വ്യക്തിശുചിത്വത്തില്‍ ഏറെ മുന്നിലാണ് മലയാളികള്‍. ദന്തശുചിത്വത്തിന്റെ കാര്യത്തിലും അങ്ങിനെതന്നെ. രണ്ടുനേരം ബ്രഷ് ചെയ്തും ഇടയ്ക്കിടെ ഫ്‌ളോസ് ചെയ്തും പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ നാം ശ്രമിക്കാറുണ്ട്. എന്നാല്‍ ശാസ്ത്രീയമായിട്ടാണോ ഇതെല്ലാം ചെയ്യുന്നത്? ഒരേ ടൂത്ത്ബ്രഷ് എത്രകാലമായി നിങ്ങള്‍ ഉപയോഗിക്കുന്നുണ്ട്? ബ്രഷ് മാറ്റാന്‍ സമയമായോ എന്ന് എങ്ങിനെ അറിയാം?

To advertise here,

ബ്രഷ് ചെയ്യുമ്പോള്‍

ശരിയായ രീതിയില്‍ ബ്രഷ് ചെയ്തില്ലെങ്കില്‍ വായിലെ പ്ലാക്ക് പണിതരാന്‍ സാധ്യതയുണ്ട്. ഉമിനീരും വായിലെ ഭക്ഷണാവശിഷ്ടങ്ങളും തമ്മില്‍ പ്രവര്‍ത്തിച്ചുണ്ടാകുന്ന പേസ്റ്റ്‌പോലുള്ള വസ്തുവാണ് പ്ലാക്ക്. ഇത് പല്ല് നശിക്കാനും മോണരോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. രാവിലെ ഭക്ഷണത്തിന് മുന്‍പും രാത്രി ആഹാരശേഷവും കൃത്യമായി ബ്രഷ് ചെയ്യണം.

  •  കുറഞ്ഞ അളവില്‍ മാത്രമേ പേസ്റ്റ് ഉപയോഗിക്കാവൂ. മാത്രമല്ല പല്ലുതേച്ചുകഴിഞ്ഞാല്‍ നന്നായി കഴുകി വൃത്തിയാക്കണം. വായില്‍ പേസ്റ്റിന്റെ അംശമില്ലെന്ന് ഉറപ്പാക്കണം.
  •  അധികം അമര്‍ത്തി പല്ലുതേക്കരുത്. അമിതമായ സമ്മര്‍ദം പല്ലുകളില്‍ തേയ്മാനമുണ്ടാക്കും.

ഒരു ബ്രഷ് എത്രകാലം?

മൂന്നുമാസത്തിലധികം ടൂത്ത് ബ്രഷ് ഉപയോഗിക്കരുത്. നാരുകള്‍ വളഞ്ഞുതുടങ്ങുന്നുണ്ടെങ്കില്‍ ബ്രഷ് മാറ്റാന്‍ സമയമായി എന്ന് മനസ്സിലാക്കാം.

  •  ബ്രിസിലുകള്‍ ഒരേനിരയില്‍ വരുന്ന ബ്രഷുകളാണ് ഉപയോഗിക്കേണ്ടത്.
  • പരമാവധി അഞ്ചുമിനിറ്റിലധികം ബ്രഷ് ചെയ്യേണ്ടതില്ല. അതിലും കൂടുതല്‍നേരം ബ്രഷ് ചെയ്യുന്നത് പല്ലിന്റെ ആരോഗ്യത്തെ ബാധിക്കും.
  •  നാക്കുവടിക്കുമ്പോഴും ശ്രദ്ധിക്കണം. നാക്കിലെ രസമുകുളങ്ങള്‍ക്ക് കേടുവരാത്ത രീതിയില്‍ അധികം ശക്തികൊടുക്കാതെ വേണം നാക്കുവടിക്കാന്‍.