പോസിറ്റീവ് ആയിരിക്കൽ വളരെ നല്ലൊരു കാര്യമാണ്. എന്നാൽ ഒരു മനുഷ്യന് എല്ലാ സമയത്തും അങ്ങനെ ഇരിക്കാൻ ആവുമോ? ഏറ്റക്കുറച്ചിലുകൾ സ്വാഭാവികമായ ജീവിതത്തിൽ വിഷമങ്ങളും ആശങ്കകളും ഒക്കെ അതുപോലെ തന്നെ സ്വാഭാവികമാണ്. എന്നാൽ മറ്റൊരാളോട് അത് പങ്കുവയ്ക്കുകയും അവയ്ക്ക് ഉചിതമായ പരിഹാരങ്ങൾ തേടുകയുമാണ് അതിൽ നിന്ന് മോചനം നേടാനുള്ള യഥാർഥ വഴി. ഒരുപക്ഷേ മനസിലുള്ള ആശങ്കകൾ പുറത്തുപറയാൻ സാധിക്കാതെ വന്നാലോ? ജീവിതം അത്ര സുഖകരമായിരിക്കില്ല. ജോലിസ്ഥലങ്ങളിലാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിലോ? ജോലിസ്ഥലത്തെ പോസിറ്റീവ് മനോഭാവം ഉത്പാദനക്ഷമതയും കൂട്ടായ പ്രവർത്തനവും മെച്ചപ്പെടുത്താൻ സഹായിക്കുമെങ്കിലും അമിതമായോ നിർബന്ധിതമായോ ഉള്ള പോസിറ്റിവിറ്റി അത്ര നല്ലതല്ല. അതായത് ടോക്‌സിക് പോസിറ്റിവിറ്റി. നെഗറ്റീവ് വികാരങ്ങളെ അവഗണിക്കുകയോ അടിച്ചമർത്തുകയോ ചെയ്യുന്ന ഒരു സാഹചര്യത്തിലേക്കാണ് ഇത് നയിക്കുക.

എന്താണ് ടോക്‌സിക് പോസിറ്റിവിറ്റി?
എല്ലാ സാഹചര്യങ്ങളിലും പോസിറ്റീവായിരിക്കണമെന്ന് നിർബന്ധിക്കുന്നതോ നെഗറ്റീവ് വികാരങ്ങൾ പ്രകടിപ്പിക്കുന്നത് അനുചിതമായി കണക്കാക്കുന്നതോ ആയ ഒരു മനോഭാവമാണിത്. ജോലിസ്ഥലത്ത് എപ്പോഴും ഒരുതരം സന്തോഷ മനോഭാവം നിലനിർത്താൻ ജീവനക്കാരെ പ്രേരിപ്പിക്കുകയോ അവരുടെ യഥാർത്ഥ വികാരങ്ങൾ പങ്കിടുന്നതിൽ നിന്ന് തടയുകയോ ചെയ്യുന്നതാണ് ഇത്. ഉദാഹരണമായി ഒരു ജീവനക്കാരൻ തന്റെ ജോലി ഭാരം കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുന്നതിനെക്കുറിച്ച് പരാതിപ്പെടുമ്പോൾ 'നിന്റെ മനോഭാവം മാറ്റൂ എല്ലാം ശരിയാകും!' അല്ലെങ്കിൽ 'നിനക്ക് ഒരു ജോലി ഉള്ളതിൽ നന്ദിയുള്ളവനാകൂ!' തുടങ്ങിയ മാനേജറുടെ പ്രതികരണങ്ങൾ എത്രമാത്രം അസ്വസ്ഥതയുളവാക്കുന്നതാണ്! ഇത്തരം പ്രതികരണങ്ങൾ ജീവനക്കാരന്റെ ആശങ്കകളെ അവഗണിക്കുകയും അവന്റെ വികാരങ്ങൾ അസാധുവാക്കുകയും ചെയ്യുന്നവയാണ്.

അതിനു പകരം അയാളുടെ ആശങ്കകളെ കേട്ടിരിക്കുകയോ അതിനെ സംബോധനചെയ്യുകയോ ചെയ്യുന്നത് അയാൾക്ക് എത്രമാത്രം ആശ്വാസമുളവാക്കും. പോസിറ്റീവായിരിക്കുന്നതിനെയോ സന്തോഷമായിരിക്കുന്നതിനെയോ തള്ളിപ്പറയുന്നതല്ല ടോക്‌സിക് പോസിറ്റിവിറ്റിയെക്കുറിച്ച് പറയുമ്പോൾ ഉദ്ദേശിക്കുന്നത്. അതിനെക്കുറിച്ച് യഥാർഥ അവബോധം നൽകുക എന്നതു മാത്രമാണ്. 'എപ്പോഴും പോസിറ്റീവായിരിക്കൂ' എന്ന മുദ്രാവാക്യം ജോലി സ്ഥലത്തെ സംസ്‌കാരമായി മാറുന്നത് സ്ഥാപനത്തിന്റയോ ജീവനക്കാരുടെയോ ഭാവിക്കും മാനസികാരോഗ്യത്തിനും ഒട്ടും നല്ലതല്ല. ജീവനക്കാർക്ക് സമ്മർദ്ദം, ഉത്കണ്ഠ, അല്ലെങ്കിൽ നിരാശ തുടങ്ങിയ വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയാതെ വരുന്ന സന്ദർഭങ്ങൾ ഉണ്ടാവുന്നത് മൊത്തത്തിലുള്ള ഉത്പാദനക്ഷമതയെയാണ് ബാധിക്കുന്നത്. ആശങ്കകളെ നിസ്സാരവൽക്കരിക്കൽ, നെഗറ്റീവ് വികാരങ്ങളെ അവഗണിക്കൽ തുടങ്ങിയ പ്രവൃത്തികൾ ജോലിസ്ഥലത്തെന്നല്ല നിത്യജീവിതത്തിൽ പോലും ശീലിക്കാൻ പാടില്ലാത്തവയാണ്.

അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ 2017-ൽ നടത്തിയ ഒരു പഠനം പ്രകാരം ജോലി സ്ഥലത്തെ വൈകാരിക അടിച്ചമർത്തൽ ജീവനക്കാരുടെ മാനസിക ക്ഷേമത്തെ ബാധിക്കുകയും ബേൺഔട്ട് സാധ്യത 70% വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ 2021 ഗാലപ്പ് സർവേയിലെ കണ്ടെത്തലുകളിൽ 54% ജീവനക്കാർ തങ്ങളുടെ ആശങ്കകൾ പ്രകടിപ്പിക്കാൻ സുരക്ഷിതമല്ലെന്ന് കരുതുന്നവരാണ്. ഇതൊക്കെ ടോക്‌സിക് പോസിറ്റിവിറ്റിയുടെ ഫലമാണ്. വികാരങ്ങൾ അടിച്ചമർത്തുന്നത് മാനസിക സമ്മർദ്ദവും ഉത്കണ്ഠയും വർധിപ്പിക്കുന്നു. ഇത് ഉത്പാദനക്ഷമതയിൽ കുറവ് വരുത്തുകയും അതുവഴി യഥാർഥ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാതെ ജോലിയുടെ ഗുണനിലവാരം കുറയുന്നു. 2022-ലെ ലിങ്കെഡിൻ റിപ്പോർട്ട് പ്രകാരം 60% ജീവനക്കാർ തങ്ങളുടെ വികാരങ്ങൾ അവഗണിക്കപ്പെടുന്ന സ്ഥലങ്ങളിൽ നിന്ന് ജോലി ഉപേക്ഷിക്കുന്നതായും കണ്ടെത്തി. ജീവനക്കാർക്ക് മാനേജ്‌മെന്റിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതാണ് കാരണം.

ടോക്‌സിക് പോസിറ്റിവിറ്റി എങ്ങനെ തിരിച്ചറിയാം?
വികാരങ്ങൾ അവഗണിക്കപ്പെടുന്നുണ്ടോ എന്ന് ആദ്യം പരിശോധിക്കണം. ജീവനക്കാർക്ക് തങ്ങളുടെ ആശങ്കകൾ തുറന്ന് പറയാൻ കഴിയുന്നില്ലെങ്കിൽ അത് ടോക്‌സിക് പോസിറ്റിവിറ്റിയുടെ ലക്ഷണമാണ്. നിർബന്ധിത ശുഭാപ്തിവിശ്വാസത്തിലും 'എല്ലാം ശരിയാകും' എന്ന മനോഭാവത്തിലും യാഥാർത്ഥ്യം അവഗണിക്കപ്പടുന്നതും ലക്ഷണമാണ്. ഉദാഹരണമായി ഒരു ടീം മീറ്റിങ്ങിൽ ഒരു ജീവനക്കാരൻ പ്രോജക്ടിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നു. മാനേജർ കൂടുതൽ കേൾക്കാൻ പോലും തയ്യാറാവാതെ ഇത് ഒരു മികച്ച അവസരമാണ്, നമുക്ക് പോസിറ്റീവായി ചിന്തിക്കാം!' എന്ന് മറുപടിയും പറയുന്നു. ഇവിടെ ജീവനക്കാരന്റെ ആശങ്കകൾ പരിഹരിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല അയാൾ സമ്മർദ്ദത്തിലാകുകയും ചെയ്യുന്നു. ഇത് ജോലി ഗുണനിലവാരത്തെയും ടീമിന്റെ മനോവീര്യത്തെയും ബാധിക്കുന്നു. എന്നാൽ  എല്ലാ പോസിറ്റീവ് മനോഭാവങ്ങളും ടോക്‌സിക്കാണെന്ന ധാരണയും ഉണ്ടാവാൻ പാടില്ല.

പരിഹാരം
ജീവനക്കാർക്ക് ആശ്വാസവും പിന്തുണയും നൽകുന്ന പ്രവൃത്തികൾ മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുണ്ടാവണം. അത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ക്രമേണ അതിന്റെ മാറ്റങ്ങൾ അവരുടെ ജോലിയിലും കാണാം. വൈകാരിക ആധികാരികതയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കൂടുതൽ ഉത്പാദനക്ഷമവും ആരോഗ്യകരവുമായ ഒരു ജോലി സ്ഥലം സൃഷ്ടിക്കാൻ കഴിയും. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi