ഉയര്‍ന്ന അളവിലുള്ള ട്രാഫിക് ശബ്ദം വ്യക്തികളില്‍ ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. ഹൃദയാഘാതമടക്കമുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് ഈ ശബ്ദമലിനീകരണം നയിക്കുന്നു. രോഗങ്ങളുടെ അപകടഘടകങ്ങള്‍ തിരിച്ചറിയുന്നതിനുള്ള എപ്പിഡെമിയോളജിക്കല്‍ ഡേറ്റ അവലോകനം ചെയ്താണ് അന്താരാഷ്ട്രതലത്തിലുള്ള ഗവേഷകരുടെ സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സര്‍ക്കുലേഷന്‍ റിസര്‍ച്ച് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു. 

റോഡ് ട്രാഫിക്കില്‍ നിന്നുണ്ടാകുന്ന ഓരോ 10 ഡെസിബെല്‍ അധികശബ്ദത്തിലും, ഹൃദയാഘാതം, സ്‌ട്രോക്ക്, പ്രമേഹം എന്നിവയുള്‍പ്പെടെയുള്ള ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 3.2 ശതമാനം വര്‍ധിക്കുന്നതായി ഗവേഷകര്‍ പറയുന്നു.

രാത്രിയിലെ ഗതാഗതശബ്ദം, ഉറക്കം തടസ്സപ്പെടുത്തുകയോ കുറയ്ക്കുകയോ ചെയ്യുന്നത് രക്തക്കുഴലുകളിലെ സ്‌ട്രെസ് ഹോര്‍മോണുകളുടെ അളവ് വര്‍ധിപ്പിക്കും. അതുവഴി വീക്കം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, രക്തക്കുഴല്‍ രോഗങ്ങള്‍ എന്നിവയുണ്ടാകാന്‍ സാധ്യത കൂട്ടുന്നു.  

ട്രാഫിക് ശബ്ദം ഹൃദയ സംബന്ധമായ അസുഖത്തിനുള്ള അപകടഘടകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും അത് പ്രധാനമാണെന്നും ജര്‍മ്മനിയിലെ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ മെയിന്‍സിലെ സീനിയര്‍ പ്രൊഫസറും പഠനത്തിന് നേതൃത്വം നല്‍കിയ വ്യക്തിയുമായ തോമസ് മ്യൂന്‍സെല്‍ പറയുന്നു. 

റോഡ്, റെയില്‍, എയര്‍ ട്രാഫിക് എന്നിവയില്‍ നിന്നുള്ള ശബ്ദം ലഘൂകരിക്കാന്‍ നടപടികള്‍ സ്വീകരിക്കേണ്ട സമയമാണിതെന്ന് സംഘം അഭിപ്രായപ്പെട്ടു.