ഉരുവായിട്ടും പിറക്കാന്‍ പറ്റാതെ പോകുന്ന കുഞ്ഞുങ്ങള്‍, ഭൂമിയിലേക്ക് വരേണ്ട കാലത്തിന് മുന്നേയെത്തി ദുരിതങ്ങള്‍ ഏറ്റുവാങ്ങുന്ന മറ്റു ചില കുരുന്നുകള്‍... അവരുടെ മാതാപിതാക്കള്‍ കടന്നുപോകുന്ന സങ്കടക്കാലങ്ങള്‍ ആര്‍ക്കും സങ്കല്പിക്കാനാവില്ല. ലോകമെങ്ങുമുള്ള കുഞ്ഞുങ്ങളും അമ്മമാരും ഒരുപോലെ അനുഭവിക്കുന്ന പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് കാലമെത്താതെയുള്ള പ്രസവം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും ഒന്നര ലക്ഷം കുഞ്ഞുങ്ങളാണ് കാലമെത്താതെ ജനിച്ചുവീഴുന്നത്.  ഇതില്‍ തന്നെ വലിയൊരു വിഭാഗം ഗുരുതരമായ ശാരീരികപ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയും മരണപ്പെടുകയോ ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുകയോ ചെയ്യേണ്ടിവരുന്നു. നിരവധി വെല്ലുവിളികള്‍ ഈ കാലയളവില്‍ കുഞ്ഞും രക്ഷിതാക്കളും അഭിമുഖീകരിക്കേണ്ടി വരും. ദിവസങ്ങള്‍ മുതല്‍ മാസങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന ആശുപത്രിവാസം നല്‍കുന്ന ദുരിതവും സാമ്പത്തികമായ പ്രതിസന്ധികളും വലുതാണ്. ഈ കാലയളവിലെ അനിശ്ചിതത്വത്തിന്റെ മാനസിക ബുദ്ധിമുട്ട് വേറെയുമുണ്ട്. കൃത്യമായ ചികിത്സ ജനിച്ച് വീഴുന്ന സമയം മുതല്‍ ലഭ്യമായില്ലെങ്കില്‍ ഭാവിയിലുണ്ടായേക്കാവുന്ന ആരോഗ്യസംബന്ധമായ ബുദ്ധിമുട്ടുകള്‍ വേറെയും. ഇതെല്ലാം പരിഗണിച്ച് ആളുകളില്‍ അവബോധം വളര്‍ത്തുന്നതിനായാണ് വേള്‍ഡ് പ്രിമച്യൂരിറ്റി ഡേ നവംബര്‍ പതിനേഴിന് ലോകമെങ്ങും ആചരിക്കുന്നത്. 

To advertise here,

എന്താണ് പ്രിമച്യൂരിറ്റി?
നാല്‍പ്പത് ആഴ്ചയാണ് ഗര്‍ഭാവസ്ഥ പൂര്‍ണ്ണതയിലെത്തുവാനുള്ള കാലയളവായി കണക്കാക്കപ്പെടുന്നത്. ഈ സമയമാകുമ്പോഴേക്കും കുഞ്ഞ് പൂര്‍ണ്ണവളര്‍ച്ചയെത്തി, പുറത്തുവരാനുള്ള ആരോഗ്യം കൈവരിച്ചിരിക്കും. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ പ്രസവം 37 ആഴ്ചയ്ക്ക് മുന്‍പ് നടത്തേണ്ടതായി വരും. ഈ അവസ്ഥയെയാണ് കാലമെത്താത്ത പ്രസവം എന്ന് വിശേഷിപ്പിക്കുന്നത്. 

കാരണങ്ങള്‍
കാലമെത്താത്ത പ്രസവത്തിന് ഏതെങ്കിലും ഒരു കാരണം മാത്രമായി ചൂണ്ടിക്കാണിക്കാന്‍ സാധിക്കില്ല. പലവിധ കാരണങ്ങളും ഇതിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ആദ്യ പ്രസവം കാലമെത്താത്തതായിരുന്നെങ്കില്‍ പിന്നീടുള്ള പ്രസവങ്ങളിലും ഇത് ആവര്‍ത്തിക്കാനുള്ള സാധ്യത കൂടുതലാണ്. ഇരട്ടകളോ അതില്‍ കൂടുതലോ ഉള്ള ഗര്‍ഭമാണെങ്കിലും ഇതേ അവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഗര്‍ഭാശയമുഖത്തിന് വലുപ്പക്കുറവുള്ളവര്‍, ഗര്‍ഭപാത്രസംബന്ധമായ തകരാറുള്ളവര്‍, പുകവലി, മയക്കു മരുന്ന്, ലഹരികള്‍ എന്നിവ ഉപയോഗിക്കുന്നവര്‍, അംനിയോട്ടിക് ഫ്ളൂയിഡിനെയും മറ്റും ബാധിക്കുന്ന ചില അണുബാധയുള്ളവര്‍, രക്താതിസമ്മര്‍ദ്ദം, പ്രമേഹം, മാനസികസമ്മര്‍ദ്ദം തുടങ്ങിയവയുള്ളവര്‍, അമ്മയ്ക്ക് പ്രായക്കൂടുതല്‍, ഒരു പ്രസവം കഴിഞ്ഞ് ഉടന്‍ തന്നെ ഗര്‍ഭിണിയായവര്‍ തുടങ്ങിയവര്‍ കാലമെത്താതെ പ്രസവിക്കാനുള്ള സാധ്യത കൂടുതലാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചില കാര്യങ്ങളില്‍ കൃത്യമായ ശ്രദ്ധപുലര്‍ത്തിയാല്‍ ഒരു പരിധിവരെ ഈ അവസ്ഥയെ പ്രതിരോധിക്കുവാനും ജനനശേഷം കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യം നിലനിര്‍ത്തുവാനും സാധിക്കും. 

1) കൃത്യമായ പരിശോധന: പ്രസവകാലത്ത് കൃത്യമായ ആരോഗ്യപരിശോധന നടത്തുക എന്നത് പരമപ്രധാനമാണ്. അമ്മയുടെ ആരോഗ്യവും ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യവും ഒരേ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടണം. എന്തെങ്കിലും അസ്വസ്ഥതകളോ ലക്ഷണങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ചികിത്സിക്കുന്ന ഡോക്ടറെ അറിയിക്കണം. നേരത്തെ ഇതേ രീതിയിലുള്ള പ്രസവം നടന്ന വ്യക്തിയാണെങ്കില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം.

2) ആരോഗ്യമുള്ള ഭക്ഷണക്രമം:  മികച്ച പോഷകാഹാരം ഉള്‍പ്പെടുത്തിയ ഭക്ഷണക്രമീകരണം ശീലമാക്കണം. ഇതിന് ഡോക്ടറുടേയും ന്യൂട്രീഷ്യന്റെയും ഉപദേശം നിര്‍ബന്ധമായും തേടണം. ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കപ്പെടുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുകയും നിര്‍ബന്ധമായും ഉള്‍പ്പെടുത്താന്‍ പറയുന്നവ ഉള്‍പ്പെടുത്തുകയും വേണം.

3) പ്രസവങ്ങള്‍ക്കിടയിലുള്ള നിശ്ചിത കാലയളവ് നിലനിര്‍ത്തുക: രണ്ട് പ്രസവങ്ങള്‍ക്കിടയില്‍ മൂന്ന് വര്‍ഷം ദൈര്‍ഘ്യം ഉണ്ടായിരിക്കുന്നതാണ് ആരോഗ്യകരമായ പ്രസവത്തിന് നല്ലത്. ഇത് പ്രിമച്വര്‍ ഡെലിവറിക്കുള്ള സാധ്യത കുറയ്ക്കും.

4) ഒന്നിലധികം കുഞ്ഞുങ്ങള്‍: ഒന്നിലധികം കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഡോക്ടറുടെ നിര്‍ദ്ദേശങ്ങളെല്ലാം ഇവര്‍ കര്‍ശനമായി പിന്തുടരണം.

5) മറ്റ് രോഗങ്ങളെ നിയന്ത്രിക്കല്‍: കാലമെത്താതെയുള്ള പ്രസവം ഇല്ലാതാക്കാന്‍ ഗര്‍ഭിണിക്കുള്ള മറ്റ് രോഗങ്ങള്‍ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. പ്രമേഹം, രക്താതിമര്‍ദ്ദം, അമിതവണ്ണം തുടങ്ങിയവ പ്രസവത്തെ സങ്കീര്‍ണ്ണമാക്കുന്ന അവസ്ഥകളാണ്. ഇവ നിര്‍ബന്ധമായും നിയന്ത്രിക്കണം.

പ്രസവം നേരത്തേയാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതോടൊപ്പം തന്നെ ഇത്തരത്തില്‍ കാലമെത്താതെ പ്രസവിച്ചവരാണെങ്കില്‍ പ്രസവാനന്തരമുള്ള കാര്യങ്ങളിലും പ്രത്യേകശ്രദ്ധ പുലര്‍ത്തണം. കുഞ്ഞിന് പൊതുവെ പ്രതിരോധശേഷിക്കുറവ്, വളര്‍ച്ചാക്കുറവ്, കാഴ്ച ഉള്‍പ്പെടെയുള്ള ശാരീരിക വൈകല്യങ്ങള്‍ തുടങ്ങിയവ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന പരിശോധനകള്‍ കൃത്യമായി ചെയ്യുകയും, കൃത്യമായ ഇടവേളകളില്‍ നിര്‍ബന്ധമായും ഡോക്ടര്‍മാരെ സന്ദര്‍ശിച്ച് പരിശോധന നടത്തുകയും വേണം.