
ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട ചികിത്സാ മേഖലകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അനിതരസാധാരണമായ വികാസ പരിണാമങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഐ വി എഫ് ചികിത്സ. ഇതിന്റെ തന്നെ ഭാഗമായി ഗര്‍ഭധാരണം അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കുവാന്‍ സഹായകരമായ രീതികളാണ് ഫെര്‍ട്ടിലിറ്റി പ്രിസര്‍വേഷന്‍ എന്നത്. കാന്‍സര്‍ പോലുള്ള രോഗബാധമൂലമോ അതുപോലുള്ള മറ്റ് ഏതെങ്കിലും കാരണങ്ങളുടേയോ ഭാഗമായി ഗര്‍ഭം ധരിക്കുവാനുള്ള ശേഷി നഷ്ടപ്പെടുവാന്‍ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കുന്നവര്‍ക്കാണ് പ്രധാനമായും ഫെര്‍ട്ടിലിറ്റി പ്രിസര്‍വേഷന്റെ ആവശ്യകത ഉണ്ടാകുന്നത്. ചിലര്‍ വ്യക്തിപരമായ കാരണങ്ങളാലും ഗര്‍ഭധാരണം നീട്ടിവെക്കുവാന്‍ താല്‍പര്യപ്പെടാറുണ്ട്. ഇത്തരത്തിലുള്ളവര്‍ക്കും ഭാവിയില്‍ ഗര്‍ഭം ധരിക്കുവാന്‍ ഫെര്‍ട്ടിലിറ്റി പ്രിസര്‍വേഷന്‍ സഹായകരമാകും.
എന്താണ് ഫെര്‍ട്ടിലിറ്റി പ്രിസര്‍വേഷന്‍
പല തരത്തിലുള്ള കാരണങ്ങളാല്‍ നിലവില്‍ ഗര്‍ഭം ധരിക്കാന്‍ സാധിക്കാതെ വരുന്നവര്‍ക്ക് ഭാവിയില്‍ തടസ്സങ്ങളില്ലാതെ ഗര്‍ഭധാരണം സാധ്യമാക്കാനുതകുന്ന ചികിത്സാരീതിയാണ് ഫെര്‍ട്ടിലിറ്റി പ്രിസര്‍വേഷന്‍. ഗര്‍ഭധാരണത്തിന്റെ അനിവാര്യഘടകങ്ങളായ അണ്ഡങ്ങള്‍, ബീജങ്ങള്‍, ഭ്രൂണങ്ങള്‍, പ്രത്യുല്‍പ്പാദന കോശങ്ങള്‍ മുതലായവ കേട്പാട് വരാതെ ദീര്‍ഘകാലത്തേക്ക് സംഭരിച്ച് വെക്കുകയും പിന്നീട് ആവശ്യം വരുമ്പോള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ശാസ്ത്രീയമായി സംഭരിച്ച് വെക്കുന്നത് മൂലം ദീര്‍ഘകാലം ഇവയുടെ പ്രത്യുല്‍പ്പാദന ക്ഷമത നിലനിര്‍ത്തുവാനും സാധിക്കുന്നു.
ഫെര്‍ട്ടിലിറ്റി പ്രിസര്‍വേഷന്‍ ആവശ്യമായി വരുന്ന സാഹചര്യങ്ങള്‍
- കാന്‍സര്‍ ബാധിതരായവര്‍ക്ക് ചികിത്സയുടെ ഭാഗമായി കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി, ശസ്ത്രക്രിയ മുതലായവ നിര്‍വ്വഹിക്കുമ്പോള്‍ ചിലപ്പോള്‍ ദീര്‍ഘകാലത്തേക്ക് ഗര്‍ഭധാരണം സാധ്യമാകാതെ വരാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ ഗര്‍ഭധാരണത്തിന് അനുയോജ്യമായ സാഹചര്യം കൈവരുന്നത് വരെ നീട്ടിവെക്കേണ്ടി വരും.
- പുനരുത്പാദന ശേഷിയെ ബാധിക്കുന്ന എന്‍ഡോമെട്രോയിസിസ്, യൂട്ടറൈന്‍ ഫൈബ്രോയിഡുകള്‍ തുടങ്ങിയ ഗര്‍ഭാശയ രോഗങ്ങളുള്ളവര്‍ക്ക് ചിലപ്പോള്‍ ഗര്‍ഭധാരണം മാറ്റിവെക്കേണ്ടതായി വന്നേക്കാം.
- ലൂപ്പസ്, സന്ധിവാതം തുടങ്ങിയവ ഉള്‍പ്പെടെയുള്ള ചില ഓട്ടോ ഇമ്യൂണ്‍ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ചിലപ്പോള്‍ ദീര്‍ഘകാലത്തേക്ക് ഗര്‍ഭധാരണം നീട്ടിവെക്കേണ്ടതായി വന്നേക്കാം.
- കരിയറിന്റെ ഭാഗമായുള്ള ലക്ഷ്യത്തിലെത്തുവാനായും, പഠനം പൂര്‍ത്തീകരിക്കുവാനും, അനുയോജ്യനായ പങ്കാളിയെ കണ്ടെത്തുവാനുമൊക്കെയായി പലരും പലര്‍ക്കും കാത്തിരിപ്പ് ആവശ്യമായി വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ പ്രായം വര്‍ദ്ധിക്കുന്നത് മൂലം ഗര്‍ഭധാരണത്തിനുള്ള സാധ്യത ഇല്ലാതാവാതരിക്കാന്‍.
- ലിംഗമാറ്റവുമായി ബന്ധപ്പെട്ട ചികിത്സ സ്വീകരിക്കുന്നവര്‍.
സ്ത്രീകളില്‍ ഫെര്‍ട്ടിലിറ്റി പ്രിസര്‍വേഷന്റെ വിവിധ മാര്‍ഗ്ഗങ്ങള്‍
സ്ത്രീകളിലും പുരുഷന്മാരിലും ഫെര്‍ട്ടിലിറ്റി പ്രിസര്‍വേഷന്‍ ആവശ്യമായി വരാറുണ്ട്. വ്യത്യസ്തങ്ങളായ മാര്‍ഗ്ഗങ്ങളാണ് ഇവരില്‍ അനുവര്‍ത്തിക്കപ്പെടേണ്ടി വരാറുളളത്. സ്ത്രീകളിലെ പ്രധാന ഫെര്‍ട്ടിലിറ്റി പ്രിസര്‍വ്വേഷന്‍ മാര്‍ഗ്ഗങ്ങള്‍ ഇനി പറയുന്നു.
എംബ്രയോ ക്രയോപ്രിസര്‍വേഷന്‍ : പുനരുത്പാദന ശേഷി നിലനിര്‍ത്തിക്കൊണ്ട് ഭ്രൂണത്തെ സ്വീകരിക്കുകയും ദീര്‍ഘകാലത്തിന് ശേഷവും ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയില്‍ അവയെ ഫ്രീസ് ചെയ്ത് വെക്കുകയുമാണ് ഈ രീതിയില്‍ ചെയ്യുന്നത്. അണ്ഡാശയത്തെ ഉത്തേജിപ്പിക്കുകയും 10 ദിവസത്തോളം ഹോര്‍മോണ്‍ ഇഞ്ചക്ഷന്‍ സ്വീകരിക്കുകയുമാണ് ഈ രീതിയുടെ പ്രാഥമിക ഘട്ടം. ചെറിയ രീതിയില്‍ അനസ്തേഷ്യ നല്‍കിയ ശേഷം അല്‍ട്രാസൗണ്ടിന്റെ സഹായത്തോടെ യോനിയിലൂടെ ഒരു നേര്‍ത്ത നീഡില്‍ കടത്തിവിട്ട് അണ്ഡാശയത്തില്‍ നിന്ന് ഭ്രൂണം സ്വീകരിക്കുന്നു. ഇത് വേദനാരഹിതമായ പ്രൊസീജ്യര്‍ കൂടിയാണ്.
ഓസൈറ്റ് ക്രിയോപ്രിസര്‍വേഷന്‍ : എംബ്രയോ രീതിയിലേത് പോലെ തന്നെ ഹോര്‍മോണ്‍ സ്വീകരിച്ച് അണ്ഡാശയത്തെ ഉത്തേജിപ്പിച്ച് അണ്ഡോ്പാദനം നടത്തുക്കയും തുടര്‍ന്ന് അണ്ഡത്തെ സ്വീകരിച്ച് ഫ്രീസ് ചെയ്ത് സൂക്ഷിക്കുന്ന രീതിയാണിത്.
ഒവേറിയന്‍ ടിഷ്യൂ ഫ്രീസിംഗ് : കാന്‍സര്‍ ചികിത്സ സ്വീകരിക്കുന്നവരില്‍ പലപ്പോഴും രണ്ട് മുതല്‍ ആറ് ആഴ്ചവരെ ഹോര്‍മോണിലൂടെയുള്ള ഉത്തേജന ചികിത്സ സ്വീകരിക്കാന്‍ സാധിച്ചു എന്ന് വരില്ല. ഈ സാഹചര്യത്തില്‍ അണ്ഡാശയത്തിലെ കോശങ്ങളെ നീക്കം ചെയ്ത് ഫ്രീസ് ചെയ്ത് സൂക്ഷിക്കും. കാന്‍സര്‍ ചികിത്സ വിജയകരമായി പൂര്‍ത്തിയായ ശേഷം സര്‍ജന്മാരുടെ നേതൃത്വത്തില്‍ നേരത്തെ നീക്കം ചെയ്ത കോശങ്ങള്‍ പുനസ്ഥാപിക്കും. തുടര്‍ന്ന് ഈ കോശങ്ങള്‍ പ്രവര്‍ത്തന ക്ഷമമാവുകയും പുനരുത്പാദന ശേഷി തിരികെ ലഭിക്കുകയും ചെയ്യും.
ഒവേറിയല്‍ ട്രാന്‍സ്പൊസിഷന്‍ : കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് റേഡിയേഷന്‍ സ്വീകരിക്കുന്നവരുടെ അണ്ഡാശയത്തെ ശസ്ത്രക്രിയയിലൂടെ ഇടുപ്പിന്റെ ഭാഗത്തേക്ക് താല്‍ക്കാലികമായി മാറ്റിസ്ഥാപിക്കുന്ന രീതിയാണിത്. റേഡിയേഷന് ശേഷം ശസ്ത്രക്രിയയിലൂടെ അണ്ഡാശയത്തെ യഥാസ്ഥാനത്തേക്ക് പുനസ്ഥാപിക്കുന്നു.
പുരുഷന്മാരിലെ ഫെര്‍ട്ടിലിറ്റി പ്രിസര്‍വേഷന്‍ മാര്‍ഗ്ഗങ്ങള്‍
സ്പേം ക്രയോപ്രിസര്‍വേഷന്‍ : പുരുഷ ബീജങ്ങള്‍ സ്വീകരിച്ച് ഫ്രോസണ്‍ ചെയ്ത് വര്‍ഷങ്ങളോളം സൂക്ഷിക്കുന്ന രീതിയാണിത്.
റേഡിയേഷന്‍ ഷീല്‍ഡിങ്ങ് : പുരുഷ വൃഷണത്തിന്റെ മുകള്‍ഭാഗത്തായി റേഡിയേഷന്‍ ബാധിക്കാത്ത തരത്തില്‍ ചെറിയ പ്രതിരോധ ആവരണങ്ങള്‍ തീര്‍ത്ത് സുരക്ഷിതമാക്കുന്ന രീതിയാണിത്.
വിഭിന്നങ്ങളായ സാഹചര്യങ്ങളില്‍ സ്ത്രീകളിലും പുരുഷന്മാരിലും ഫെര്‍ട്ടിലിറ്റി പ്രിസര്‍വേഷന്‍ ആവശ്യമായി വരാറുണ്ട്. എങ്കിലും ഇന്ന് ഇത് ഏറ്റവും കൂടുതല്‍ വ്യാപകമായി സ്വീകരിക്കപ്പെടുന്നത് കാന്‍സര്‍ ചികിത്സയിലാണ്. ഇത്തരം സാഹചര്യങ്ങള്‍ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ ഫേര്‍ട്ടിലിറ്റി പ്രിസര്‍വേഷന് തെരഞ്ഞെടുക്കുന്ന സെന്ററുകളുടെ വിശ്വാസ്യത, ഡോക്ടര്‍മാരുടെ പരിചയ സമ്പന്നത, സെന്ററിലെ സൗകര്യങ്ങള്‍ തുടങ്ങിയവ കൂടി വിശകലനം ചെയ്ത ശേഷം മാത്രം തീരുമാനമെടുക്കുക എന്നതും ശ്രദ്ധിക്കേണ്ടതാണ്.
ഡോ. അശ്വതി കുമാരന്‍
കണ്‍സല്‍ട്ടന്റ് , റീപ്രൊഡക്ടീവ് മെഡിസിന്‍, ഫെര്‍ട്ടിലിറ്റി & ഐവിഫ്
ആസ്റ്റര്‍ മിറക്കിള്‍ കോട്ടക്കല്‍.
Content Highlights: world ivf day special what is fertility preservation and some meathods
Published: 26 Jul 2023, 11:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented