വൃത്തിയില്ലായ്മയുടെ സൂചനയാണ് വായ്‌നാറ്റം എന്ന് കരുതുന്നവരാണ് ഭൂരിഭാഗംപേരും. വായയുടെ ശുചിത്വം കൃത്യമായി പാലിക്കാത്തത് വായ്‌നാറ്റത്തിനുള്ള പ്രധാന കാരണമാണ്. മറ്റുചില ഘടകങ്ങളും വായ്‌നാറ്റത്തിലേക്ക് നയിക്കാറുണ്ട്. കാരണങ്ങള്‍ എന്തുതന്നെയായാലും വായ്‌നാറ്റം വ്യക്തിയുടെ സാമൂഹികജീവിതത്തിലും മാനസികാരോഗ്യത്തിലുമെല്ലാം വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്. 

വായ്‌നാറ്റത്തിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ 80 ശതമാനവും വായയുമായി ബന്ധപ്പെട്ടവയാണ്.  

  1. ശുചിത്വക്കുറവ്: പ്ലാക്ക് എന്നറിയപ്പെടുന്ന മഞ്ഞനിറത്തിലുള്ള ആവരണവും ഭക്ഷണാവശിഷ്ടങ്ങളുമെല്ലാം പല്ല്, നാക്ക്, വായയിലെ മൃദുവായ കലകള്‍ എന്നിവയില്‍ അടിഞ്ഞുകൂടുന്നത് വായ്‌നാറ്റത്തിലേക്ക് നയിക്കുന്ന പ്രധാന കാരണമാണ്. ഇങ്ങനെ സംഭവിക്കുമ്പോള്‍ ഇവ ഹൈഡ്രജന്‍ സള്‍ഫൈറ്റ്, മീഥൈല്‍ മെര്‍കാപ്റ്റാന്‍ തുടങ്ങി ദുര്‍ഗന്ധം വഹിക്കുന്ന വാതകങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാക്കുന്നു. 
  2. ടോണ്‍സില്‍സുകളുടെ വിള്ളലുകള്‍ക്കുള്ളില്‍ രൂപംകൊള്ളുന്ന കാല്‍സ്യം അടങ്ങിയ വസ്തുക്കളും(ടോണ്‍സില്‍സ് സ്‌റ്റോണ്‍സ്) വായ്‌നാറ്റത്തിന് കാരണമാകാറുണ്ട്.
  3. ചില അസുഖങ്ങള്‍: വായയെ ബാധിക്കുന്ന ചില അസുഖങ്ങളും ദുര്‍ഗന്ധത്തിന് കാരണമായേക്കാം. മോണയിലെ അണുബാധകള്‍, മോണവീക്കം, പെരിയോഡെന്റൈറ്റിസ് തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. ഈ അസുഖങ്ങള്‍ ദുര്‍ഗന്ധം വഹിക്കുന്ന ബാക്ടീരിയകള്‍ വളരാനിടയാക്കുന്ന സാഹചര്യം ഒരുക്കുന്നു.
  4. നാക്കിന്റെ ആവരണം: നാക്കിന്റെ പിറകുഭാഗത്തെ പ്രതലത്തില്‍ ബാക്ടീരിയകളും അവയ്ക്ക് വളരാനാവശ്യമായ സാഹചര്യങ്ങളും ഉണ്ട്. ഇത് ദുര്‍ഗന്ധത്തിന് കാരണമാകുന്നു.
  5. ദന്തക്ഷയം : ദന്തക്ഷയം സംഭവിക്കുന്നത് മൂലം പല്ലുകള്‍ക്കിടയില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ കുടുങ്ങിക്കിടക്കാനുള്ള സാധ്യത വര്‍ധിക്കുന്നു. 
  6. വരണ്ട വായ: ഉമിനീര്‍ ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെടാത്ത അവസ്ഥ സ്വാഭാവികമായ സ്വയംശുചീകരണത്തെ ദോഷകരമായി ബാധിക്കുകയും വായ്‌നാറ്റത്തിന് കാരണമാവുകയും ചെയ്യുന്നു.

വായയുമായി ബന്ധപ്പെടാത്ത കാരണങ്ങളും വായ്‌നാറ്റത്തിലേക്ക് നയിക്കാറുണ്ട്. 

  1. ഇഎന്‍ടി അണുബാധ. സൈനസൈറ്റിസ്, ടോണ്‍സിലൈറ്റിസ് തുടങ്ങിയ അസുഖങ്ങള്‍ മൂക്കിനകത്തെ സ്രവങ്ങളെ ഇല്ലാതാക്കുകയും ദുര്‍ഗന്ധം ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യും.
  2. വയറിനകത്തെ അസുഖങ്ങള്‍: ജിആര്‍ഡി (ഗ്യാസ്‌ട്രോ ഈസോഫോഗല്‍ റിഫ്‌ളക്‌സ് ഡിസീസ്) പോലുള്ള രോഗാവസ്ഥകള്‍ ചിലപ്പോള്‍ ദുര്‍ഗന്ധത്തിന് കാരണമാകും.  
  3. മറ്റ് അസുഖങ്ങള്‍: ചില പ്രമേഹബാധിതരില്‍ വായയില്‍ ദുര്‍ഗന്ധം ഉണ്ടാകാറുണ്ട്. ഇതിന് പുറമെ കരള്‍ സംബന്ധമായ അസുഖങ്ങളുള്ളവര്‍ക്കും വൃക്കരോഗ ബാധിതര്‍ക്കും കാന്‍സര്‍ രോഗികള്‍, ഗ്യാസ്, ദഹനക്കുറവ്, ജലദോഷം മുതലായ പ്രയാസങ്ങളുള്ളവര്‍ക്കും വായ്‌നാറ്റം ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. 
  4. മാംസം, ടിന്‍ഫുഡ് എന്നിവയുടെ അമിതോപയോഗം, പുകവലി, മദ്യപാനം, എന്നിവയും വായ്‌നാറ്റത്തിന് കാരണമാകാറുണ്ട്. 

പരിഹാരമാര്‍ഗങ്ങള്‍

  • വായ്‌നാറ്റം തടയുന്നതില്‍ ഏറ്റവും പ്രധാനകാര്യം കാരണം കണ്ടെത്തുക എന്നതാണ്. വായയുടെ ശുചിത്വവുമായി ബന്ധപ്പെട്ട കാരണമാണെങ്കില്‍ ശുചിത്വം നിലനിര്‍ത്താന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണം. 
  • ദിവസവും രണ്ടുനേരം ബ്രഷ് ചെയ്യുന്നത് പല്ലിന്റെ ആരോഗ്യത്തിന് നല്ലതാണ്. വായ്‌നാറ്റം പരിഹരിക്കാനും മികച്ച വഴിയാണിത്. മൂന്നുമിനിറ്റെങ്കിലും സമയമെടുത്തുവേണം ബ്രഷ് ചെയ്യാന്‍. പല്ലിന്റെ ഇടയില്‍ അഴുക്കുകള്‍ അടിഞ്ഞിട്ടുണ്ടെങ്കില്‍ ഡന്റല്‍ ഫ്‌ളോസ് ഉപയോഗിച്ച് കളയണം. 
  • ആഹാരാവശിഷ്ടങ്ങള്‍ നാവില്‍ പറ്റിപ്പിടിക്കുന്നത് വായില്‍ ബാക്ടീരിയ പെരുകുന്നതിന് കാരണമാകും. അതിനാല്‍ നാവും വൃത്തിയാക്കണം. ബ്രഷിന്റെ പുറംഭാഗം കൊണ്ടോ ടങ്ക് ക്ലീനര്‍ കൊണ്ടോ നാക്ക് വൃത്തിയാക്കാം. 
  • മൗത്ത് വാഷ് ഉപയോഗിച്ച് വായ വൃത്തിയാക്കുന്നത് പെരിയോഡോണ്ടൈറ്റിസ് പോലുള്ള രോഗാവസ്ഥയുള്ളവര്‍ക്കും ഗുണകരമാകും. ദന്തക്ഷയം, മോണയിലെ അസുഖങ്ങള്‍ തുടങ്ങിയവയാണെങ്കില്‍ എത്രയും പെട്ടെന്ന് ചികിത്സ തേടണം.
  • പുകവലി, മദ്യപാനം, മാംസത്തിന്റെ അമിത ഉപയോഗം തുടങ്ങിയവ ഒഴിവാക്കുന്നതും വ്യായാമം ശീലമാക്കുന്നതും വായയിലെ ദുര്‍ഗന്ധം ഇല്ലാതാക്കുന്നതിനും ആരോഗ്യപൂര്‍ണ്ണമായ ജീവിതത്തിനും സഹായിക്കും. 
  • ഭക്ഷണം കഴിച്ചശേഷം അല്പം പെരുംജീരകമോ ഒന്നോ രണ്ടോ ഏലയ്ക്കയോ ചവയ്ക്കുന്നത് വായ്‌നാറ്റം അകറ്റാന്‍ നല്ലതാണ്. ഉള്ളി, വെളുത്തുള്ളി എന്നിവയുടെ ഉപയോഗം കുറയ്ക്കാം.  
  • ധാരാളം വെള്ളംകുടിക്കുന്നതിലൂടെ വായ ഈര്‍പ്പവും വൃത്തിയുമുള്ളതാക്കി സൂക്ഷിക്കാം. ചെറുചൂടുവെള്ളം ഇടയ്ക്കിടെ കവിള്‍കൊള്ളാം. 
  • എന്തെങ്കിലും രോഗാവസ്ഥയാണോ വായ്‌നാറ്റത്തിന് ഇടയാക്കുന്നത് എന്നതും മനസ്സിലാക്കണം. അതിനായി ഫിസിഷ്യനെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്താം. സ്‌പെഷ്യലിസ്റ്റുകളുടെ ചികിത്സ ആവശ്യമാണെങ്കില്‍ അക്കാര്യവും പരിഗണിക്കണം. 

കടപ്പാട്
ഡോ. ജിപിന്‍ലാല്‍ 
ശ്രീനിവാസന്‍ 
മാനേജിങ് ഡയറക്ടര്‍
എസ് ഡി എസ് ഡെന്റല്‍ ക്ലിനിക്, 
കൊയിലാണ്ടി, കോഴിക്കോട്‌