ്റ്റാന്‍ഡും ബോട്ട്ജെട്ടിയോട് ചേര്‍ന്നാണ്. ഓട്ടോക്കാരന്റെ വാക്കുകള്‍ വേറൊരവസരത്തിലായിരുന്നെങ്കില്‍ കൗതുകം കലര്‍ന്ന ഒന്നെന്നുള്ള നിലയില്‍ ചെവിയോര്‍ക്കുമായിരുന്നു. പക്ഷേ, ഇവിടെ പ്രതിസ്ഥാനത്ത് ഞാനാണ്.

ഓട്ടോക്കാരന്റെ പിന്നത്തെ ചോദ്യം മുന്നിലൂടെ പോവുന്നവരോടാണ്: 'നിങ്ങളീ സ്ത്രീയേയും കൊണ്ട് നട്ടപ്പാതിരയ്ക്കെവിടെ പോണു?' സ്ട്രീറ്റ്ലൈറ്റിന്റെ വെളിച്ചത്തില്‍ സ്ത്രീയും കൂടെയുള്ളവരും ഒന്ന് നടുങ്ങിയത് കാണാന്‍പറ്റും. എങ്കിലും കൂട്ടത്തിലുള്ള ഒരുവന്റെ മറുപടി പെട്ടെന്ന് വന്നു: 'ഞങ്ങള്‍ സിനിമ കഴിഞ്ഞ് ബസ് സ്റ്റാന്‍ഡിലേക്ക് പോണു. പക്ഷേ, ഇത് ചോദിക്കാന്‍ താനാരാ?' കൂവലും പൂച്ചക്കരച്ചിലും കലര്‍ന്ന ഒരു പരിഹാസച്ചിരി ഓട്ടോയിലെ യാത്രക്കാരന്റെ വക. 'ഈ നട്ടപ്പാതിരയ്ക്കെങ്ങോട്ടാ ബസ്സുള്ളെ? നിങ്ങള്‍ക്കെവിടാ പോവണ്ടെ?''

'ഞങ്ങടെ കാര്യം അന്വേഷിക്കാന്‍ താനാരാ?' കൂട്ടത്തിലുള്ള കഷണ്ടിക്കാരന്‍ എന്തും വരട്ടെയെന്ന ഭാവത്തിലാണ്. 
'നിങ്ങളിവളെ ഇവന് കാഴ്ചവെക്കാന്‍ കൊണ്ടുപോവുകയല്ലെ?'
കഷണ്ടിക്കാരന്‍ എന്നെ നോക്കി: 'അയാള്‍ ഞങ്ങടെയാരുമല്ല.'
'അത് ഞങ്ങള്‍ക്കും അറിയാം. പക്ഷേ, ഇവനെ സൂക്ഷിക്കണം. കഴിഞ്ഞാഴ്ച ഇവിടെ വുഡ്ലാന്‍ഡ്സില്‍ മുറിയെടുത്ത് കൂടെയുണ്ടായിരുന്നവളുടെ സാരിയും പാവാടയും അടിച്ചോണ്ടുപോയവനാ. ഇന്നും ഇവനത് ചെയ്യും. കൊടുത്ത കാശ് മൊതലാക്കണ്ടെ?' കഷണ്ടിക്കാരനും കൂടെയുള്ളവരും എന്നെ നോക്കുന്നു. എല്ലാവരുടെയും മുഖത്ത് പുച്ഛവും പരിഹാസവും കലര്‍ന്ന ഭാവം. 
'നേരാണോടോ ഈ കേക്കണേ?' ഒരുവന്റെ ചോദ്യമാണ്.

എനിക്ക് മറുപടി പറഞ്ഞേ ഒക്കൂ എന്നായി. 'ഞാന്‍ വുഡ്ലാന്‍ഡ്സില്‍ പോയി പലപ്പോഴും കാപ്പി കഴിക്കാറുണ്ട്. അവിടെ ഒരിക്കലും താമസിച്ചിട്ടില്ല. അവിടത്തെ മുറിവാടക എനിക്ക് താങ്ങാവുന്നതല്ല. അതുകൊണ്ട് ചെറിയ ലോഡ്ജുകളിലേ തങ്ങാറുള്ളൂ.' പക്ഷേ, എന്റെ വാക്കുകളൊന്നും അവര്‍ക്ക് ദഹിക്കുന്നില്ല. അവര്‍ സംഘം ചേര്‍ന്ന് എന്നെ കുറ്റക്കാരനാക്കിക്കഴിഞ്ഞു. 
'ഇവനെ പോലീസിലേല്‍പ്പിക്കണം'
'അതുവേണ്ട. അതുപിന്നെ പുലിവാലാകും. പിന്നെ സ്റ്റേഷനിലും കോടതിയിലും കയറിയിറങ്ങേണ്ടിവരും. അതിലും ഭേദം ഇവന് രണ്ട് പെട പെടയ്ക്കുകയാണ്.'
അതും പറഞ്ഞ് കഷണ്ടിക്കാരന്‍ അടുേത്തക്ക് വന്നു. പക്ഷേ, വേറൊരാള്‍ വിലക്കി.
'അതുകൊണ്ടെന്താ മെച്ചം? അവനീപ്പണി പിന്നേം ചെയ്യും. അതിലും നല്ലത് വേറൊരു പണിയാ', അതും പറഞ്ഞയാള്‍ ഒരു ചിരി.
'എന്താ ഉദ്ദേശിക്കണെ?',കഷണ്ടിക്കാരന്റെ ചോദ്യം.
'ഇവന്റെ ഉടുതുണിയും ഷര്‍ട്ടും അഴിച്ച് ഇവന്‍ താമസിക്കണേടം വരെ നടത്തുവാ.'
അല്പനേരത്തെ നിശ്ശബ്ദത.

'ഐഡിയാ കൊള്ളാം. നമുക്കത് നോക്കാം', കഷണ്ടിക്കാരന്‍ ആര്‍ത്തുചിരിച്ചു. പിന്നെ എല്ലാവരും ചേര്‍ന്ന് പൊട്ടിച്ചിരി. അട്ടഹാസം.  
നല്ലൊരു കാഴ്ച കാണാന്‍ പോവുന്ന സന്തോഷമാണെല്ലാവര്‍ക്കും. അവരൊക്കെ എന്നെ ആക്രമിക്കാന്‍ വരുന്ന നിമിഷത്തെയോര്‍ത്ത് ഞാന്‍ കണ്ണടച്ച് സകലദൈവങ്ങളെയും വിളിച്ചു. എങ്ങനെയിനി എനിക്ക് ലോഡ്ജിലെത്തിയാല്‍ മറ്റുള്ളവരുടെ മുഖത്ത് നോക്കാന്‍ പറ്റും.

മനംനൊന്തുള്ള എന്റെ പ്രാര്‍ഥന കേട്ടെന്ന് തോന്നുന്നു. രാത്രി പട്രോള്‍ നടത്തുന്ന പോലീസ് ജീപ്പ് വരുന്ന ശബ്ദം. അഞ്ചാറുപേര്‍ സംഘം ചേര്‍ന്നുനില്‍ക്കുന്നത് കണ്ട് ജീപ്പ് നിര്‍ത്തി. ജീപ്പില്‍ നിന്നിറങ്ങിയത് കോളേജില്‍ എന്റെ സീനിയര്‍ വിദ്യാര്‍ഥിയായിരുന്ന ഇപ്പോള്‍ ഇവിടെ സിറ്റിയിലെ അസിസ്റ്റന്റ് പോലീസ് കമ്മിഷണറായ പരീത് കുഞ്ഞ്. ഭാഗ്യം എന്നെ തുണച്ചെന്ന് പറഞ്ഞാല്‍ മതി.

രാവേറെ ചെന്ന് പരീത് കുഞ്ഞിന്റെ ക്വാര്‍ട്ടേഴ്സില്‍വെച്ച് അയാള്‍ നീട്ടിയ ചായ കുടിക്കുമ്പോള്‍, വുഡ്ലാന്‍ഡ്സ് ഹോട്ടലിലെ സംഭവം വിവരിച്ചു. ഹോട്ടലില്‍ മുറിയെടുത്ത് കൂടെയുറങ്ങിയ സ്ത്രീയുടെ ഉടുവസ്ത്രവുംകൊണ്ട്  കടന്നുകളഞ്ഞവന് എന്റെ ഛായ ഉണ്ടായിരുന്നത്രേ. പിന്നീടവനെ പിടികൂടുകയും ഒന്നുരണ്ട് ദിവസം േലാക്കപ്പിലിട്ടതിനുശേഷം പറഞ്ഞുവിടുകയും ചെയ്തു. 

കേസ് ചാര്‍ജ് ചെയ്താല്‍ ആരെങ്കിലും തെളിവ് നല്കാന്‍ വരുമോ. ആ സ്ത്രീയെ കണ്ടുപിടിച്ചാല്‍തന്നെ അവള്‍ വരില്ലെന്നുറപ്പാണ്. ഹോട്ടലുടമ തന്റെ ഹോട്ടലിന് ചീത്തപ്പേര് ഉണ്ടാക്കുന്ന വാര്‍ത്ത അച്ചടിച്ച് കാണാന്‍ ഇഷ്ടപ്പെടില്ലാത്തതുകൊണ്ട്, അയാളും വരില്ല. ഇത്തരം കേസുകള്‍ ചാര്‍ജ് ചെയ്യാതെ വിടുന്നത് അതുകൊണ്ടാണ്. പരീത് കുഞ്ഞ് പറഞ്ഞത് ശരിയായിരിക്കാം. പക്ഷേ, ഇമ്മാതിരി സ്വഭാവമുള്ളവര്‍ പിന്നെയും അഴിഞ്ഞാടി നടക്കുന്നതുമൂലം ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടിവരുന്നത് ഈയുള്ളവനാണ്.

placeholder
അപരന്റെ ലൊക്കേഷനിൽനിന്ന്‌

ഈ സംഭവങ്ങളെല്ലാം കോര്‍ത്തിണക്കി നോവലെറ്റാക്കി മാറ്റിയപ്പോള്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ചിലതെല്ലാം ഒഴിവാക്കി. വേറെ ചിലവ ഒരെഴുത്തുകാരന്റെ സ്വാതന്ത്ര്യം ഉപയോഗിച്ച് കൂട്ടിച്ചേര്‍ത്തു.

ബാബുവെന്ന് വിളിച്ചുവരുന്ന പെണ്‍കുട്ടി, എന്റെ കോളേജ് ജീവിതകാലഘട്ടത്തെ സംഭവമാണ്. നോവലെറ്റില്‍ ഞാനൊരു ജോലിക്ക് ശ്രമിക്കുന്നതിന്റെ ഭാഗമായുള്ള ഇന്റര്‍വ്യൂ നടക്കുന്ന സമയത്തെ സംഭവമാക്കി മാറ്റി. വീണ്ടും ചെറിയ മാറ്റങ്ങള്‍. ചില കൂട്ടിച്ചേര്‍ക്കലുകള്‍. ആ കഥയാണ് പത്മരാജന്‍ 'അപരന്‍'എന്ന തന്റെ കഥയുമായി യോജിപ്പിച്ച് സിനിമയാക്കിയത്.

ബാബുവെന്ന് വിളിച്ചുവന്ന സൗമിനിയെന്ന പെണ്‍കുട്ടി കുറേനാള്‍ കൂടെ നടന്നതിനുശേഷം, തന്റെ കൂടെയുള്ളത് ബാബുവല്ലെന്ന് മനസ്സിലാക്കി, കന്യാകുമാരി കടപ്പുറത്തുവെച്ച് യാത്ര പറഞ്ഞ് പിരിഞ്ഞതോടെ പിന്നീടയാള്‍ ഏറെനാളായി വീട്ടില്‍നിന്ന് അകന്ന് നില്‍ക്കുകയായിരുന്നുവെന്ന ഓര്‍മയില്‍ വീട്ടിലേക്ക് തിരിക്കുന്നു.  വീട്ടില്‍ അച്ഛന്റെയും ചേട്ടന്റെയും മുന്നില്‍ കണ്ണിലെ കരടായി മാറിയിരുന്നതിനാല്‍ വീട്ടിലയാള്‍ക്ക് സമാധാനമായിരിക്കാന്‍ പറ്റില്ല. അമ്മയും അനിയത്തിയും മാത്രമാണ് അയാളോട് അടുപ്പം കാണിക്കുന്നുള്ളൂ. കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കുന്ന സന്തതിയായി അവരുടെ മുന്നില്‍ ചെന്ന് പെടുമ്പോള്‍ എന്താണുണ്ടാവുക എന്നൊരു അങ്കലാപ്പയാള്‍ക്കുണ്ട്.

രാവേറെച്ചെന്ന് വീട്ടില്‍ ചെല്ലുമ്പോള്‍ ആകെ മൂടിക്കെട്ടിയ അന്തരീക്ഷം. ഒരു മരണം നടന്ന വീടാണെന്ന് മനസ്സിലാവുന്നതോടെ ആകാംക്ഷ കലര്‍ന്ന ഒരു വിഭ്രാന്തി. കോളിങ് ബെല്ലടിക്കാനായി സ്വിച്ച് ബോര്‍ഡില്‍ വിരലമര്‍ത്തുമ്പോള്‍ ആദ്യം പുറത്തുവന്നത് ഒരു ജോലിക്കാരന്‍. എന്തോ ഭീകരമായ ഒരു ദൃശ്യം കാണുന്നമാതിരി 'അയ്യോ'എന്ന വിളിയോടെ അവന്‍ അകത്തേയ്‌ക്കോടി. പിന്നാലെ വന്ന അച്ഛന്‍ അല്പസമയം അയാളെ തുറിച്ചുനോക്കിയിട്ട് വേലക്കാരന്‍ പയ്യനെ വിളിച്ച് വാതിലടച്ച് തഴുതിടാന്‍ പറഞ്ഞു. 

പെട്ടെന്നെന്നോണം വാതില്‍ക്കല്‍ അനിയത്തി വന്നു. അവളും ഒച്ചവെച്ചു. 'ചേട്ടാ, അവര്‍...'. അത്രയും പറയാനേ അവള്‍ക്കും പറ്റിയുള്ളൂ. അകത്തെ മുറിയില്‍ അയാളുടെ പേരും പറഞ്ഞ് നിലവിളിക്കുന്ന അമ്മയുടെ ശബ്ദം. പക്ഷേ, എല്ലാത്തിനും വിരാമമിട്ടുകൊണ്ട് അച്ഛന്റെ ശബ്ദം: 'എന്താടാ നോക്കി നില്‍ക്കണേ? ഹോട്ടല്‍ മുറിയില്‍നിന്ന് ഇവന്റെ ശവം നീയും കൂടിയല്ലേ എടുത്ത് ആംബുലന്‍സില്‍ കയറ്റിയത്?' പിന്നെ അനിയത്തിയെ നോക്കി, 'മരിച്ചവനെയോര്‍ത്ത് കരയണതെന്തിന്? എത്ര കരഞ്ഞാലും ഇവന്‍ അവനാകുമോ?' പിന്നീട് വേലക്കാരന്‍ പയ്യനോട്, 'ഇനി ഇവന്‍ അവനാണെന്ന് വച്ചോ. ഇവന്‍ ജീവിക്കണത് മരിച്ചതിന് തുല്യമല്ലേ?'

അതോടെ ഇനി അവിടെ നില്‍ക്കുന്നതില്‍ അര്‍ഥമില്ലെന്ന് ബോധ്യമായതോടെ അയാള്‍ അവിടെനിന്ന് സ്ഥലം വിടുന്നു. ഒരു മിന്നല്‍പ്പിണര്‍ തലച്ചോറിനുള്ളില്‍. തന്നെ പലപ്പോഴും അപകടത്തിലാക്കിയ കുഴപ്പത്തില്‍ ചാടിച്ച ആ അജ്ഞാതശത്രു മരണമടഞ്ഞിരിക്കുന്നു. ഇനിയുള്ള യാത്ര സുഗമമായിരിക്കും.

ഇങ്ങനെയാരവസാനമാണ് എന്റെ കഥയില്‍ ഞാനെഴുതിയത്. പക്ഷേ, പ്രൊഡ്യൂസറുടെ നിര്‍ബന്ധത്തിന് വഴങ്ങി ശത്രു മരിച്ചുകിടക്കുന്ന ദൃശ്യം അയാള്‍ കാണുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. മാത്രമല്ല പത്മരാജന്റെ തിരക്കഥയില്‍ അച്ഛന്‍ മകനെ തള്ളിപ്പറയുന്നില്ല. മകന്റെ മൃതദേഹം ദഹിപ്പിച്ചതിനുശേഷം കുളിച്ച് കയറുന്നെങ്കിലും യഥാര്‍ഥ മകനെ കാണുന്നെങ്കിലും ഉള്ള് തുറന്ന് സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല. പലതുകൊണ്ടും ഈ സന്ദര്‍ഭത്തില്‍ മകന്‍ മാറിനില്‍ക്കുന്നതാണ് നല്ലതെന്ന് തോന്നിക്കാണണം.

എന്റെ കഥയും പത്മരാജന്റെ കഥയുമായുള്ള സാരമായ വ്യത്യാസം അദ്ദേഹത്തിന്റെ കഥയില്‍ നായകനും പ്രതിനായകനും പലപ്പോഴും കണ്ടുമുട്ടുന്നുവെന്നതാണ്. തന്നെ പലപ്പോഴും കുഴപ്പത്തിലാക്കുന്ന എതിരാളിയെ തേടി നഗരത്തിലെത്തിയ നായകന്‍, അയാളെ കാണുന്നതോടെ മനസ്സിലെ വിദ്വേഷം കെട്ടടങ്ങുന്നു. പിടിച്ചുപറിക്കാരനും തട്ടിപ്പുകാരനും പിമ്പുമൊക്കെയായി ജീവിതം തള്ളിനീക്കുന്നവന്‍. അതോടെ അയാള്‍ മടങ്ങുന്നു. പിന്നീട് ഒന്നോ രണ്ടോ തവണ കൂടി അയാളെ കാണുന്നുണ്ട്. 

നേരെമറിച്ചാണ് എന്റെ കഥ. നായകനും പ്രതിനായകനും ഒരിക്കലും കണ്ടുമുട്ടുന്നില്ല. എന്റെ കഥയിലെ അന്തര്‍ധാരയാണ് താന്‍ സ്വീകരിച്ചതെന്ന് പത്മരാജന്‍ ഷൂട്ടിങ്ങിനിടയില്‍ ഒരിക്കല്‍ കണ്ടപ്പോള്‍ പറയുകയുണ്ടായി.

(പുനഃപ്രസിദ്ധീകരണം )